2018, ജൂലൈ 25, ബുധനാഴ്‌ച

തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം




തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
ഇടുക്കി ജില്ലയില്‍ തൊടുപുഴ നഗരമദ്ധ്യത്തിലാണ് പുരാതനമായ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. തോട് പുഴയായി മാറിയതുകൊണ്ടാണ് ഈ സ്ഥലത്തിന് തൊടുപുഴയെന്ന പേരുണ്ടായതതെന്ന് പറയപ്പെടുന്നു. ചെമ്പുമേഞ്ഞ ശ്രീകോവിലിനുള്ളില്‍ ശ്രീകൃഷ്ണന്‍. കിഴക്കോട്ട് ദര്‍ശനമായ ക്ഷേത്രത്തില്‍ അഞ്ചു പൂജയും മൂന്ന് ശിവേലിയുമുണ്ട്. തന്ത്രം ആമല്ലൂര്‍ കാവനാട്ടാണ്. വെളുപ്പിന് നട തുറന്നാല്‍ ആദ്യം നേദ്യമാണ്. മലര്‍നിവേദ്യം. കൈയില്‍ നേദ്യവുമായി നട തുറക്കും. പിന്നീട് അഭിഷേകം. ഒരു യോഗീശ്വരനാണ് പ്രതിഷ്ഠ നടത്തിയതെന്ന് ഐതിഹ്യം. മലബാറില്‍ ടിപ്പുവിന്റെ ആക്രമണം നടക്കുമ്പോള്‍ അവിടെ നിന്നും തെക്കോട്ടു വന്ന ചില നമ്പൂതിരിമാര്‍ അവരുടെ പരദേവതാമൂര്‍ത്തിയെ ഇവിടെ വച്ച് ആരാധിച്ചുപോന്നു. ഇങ്ങനെ ഒരു ശ്രീകൃഷ്ണ വിഗ്രഹവുമായി ഏതാനും ഭക്തന്മാര്‍ ഇവിടെ എത്തുമെന്നും അത് പ്രതിഷ്ഠിച്ച് ക്ഷേത്രം പണിയണമെന്നും യോഗിക്ക് സ്വപ്‌നദര്‍ശനമുണ്ടായി. അതുകൊണ്ടായിരിക്കാം ഇവിടെ നടക്കുന്ന യോഗീശ്വരപൂജയ്ക്ക് പ്രാധാന്യം. ഭഗവതി, ശിവന്‍, ശാസ്താവ്, ഗണപതി, നാഗം എന്നീ ഉപദേന്മാര്‍. വലിയമ്പലത്തിന്റെ തൂണിന്മേലാണ് വാതില്‍മാടം ഭഗവതിയുടെ പ്രതിഷ്ഠ. ഇടതുവശത്തായി ചാക്യാര്‍കൂത്തിന് മണ്ഡപം. തേക്കിന്‍തടിയില്‍ നിര്‍മ്മിച്ച ഈ മണ്ഡപത്തിന്റെ നിര്‍മ്മാണത്തിനുമുണ്ട് സവിശേഷത.
പലതരം കൊത്തുപണികളോടുകൂടിയ മണ്ഡപത്തില്‍ ഉത്സവകാലത്ത് എല്ലാദിവസവും ചാക്യാര്‍കൂത്ത് നടക്കും. ക്ഷേത്രം വകയായി കൃഷ്ണതീര്‍ത്ഥം എന്നൊരു ആഡിറ്റോറിയവുമുണ്ട്. പുള്ളും പ്രാവും നടയ്ക്കുവയ്ക്കലാണ് പ്രധാന വഴിപാട്.കുട്ടികളുടെ ബാലാരിഷ്ടത മാറുന്നതിനാണ് ഇത്. കുട്ടികളെ ഇവിടെ കൊണ്ടുവന്നു വേണം വഴിപാട് നടത്താന്‍. ഇവിടെ നിന്നും ലഭിക്കുന്ന രൂപം കുട്ടിയുടെ തലയ്ക്ക് ഉഴിഞ്ഞ് നടയ്ക്കുവയ്ക്കുന്നു. ഉണ്ണികൃഷ്ണനെ നശിപ്പിക്കുന്നതിനുവേണ്ടി പുള്ളായി വന്ന ബകാസുരന്റെ കൊക്കുകള്‍ വലിച്ചുകീറി ഭഗവാന്‍ അവനെ നിഗ്രഹിക്കുകയായിരുന്നു. ആ ധ്യാനത്തിലാണ് ഇവിടത്തെ പ്രതിഷ്ഠ എന്ന സങ്കല്പം. പാല്‍പ്പായസവും വെണ്ണയും അപ്പവും ഇതര വഴിപാടുകള്‍. ഇവിടെ വെടി വഴിപാടില്ല. അഷ്ടമിരോഹിണിയും വിഷുവും വിജയദശമിയും നിര്‍വിഘ്‌നം ആഘോഷിക്കുന്നു.മീനമാസത്തിലെ ചോതി കഴിഞ്ഞ് വരുന്ന തിരുവോണം കൊടിയേറ്റായി പത്തുദിവസത്തെ ഉത്സവം. കൊടിയേറ്റിനു മുന്‍പായി ബലിക്കല്‍പുര നമസ്‌ക്കാരം നടക്കും. ക്ഷേത്രജീവനക്കാര്‍ എല്ലാം ഈ ചടങ്ങില്‍ പങ്കെടുക്കും. തന്ത്രി ബലിക്കല്‍പുരയില്‍ ഇരിക്കും. തന്ത്രിക്കും ബലിക്കല്ലിനും പ്രദക്ഷിണം വച്ച് തന്ത്രിയുടെ മുന്‍പില്‍ നമസ്‌ക്കരിച്ച് അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ തെറ്റുകുറ്റങ്ങള്‍ പൊറുക്കണമെന്ന് ദേവനോട് അപേക്ഷിച്ച് കാണിക്കയര്‍പ്പിക്കുന്നു. ഇതാണ് ബലിക്കല്‍പുര നമസ്‌ക്കാരം. ഈ ചടങ്ങിനുശേഷമാണ് കൊടിയേറ്റം നടക്കുക. ഒന്‍പതാം ഉത്സവനാളിലെ ഉത്സവബലി വിശേഷമാണ്. ഒറ്റ ഉത്സവബലി മാത്രമുള്ള അപൂര്‍വ്വ ക്ഷേത്രങ്ങളില്‍ ഒന്നാണിത്. പ്രസാദമൂട്ടും ഉണ്ട്. പള്ളിവേട്ടയും തിരുമുന്‍പില്‍ വലിയ കാണിക്കയും ഉണ്ട്. പത്താംദിവസം ആറാട്ടും കൊടിക്കീഴില്‍ പറ വയ്പും കഴിഞ്ഞാല്‍ കൊടിയിറങ്ങും. ഉത്സവപരിപാടിക്കുള്ളില്‍ ക്ഷേത്രകലകള്‍ മാത്രമാണ് നടക്കാറുള്ളത്.