2018, ജൂലൈ 25, ബുധനാഴ്‌ച

രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രം -തിനവിള ,കീഴാറ്റിങ്ങൽ ,ആറ്റിങ്ങൽ



രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രം -തിനവിള ,കീഴാറ്റിങ്ങൽ ,ആറ്റിങ്ങൽ 
(ഇ ക്ഷേത്രത്തെക്കുറിച്ചുള്ള വിവരണങ്ങളും ചിത്രങ്ങളും അയച്ചുതന്നത് ശ്രീ.സ്വാതി സതീശൻ അവര്കളാണ് )
ഓം ശ്രീദുർഗ്ഗാംബികായൈ നമ:
രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രം
തിനവിള ,കീഴാറ്റിങ്ങൽ ,ആറ്റിങ്ങൽ
ബ്രഹ്മാണ്ട ചൈത്യന്യത്തിനാധരമായ ശക്തിത്രയം ശ്രീ.മഹാലക്ഷ്മി ,ശ്രീ.ദുർഗ്ഗ-ശ്രീ.ഭദ്ര ദേവിമാരുടെ അത്യപൂർവ്വ സംഗമസ്ഥാനം,രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രം.ശാന്തിയുടെയും സാഹോദര്യത്തിന്റെയും മതശാന്തിയുടെയും മൂല്യങ്ങൾ സംരക്ഷിക്കപ്പെടുന്ന തികച്ചും വ്യത്യസ്തമായ ഒരു ആരാധനാലയമാണിവിടം.
അന്നപൂർണേശ്വരിയായ ശ്രീ.മഹാലക്ഷ്മി ദേവിയും ദുഃഖനിവാരിണിയായ ശ്രീ.ദുർഗ്ഗാ ദേവിയും ശക്തിസ്വരൂപിണിയായ ശ്രീ.ഭദ്രകാളി ദേവിയും ഷഡാധാരത്തിൽ പ്രതിഷ്ടിതമായിട്ടുള്ളതും മൂന്നു ശ്രീകോവിലുകളിലായി തുല്യപ്രാധാന്യത്തോടെ നവഗ്രഹസമേതം പരിലസിക്കുന്ന ദക്ഷിണ ഭാരതത്തിലെ ഒരേയൊരു മഹാക്ഷേത്രം.
സംസാരസാഗരത്തിൽ പെട്ടുഴലുന്ന ഏഴകളുടെ അഭയസങ്കേതമാണിവിടം; അജ്ഞാനമാകുന്ന അന്ധകാരത്തിൽ അലയുന്നവർക്കു മാർഗ്ഗം തെളിക്കുന്ന മണിദീപമാണിവിടം.നാൾതോറും വർദ്ധിച്ചുവരുന്ന ഭക്തജനപ്രവാഹം ശ്രീദുർഗ്ഗാംബികയുടെ ശക്തിവൈഭവത്തിനും ആശ്രിതവാത്സല്യത്തിനും ഉത്തമ ദ്രിഷ്ടാന്താമാണ്.
എല്ലാ മാസവും അതിവിപുലമായി നടത്തപ്പെടാറുള്ള നവഗ്രഹദോഷശാന്തിഹോമം,പൗർണമി നാൾതോറുമുള്ള ഐശ്വര്യപൂജ ,മുട്ടറുക്കൽ തുടങ്ങിയ ചടങ്ങുകൾ ഒക്കെ തന്നെയും തീരദുരിതങ്ങളാൽ നീറുന്നവർക്കുള്ള ദൈവികമായ മാർഗ്ഗദർശകങ്ങളാണ്.
വിശ്വചൈതന്യത്തിന്റെ മൂലാധാരമായ ത്രിദേവി സാന്നിധ്യമുള്ളതിനാൽ വിവാഹം,അരങ്ങേറ്റം പോലുള്ള മംഗളകർമ്മങ്ങൾക്ക് ഉത്തമസ്ഥാനമാണിവിടം.
തിനവിളദേശത്തു വാണരുളുന്ന ഓംകാര നാദസ്വരൂപിണിയായ ശ്രീദുർഗ്ഗാംബികയുടെ അനുഗ്രഹാശിസ്സുകൾക്ക് പാത്രീഭൂതരാകുവാൻ എല്ലാ ഭക്തജനങ്ങളേയും തിരുസന്നിധിയിലേക്ക് സാദരം സ്വാഗതം ചെയ്തുകൊള്ളുന്നു.
നവഗ്രഹദോഷശാന്തി ഹോമം
ജാതിമത ഭേദമോ സ്ത്രീപുരുഷഭേദമോ ഇല്ലാതെ എല്ലാ മനുഷ്യരുടെയും ജീവിതത്തിൽ നവഗ്രഹങ്ങൾക്കുള്ള സ്വാധീനം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണല്ലോ. ഗ്രഹങ്ങളുടെ ദോഷകരമായ സ്ഥാനം കൊണ്ടു ഓരോ വ്യക്തിക്കും ജീവിതത്തിൽ ഒരു നിശ്ചിതകാലം ഗ്രഹപീഡ അനുഭവിക്കേണ്ടിവരും.അതിനുള്ള ദൈവികമായ ഒരു പരിഹാരമെന്നോണം എല്ലാ മലയാള മാസവും ആദ്യത്തെ ഞായറാഴ്ച രാവിലെ 9 മണിമുതൽ താന്ത്രികവിധി പ്രകാരം അതിവിപുലമായ രീതിയിൽ നവഗ്രഹമണ്ഡപത്തിനു മുന്നിൽ വച്ചു നവഗ്രഹദോഷശാന്തി ഹോമവും തുടർന്നു നവഗ്രഹ കലശവും നടത്തപ്പെടുന്നു.ഗ്രഹപീഡ അനുഭവിക്കുന്ന വ്യക്തികൾ പ്രസ്തുത മഹനീയ കർമ്മത്തിൽ പങ്കെടുത്തു മേൽശാന്തിയുടെ നിർദേശങ്ങൾ സ്വീകരിക്കേണ്ടതാണ് .
മുട്ടറുക്കൽ(മുട്ടിറക്കൽ)
എല്ലാ വ്യക്തികൾക്കും ദൈനംദിന ജീവിതത്തിൽ ഏതെങ്കിലും വിധത്തിലുള്ള ദുരിതങ്ങൾ അഥവാ മുട്ടുകൾ അനുഭവപ്പെടുന്നതിനെ ഒഴിവാക്കുന്നതിനോ ലഘൂകരിക്കുന്നതിനോ ഉള്ള ദൈവികമായ മാർഗമാണ് മുട്ടറുക്കൽ വഴിപാട്.ശ്രീ ഭദ്രകാളി ദേവിയുടെ തിരുമുൻപിൽ മേൽശാന്തി നാളികേരം ഉടച്ച ശേഷം അതിന് പ്രകാരം ഗുണദോഷങ്ങളെ കുറിച്ചു ഭക്തർക്ക് നിർദ്ദേശം കൊടുക്കുന്നു.പ്രധാനമായി നടത്തപ്പെടുന്ന മുട്ടറുക്കൽ വഴിപാടുകൾ താഴെ പറയുന്നവയാണ്.
1.ദേഹമുട്ട് / ആരോഗ്യമുട്ട് -ശരീര സുഖത്തിന്,ആയുരാരോഗ്യത്തിന്
2 .കർമ്മമുട്ട് / തൊഴിൽമുട്ട് -ജോലിക്കുള്ള തടസ്സം നീങ്ങുന്നതിന്,തൊഴിൽ പുരോഗതിക്ക്
3 .വിദ്യാമുട്ട് -കുട്ടികൾക്ക് വിദ്യാപുരോഗതിക്ക്
4 .മംഗല്യമുട്ട് -വിവാഹതടസ്സം മാറുന്നതിന്,ദീർഘ സുമംഗലീഭാഗ്യത്തിന്
5 .ഗൃഹമുട്ട് -പാർപ്പിട പ്രശ്നപരിഹാരത്തിന്
6 .സന്താനമുട്ട് -സന്താന സൗഭാഗ്യത്തിന്
7 ദാമ്പത്യമുട്ട് -ദാമ്പത്യദോഷങ്ങൾ തീരുന്നതിന്
8 .കുടുംബമുട്ട് -ഗാർഹിക പ്രശ്നപരിഹാരത്തിന്
9 .വാഹനമുട്ട് -വാഹനങ്ങളെ സംബന്ധിച്ച പ്രശ്നപരിഹാരത്തിന്
10 .ഭൂമിമുട്ട് -ഭൂമി സംബന്ധമായ ദോഷങ്ങൾ തീരുന്നതിന്.