2018, ജൂലൈ 25, ബുധനാഴ്‌ച

കാഞ്ഞിലശ്ശേരി ശിവക്ഷേത്രം കോഴിക്കോട്




കാഞ്ഞിലശ്ശേരി ശിവക്ഷേത്രം കോഴിക്കോട്
കോഴിക്കോട് ജില്ലയില്‍ ചേമഞ്ചേരി പഞ്ചായത്തിലാണ് പ്രസിദ്ധമായ ശിവക്ഷേത്രം. ഉത്സവകാലത്ത് ഒരു മാസത്തോളം കൂത്തുനടക്കുന്ന അപൂര്‍വ്വക്ഷേത്രം. നേപ്പാളിലെ പശുപതിനാഥക്ഷേത്രവുമായി സാദൃശ്യമുള്ള ക്ഷേത്രമെന്ന ഖ്യാതിയുമുണ്ട്. ഋഷിവര്യനായ കശ്യപ മഹര്‍ഷി ഒരേദിവസം കാശി, കാഞ്ചിപുരം, കാഞ്ഞിരങ്ങാട്, കാഞ്ഞിലശേരി എന്നീ നാലുക്ഷേത്രങ്ങളുടെ പ്രതിഷ്ഠാകര്‍മ്മം നിര്‍വ്വഹിച്ചുവെന്നും അതില്‍ ഒടുവിലത്തേത് കാഞ്ഞിലശ്ശേരിയിലായിരുന്നുവെന്നും പ്രതിഷ്ഠാകര്‍മം നടന്നുകൊണ്ടിരിക്കുമ്പോള്‍ മുഹൂര്‍ത്തം കഴിഞ്ഞോ എന്ന് മഹര്‍ഷിക്ക് സംശയമുണ്ടായി എന്നും അപ്പോള്‍ ”കഴിഞ്ഞിട്ടില്ല, ശരി, പ്രതിഷ്ഠിച്ചോളൂ” എന്നൊരു അശരീരി കേള്‍ക്കുകയുണ്ടായി. എന്നും അങ്ങനെ കഴിഞ്ഞില്ല. ശെരി എന്നത് പിന്നീട് കാഞ്ഞിലശേരി എന്നായി മാറിയെന്ന് പുരാവൃത്തം.
ശ്രീകോവിലില്‍ പ്രധാനദേവന്‍ – ശിവന്‍ – ഉയരമുള്ള ലിംഗം. പടിഞ്ഞാറേക്ക് ദര്‍ശനം. രൗദ്രഭാവം. ദേവന്റെ രോഷം കുറയ്ക്കുന്നതിനായി ക്ഷേത്രത്തിന് മുന്നില്‍ കുളം. ഈ കുളം ഗംഗയ്ക്ക് സമാനമെന്ന പ്രശസ്തിയുമുണ്ട്. അതുപോലെ അതിന്റെ ആകൃതിയിലും പ്രത്യേകളുണ്ട്. ഇടതുവശത്ത് നാഗത്തിന് കോഴിമുട്ടവച്ചിട്ടുപോകുന്ന പതിവുമുണ്ടിവിടെ. ഗണപതി, പാര്‍വതി, അയ്യപ്പന്‍, വേട്ടക്കാരന്‍ എന്നിവരെ കൂടാതെ ഉണ്ണി ഗണപതിയും ഉപദേവന്മാരായുണ്ട്. ധാരയും രുദ്രാഭിഷേകവും മൃത്യുഞ്ജയ ഹോമവും വഴിപാടുകള്‍. ആയിരത്തിഒന്ന് കുടം ജലധാര – പ്രധാനവഴിപാട്.ക്ഷേത്രത്തിലെ ഉത്സവം ശിവരാത്രിക്ക്. ശിവരാത്രിയുടെ തലേദിവസം മലയ്‌ക്കെഴുന്നെള്ളത്തുണ്ട്. ക്ഷേത്രത്തില്‍ നിന്നും രണ്ടു കി.മീ. കിഴക്കായി കുമ്മംകോട്മല.
ആദ്യകാലത്ത് ശിവന്‍ അവിടെ പോയിരുന്നുവെന്നൊരു ഐതിഹ്യം. ആ മലയിലേക്കാണ് ഉത്സവകാലത്തെ എഴുന്നെള്ളത്ത്. അവിടെ എത്തി പൂജയും നിവേദ്യവും കഴിഞ്ഞ് മടക്കയാത്രയാവും.കുംഭമാസത്തിലെ ശിവരാത്രിക്ക് ഇവിടെ എട്ടുദിവസത്തെ ഉത്സവം. കൊടിയേറി ആറാം ഉത്സവം ശിവരാത്രിയായും എട്ടാം ദിവസം കുളിച്ചാറാട്ടുമായി ആഘോഷിച്ചുവരുന്നു. ശിവരാത്രി ദിവസം സന്ധ്യാസമയത്താണ് ശയനപ്രദക്ഷിണം. വ്രതാനുഷ്ഠാനത്തോടെ കുളത്തില്‍ മുങ്ങിക്കുളിച്ച് കണ്ണുകെട്ടി നടത്തുന്ന ശയനപ്രദക്ഷിണമാണിത്. ഉത്സവകാലത്ത് ഒരുമാസത്തോളം കൂത്ത് നടന്നുവരുന്നു എന്നനിലയിലും ക്ഷേത്രത്തിന് പ്രശസ്തിയുണ്ട്. ഉദ്ദിഷ്ടകാര്യസിദ്ധിക്കും സന്താനലബ്ധിക്കും വേണ്ടി നടത്തപ്പെടുന്നവിശിഷ്ടവഴിപാടുകൂടിയാണ് കൂത്ത്.