ദിവ്യദേശങ്ങൾ - തിരുവൻ വണ്ടൂർ മഹാവിഷ്ണുക്ഷേത്രം
തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രം ഭാരതത്തിലെ 108 വൈഷ്ണവ ക്ഷേത്രങ്ങിൾ പ്രധാനപ്പെട്ടതും പഞ്ചപാണ്ഡവ ക്ഷേത്രമെന്ന നിലയിൽ അറിയപ്പെടുന്നതുമായ പുരാതന ക്ഷേത്രങ്ങളിൽ ഒന്നാണ് ചെങ്ങന്നൂരിൽ നിന്നും തിരുവല്ലക്ക് പോകുന്ന വഴിയിൽ നാലു കി.മീ.വടക്ക്പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന, ‘പാമ്പണയപ്പൻ തിരുപ്പതി’ എന്നറിയപ്പെടുന്ന തിരുവൻ വണ്ടൂർ മഹാവിഷ്ണു ക്ഷേത്രം. പടിഞ്ഞാട്ട് ദർശനമുള്ള ചുരുക്കം ക്ഷേത്രങ്ങളിൽ ഒന്നാണ് എന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്.
അജ്ഞാത വാസകാലത്ത് പഞ്ചപാണ്ഡവർ ചെങ്ങന്നൂരിനടുത്തുള്ള പാണ്ഡവൻ പാറ എന്ന കുന്നിൽ താമസിച്ചെന്നും അവിടെ നിന്നും ഓരോരുത്തരും അടുത്തുള്ള ഓരോ ക്ഷേത്രങ്ങളിൽ ആരാധന നടത്തിയെന്നുമാണ് ഐതിഹ്യം. അതിൽ നകുലൻ പൂജിച്ച മഹാവിഷ്ണുവാണ് തിരുവൻ വണ്ടൂരപ്പൻ. യുധിഷ്ഠിരൻ- തൃച്ചിറ്റാറ്റും ഭീമൻ-തൃപ്പുലിയൂരും, അർജ്ജുനൻ തിരുവാറന്മുളയിലും, സഹദേവൻ- തൃക്കൊടിത്താനത്തുമായിരുന്നു ആരാധനകൾ നടത്തിയത് എന്നു വിശ്വസിക്കപ്പെടുന്നു. കൂടാതെ മുതുകുളത്തിനടുത്തുള്ള പാണ്ഡവർകാവ് എന്ന ക്ഷേത്രത്തിൽ കുന്തിയും ആരാധന നടത്തിയിരുന്നതായി വിശ്വസിക്കപ്പെടുന്നു. ഒരു ദിവസം തന്നെ ഈ ആറു ക്ഷേത്രങ്ങളിലും ദർശനം നടത്തുന്നത് ഭക്തജനങ്ങൾ പുണ്യമായി കരുതുന്നു. ഈ ക്ഷേത്രങ്ങളിൽ പടിഞ്ഞാട്ട് ദർശനമുള്ള ഏകക്ഷേത്രമാണ് തിരുവൻ വണ്ടൂർ. മറ്റിടങ്ങളിലെല്ലാം കിഴക്കോട്ടാണ് ദർശനം. വേണാടുഭരിച്ചിരുന്ന ശ്രീവല്ലഭൻ കോതയുടെ രണ്ട് ശിലാശാസനങ്ങൾ ഉണ്ട്. അവയിൽ കാലം രേഖപ്പെടുത്തിയിട്ടില്ലെങ്കിലും 10അം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് അദ്ദേഹ ജീവിച്ചിരുന്നതെന്നു കരുതുന്നു.