അന്നപൂർണ്ണേശ്വരി ക്ഷേത്രം, ചെറുകുന്ന്
കണ്ണൂർ ജില്ലയിലെ ചെറുകുന്ന് എന്ന സ്ഥലത്താണ് അന്നപൂർണ്ണേശ്വരി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടത്തെ പ്രധാനപ്രതിഷ്ഠ മഹാവിഷ്ണു ആണെങ്കിലും പ്രാധാന്യം അന്നപൂർണേശ്വരി ദേവിക്കാണ്.
സ്ഥലത്തെ ഐതിഹ്യങ്ങൾ അനുസരിച്ച് പരശുരാമൻ ആണ് ഈ ക്ഷേത്രം നിർമ്മിച്ചത്.[2] കാശിയിലെ അന്നപൂർണ്ണേശ്വരി ദേവി മൂന്നു തോഴിമാരും ഒരുപാട് ഭക്തരുമായി ഒരു കപ്പലിൽ ഇങ്ങോട്ടു വന്നു എന്നും പിന്നീട് ഇന്ന് ക്ഷേത്രം നിൽക്കുന്ന സ്ഥലത്തേക്ക് ദേവി വന്നു എന്നും ആണ് വിശ്വാസം. തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിൽ നിന്നും പരമശിവൻ തന്റെ ഭാര്യയായ അന്നപൂർണ്ണേശ്വരിയെ സന്ദർശിക്കാൻ ദിവസവും അത്താഴപൂജക്കു ശേഷം ചെറുകുന്നിലെത്തുമെന്നാണ് സങ്കല്പം.ഇവിടെ രണ്ട് നേരം പ്രസാദ ഊട്ട് ഉണ്ട്. ഇവിടത്തെ പ്രധാന വഴിപാട് അന്നദാനം ആണ്.
വല്ലഭൻ രണ്ടാമനാണ് അന്നപൂർണ്ണേശ്വരി ക്ഷേത്രം പണികഴിപ്പിച്ചത്. കാലപ്പഴക്കത്താൽ ക്ഷേത്രം നശിക്കാറായപ്പോൾ 1866ൽ അവിട്ടം തിരുനാൾ രാജാവ് ക്ഷേത്ര പുനർനിർമ്മാണം ആരംഭിച്ചു. അദ്ദേഹത്തിന്റെ കാലശേഷം കേരളവർമ്മ രാജാവ് പണിപൂർത്തിയാക്കി.
ഈ ക്ഷേത്രത്തിലെ നവരാത്രി ഉത്സവം പ്രശസ്തമാണ്. ഉത്സവത്തിന് ക്ഷേത്രവളപ്പിൽ ഭജന, കഥാപ്രസംഗം, ഓട്ടൻതുള്ളൽ തുടങ്ങിയ കലാപരിപാടികൾ നടക്കുന്നു
വിഷു വിളക്കു ഉൽസവമാണ് ഇവിടെ പ്രധാനം. എഴു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവമാണിത്. മേട സംക്രമം മുതൽ മേടം ഏഴാം തീയതി വരെയാണ് ഉത്സവം. മേടം രണ്ടാം തീയ്യതി ചെറുകുന്ന്, മൂന്നാം തീയ്യതി കണ്ണപുരം, നാലാം തീയ്യതി ഇരിണാവ്, ആറാം തീയ്യതി പറശ്ശിനി എന്നീ ദേശവാസികളുടെ വക കാഴ്ച വരവും വെടിമരുന്നു പ്രയോഗവും ഉണ്ടാകാറുണ്ട്. ഈ ഉൽസവത്തിലെ പ്രധാന ആകർഷണം, ക്ഷേത്രതിനു മുന്നിലും ചുറ്റിലുമായി നിർമ്മികുന്ന വട്ടപന്തലാണ്. വട്ടപ്പന്തലിന് തുടക്കം കുറിക്കുന്നത് എല്ലാ വർഷവും മലയാളമാസം ധനു രണ്ടാം തീയതിയാണ്. പന്തലിനാവശ്യമായ 111 തേക്കിൻ തൂണുകൾ നാട്ടുകാരുടെ ശ്രമദാനമായി ഉയർത്തുകയും ചെയ്യും. തുടർന്ന് 7500 മടൽ മെടഞ്ഞ ഓല, 2000ത്തോളം മുള എന്നിവ ഉപയോഗിച്ച് ഏകദേശം 100ൽപ്പരം മനുഷ്യാധ്വാനം പന്തലിന്റെ പൂർത്തീകരണത്തിന് ആവശ്യമാണ്. ഏകദേശം ഒരു മാസത്തോളം സമയമെടുത്താണ് വട്ടപ്പന്തൽ നിർമ്മിക്കുന്നത്.