2018, ജൂലൈ 3, ചൊവ്വാഴ്ച

ദ്രോണർ// പഞ്ചകന്യകകള്‍..// ഇരുപത്തിയെട്ട് വ്യാസന്മാർ



ഇരുപത്തിയെട്ട് വ്യാസന്മാർ

മഹാഭാരതത്തെ ആസ്പദപ്പെടുത്തിയാല്‍ ഓരോ മന്വന്തരങ്ങളിലേയും ( 306720000 വര്ഷം ) ദ്വാപരയുഗത്തില്‍ ഓരോ വ്യാസന്മാന്‍ ജനിയ്ക്കുമെന്നാണ് സങ്കല്പം.ഈ കാലം വരെ ഇരുപത്തെട്ട് വ്യാസന്മാര്‍ ജനിച്ചിട്ടുണ്ടെന്നും ഇവരോരോരുത്തരും വേദത്തെ നാലാക്കി തിരിച്ചിട്ടുണ്ടെന്നും ശാസ്ത്രം ...

1. ഒന്നാം ദ്വാപരയുഗം - ബ്രഹ്മാവ്

2. രണ്ടാം ദ്വാപരയുഗം - പ്രജാപതി

3. മൂന്നാം ദ്വാപരയുഗം - ശുക്രാചാര്യന്‍

4. നാലാം ദ്വാപരയുഗം - ബൃഹസ്പതി

5. അഞ്ചാം ദ്വാപരയുഗം - സൂര്യന്‍

6. ആറാം ദ്വാപരയുഗം - ധർ‌മരാജാവ്

7. ഏഴാം ദ്വാപരയുഗം - ദേവേന്ദ്രന്‍

8. എട്ടാം ദ്വാപരയുഗം - വസിഷ്ഠന്‍

9. ഒൻപതാം ദ്വാപരയുഗം - സാരസ്വതന്‍

10. പത്താം ദ്വാപരയുഗം - ത്രിധാമാവ്

11. പതിനൊന്നാം ദ്വാപരയുഗം - ത്രിശിഖന്‍

12. പന്ത്രണ്ടാം ദ്വാപരയുഗം - ഭർദ്വാജന്‍

13. പതിമൂന്നാം ദ്വാപരയുഗം - അന്തരീക്ഷന്‍

14. പതിന്നാലാം ദ്വാപരയുഗം - വർ‌ണ്ണി

15. പതിനഞ്ചാം ദ്വാപരയുഗം - ത്രയ്യാരുണന്‍

16. പതിന്നാറാം ദ്വാപരയുഗം - ധനഞ്ജയന്

17. പതിനേഴാം ദ്വാപരയുഗം - ക്രതുഞ്ജയന്

18. പതിനെട്ടാം ദ്വാപരയുഗം - ജയന്

19. പത്തൊൻപതാം ദ്വാപരയുഗം - ഭരദ്വാജന്

20. ഇരുപതാം ദ്വാപരയുഗം - ഗൗതമന്‍

21. ഇരുപത്തിഒന്നാം ദ്വാപരയുഗം - ഹര്യാത്മാവ്

22. ഇരുപത്തിരണ്ടാം ദ്വാപരയുഗം - തൃണബിന്ദു

23. ഇരുപത്തിമൂന്നാം ദ്വാപരയുഗം - വാജശ്രവസ്സ്

24. ഇരുപത്തിനാലാം ദ്വാപരയുഗം - വാല്മീകി

25. ഇരുപത്തിഅഞ്ചാം ദ്വാപരയുഗം - ശക്തി

26. ഇരുപത്തിആറാം ദ്വാപരയുഗം - പരാശരന്

27. ഇരുപത്തിഏഴാം ദ്വാപരയുഗം - ജാതുകർ‌ണ്ണന്

28. ഇരുപത്തിയെട്ടാം ദ്വാപരയുഗം - കൃഷ്ണദ്വൈപായനന് ( വേദ വ്യാസന്‍ )


പഞ്ചകന്യകകള്‍

നമ്മുടെ പുരാണപ്രകാരം പഞ്ചകന്യകകളായി കണക്കാക്കപ്പെടുന്നത് അഹല്യ,ദ്രൌപദി,സീത ,താര, ,മണ്ഡോദരി എന്നിവരേയാണ്.ഇവരെ സ്തുതിക്കാനുള്ളതാണ് പഞ്ചകന്യാ സ്തോത്രം.

പഞ്ചകന്യാ സ്തോത്രം
*******************

" അഹല്യ,ദ്രൗപദി,സീത ,താര, ,മണ്ഡോദരി തഥാ
പഞ്ചകന്യേ സ്മരെ നിത്യം സര്‍വപാപവിനാശനം "

അഹല്യ
..............

രാമായണത്തിലും മഹാഭാരതത്തിലും പരാമര്‍ശിക്കപ്പെട്ടിട്ടുള്
കഥാപാത്രമാണ് അഹല്യ.ഗൌതമ മഹര്‍ഷിയുടെ ഭാര്യയായിരുന്നു അഹല്യ.അതിവ സുന്ദരിയായിരുന്ന അഹല്യയില്‍ ദേവേന്ദ്രന്‍ മോഹിതനായ്‌.എങ്ങനെയെങ്കിലും അഹല്യയെ സ്വന്തമാക്കണമെന്നു ദേവേന്ദ്രന്‍തിരുമാനിച്ചു. അങ്ങനെ ഒരു ദിവസം തന്റെ മായാശക്തി ഉപയോഗിച്ച് പ്രഭാതമായെന്ന് വരുത്തി തീര്‍ത്തു. പ്രഭാതമായത് കണ്ട് ഗൗതമമഹര്‍ഷി പ്രഭാതവന്ദനങ്ങള്‍ക്കായി നദീതീരത്തെക്ക് പോയി. ഈ തക്കം നോക്കി ദേവേന്ദ്രന്‍ ഗൗതമമഹര്‍ഷിയുടെ രൂപത്തില്‍ ചെന്ന് അഹല്യയെ പ്രാപിച്ചു.അതിനു ശേഷം ദേവേന്ദ്രന്‍ തന്റെ സ്വന്തം രൂപം വെളിവാക്കി. ഇതു കണ്ട് തന്റെ ഭര്‍ത്താവിന്റെ തപശക്തി അറിയാവുന്ന അഹല്യ ഇന്ദ്രനോട് ഉടന്‍ തന്നെ അവിടുന്ന് പോകാനപേക്ഷിച്ചു.എന്നാല്‍ ഇന്ദ്രന്‍ ആശ്രമത്തിനു പുറത്തിറങ്ങിയ സമയത്ത് തന്നെ ഗൗതമമഹര്‍ഷി പ്രഭാതവന്ദനം കഴിഞ്ഞ് തിരിച്ചു ആശ്രമത്തിലെത്തിയിരുന്നു. കാര്യം മനസ്സിലാക്കിയ ഗൗതമമഹര്‍ഷി കുപിതനായി ദേവേന്ദ്രനെ ’ഷണ്ഡനായിത്തിരട്ടെ’ എന്ന് ശപിച്ചു. അതിനു ശേഷം അഹല്യയോടായി പറഞ്ഞു" നീ ചെയ്ത പാപത്തിന്റെ ഫലമായി നീ ഒരു ശിലയായി മാറട്ടെ". ഇതു കേട്ട അഹല്യ മുനിയുടെ കാല്ക്കല്‍ വീണ് നടന്ന കാര്യങ്ങള്‍ ധരിപ്പിച്ചു തന്നെ ശാപത്തില്‍ നിന്നും മുക്തയാക്കണമെന്ന് അപേക്ഷിച്ചു. മഹര്‍ഷി പറഞ്ഞു. " ശാപം തിരിച്ചെടുക്കുക അസാധ്യമാണ് . ത്രേതായുഗത്തില്‍ ശ്രീരാമചന്ദ്രന്‍ എന്ന ദിവ്യപുരുഷന്‍ ഈ അശ്രമത്തില്‍ വരും അദ്ദേഹത്തിന്റെ പാദസ്പര്‍ശം ഏല്ക്കുന്ന സമയത്ത് നിനക്ക് ശാപമോക്ഷം ലഭിക്കും".ഇത്രയും പറഞ്ഞ് ഗൗതമമഹര്‍ഷി ആശ്രമത്തില്‍ നിന്നും യാത്രയായി. അഹല്യ ഒരു ശിലയായി ശ്രീരാമന്റെ വരവും കാത്തുകിടന്നു.
താടകാവധത്തിനു ശേഷം തിരിച്ചു വരുന്ന സമയത്ത് മനോഹരമായ ഈ ആശ്രമം കണ്ട് ശ്രീരാമന്‍ വിശ്വമിത്രനോട് അന്വേഷിക്കുകയും വിശ്വമിത്രന്റെ നിര്‍ദേശപ്രകാരം അഹല്യക്ക് മോക്ഷം കൊടുക്കുകയും ചെയ്തു.
ശാപമോക്ഷം ലഭിച്ച അഹല്യ തിരികെ ഗൗതമമഹര്‍ഷിയുടെ അരികിലെത്തി.

ദ്രോണർ


മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ്‌ പാണ്ഡവരുടെയും കൌരവരുടെയും ഗുരുനാഥനായ ദ്രോണർ(द्रोण). ഭരദ്വാജ മഹർഷിയുടെ പുത്രനാണ് ഇദ്ദേഹം. ദ്രോണത്തിൽനിന്ന്(കുടം) ജനിച്ചവനാകയാലാണ് ദ്രോണർ എന്നു പേര് ലഭിച്ചത്. ഭരദ്വാജൻ ഒരിക്കൽ കുളിക്കുന്നതിനായി ഗംഗയിലിറങ്ങുമ്പോൾ ഘൃതാചി എന്ന അപ്സരസ്സിനെ കാണുന്നു. മുനിയെ കണ്ടമാത്രയിൽ ഘൃതാചി ഓടിയകന്നെങ്കിലും അവളുടെ വസ്ത്രം ഒരു പുല്ലിലുടക്കി ഊർന്നുവീണുപോയി. പൂർണരൂപത്തിൽ ആ കോമളരൂപം കണ്ട മഹർഷിക്ക് ഇന്ദ്രിയസ്ഖലനമുണ്ടായി. സ്ഖലിച്ച ദ്രവം ഒരു ദ്രോണത്തിൽ സൂക്ഷിച്ചു. അതിൽനിന്ന് ജനിച്ച ശിശുവാണ് ഇദ്ദേഹം.

അഗ്നിവേശമുനിയിൽനിന്നാണ് ദ്രോണർ ആയുധവിദ്യ അഭ്യസിച്ചത്. ശരദ്വാന്റെ പുത്രിയായ കൃപിയെ വിവാഹം കഴിച്ചു. ഇവരുടെ പുത്രനാണ് അശ്വത്ഥാമാവ്. തന്റെ പ്രിയ ശിഷ്യനായ അർജുനനെക്കാൾ കേമനായ ഒരു വില്ലാളി ഉണ്ടാകരുതെന്ന് ആഗ്രഹിച്ച ദ്രോണർ വേടകുമാരനായ ഏകലവ്യനോട് പെരുവിരൽ ദക്ഷിണയായി തരണമെന്ന് ആവശ്യപ്പെട്ടത് ദ്രോണാചാര്യരുടെ മഹത്ത്വത്തിന് കളങ്കമായി നിലനില്ക്കുന്നു. ഭാരതയുദ്ധത്തിനു തൊട്ടുമുമ്പ് ആശീർവാദം വാങ്ങാനെത്തിയ ധർമപുത്രരെ ദ്രോണർ അനുഗ്രഹിക്കുകയും തനിക്ക് കൗരവപക്ഷത്ത് നില്ക്കേണ്ടിവന്നതെന്തെന്നു വിശദീകരിക്കുകയും ചെയ്തു. കുരുക്ഷേത്രയുദ്ധത്തിൽ ഭീഷ്മപിതാമഹൻ നിലംപതിച്ചപ്പോൾ സൈന്യാധിപസ്ഥാനം ഏറ്റെടുത്തു. അശ്വത്ഥാമാവ് മരിച്ചുവെന്ന ധർമപുത്രരുടെ വാക്കുകൾ കേട്ടപാടെ ഇദ്ദേഹം ആയുധം താഴെവച്ച് മരണത്തിനു കീഴടങ്ങി.

ദ്രുപദരാജപുത്രനും ദ്രോണരും ഒരേ ഗുരുവിന്റെ സമീപത്തായിരുന്നു വിദ്യാഭ്യാസം നടത്തിയിരുന്നത്. അന്ന് ഉറ്റസുഹൃത്തുക്കളായിരുന്നു ഇവർ. രാജാവാകുമ്പോൾ തന്റെ പകുതിരാജ്യം ദ്രോണർക്കു നല്കുമെന്ന് ദ്രുപദരാജകുമാരൻ പറഞ്ഞിരുന്നു. കാലം കടന്നുപോയി. ദ്രോണാചാര്യർ ദാരിദ്ര്യദുഃഖത്തിലായി. പഴയ സുഹൃത്തിനെക്കണ്ട് സഹായം അഭ്യർഥിക്കാമെന്നു കരുതി രാജധാനിയിലെത്തിയ ദ്രോണരെ ദ്രുപദരാജാവ് പരിഹസിച്ച് അയയ്ക്കുകയാണുണ്ടായത്. വ്രണിതഹൃദയനായി ദ്രോണർ ദേശാടനം നടത്തവെ ഹസ്തിനപുരിയിലെത്തിയ സമയത്ത് പാണ്ഡവ-കൗരവ കുമാരന്മാരുടെ അസ്ത്രാഭ്യാസത്തിന് ഭീഷ്മർ ദ്രോണരോട് അഭ്യർഥിച്ചു. അങ്ങനെയാണ് ദ്രോണാചാര്യർ ആ കർത്തവ്യം ഏറ്റെടുത്തത്. വിദ്യാഭ്യാസം പൂർത്തിയായപ്പോൾ എന്താണ് ഗുരുദക്ഷിണയായി വേണ്ടതെന്ന് ശിഷ്യന്മാർ ആചാര്യനോടു ചോദിക്കുകയും ദ്രുപദരാജനെ പിടിച്ചുകെട്ടി തന്റെ മുന്നിൽ കൊണ്ടുവരണമെന്ന് ആചാര്യൻ മറുപടി പറയുകയും ചെയ്തു. ആദ്യം ദുര്യോധനൻ അനുയായികളോടൊപ്പം എത്തി ദ്രുപദനെ എതിരിട്ടെങ്കിലും ജയിക്കാൻ കഴിഞ്ഞില്ല. അർജ്ജുനൻ ദ്രുപദനോടെതിരിട്ട് അയാളെ ബന്ധനസ്ഥനാക്കി ആചാര്യന്റെ മുമ്പിലെത്തിച്ചു. ദ്രുപദനെ വധിക്കാൻ അദ്ദേഹം തുനിഞ്ഞില്ല. പകരം പാഞ്ചാലരാജ്യം രണ്ടായി വിഭജിച്ച് ദക്ഷിണപാഞ്ചാലം ദ്രോണരെടുക്കുകയും ഉത്തരപാഞ്ചാലം ദ്രുപദന് നല്കി തിരിച്ചയയ്ക്കുകയും ചെയ്തു. വ്രണിതഹൃദയനായ ദ്രുപദൻ ദ്രോണാചാര്യരെ വധിക്കുവാൻ പ്രാപ്തിയുള്ള സന്താനത്തിനുവേണ്ടി യജ്ഞം നടത്തുകയും യാഗാഗ്നിയിൽനിന്ന് ഒരു ആൺകുട്ടിയും പെൺകുട്ടിയും പ്രത്യക്ഷരാവുകയും ചെയ്തു. ഇവരാണ് ധൃഷ്ടദ്യുമ്നനും പാഞ്ചാലിയും. യുദ്ധസമയത്തിൽ, ഒരു ആനയ്ക്ക് അശ്വത്ഥാമാവ് എന്ന് പേരിട്ട് ഭീമൻ അതിനെ കൊല്ലുകയും അശ്വത്ഥാമാവ് മരിച്ചുവെന്ന് പറയുകയും ചെയ്തു. എപ്പോഴും സത്യം മാത്രം പറയുന്ന യുധിഷ്ഠിരനോട്‍ ഇതു ശരിയാണോ എന്ന് അന്വേഷിച്ചപ്പോൾ, അശ്വത്ഥാമാ ഹത കുഞ്ജര എന്ന് യുധിഷ്ഠിരൻ പറഞ്ഞു. അപ്പോൾ മുഴക്കിയ കാഹളങ്ങളുടെ ശബ്ദത്തിൽ കുഞ്ജര(ആന) എന്ന് കേൾക്കാതിരുന്ന ദ്രോണർ ആയുധം താഴെ വയ്ക്കുകയും പാണ്ഡവപക്ഷത്തായിരുന്ന ധൃഷ്ടദ്യുമ്നൻ യുദ്ധഭൂമിയിൽവച്ച് ദ്രോണാചാര്യരെ വധിക്കുകയും ചെയ്തു