2018, ജൂലൈ 25, ബുധനാഴ്‌ച

പോരുവഴി പെരുവിരുത്തി മലനട ദുര്യോധന ക്ഷേത്രം



പോരുവഴി പെരുവിരുത്തി മലനട ദുര്യോധന ക്ഷേത്രം
കൊല്ലം ജില്ലയില്‍ പോരുവഴി പഞ്ചായത്തിലാണ്‌ പ്രസിദ്ധമായ ദുര്യോധന ക്ഷേത്രം. ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രവുമാണിത്‌. ക്ഷേത്രത്തിന്‌ ശ്രീകോവിലോ വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല. ആല്‍ത്തറയിലെ പീഠം മാത്രം. ആചാരനുഷ്ഠാനങ്ങളില്‍ ഒട്ടേറെ സവിശേഷതകളുള്ളതാണ്‌ ഈ ദുര്യോധന ക്ഷേത്രം. അതുപോലെ നൂറുപേരില്‍ ദുശ്ശാസനും ദുശ്ശളയ്ക്കും ഇവിടെ ക്ഷേത്രങ്ങളുണ്ട്‌. ഇതിനടുത്തുള്ള എണ്ണശ്ശേരിയില്‍ ദുശ്ശാസനും കുന്നിരാടത്ത്‌ ദുശ്ശളയും ആരാധനാമൂര്‍ത്തികളാണ്‌. ക്ഷേത്രത്തിനു മുന്നില്‍ ഇടതുവശത്ത്‌ മാവും വലതുവശത്ത്‌ ആലും അതിനടുത്തായി വലിയ പനയുമുണ്ട്‌. ക്ഷേത്രം മലയുടെ മുകളിലായതുകൊണ്ട്‌ മലനട എന്ന്‌ പേരുണ്ടായി. മലയപ്പൂപ്പനാണ്‌ ഇവിടത്തെ ആരാധനാമൂര്‍ത്തി. കൂടാതെ കിഴക്കേഭാഗം അപ്പൂപ്പന്‍, ചെമ്പിട്ടകൊട്ടാരം, പുലിശ്ശേരി കൊട്ടാരം തുടങ്ങിയ ഉപക്ഷേത്രങ്ങളുമുണ്ട്‌.
ദേശാടനത്തിനിടയില്‍ ദുര്യോധനന്‍ ഈ കുന്നിന്‍പ്രദേശത്ത്‌ എത്തിയെന്നും കൂടെ തന്റെ അനുയായിയും മഹാമാന്ത്രികനുമായ ഭാരതമലയനുമുണ്ടായിരുന്നു. താഴ്‌ന്ന ജാതിയില്‍പ്പെട്ട ആളായിരുന്നു ഭാരതമലയന്‍. പാണ്ഡവരുടെ വനവാസകാലത്തുള്ള ദുര്യോധനന്റെ യാത്രയില്‍ ക്ഷീണിച്ചുവലഞ്ഞ്‌ മലനടഗ്രാമത്തിലെത്തിയ ദുര്യോധനന്‍ ഒരു കുടിലെത്തി കുടിക്കാന്‍ വെള്ളം ചോദിച്ചു. അവര്‍ ശുദ്ധമായ മദ്യമാണ്‌ നല്‍കിയത്‌. ദുര്യോധനന്‍ പിന്നീട്‌ ഈ നാട്ടില്‍ തന്നെ കഴിഞ്ഞു എന്നാണ്‌ ഐതിഹ്യം. ഈ നാട്ടുകാര്‍ ദുര്യോധനനറെ ദൈവതുല്യനായി പൂജിച്ചുപോന്നു. അങ്ങനെ മലനടയില്‍ ദുര്യോധനന്‍ ആരാധനാമൂര്‍ത്തിയായി. മലനട അപ്പൂപ്പന്‍ എന്നു സ്നേഹപൂര്‍വ്വം നാട്ടുകാര്‍ വിളിക്കുന്നു. ദേവന്‌ വിഗ്രഹമോ ക്ഷേത്രമോ ഇല്ല. ശിവശക്തി സ്വയംഭൂവാണ്‌ ഇവിടെ നടക്കുന്നത്‌ ഊരാളി പൂജയാണ്‌. പ്രഭാതമാകുമ്പോള്‍ ഊരാളി അടുക്കുവച്ച്‌ ആരാധിക്കുന്ന രീതി. അടുക്കെന്നാല്‍ വെറ്റിലയും പുകയിലയും പാക്കുമാണ്‌. കടുത്താഞ്ചേരി കുടുംബത്തിലെ ഴരംഗമാണ്‌ ഇവിടുത്തെ പൂജാരി. കലശ്ശത്തിനായി ഇന്നും ഉപയോഗിക്കുന്നത്‌ കള്ളാണ്‌. ഭക്തര്‍ക്ക്‌ തീര്‍ത്ഥത്തിന്‌ പകരം നല്‍കുന്നതും കള്ളാണ്‌. ഇവിടത്തെ പ്രധാന വഴിപാടും കലശ്ശമായ കള്ളു നിവേദ്യമാണ്‌. ഇത്‌ ഭക്തജനങ്ങള്‍ കൊണ്ടുവരുകയും നിവേദ്യത്തിനായി സമര്‍പ്പിക്കുന്നത്‌ നേര്‍ച്ചയുമാണ്‌.പ്രസാദമൂട്ടായി കഞ്ഞിവീഴ്ത്തുമുണ്ട്‌. പട്ട്‌ കറുപ്പുകച്ച, കോഴി എന്നിവയും നേര്‍ച്ചയായി നടയ്ക്ക്‌ സമര്‍പ്പിക്കാറുണ്ട്‌. ഉണ്ണിയപ്പം, പായസ്സം, അരവണ, മുത്തുകുട എന്നിവ വഴിപാടുകള്‍. പീലി നിവര്‍ത്തിയാടുന്ന മയിലുള്ള ക്ഷേത്രത്തില്‍ നൂറ്റിയൊന്നുപവന്റെ സ്വര്‍ണ്ണകൊടിയും സ്ഥാപിച്ചിട്ടുണ്ട്‌.
മീനമാസത്തിലാണ്‌ മലനടിയിലെ പ്രസിദ്ധമായ മലക്കുട മഹോത്സവം. കത്തിനില്‍ക്കുന്ന മീനച്ചൂടില്‍ മലനടക്കുന്നില്‍ ഉത്സവത്തിന്റെ പൂത്തിരി തെളിയും. മീനമാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച കൊടിയേറും. ഉത്സവനാളിലെ കെട്ടുകാഴ്ചകളില്‍ പ്രധാനം കാളയും എടുപ്പുകുതിരയുമാണ്‌. മലനടയപ്പൂപ്പന്‌ ഇഷ്ടം കാളയാണ്‌. ഇടയ്ക്കാട്‌ കരക്കാര്‍ക്ക്‌ ഈ വലിയ എടുപ്പുകാള. ഇരുപത്തിഒന്നേകാല്‍ കോല്‍ ഉയരമുള്ള എടുപ്പുകുതിരകളെ കാണാനും അവ തോളിലെടുത്ത്‌ കുന്നില്‍ മുകളിലൂടെ വലംവയ്ക്കുന്നതുകാണാന്‍ ആണ്ടുതോറും ധാരാളം ആള്‍ക്കാര്‍ എത്താറുണ്ട്‌. ഓലക്കുട ചൂടി ഒറ്റക്കാലില്‍ ഉറഞ്ഞു തുള്ളിയെത്തുന്ന ക്ഷേത്രത്തിലെ പൂജാരി താഴേയ്ക്ക്‌ താഴേയ്ക്ക്‌ ഇറങ്ങിചെന്ന്‌ കെട്ടുകാഴ്ചകളെ അനുഗ്രഹിക്കുന്ന കാഴച ഭക്തി നിര്‍ഭരമാണ്‌. പരിപാടികള്‍ക്കുശേഷമാണ്‌ ലക്ഷക്കണക്കിന്‌ രൂപാ ചെലവഴിച്ചുള്ള കമ്പം. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന പള്ളിപ്പാനയ്ക്കും പ്രശസ്തി. വേല സമുദായത്തില്‍പ്പെട്ടവരുടെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന ഈ പൂജ പന്ത്രണ്ടു ദിവസം നീണ്ടുനില്‍ക്കും. ചൂരല്‍വള്ളികള്‍ ശരീരത്തില്‍ ചുറ്റി ക്ഷേത്രമുറ്റത്ത്‌ ഉരുളുന്ന പള്ളിപ്പാന ചടങ്ങ്‌ കുരുക്ഷേത്രയുദ്ധത്തിലെ ശരശയ്യയെയാണ്‌ അനുസ്മരിക്കുന്നത്‌.