2018, ജൂലൈ 25, ബുധനാഴ്‌ച

പുത്തന്‍‌ചിറ ശ്രീ ത്രിച്ചക്രപുരം ക്ഷേത്രം,തൃശൂര്‍ ജില്ല,ഇരിഞ്ഞാലക്കുട


പുത്തന്‍‌ചിറ ശ്രീ ത്രിച്ചക്രപുരം ക്ഷേത്രം
ശൈവ-വൈഷ്ണവ ചൈസതന്യമുളള സുദര്‍ശന ചക്രം പ്രധാന പ്രതിഷ്ഠ ആയ ഭാരതത്തിലെ ഏക ക്ഷേത്രം. ഇത് പുത്തന്‍‌ചിറ ശ്രീ ത്രിച്ചക്രപുരം ക്ഷേത്രം

തൃശൂര്‍ ജില്ലയിലെ ഇരിഞ്ഞാലക്കുടയില്‍ നിന്നും 10 കി.മി മാറി പുത്തന്‍‌ചിറ എന്നാ ഗ്രാമത്തില്‍ ആണ് ഈമഹാക്ഷേത്രം സ്ഥിതിചെയ്യുന്നത്. പരശുരാമനാല്‍ പ്രതിഷ്ടിതമായ ക്ഷേത്രം ആയതിനാല്‍ അനവധി വര്‍ഷത്തെ പഴക്കവും ഈ ക്ഷേത്രത്തിനുണ്ട്. ടിപ്പുസുല്‍ത്താന്‍റെന്‍റെ പടയോട്ടക്കാലത്ത് ടിപ്പുവിന്റെ സൈന്യത്തിനു പോലും തോറ്റ് പിന്മാറേണ്ടിവന്ന ഒരു ചരിത്രവും ഈ മഹാക്ഷേത്രതിനുണ്ട്.
കിടങ്ങശ്ശേരി തരണനെല്ലൂരും കിഴക്കിനിയെടത്ത് മേക്കാടും(വേംബ്ലിസ്സ്) ഒന്നിടവിട്ട വര്‍ഷങ്ങളില്‍ താന്ത്രികകര്‍മം നിര്‍വഹിച്ചു വരുന്ന ഈ മഹാക്ഷേത്രത്തില്‍ പ്രധാന പ്രതിഷ്ഠ ശൈവ-വൈഷ്ണവ ചൈസതന്യമുളള സുദര്‍ശനചക്രം ആണ്. വൈഷ്ണവ ചൈതന്യമുളള സുദര്‍ശന ചക്രം പലസ്ഥലങ്ങളിലും പ്രധാന പ്രതിഷ്ടയായുണ്ടെങ്കിലും ശൈവ-വൈഷ്ണവ ചൈസതന്യമുളള സുദര്‍ശന ചക്രം പ്രധാന പ്രതിഷ്ടയായുളള മറ്റൊരുക്ഷേത്രത്തെകുറിച്ചു കേരളത്തിലെന്നല്ല ഭാരതത്തില്‍തന്നെ മറ്റൊരുക്ഷേത്രം നിലവിലുളളതായി ഇതുവരെകേട്ടറിവില്ല
ദേവന്‍ ഃ ദേവന്മാരുടെ രക്ഷയ്ക്കായി മഹാവിഷ്ണുവിന് പരമശിവന്‍ സുദര്‍ശനചക്രം നല്‍കി എന്നാണ് ഐതിഹ്യം. അങ്ങനെ ഉള്ള ആ സന്ദര്‍ഭത്തിലെ ചൈതന്യം ആണ് ഇവിടെ കുടികൊള്ളുന്നത്. ആയതിനാല്‍ തന്നെ മഹാവിഷ്ണുവിനും ശിവനും തുല്ല്യ പ്രാധാന്യം ആണു ഉള്ളത്. എന്നിരുന്നാലും പൂജ മഹാവിഷ്ണുവിന് മാത്രമാണുള്ളത്. പക്ഷെ കൂവളത്തില മാല ഒഴികെ എന്ത് വഴിപാടും ശിവന് ഇതേ ബിംബത്തില്‍ തന്നെ കഴിക്കാവുന്നതാണ്.
ബിംബം: വാല്‍ക്കണ്ണാ‍ടി രൂപത്തിലുള്ള കല്ലില്‍ ചക്രരൂപം കുഴിച് ഉണ്ടാക്കിയതാണ് ശൈവ-വൈഷ്ണവ ചൈതന്യം ഉള്ള ബിംബം. മഹാവിഷ്ണുവിന് ആണ് പൂജ എന്നിരുന്നാലും ചന്ദ്രക്കല ആണ് ബിംബത്തില്‍ ചാര്‍ത്തുന്ന പ്രധാന ആഭരണം.
മൂര്‍ത്തീഭാവം:
രാവിലെ: വിവിധ ആയുധങ്ങള്‍ എന്തിയ 16ത്രിക്കൈകളോടും കത്തിജ്വലിക്കുന്ന കേശത്തോടും ത്രികണ്ണുകളോടും ദംഷ്ട്രകള്‍ പുറത്തേക്കിട്ടിരിക്കുന്ന ഉഗ്രരൂപിയായ മഹാസുദര്‍ശനമൂര്‍ത്തി ഭാവത്തിലുളള വിഷ്ണുവിനാണ് പൂജ . അതുകൊണ്ട് തന്നെ നെയ്പായസവും വാസനാപുഷ്പങ്ങളും രാവിലത്തെ പൂജയ്ക്ക് നിഷിദ്ധം ആണ്.
വൈകുന്നേരം: ശാന്തസ്വരൂപനായ സുദര്‍ശനമൂര്‍ത്തി ഭാവത്തിലുളള വിഷ്ണുവിനാണ് പൂജ എങ്കിലും ശൈവചൈതന്യം ആണ് കൂടുതല്‍. അത്താഴപൂജയ്ക്ക് നെയ്പായസം നിവേദിക്കാവുന്നതാണ്‌.
പൂജാവിധി: അമ്പലക്കുളത്തിലും തീര്‍ത്ഥക്കുളത്തിലും കുളിച്ചുവേണം പൂജയ്ക്കുള്ള ശുദ്ധി വരുത്താന്‍. രാവിലെ ഉഷനിവേദ്യം ആയിട്ടാണ് ഇവിടത്തെ സമ്പ്രദായം. (ഉഷപൂജ ഇല്ല). ശര്‍ക്കര പായസം ആണ് നിവേദ്യം. ദേവന്റെ ഇഷ്ടവഴിപാട് ആയ പന്തീരാഴി ശര്‍ക്കര പായസം ഉഷനിവേദ്യസമയത്താണ് നിവേദിക്കുക. എതിര്‍ത്ത പൂജക്കു വെള്ളനിവേദ്യവും പാല്‍പായസവും ആണ് പ്രധാനം.
വൈകീട്ട് ധൂപദീപങ്ങളും മണിനാദവും ഇല്ലാതെ കൈമുദ്ര ആയിട്ടാണ് അത്താഴ പൂജ.
പള്ളത്തേരി ആലക്കാട് മതിയത്ത് മേക്കാളി പാമ്പുംമേക്കാട് തുടങ്ങിയ ഇല്ലക്കാര്‍ ഊരായ്മസ്ഥാനം വഹിക്കുന്ന ക്ഷേത്രത്തിലെ പാരമ്പര്യവൃത്തികള്‍ നിര്‍വഹിച്ചുപോരുന്നത് ത്രിച്ചക്രപുരം വാരിയക്കാരും അവിട്ടത്തൂര്‍ വാരിയക്കാരും ചാമപ്പറമ്പില്‍, ത്രിപ്പെക്കുളം മാരാന്മാരും ആണ്. ഇതില്‍ ത്രിപ്പെക്കുളം മാരാന്മാരും അവിട്ടത്തൂര്‍ വാരിയക്കാരും പ്രവര്‍ത്തികള്‍ നിര്‍വഹിക്കാന്‍ ഇന്ന് ഇല്ല.
ചിങ്ങത്തിലെ ഇല്ലംനിറ, അഷ്ടമിരോഹിണി, മകരത്തില്‍ വെളുത്തവാവ് ആറാട്ട്‌ എന്ന കണക്കില്‍ 8 ദിവസങ്ങളിലായി തിരുവുത്സവം, കുംഭത്തിലെ ഉത്രട്ടാതി പ്രതിഷ്ഠദിനം, കളഭം, ശിവരാത്രി എന്നിവയാണ് പ്രധാന വിശേഷങ്ങള്‍.
ഉത്സവത്തിലെ വലിയവിളക്കു ദിവസം ദേവന്‍റെ കിഴക്കോട്ടുള്ള എഴുന്നള്ളിപ്പ് പൌരാണികകാലത്ത് ക്ഷേത്രദര്‍ശനം നിഷിദ്ധമായിരുന്ന ഭക്തജനങ്ങള്‍ക്ക് ദേവനെ ദര്‍ശിക്കുവാനുള്ള ഒരു അവസരംആയിട്ടാണ് നടത്തിയിരുനത്. ആചടങ്ങ് ഇന്നും നടത്തിവരുന്നു. പള്ളിവേട്ട ദിവസം ദേവന്‍റെ ദര്‍ശനത്തിന് എതിര്‍ദിശയിലേക്കുള്ള പള്ളിനായാട്ട് എഴുന്നള്ളിപ്പ് ഒരു അപൂര്‍വമായ പ്രത്യേകത ആണ്. പള്ളിനായാട്ട് എഴുന്നള്ളിപ്പിനു മുന്നോടിയായി ദേവനെ എതിര്‍ദിശയിലേക്ക് എഴുന്നള്ളിച് ഇരുത്തി ഉള്ള വലിയപാണി ഒരു അത്യപൂര്‍വമായ പ്രത്യേകതയാണ് .