2018, ജൂലൈ 26, വ്യാഴാഴ്‌ച

കോട്ടയം ജില്ലയിലെ പൊൻകുന്നത്തിനു സമീപമുള്ള ചിറക്കടവിൽ ശ്രീമഹാദേവക്ഷേത്രം,.2കുറക്കാവ് ദേവി ക്ഷേത്രം


കോട്ടയം ജില്ലയിലെ പൊൻകുന്നത്തിനു സമീപമുള്ള ചിറക്കടവിൽ ശ്രീമഹാദേവക്ഷേത്രം
കോട്ടയം ജില്ലയിലെ പൊൻകുന്നത്തിനു സമീപമുള്ള ചിറക്കടവിൽ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രമാണ്‌ ചിറക്കടവ്‌ ശ്രീ മഹാദേവക്ഷേത്രം.
ആൾവാർ വംശാധിപത്യകാലത്ത്‌ ചന്ദ്രശേഖര ആൾവാർ എന്ന രാജാവാണ്‌ ക്ഷേത്രം നിർമ്മിച്ചതെന്നു കരുതപ്പെടുന്നു. അമ്പലപ്പുഴ ചെമ്പകശ്ശേരി രാജാവ്‌ ആൾവാർ വംശത്തെ തുരത്തി ചിറക്കടവിനെ അധീനതയിലാക്കി. പിന്നീട് മാർത്താണ്ഡവർമ്മ മഹാരാജാവ്‌ ചെമ്പകശ്ശേരി രാജാവിനെ പരാജയപ്പെടുത്തി തിരുവിതാംകൂറിന്റെ ഭാഗമാക്കി. ചെമ്പകശ്ശേരി രാജാവിന്റെ അധീനതയിലായിരുന്ന ഈ പ്രദേശത്തെ കീഴ്പ്പെടുത്തുവാൻ മാർത്താണ്ഡവർമ്മയ്‌ക്ക്‌ സഹായം നൽകിയത്‌ ചെങ്ങന്നൂർ വഞ്ഞിപ്പുഴ തമ്പുരാനാണ്‌. പ്രത്യുപകാരമായി ചിറക്കടവ്‌, ചെറുവള്ളി, പെരുവന്താനം എന്നീ മൂന്നുദേശങ്ങൾ കരമൊഴിവായി വഞ്ഞിപ്പുഴ തമ്പുരാന്‌ ലഭിച്ചു. പിന്നീട്‌ 1956-ൽ ഐക്യകേരളപ്പിറവിയോടെ നാടുവാഴിത്തം ഇല്ലാതാകുകയും അവകാശങ്ങൾ പൂർണ്ണമായും സർക്കാരിൽ വന്നു ചേരുകയും ചെയ്തു. 1961 ജൂലൈയിൽ ക്ഷേത്രം തിരുവിതാംകൂർ ദേവസ്വംബോർഡിന്‌ കൈമാറി. ദേവസ്വംബോർഡിന്റെ മഹാക്ഷേത്രങ്ങളിലൊന്നാണ്‌ ചിറക്കടവ്‌ മഹാദേവക്ഷേത്രം.
ഒരു കൂറ്റൻ കൂവളച്ചുവട്ടിൽ സ്വയംഭൂവായി അവതരിച്ചതാണ്‌ ഈ ക്ഷേത്രത്തിലെ ശിവലിംഗവിഗ്രഹം എന്ന് വിശ്വസിക്കപ്പെടുന്നു. കുറ്റിക്കാടുകൾക്കിടയിൽ വേറിട്ടുനിന്ന വില്വമരച്ചുവട്ടിൽ കൂവ പറിക്കുന്നതിനായി പാര കൊണ്ട്‌ മണ്ണിൽ കുത്തിയപ്പോൾ രക്തം പൊടിയുകയും ഇതു കണ്ടു ഭയന്ന സ്‌ത്രീയുടെ നിലവിളികേട്ട്‌ സമീപത്ത്‌ കാലിമേച്ചുകൊണ്ടിരുന്ന ആളുകൾ ഓടിക്കൂടി. രക്തസ്രാവം കണ്ട ഭാഗത്തെ മണ്ണ്‌ നീക്കിയപ്പോൾ ശിവലിംഗം കണ്ടെത്തിയെന്നാണ്‌ ഐതിഹ്യം. ഈ കൂവളച്ചുവട്ടിൽ ഒരു മഹർഷി വസിച്ചിരുന്നു. കൂവളച്ചുവട്ടിൽ വസിച്ചിരുന്നതുകൊണ്ട്‌ കൂവമഹർഷി എന്ന അപരനാമത്തിൽ പിന്നീട്‌ ഈ മഹർഷി വിഖ്യാതനായതായി കരുതപ്പെടുന്നു.

കുറക്കാവ് ദേവി ക്ഷേത്രം
ആലപ്പുഴ ജില്ലയുടെ തെക്ക് കൃഷ്ണപുരം എന്ന സ്ഥലത്തെ കാപ്പിൽ ഗ്രാമത്തിലാണ് കുറക്കാവ് ദേവീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ ശിവന്റെയും പാർവതിയുടെയും അവതാരങ്ങൾ ആയ കുറക്കാവിൽ അമ്മയും ശക്തി സ്വരൂപനായ കിരാതമൂർത്തിയും ആരാധിക്കപ്പെടുന്നു.അഭീഷ്ടസിദ്ധിക്കായി ജനങ്ങൾ ഇവിടെ അമ്മക്ക് കാര്യസിദ്ധിപൂജ സമർപ്പിക്കുന്നു. ഇവിടെ പൂജ നടത്തി കാര്യസിദ്ധി നേടിയ നിരവധി അനുഭവങ്ങൾ ജനങ്ങൾക്കുണ്ട്. എല്ലാ മലയാള മാസത്തിലെയും രണ്ടാമത്തെയും അവസാനത്തെയും ഞായറാഴ്ചകളിൽ ആണ് കാര്യസിദ്ധി പൂജ നടക്കാറുള്ളത്. പാലാ കൈപ്പിള്ളീ ഇല്ലത്ത് അരുൺ ദാമോദരൻ നമ്പൂതിരി യാണ് ഇവിടുത്തെ ഇപ്പോഴത്തെ മേൽശാന്തി.
എല്ലാ മാസവും അത്തം നക്ഷത്രത്തിൽ ദേവിഭാഗവത പാരായണം, നാരങ്ങാ വിളക്ക്, വിശേഷാൽ പൂജ, അന്നദാനം എന്നിവ നടത്തപ്പെടുന്നു. എല്ലാ മലയാളമാസം ഒന്നാം തീയതിയും തിരക്ക് വർദ്ധിച്ചതോടെ എല്ലാ വെള്ളിയാഴ്ചകളിലും നേർച്ചപ്പറയും നടത്തപ്പെടുന്നു. മൂലസ്ഥാനത്ത് "വെറ്റില പറത്തൽ" അതി പ്രധാനമായ വഴിപാടാണ്. അടുക്കു സമർപണം, കോഴി പറത്തൽ, പട്ടു ചാർത്തൽ, എന്നിവയും ഇവിടുത്തെ പ്രധാന വഴിപാടുകളാണ്. വെറ്റില പറത്ത് പ്രസിദ്ധമായതോടെ കാവിൽ ദക്ഷിണ വച്ച് വിശേഷ കലശപൂജകൾ, ഭക്തി നിർഭരമായ കീർത്തനാലാപത്തോടും സമൂഹനാമജപത്തോടും കൂടിയ കാര്യസിദ്ധിപൂജ മുതലായവ ആരംഭിച്ചു. തുടക്കത്തിൽ 100-110 പേരോടെ മാത്രമായി തുടങ്ങിയ ഈ പൂജയിൽ ഇന്ന് 25000 പേരോളം പങ്കെടുക്കുന്നത് ഇവിടുത്തെ അനുഭവസിദ്ധിയുടെ ഫലം ഒന്നുകൊണ്ടു മാത്രമാണ്.
കായംകുളം കൊല്ലം പാതയിൽ കൃഷ്ണപുരത്തുനിന്നും ചൂനാട്ടെക്കു പോകുന്ന പാതയിൽ ആണൂ കുറക്കാവ് . അവിടെ ആണ് ഈ അപൂർവ്വക്ഷേത്രം.