2018, ജൂലൈ 3, ചൊവ്വാഴ്ച

ഗജേന്ദ്ര മോക്ഷം ശ്രീമദ് ഭാഗവത മാഹാത്മ്യം//ശ്രീ വരാഹം



ഗജേന്ദ്ര മോക്ഷം

ശ്രീമദ് ഭാഗവത മാഹാത്മ്യം
പാണ്‍ധ്യരാജാവായിരുന്ന ഇന്ദ്രദ്യുമ്നന്‍ മലയപര്‍വ്വതത്തിന്റെ താഴ്വരയില്‍ ആശ്രമം കെട്ടി വിഷ്ണുനാഥനെ പ്രാര്‍ത്ഥിച്ചു. ഒരു ദിവസം അഗസ്ത്യ മഹര്‍ഷി ആശ്രമത്തിലെത്തി. ധ്യാനനിരതനായ രാജാവ് മഹര്‍ഷി വന്ന വിവരം അറിഞ്ഞില്ല. തന്നെ വിധിയാംവണ്ണം സ്വീകരിക്കാത്ത രാജാവിനെ മഹര്‍ഷി ശപിച്ചു . "തന്നെ ധിക്കരിച്ചു ഇളകാതിരിക്കുന്ന ഇവന്‍ കാട്ടാനത്തലവനായി ആരോടും മിണ്ടാട്ടവും ഉരിയാട്ടവുമില്ലാതെ നടക്കട്ടെ". എന്ന് ശപിച്ചിട്ട് മഹര്‍ഷി നടന്നു പോയി. ധ്യാനമുണര്‍ന്നപ്പോള്‍ ഭടന്മാരില്‍ നിന്നും വിവരമറിഞ്ഞ രാജാവ് മഹര്‍ഷിയുടെ പിന്നാലെചെന്നു നമസ്കരിച്ച്, മാപ്പപേക്ഷിച്ചു. പശ്ച്താപം
തോന്നിയ മഹര്‍ഷി ഈ ശാപം ദൈവഹിതമാണെന്നും വിഷ്ണുഭാഗവാന്റെദര്‍ശനം കിട്ടാന്‍ വേണ്ടിയാണെന്നും അറിയിച്ചു.

മദയാനയായി മാറിയ രാജാവ് കാട്ടിലേക്ക് ഓടിപ്പോയി. അവിടെ മറ്റു ആനകളുടെ തലവനാകയും, മരശാഖകള്‍ ഒടിച്ചും, ചീന്തിതിന്നും, മണ്ണ്കുത്തിയാറാടിയും , തടാകങ്ങളില്‍ കുളിച്ചും, പിടിയാനകളോടൊപ്പം ക്രീഡിച്ചും കൊമ്പന്‍ കാട്ടിലങ്ങനെ വിളയാടി. ആനയായാലും അവനു മുന്‍പുണ്ടായിരുന്ന വിഷ്ണുഭക്തി നിലനിന്നു പോന്നു. അതുകൊണ്ട് പാപനാശിനികളായ തീര്‍ത്ഥങ്ങള്‍ കണ്ടാല്‍ അതില്‍ സേവിക്കയും, തീര്‍ത്ഥം കുടിക്കുകയും ചെയ്യുമായിരുന്നു. ഇങ്ങനെ ഭൂപ്രദക്ഷിണം ചെയ്തുചെയ്ത് ആനക്കൂട്ടം ത്രികുടപര്‍വ്വതത്തില്‍ എത്തി. ആ പര്‍വ്വതത്തിന് ഇരുമ്പ്, വെള്ളി, സ്വര്‍ണം എന്നിവയുടെ നിറങ്ങളില്‍ മൂന്നു കൊടുമുടികള്‍ ഉണ്ട്. ചുറ്റും പാലാഴി. യക്ഷകിന്നരന്മാര്‍ ആനന്ദിച്ചുല്ലസിക്കുന്ന ദിവ്യപ്രദേശമാണ്‌ അവിടം. അതിന്റെ താഴ്വരയില്‍ വരുണന്റെ ഋതുമത് എന്ന് പേരുള്ള അതിമനോഹരമായ ഉദ്യാനമുണ്ട്. പക്ഷിമൃഗാദികള്‍ ഒന്നിച്ചുല്ലസിക്കുന്ന ആ ഉദ്യാനത്തില്‍ ഒരു താമര പൊയ്കയുമുണ്ട് . ഇതെല്ലാം കണ്ടപ്പോള്‍ ഗജേന്ദ്രനു ആ പ്രദേശം നന്നേ ഇഷ്ടപ്പെട്ടു. അങ്ങനെ കാട്ടാനക്കൂട്ടം അവിടെ താമസമുറപ്പിച്ചു .

ഒരു ദിവസം ആഹാരമൊക്കെ കഴിഞ്ഞ് മധ്യാഹ്നമായപ്പോള്‍ ആനക്കൂട്ടം ആ താമര പൊയ്കയുടെ അടുത്തെത്തി. ഗജേന്ദ്രനു അതില്‍ ഒന്ന് കുളിച്ചാല്‍ കൊള്ളാമെന്നുതോന്നി. അവന്‍ വേണ്ടുവോളം കുളിക്കുകയും താമര വളയങ്ങള്‍ ചുറ്റിപ്പറിച്ചെടുത്ത് തിന്നുന്നുമുണ്ടായിരുന്നു. അപ്പോള്‍ അതാ ഒരു കൂറ്റന്‍ മുതല ആനയുടെ കാലില്‍ പിടികൂടി . വേദനകൊണ്ട് ആന അലറി ചിന്നം വിളിച്ചു, ശക്തിയായി കാല്‍ കുടഞ്ഞു മുതലയെ വേര്‍പെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മറ്റു ആനകളെല്ലാം കൂടി ഈ ആനയെ പിടിച്ചുവലിച്ചു രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലു ഫലമുണ്ടായില്ല. അങ്ങനെ ഒരായിരം വര്‍ഷം അവര്‍ തമ്മില്‍ പിടിയും വലിയും ആയി കഴിച്ചുകൂട്ടി. അപ്പോഴതാ ദൈവഹിതംപോലെ ഗജേന്ദ്രനു പണ്ട് മഹര്‍ഷി കൊടുത്ത ശാപമോക്ഷം ഓര്‍മ്മ വന്നു. ഭഗവദ്സ്മൃതിയുണര്‍ന്ന് സര്‍വ്വലോകേശനായ സാക്ഷാല്‍ ഭഗവാന്‍ നാരായണനെ സ്തുതിച്ചു .തുമ്പിക്കൈകൊണ്ട്‌ താമരപ്പൂക്കള്‍ പറിച്ചെടുത്ത് ഭഗവാനെ ആരാധിച്ചു. അവന്റെ സ്തുതികേട്ട് ഭഗവന്‍ ഗരുഡന്റെ പുറത്തുകയറി ആ താമരപോയ്കയിലെത്തി. ഗജേന്ദ്രന്റെ തുമ്പിക്കൈ മാത്രം ജലനിരപ്പിനു മുകളില്‍ കാണാമായിരുന്നു. ഭഗവാന്‍ ആനയെ മെല്ലെ കരക്കെത്തിച്ചു. അപ്പോഴും മുതലയുടെ പിടി മാറിയിരുന്നില്ല. ഭഗവാന്‍ തന്റെ സുദര്‍ശനചക്രം കൊണ്ട് മുതലയുടെ കഴുത്തറുത്തു.. അപ്പോഴതാ, അതിമനോഹര വേഷധാരിയായി ഉദയസൂര്യനെപോലെ ശോഭിക്കുന്ന ഒരു ഗന്ധര്‍വ്വശ്രേഷ്ടന്‍ മുതലയില്‍ നിന്നും ആവിര്‍ഭവിച്ച് ഭഗവാനെ സ്തുതിച്ചു വാഴ്ത്തി . ദേവലമുനിയുടെ ശാപമേറ്റാണ് ഗന്ധര്‍വ്വന്‍ മുതലയായിത്തീര്‍ന്നത്‌. ഭഗവാന്റെ സുദര്‍ശനചക്രം കൊണ്ട് തന്നെ ആ ഗന്ധര്‍വ്വന് ശാപമോക്ഷം ലഭിച്ചു.

ഭഗവാന്റെ വാത്സല്യപൂര്‍വ്വമായ തലോടല്‍ കൊണ്ട് ഗജേന്ദ്രന്
ശാപമോക്ഷം കിട്ടുകയും ഇന്ദ്രദ്യുമ്നരാജാവായി തീരുകയും ചെയ്തു. അങ്ങനെ ഇന്ദ്രദ്യുമ്നന്‍ വിഷ്ണു സായൂജ്യം നേടി.

"എന്നെയും ഭാഗവാനെയുമിഗ്ഗിരിവരനെയും
തന്നുടെ പാര്‍ശ്വസ്ഥലെ കന്ദരോദ്യാനത്തേയും
നിര്‍മ്മലമായുള്ളോരു നിമ്നഗയിതിനെയും
ജന്മികളേയും ദേശമാഹാത്മ്യാദികളേയും
ക്ഷീരസാഗരത്തെയും കൂടവേ ദിനംപ്രതി
ധീരനായ്‌ അകംതെളിഞ്ഞേവനങ്ങുണര്‍ന്നുഷകാലേ
ചിന്തിക്കുന്നവന്‍ പാപങ്ങളൊഴിഞ്ഞുടന്‍
സന്തുഷ്ടാത്മനാ മോക്ഷം പ്രാപിച്ചിടുന്നു നൂനം! "


ശ്രീ വരാഹം


ശ്രീമദ് ഭാഗവതം തൃതീയസ്കന്ധത്തില്‍ 13 മുതല്‍18 & 19 അധ്യായങ്ങള്‍ കൂടി വരാഹാവതാരം വിശദമായി പ്രതിപാദിക്കുന്നു…..
ബ്രഹ്മാവിന്റെ പൗത്രനും മരീചിയുടെ പുത്രനുമായ കശ്യപപ്രജാപതി ഒരു നാള്‍ സന്ധ്യാവന്ദനം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.
ഈ സമയത്ത് അദ്ദേഹത്തിന്റെ പത്‌നിയായ ദിതി പ്രണയപുരസരം അദ്ദേഹത്തെ സമീപിച്ചു.
(കശ്യപന് രണ്ടു പത്നിമാരായിരുന്നു –അദിതി എന്ന ഭാര്യയില്‍നിന്നും ദേവന്മാരും, ദിതി എന്ന ഭാര്യയില്‍നിന്നും അസുരന്മാരും ജനിക്കുന്നു എന്നാണ് പറയുന്നത്).
ഈ സമയത്ത് പ്രേമചാപല്യങ്ങള്‍ കാണിക്കുന്നത് ഒട്ടുംതന്നെ ശരിയല്ലെന്ന് കശ്യപന്‍ പറഞ്ഞുവെങ്കിലും ദിതി അതിന് സമ്മതിച്ചില്ല. അവസാനം കശ്യപന്‍ അവളോടൊത്ത് രമിക്കുകയും അങ്ങനെ ഹിരണ്യാക്ഷന്‍ എന്നും ഹിരണ്യകശിപു എന്നും പേരോടുകൂടിയ രണ്ട് പുത്രന്മാര്‍ ജനിക്കുകയും ചെയ്തു.
(ഇവര്‍ വിഷ്ണുവിന്റെ ദ്വാരപാലകന്‍മാരായി ജയവിജയന്‍മാരുടെ ആദ്യത്തെ ജന്മമാണ്).
അപ്പോള്‍ അതും ചുരുക്കി പറയണമല്ലോ…
മഹാവിഷ്ണുവിന്റെ ഗോപുരദ്വാരത്തിൽ നിന്നിരുന്ന രണ്ട് കിങ്കരന്മാരാണ് ജയനും വിജയനും. സനകാദി മഹർഷികൾ ഒരിയ്ക്കൽ മഹാവിഷ്ണുവിനെ സന്ദർശിയ്ക്കുന്നതിനായി വൈകുണ്ഠത്തിൽ ചെന്നു. എന്നാൽ ജയവിജയന്മാർ ഇവരെ അനാദരിച്ചു.
സനകാദികള്‍ അവരെ ശപിച്ചു.
ശേഷം മൂന്നുതവണ മഹാവിഷ്ണുവിനാൽ ഈ ജന്മങ്ങളിൽ നിഗ്രഹിയ്ക്കപ്പെട്ടാൽ ശാപമോക്ഷം ലഭിയ്ക്കും എന്ന് അവർ അനുഗ്രഹിയ്ക്കുകയും ചെയ്തു.
അപ്രകാരം കശ്യപമഹർഷിയ്ക്കും ദിതിയ്ക്കും ജനിച്ച പുത്രന്മാരാണ് ഹിരണ്യാക്ഷനും ഹിരണ്യകശിപുവും…..
ആ രണ്ട് അസുരന്മാരും ലോകത്തെ പീഡിപ്പിച്ചുകൊണ്ട് സഞ്ചരിക്കുവാന്‍ തുടങ്ങി.
ഒരിയ്ക്കൽ ഹിരണ്യാക്ഷൻ സമുദ്രത്തിലിറങ്ങി ഗദ കൊണ്ട് തിരമാലകളെ താഡനം ചെയ്തുകൊണ്ടിരുന്നു. ഭയചകിതനായ വരുണദേവൻ മഹാവിഷ്ണുവിനെ അഭയം പ്രാപിയ്ക്കുകയും ചെയ്തു….
അങ്ങനെ ഭഗവാന്‍ ഹിരണ്യാക്ഷനെ അന്വേഷിച്ചു സമുദ്രതലത്തില്‍
എത്തി.
മഹാവിഷ്ണുവിനെ കണ്ട നേരം ഹിരണ്യാക്ഷൻ ഭൂലോകത്തെ കയ്യിലേന്തി പാതാളത്തിലേയ്ക്ക് പലായനം ചെയ്തുവെന്നും വരാഹവേഷം പൂണ്ട മഹാവിഷ്ണു അവിടെച്ചെന്ന് ഹിരണ്യാക്ഷനെ വധിച്ച് ഭൂലോകത്തെ വീണ്ടെത്തു എന്നുമാണ് ഐതിഹ്യം
ശ്രീമന്നാരയണീയത്തില്‍ ദശകം 12 വരാഹാവതാരത്തെ വര്‍ണ്ണിക്കുന്നു..
വരാഹമൂര്‍ത്തിയായി അവതരിച്ച സാക്ഷാല്‍ വിഷ്ണുഭഗവാനെ സ്മരിച്ചുകൊള്ളുന്നു….
സര്‍വം ശ്രീകൃഷ്ണാര്‍പ്പണമസ്തു.