കൊടകര കുന്നതൃക്കോവിൽ സുബ്രഹ്മണ്യക്ഷേത്രം
കൊടകര കുന്നതൃക്കോവിൽ ക്ഷേത്രങ്ങൾ കൊടകര ജംഗ്ഷനിൽ നിന്നും വടക്കുകിഴക്കുമാറി വെള്ളിക്കുളങ്ങര റൂട്ടിൽ ഒരു കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു. കുന്നിൻ മുകളിലായി നിലകൊള്ളുന്ന സുബ്രഹ്മണ്യക്ഷേത്രം, കുന്നിന്റെ ഇടത്തട്ടിൽ സ്ഥിതിചെയ്യുന്ന ശിവക്ഷേത്രം, കുന്നിനു താഴെയായുള്ള വിഷ്ണുക്ഷേത്രം എന്നിവ ചേർന്നതാണ് കുന്നതൃക്കോവിൽ ക്ഷേത്രങ്ങൾ. ഇവയിൽ പ്രധാനക്ഷേത്രം കുന്നിന്മുകളിലെ സുബ്രഹ്മണ്യക്ഷേത്രമാണ്. കേരളത്തിലെ പഴനി എന്നറിയപ്പെടുന്ന ഇവിടെ പടിഞ്ഞാറ് ദിശയിലേക്ക് ദർശനമായി കുടികൊള്ളുന്ന സുബ്രഹ്മണ്യപ്രതിഷ്ഠയും, അതിനഭിമുഖമായി മുരുകനെ വന്ദിച്ചുകൊണ്ട് കിഴക്കോട്ടുദർശനമായുള്ള ഹിഡുംബസ്വാമി പ്രതിഷ്ഠയും കാണാം. കൊടകര പൂനിലാർക്കാവ് ക്ഷേത്രസംരക്ഷണസമിതിയാണ് കുന്നതൃക്കോവിൽ ക്ഷേത്രങ്ങളുടേയും പ്രവർത്തനമേൽനോട്ടം നിർവ്വഹിക്കുന്നത്. വൃശ്ചികമാസത്തിലെ സ്കന്ദഷഷ്ഠിയാണ് ഇവിടത്തെ മുഖ്യ ആഘോഷം. കൊടകര ഷഷ്ഠി എന്നറിയപ്പെടുന്ന ഈ ആഘോഷമാണ് കൊടകരയുടെ പ്രദേശികോത്സവം.