2018, ജൂലൈ 3, ചൊവ്വാഴ്ച

നന്നായി ജീവിക്കാനുള്ള വഴി,, നല്ലൊരു സന്ദേശം





നന്നായി ജീവിക്കാനുള്ള വഴി

വിദേശത്തു നിന്നെത്തിയ അനുജന്‍ ഏട്ടന് സമ്മാനിച്ചത് വിലയേറിയ നല്ലൊരു മ്യൂസിക് സിസ്റ്റം. അദ്ദേഹം സന്തോഷപൂര്‍വ്വം അത് സ്വീകരിച്ചു. പ്രവര്‍ത്തിപ്പിക്കാനായി പ്ലഗ് കുത്തി. സ്വിച്ച് ഓണ്‍ ചെയ്തു. ഒരു പൊട്ടല്‍, മിന്നല്‍, ചെറിയൊരുപുക, തീര്‍ന്നു.

ഗാരണ്ടിയുള്ളതു കൊണ്ട് കമ്പനിക്ക് സിസ്റ്റം തിരിച്ചയച്ചു. താമസിയാതെ കമ്പനിയില്‍ നിന്നും വിദഗ്ദ്ധരുടെ വിശദീകരണം ലഭിച്ചു.

“…ക്ഷമിക്കണം, ഇതിന്റെ കൂടെ ലഭിച്ച പുസ്തകം വായിച്ചിട്ടാണോ താങ്കള്‍ സിസ്റ്റം പ്രവര്‍ത്തിപ്പിച്ചത്? ഏത് വോള്‍ട്ടേജില്‍ വേണം ഇത് പ്രവര്‍ത്തിപ്പിക്കാന് എന്ന‍് പ്രത്യകം പരാമര്‍ശിച്ചിട്ടുണ‍്ട്. ‘6’ വോള്‍ട്ടിന് പകരം നിങ്ങള്‍ ഉപയോഗിച്ചത് 220 വോള്‍ട്ടാണ്… ഞ‍ങ്ങള്‍ക്ക് ഇതില്‍ ഒന്നും ചെയ്യാനില്ല.”

ഇനി കൂടുതല്‍ വിശദീകരണം വേണ്ടതില്ലല്ലോ. നമ്മുടെ ശരീരം ദൈവം സമ്മാനിച്ച വിലയേറിയ, ഏറ്റവും സങ്കീര്‍ണ്ണമായ ഒരു ഉപകരണമാണ്. ഇതെങ്ങനെ ഉപയോഗിക്കണം എന്നറിയാന്‍ ചില കൈപ്പുസ്തകങ്ങളും ദൈവം തന്നിട്ടുണ്ട്. അവയാണ് പുരാണങ്ങള്‍.

അതൊന്ന് വായിച്ചുനോക്കാതെ, മനസിലാക്കാതെ ഈ യന്ത്രം ഉപയോഗിച്ചാല്‍ അത് അകാലത്തുതന്നെ കേടാകും പാഴാകും ചിലപ്പോള്‍ നഷ്ടവുമാകും.

ഈ കൈപ്പുസ്തകങ്ങള്‍ ലളിതമായി വിശദീകരിക്കാനായി കാലാകാലങ്ങളില്‍ വിദഗ്ദ്ധന്മാരെ ദൈവം അയയ്ക്കാറുണ്ട്. അവരാണ് പുണ്യാത്മാക്കള്‍.

സ്വയം ജീവിച്ചു കാണിച്ച് അവര്‍ അത് വിശദീകരിക്കുന്നു അവരില്‍ നിന്നും ഈ ശരീരയന്ത്രം ഉപയോഗിക്കാന്‍ പഠിച്ചാല്‍ ജീവിതം ശരിക്കും രസിക്കാനാകും.


നല്ലൊരു സന്ദേശം

ഒരു വനത്തില്‍ ഒരു കാക്ക വളരെ സന്തോഷത്തോടെ, സംതൃപ്തജീവിതം നയിച്ചിരുന്നു.

എന്നാല്‍ ഒരു നാള്‍ കാക്ക, ഒരു അരയന്നത്തെ കാണാനിടയായി....

''ഈ അരയന്നം തൂവെളളയും ഞാന്‍ കരിക്കട്ട പോലെ കറുത്തതുമാണല്ലോ...''

കാക്ക ചിന്തിച്ചു....

''തീര്‍ച്ചയായും, ഈ ലോകത്തിലെ ഏററവും സന്തോഷവാനായ പക്ഷി ഈ അരയന്നം തന്നെയായിരിക്കും..''

തന്‍റെ മനസില്‍ തോന്നിയത് അവന്‍ അരയന്നത്തിനോട് വെളിപ്പെടുത്തി.

''ഓ...തീര്‍ച്ചയായും.''

അരയന്നം പറഞ്ഞു,
''ഞാന്‍ തന്നെയാണ് ഈ പ്രദേശത്തെ ഏററവും സന്തോഷവാനായിരുന്ന പക്ഷി, രണ്ടു വര്‍ണങ്ങളുളള ഒരു തത്തയെ നേരില്‍ കാണുന്നത് വരെ.''

''ഇപ്പോള്‍ ഞാന്‍ മനസിലാക്കുന്നത്, സൃഷ്ടിക്കപ്പെട്ടിട്ടുളളതില്‍ വെച്ച് ഏററവും സന്തോഷവാനായ പക്ഷി, രണ്ടു വര്‍ണങ്ങളുളള ആ തത്ത തന്നെയായിരിക്കും.''

കാക്ക അപ്പോള്‍തന്നെ തത്തയെ സമീപിച്ച് കാര്യങ്ങള്‍ പറഞ്ഞു.

തത്ത, വളരെ വിഷമത്തോടെ, ഇങ്ങനെ വിശദീകരിച്ചു,
''ഒരു മയിലിനെ കണ്ടുമുട്ടുന്നതുവരെയും ഞാന്‍ വളരെ സന്തോഷവാനായാണ് ജീവിച്ചത്''.
''എനിക്ക് രണ്ട് നിറങ്ങളെ ഉളളൂ. പക്ഷെ മയിലിന് ധാരാളം വര്‍ണങ്ങളുണ്ട്.''

പിന്നീട് കാക്ക മയിലിനെ കാണുന്നതിനായി ഒരു മൃഗശാലയിലെത്തി.

അപ്പോള്‍ അവിടെ മയിലിനെ കാണാനായി നൂറുകണക്കിന് ആള്‍ക്കാര്‍ സന്തോഷത്തോടെ
കൂടി നില്‍ക്കുന്നതു കണ്ടു.

ആള്‍ക്കാരെല്ലാം പോയികഴിഞ്ഞ് കാക്ക മയിലിനെ സമീപിച്ചു.

''പ്രിയ സുഹൃത്തെ, താങ്കള്‍ വളരെ സുന്ദരനാണ്''.

'' ദിനവും താങ്കളെ കാണാനായി ആയിരക്കണക്കിന് ജനങ്ങള്‍ വരുന്നു''.

''ഈ ആള്‍ക്കാര്‍ തന്നെ എന്നെ കണ്ടാല്‍ ആട്ടിപ്പായിക്കും.''

'' താങ്കളാണ്,താങ്കള്‍ മാത്രമാണ്,
ഈ ഗ്രഹത്തിലെ ഏററവും സന്തോഷവാനായ പക്ഷിയെന്ന് ഞാന്‍ കരുതുന്നു.''

മയില്‍ പറഞ്ഞു,
''ഈ ഗ്രഹത്തിലെ ഏററവും സുന്ദരനും സന്തോഷവാനുമായ പക്ഷി ഞാന്‍ തന്നെയാണെന്ന് എപ്പോഴും ചിന്തിച്ചിരുന്നു.''

'' പക്ഷെ എന്‍റെ സൗന്ദര്യം മൂലം ഞാന്‍ ഈ മൃഗശാലയില്‍ തടവില്‍പ്പെട്ടിരിക്കുന്നു.''

''മാത്രമല്ല, ഞാന്‍ ഇവിടം മുഴുവന്‍ വളരെ ശ്രദ്ധയോടെ പരിശോധിച്ചു.''

''അതില്‍ നിന്ന് ഒരു യാഥാര്‍ത്ഥ്യം എനിക്ക് മനസിലായി''.
''അതെന്തെന്നാല്‍, ഇവിടെ ഒരു കൂട്ടിലും അടച്ചിട്ടിട്ടില്ലാത്ത പക്ഷി കാക്ക മാത്രമാണ്.''

''കഴിഞ്ഞ കുറച്ചു ദിവസങ്ങളായി, ഞാന്‍ ചിന്തിക്കുകയായിരുന്നു, കാക്കയായി ജനിച്ചിരുന്നെങ്കില്‍, ഹോ.... സന്തോഷത്തോടെ, എല്ലായിടങ്ങളിലും എനിക്ക്, പറന്നു രസിച്ചു നടക്കാമായിരുന്നല്ലോ''

ഇതാണ് നമ്മുടെയും യഥാര്‍ത്ഥ പ്രശ്നം.
നാം തന്നെ, നമ്മളെ മററുളളവരുമായി അനാവശ്യമായി താരതമ്യം ചെയ്യും. എന്നിട്ട് ദുഖിക്കും.

സ്രഷ്ടാവ് നമുക്ക് ഓരോരുത്തര്‍ക്കും തന്നിരിക്കുന്നത് എന്താണെന്നും അതിന്‍റെ മൂല്യം എത്രത്തോളമാണെന്നും നാം തിരിച്ചറിയുന്നില്ല.

ഈ അറിവില്ലായ്മ നമ്മെ ദുഖത്തിന്‍റെ പടുകുഴിയില്‍ കൊണ്ടെത്തിക്കും.

ദൈവം തന്ന അനുഗ്രഹങ്ങളും അവയുടെ മൂല്യവും തിരിച്ചറിയുക.

നമ്മുടെ സന്തോഷത്തെ ഇല്ലായ്മ ചെയ്യുന്ന, ഈ തരംതാണ, താരതമ്യപ്പെടുത്തല്‍ ഉപേക്ഷിക്കൂ.

അവനവനെ തന്നെ സ്വയം തിരിച്ചറിയൂ..