വാമനാവതാരം
ശ്രീമത് ഭാഗവത മാഹാത്മ്യം
തട്ടിയെടുത്തിട്ടും, അവരില്‍ നിന്നും ഭഗവാന്‍ തിരികെ കൈക്കലാക്കി ദേവന്മാര്‍ക്ക് നല്‍കി. . അസുരന്മാരുടെ രാജാവായിരുന്നു മഹാബലി. മഹാബലിയുടെ നേതൃത്വത്തില്‍ അസുരന്മാര്‍ ദേവന്മാരോട് പൊരുതുകയും , മഹാബലി യുദ്ധത്തില്‍ മോഹാലസ്സ്യപ്പെടുകയും ചെയ്തു. ബ്രഹ്മാവിന്റെ നിര്‍ദ്ദേശപ്രകാരം രണ്ടു കൂട്ടരും യുദ്ധം അവസാനിപ്പിച്ചു . ശുക്രന്‍ എന്ന മുനി, മരിച്ചുപോയ അസുരന്മാരെ ജീവിപ്പിച്ചു , മഹാബലിയെ മോഹാലസ്സ്യത്തില്‍നിന്നും രക്ഷിക്കുകയും ചെയ്തു. മഹാബലി, യാഗങ്ങള്‍ നടത്തി ബലവാനായി, മൂന്നു ലോകങ്ങളും കീഴടക്കി ഭരിച്ചു. ദേവന്മാരെ അമരപുരിയില്‍ നിന്നും ഓടിച്ചുകളഞ്ഞ് അവിടെയാണ് അവര്‍ താമസമാക്കിയത്.
മഹാബലി സദ്‌ഭരണമാണ് ജനങ്ങള്‍ക്ക് കാഴ്ചവച്ചത്. മനുഷ്യരെല്ലാം ഒരേ നിലയിലുള്ളവരായിരുന്നു. ധനികനും ദരിദ്രനും എന്നുള്ള വ്യത്യാസം ഉണ്ടായിരുന്നില്ല. കള്ളവും ചതിയും ഉണ്ടായിരുന്നില്ല. ആരും എള്ളോളം പോലും നുണ പറയുമായിരുന്നില്ല. സന്താപങ്ങളോ രോഗങ്ങളോ ഉണ്ടായിരുന്നില്ല. തൂക്കങ്ങളും അളവുകളെല്ലാം കൃത്യങ്ങളായിരുന്നു. തട്ടിപ്പും വെട്ടിപ്പും ഒന്നും ഉണ്ടായിരുന്നില്ല.
ദേവന്മാരുടെ അധപതനത്തില്‍ ദേവമാതാവ് അദിതിക്ക് ഇത്
സഹിക്കാനായില്ല. അവര്‍ തന്റെ ഭര്‍ത്താവായ കശ്യ പപ്രജാപതിയോട് സങ്കടമറിയിച്ചു . മഹാബലിയെ ദേവലോകത്തുനിന്നും ഓടിക്കാനായി ഒരു പുത്രന്‍ വേണമെന്ന് ആവശ്യപ്പെട്ടു. കശ്യപന്‍ അവരോടു പയോവൃതം ആചരിക്കാന്‍ പറഞ്ഞു. മീനമാസത്തില്‍ ശുക്ലപക്ഷത്തില്‍ പ്രഥമ മുതല്‍ ദ്വാദശി വരെ പന്ത്രണ്ടു ദിവസമാണ് വൃതമെടുക്കേണ്ടത്. ശരിക്കും വൃതമാചരിച്ചു ഭഗവാനെ പ്രീതിപ്പെടുത്തി . ഭഗവാന്‍ അവരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. വിധിയാം വണ്ണം പൂജിച്ച് നമസ്ക്കരിച്ചുകൊണ്ട് ഇങ്ങനെ ആവശ്യപ്പെട്ടു: "ഭഗവാന്‍ എന്റെ പുത്രനായി ജനിച്ച്, എന്റെ മക്കള്‍ക്ക് നഷ്ടപ്പെട്ട അമരാപുരി അസുരന്മാരില്‍ നിന്ന് തിരിച്ചെടുത്തു അവര്‍ക്ക് കൊടുക്കണം". അതുപോലെയാകട്ടെ എന്ന് ഭഗവാന്‍ അരുളിച്ചെയ്തിട്ട് അന്തര്‍ദ്ധാനം ചെയ്തു. അദിതിയുടെ ഇംഗിതപ്രകാരം വിഷ്ണുവിന്റെ തേജസ്സിനെ ഗര്‍ഭം ധരിച്ചു. ദേവന്മാരും ഋഷികളും സന്തുഷ്ടരായി. അസുരന്മാര്‍ പണ്ട് വേദങ്ങളെ കട്ട് സമുദ്രത്തില്‍ മറഞ്ഞപ്പോള്‍ ഭഗവാന്‍ മത്സ്യാകൃതി പൂണ്ട് വേദങ്ങള്‍ വീണ്ടെടുത്തു. മറ്റൊരിക്കല്‍ ഭൂമിയെ അസുരനെടുത്ത് പാതാളത്തിലേക്ക് മറഞ്ഞപ്പോള്‍ വരാഹമായി അവതരിച്ച് അസുരനെ കൊന്നു ഭൂമിയെ വീണ്ടെടുത്തു. പാലാഴി കടയുമ്പോള്‍ മന്ദരപര്‍വ്വതം ക്ഷീരസമുദ്രത്തില്‍ താണു പോയപ്പോള്‍ കൂര്‍മ്മമായി അവതരിച്ച് പര്‍വ്വതത്തെ ഉയര്‍ത്തിക്കൊണ്ടുവന്നു. അസുരന്മാരില്‍ നിന്നും അമൃത് കൈക്കലാക്കി ദേവന്മാര്‍ക്ക് തിരികെ നല്‍കി ശാപത്തില്‍ നിന്നും മോചിതരാക്കി. ഹിരണ്യകശിപുവിനെ കൊന്ന് പ്രഹ്ലാദനെയും ലോകത്തെയും രക്ഷിച്ചു. അങ്ങനെയുള്ള ഭഗവാന്‍ അദിതിയില്‍ ഗര്‍ഭം ധരിച്ച് അമരപുരിയെ വീണ്ടെടുത്തു ദേവന്മാര്‍ക്ക് നല്‍കും എന്ന് എല്ലാവരും സന്തോഷിച്ച് ഭഗവാനെ സ്തുതിച്ചു പാടി.
ശ്രാവണമാസം ശുക്ലപക്ഷത്തിലെ ദ്വാദശിയില്‍
തിരുവോണം നക്ഷത്രത്തില്‍ ഭഗവാന്‍ അദിതിഗര്‍ഭത്തില്‍ നിന്ന് അവതാരം ചെയ്തു.ദിക്കുകളൊക്കെ പ്രകാശിച്ചു. ഗ്രഹങ്ങളെല്ലാം ശോഭനമായി നിലകൊണ്ടു. ഭൂമിദേവി പ്രസാദിച്ചു. എങ്ങും വസന്തോത്സവമായി ദേവകളും ബ്രാഹ്മണരും ആനന്ദനൃത്തം വച്ചു. ആകാശത്തില്‍ ദേവവാദ്യങ്ങള്‍ മുഴങ്ങി. പൂമഴ പെയ്തു. നിമിഷം കൊണ്ട് കുട്ടി വളര്‍ന്ന് പൊക്കം കുറഞ്ഞ് ഒരു വാമാനരൂപിയായി മാറി. വിഷ്ണുചിഹ്നങ്ങളെല്ലാം തെളിഞ്ഞു കണ്ടു. കശ്യപനും അദിതിയും ഭഗവാനെ സ്തുതിച്ചു. പിന്നെ കുട്ടി വിഷ്ണുചിഹ്നങ്ങളെല്ലാം മറച്ച് ഒരു ബ്രഹ്മചാരിയുടെ വേഷമെടുത്തു. ജാതകര്‍മ്മങ്ങളും ഉപനയനം തുടങ്ങിയവയും വേഗത്തില്‍ തന്നെ നടത്തി. ബ്രുഹസ്പതി പൂനൂലിട്ടുകൊടുത്തു. താതന്‍ മേഖലപ്പൂ കൊണ്ട് പിരിച്ചുണ്ടാക്കിയ അരഞ്ഞാണ്‍ നല്‍കി. ഭൂമിദേവി കൃഷ്ണമൃഗത്തിന്റെ തോല്‍ കൊടുത്തു. സോമന്‍ ഒരു ദണ്ഢo കൈയ്യില്‍ കൊടുത്തു. വനസ്പതി ഒരു കൌപീനം നല്‍കി. അമ്മ ഒരു കുട കൊടുത്തു. ബ്രഹ്മാവ് കമണ്ഢലവും സരസ്വതിദേവി രുദ്രാക്ഷമാലയും നല്‍കി. അംബികാദേവി ഭിക്ഷ കൊടുത്തു. ഇങ്ങനെ എല്ലാവരാലും സമ്മാനിതനായ ഇന്ദ്രാനുജന്‍ പൊക്കം കുറഞ്ഞ് അതീവ ശോഭയോടുകൂടിയ ഒരു ദിവ്യബ്രഹ്മചാരിയായി വിളങ്ങി.
ഒരിക്കല്‍ മഹാബലി നര്‍മദാനദിക്കരയില്‍ യാഗം ചെയ്തു കൊണ്ടിരിക്കയായിരുന്നു . വാമനന്‍ യാഗശാലക്കടുത്തു ഭൃഗുകശ്ചം എന്ന സ്ഥലത്ത് ഋത്വിക്കുകള്‍ക്കൊപ്പം ചെന്നിരുന്നു. എല്ലാവരും വണങ്ങുന്ന ദിവ്യപുരുഷനെ കാണാന്‍ മഹാബലി ശുക്രാചാര്യരെയും കൂട്ടിച്ചെന്നു. അര്‍ഘ്യപാദാദികള്‍ കൊണ്ട് പൂജിച്ച് സ്വീകരിച്ചു കൊണ്ടുപോയി ആസനസ്ഥനാക്കി . മഹാബലിയുടെ സദ്കാരം സ്വീകരിച്ച വാമനന്‍ തപസ്സുചെയ്യുന്നതിനായി മൂന്നടി മണ്ണ് തന്നാല്‍ മതിയെന്ന് ആവശ്യപ്പെട്ടു.. മഹാബലി അതിനു തയ്യാറായപ്പോള്‍ ശുക്രാചാര്യന്‍ അദ്ദേഹത്തെ വിളിച്ചു സ്വകാര്യമായി പറഞ്ഞു . " ഈ വന്നിരിക്കുന്ന ബ്രാഹ്മണന്‍ മഹാവിഷ്ണുവാണ്. ഇന്ദ്രന് അമരാപുരി തിരിച്ചു കൊടുക്കാന്‍ വേണ്ടി വന്നിരിക്കുകയാണ്. ഈ വിഷ്ണുമൂര്‍ത്തി മൂന്നടികൊണ്ട് മൂന്നുലോകവും അളന്ന് രാജാവിനെയും പുറത്താക്കും. അതുകൊണ്ട് ദാനം ചെയ്യരുത്". പക്ഷെ ധര്‍മ്മിഷ്ടനായ മഹാബലിയാകട്ടെ ഗുരുനാഥനെ ആദരിക്കാതെ ദാനത്തിനായി തയ്യാറായി. ഗുരു മഹാബലിയെ ശപിച്ചു . എന്നിട്ട് ആ ബ്രാഹ്മണന്റെ കിണ്ടിയിലെ നാളത്തില്‍ നിന്നും
വെള്ളം വീഴാതിരിക്കാനായി ഒരു കരടു രൂപത്തില്‍ കയറിയിരുന്നു. വിഷ്ണുഭാഗവാനാകട്ടെ ഒരു ദര്‍ഭയുടെ മുനകൊണ്ട് കുത്തി ശുക്രാചാര്യന്റെ കണ്ണ് പൊട്ടിച്ചു. വേദനകൊണ്ട് ശുക്രാചാര്യന്‍ പിന്മാറി. അതോടെ തടസ്സം കൂടാതെ വെള്ളം കിണ്ടിയില്‍ നിന്നും ഒഴുകി. ജലം നല്‍കി, മഹാബലി മൂന്നടി മണ്ണും ദാനം ചെയ്തതായി പ്രഖ്യാപിച്ചു.
പെട്ടന്ന് ആകാശം മുട്ടെ വളര്‍ന്ന വാമനന്‍ ഒരടികൊണ്ട് ഭൂമിയും, രണ്ടാമത്തെ അടികൊണ്ടു സ്വര്‍ഗ്ഗത്തെയും അളന്നെടുത്തു. മൂന്നാമത്തെ അടിവക്കാന്‍ സ്ഥലം ചോദിച്ചു. ഇതുകണ്ട് കൊപംപൂണ്ട അസുരന്മാര്‍ വാമനന്റെനെരെ പാഞ്ഞടുത്തു. വിഷ്ണുപാര്‍ഷദന്മാര്‍ അവരോടെതിര്‍ത്തു. ഇതുകണ്ട് മഹാബലി സൈന്യത്തെ തടഞ്ഞു. അപ്പോഴുണ്ട് ഭാഗവതോത്തമനായ പ്രഹ്ലാദന്‍ അവിടെയെത്തി. പ്രഹ്ലാദന്റെ മകനായ വിരോചനന്റെ പുത്രനാണ് മഹാബലി. പ്രഹ്ലാദനെ കണ്ട് വിഷ്ണുവിന് ആനന്ദം തോന്നി."നിര്‍മ്മലനും ധര്‍മ്മിഷ്ടനുമായ ഇവന്‍ അറിവില്ലായ്മകൊണ്ട് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതെല്ലാം ക്ഷമിച്ചു ഇവനെ അനുഗ്രഹിക്കണം" എന്ന് പ്രഹ്ലാദന്‍ ഭഗവാനോട് അപേക്ഷിച്ചു. അപ്പോള്‍ ഭഗവാന്‍ ഇപ്രകാരം പറഞ്ഞു: "സജ്ജനങ്ങളെ കുറെ വിഷമിപ്പിച്ച് അവരില്‍ എന്തെങ്കിലും കളങ്കമോ അഹംഭാവമോ മദമോ ഉണ്ടങ്കില്‍ അതെല്ലാം കഴുകിക്കളഞ്ഞശേഷമാണ് അവര്‍ക്ക് മോക്ഷം കൊടുക്കാറുള്ളത് . പരമമായ മോക്ഷപ്രാപ്തിക്കര്‍ഹനായ ഇവന്, അവന്റെ മദമെല്ലാം കഴുകിക്കളഞ്ഞ്, ആര്‍ക്കും ലഭിക്കാത്തതും എന്നും നിലനില്‍ക്കുന്നതുമായ സല്‍ക്കീര്‍ത്തി വളര്‍ത്തുന്നതാണ്. സ്വര്‍ണം തീയിലിട്ടു കാച്ചിയിട്ടാണ് കറകളഞ്ഞ തങ്കമായി മാറ്റുന്നത്. എല്ലാ സമ്പത്തും സത്യം പാലിക്കാന്‍ വേണ്ടി ബലി കഴിച്ച ബലിയുടെ കീര്‍ത്തി എന്നും നിലനില്‍ക്കുന്നതാണ്. സാവര്‍ണ്ണിമനുവിന്റെ കാലത്ത് ഇവന് ഇന്ദ്ര പദവി ലഭിക്കും"
മൂന്നാമത്തെ അടി തന്റെ ശിരസ്സില്‍ വയ്ക്കാന്‍ വേണ്ടി മഹാബലി ശിരസ്സു താഴ്ത്തിക്കൊടുത്തു. മഹാബലിയുടെ അസുരപ്പടയും വാമനനെ വണങ്ങി. അങ്ങനെ വാമനന്‍ മഹാബലിയെ രസാതലത്തിലേക്കയച്ചു . പോകുമ്പോള്‍ ആണ്ടിലൊരിക്കല്‍ തന്റെ പ്രജകളെ വന്നുകാണാന്‍ അനുവാദവും നല്‍കി.
ഇന്ദ്രനും അമ്മയും ദേവന്മാരെല്ലാവരും അമരാപുരി തിരിച്ചു കിട്ടിയതില്‍ സന്തോഷിച്ച് ഭഗവാനെ സ്തുതിച്ചു. അങ്ങനെ ഭഗവാന്‍ മഹാബലിക്കു വിഷ്ണുപാദം പ്രാപിക്കാനുള്ള ഭാഗ്യമാണ് ഉണ്ടാക്കിക്കൊടുത്തത്. ഇന്നും ചിങ്ങമാസത്തിലെ തിരുവോണത്തിന് ജനങ്ങള്‍ മഹാബലിയെ വാഴ്ത്തി പാടുന്നു.....