2018, ജൂലൈ 26, വ്യാഴാഴ്‌ച

പുഴവാത് ശ്രീ വൈകുണ്ഠേശ്വര സന്താനഗോപാലമൂർത്തി ക്ഷേത്രം,ചങ്ങനാശ്ശേരി



പുഴവാത് ശ്രീ വൈകുണ്ഠേശ്വര സന്താനഗോപാലമൂർത്തി ക്ഷേത്രം
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി നഗരത്തിൽ പുഴവാതിൽ സ്ഥിതിചെയ്യുന്ന പുരാതനവും ചരിത്രപ്രസിദ്ധവുമായ ക്ഷേത്രമാണ് പുഴവാത് ശ്രീ വൈകുണ്ഠേശ്വര സന്താനഗോപാലമൂർത്തി ക്ഷേത്രം ആയില്യം തിരുനാൾ ഗൗരി ലക്ഷ്മി ബായി തിരുവിതാംകൂറിന്റെ മഹാറാണിയായിരിക്കുന്ന കാലത്തണ (ഭരണകാലം 1811-1815) ക്ഷേത്രനിർമ്മാണം നടത്തിയത്‌. മഹാറാണി ആയില്യം തിരുനാൾ ഗൌരി ലക്ഷ്മി ബായി ഒരു ആൺകുഞ്ഞിനു ജന്മം നൽകാനായി ഭർത്താവ് [രാജരാജ വർമ്മ വലിയ കോയിത്തമ്പുരാൻ] ചങ്ങനാശ്ശേരി ലക്ഷ്മിപുരം കൊട്ടാരത്തിന്റെ അടുത്ത് പണിതുയർത്തിയ ക്ഷേത്രമാണിത്. അതിനെ തുടർന്ന് ജനിച്ച പുത്രനാണ് വിശ്വപ്രസിദ്ധനായ തിരുവിതാംകൂർ മഹാരാജാവ്‌ സ്വാതിതിരുനാൾ. ഇതര ക്ഷേത്രങ്ങളെ അപേക്ഷിച്ച് വളരെ വ്യത്യസ്തമായ പ്രതിഷ്ഠയാണ് ഇവിടുത്തെത്. കൈകളിൽ കുഞ്ഞിനെയെടുത്ത് ശംഖു-ചക്രധാരിയായ മഹാവിഷ്ണുവിനെ സന്താനഗോപാലമൂർത്തി സങ്കല്പത്തിൽ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നു. കുട്ടികളില്ലാത്ത ദമ്പതികൾ ഇവിടെ വന്നു പ്രാർത്ഥിച്ചാൽ സന്താന സൌഭാഗ്യം ലഭിക്കും എന്നാണ് വിശ്വാസം.
ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരത്തിനോട് ചേർന്ന് പുഴവാതിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുവിതാംകൂർ രാജവംശത്തിന്റെ സംഭാവനയാണ് പുഴവാത് ശ്രീ വൈകുണ്ഠേശ്വര സന്താനഗോപാലമൂർത്തി ക്ഷേത്രം. ലക്ഷ്മീപുരം കൊട്ടാരം നേരിട്ട് ക്ഷേത്രഭരണം നടത്തിയിരുന്നതിനാലും കൊട്ടാരത്തിലെ പരദേവതാമൂർത്തി കുടികൊള്ളുന്നതിനാലും പുഴവാത് കൊട്ടാരം ക്ഷേത്രം എന്നറിയപ്പെടുന്നു. ലക്ഷ്മീപുരം കൊട്ടാരത്തിന്റെ പ്രശസ്തിക്ക് ഉതകുന്നവണ്ണമുള്ള നിർമ്മാണ ശൈലി ക്ഷേത്ര നിർമ്മിതിയിൽ കാണാം. ക്ഷേത്ര മതിലകം വിശാലമാണ്.
സമചതുരാകൃതിയിലാണ് ഇവിടുത്തെ ശ്രീകോവിൽ നിർമ്മിച്ചിരിക്കുന്നത്. മൂന്നടി പൊക്കമുള്ള സിംഹാസനസ്ഥനായി കിഴക്കു ദർശനത്തോടെ മഹാവിഷ്ണു പ്രതിഷ്ഠ. രണ്ടു കൈകളിൽ ശംഖും സുദർശനചക്രവും, മറ്റു രണ്ടു കൈകളിൽ കിടക്കുന്ന ഒരു കുഞ്ഞുമായി സന്താനഗോപാലമൂർത്തി സങ്കല്പത്തിൽ പ്രതിഷ്ഠ നടത്തിയിരിക്കുന്നു. ഭാരതത്തിൽതന്നെ അത്യഅപൂർവ്വമാണ് ഈ പ്രതിഷ്ഠ.