2018, ജൂലൈ 3, ചൊവ്വാഴ്ച

ധ്രുവചരിതം ശ്രീമദ് ഭാഗവത മാഹാത്മ്യം




ധ്രുവചരിതം

ശ്രീമദ് ഭാഗവത മാഹാത്മ്യം
സ്വായംഭുവ മനുവിന്റെ പുത്രനായിരുന്നു ഉത്താനപാദ
മഹാരാജാവ് . അദ്ദേഹത്തിന് സുനീതിയും സുരുചിയും എന്ന രണ്ടു ഭാര്യമാരുണ്ടായിരുന്നു. രണ്ടു ഭാര്യമാരിലും ഓരോ പുത്രന്‍ വീതം ജനിച്ചു. സുനീതിയുടെ മകന്‍ ധൃവനും, സുരുചിയുടെ മകന്‍ ഉത്തമനും
ആയിരുന്നു. സുരൂചി കൂടുതല്‍ സൌന്ദര്യവതിയായതിനാല്‍ രാജാവിന് സുരൂചിയോടും മകന്‍ ഉത്തമനോടും കൂടുതല്‍ സ്നേഹമുണ്ടായിരുന്നു. പക്ഷെ ബുദ്ധി കൂടുതലുള്ളത് ധൃവനുമായിരുന്നു. ഒരുദിവസം രാജാവ് രത്നസിംഹാസനത്തില്‍ ഇരിക്കുമ്പോള്‍ ഉത്തമന്‍ ഓടിവന്നു രാജാവിന്റെ മടിയില്‍ കയറിയിരുന്നു. ധൃവനും അതുപോലെയിരിക്കാന്‍ ഇഷ്ടപ്പെട്ടെങ്കിലും സുരൂചി അതിനു കൂട്ട് നില്‍ക്കാതെ ധ്രുവനെ പിടിച്ചു മാറ്റുകയും, "അങ്ങനെ വേണമെങ്കില്‍ പോയി നാരായണനെ ഭജിച്ചു വിഷ്ണു പ്രസാദിച്ചാല്‍ എന്റെ വയറ്റില്‍ വന്നു പിറക്കാം, പിന്നെ ഇതുപോലെ സിംഹാസനത്തില്‍ അച്ഛന്റെ മടിയില്‍ കയറി ഇരിക്കാം" എന്ന് താക്കീതും കൊടുത്ത് പറഞ്ഞു വിട്ടു.രാജാവാകട്ടെ തന്റെ പ്രിയതമക്ക് അഹിതമായി ഒന്നും മിണ്ടിയതുമില്ല. ധ്രുവന്‍ കരഞ്ഞുംകൊണ്ട് പെറ്റമ്മയുടെ അടുത്തു ചെന്നു. മകനെ വാരിപുണര്‍ന്ന മാതാവ് വിവരങ്ങളെല്ലാം ചോദിച്ചു മനസ്സിലാക്കി മകനെ ആശ്വസിപ്പിച്ചു . അമ്മ മകന് ഭഗവദ് മാഹാത്മ്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കികൊടുത്തു. ഭഗവാന്റെ മാഹാത്മ്യങ്ങള്‍ പഠിച്ചു മനസ്സിലാക്കിയ ധ്രുവന്‍, അമ്മയെ കാല്‍ക്കല്‍ വീണു നമസ്കരിച്ചിട്ട്‌ ഭഗവാന്റെ അനുഗ്രഹം നേടാന്‍ കാട്ടിലേക്ക് യാത്ര പുറപ്പെട്ടു. അമ്മ മകനെ ആശീര്‍വദിച്ചു . അതോടൊപ്പം നാരായണ ഭഗവാനെ കരഞ്ഞു പ്രാര്‍ത്ഥിച്ചു . അഞ്ചു വയസ്സ് മാത്രം പ്രായമുള്ള ധ്രുവനെ തപസ്സിനു പോകാന്‍ അമ്മ അനുഗ്രഹിച്ചു.


ഭഗവദ് ചിന്തയില്‍ മുഴുകി പോകുന്ന ധ്രുവന് കാണുന്നതെല്ലാം
നാരായണനായിട്ടാണ് തോന്നിയത്. വഴിയില്‍വച്ച് നാരദന്‍ കുട്ടിയെ കണ്ടു. ധ്രുവന്‍ നാരദ മഹര്‍ഷിയെ കാല്‍ക്കല്‍ വീണു ദണ്ഢനമസ്കാരമാണ് ചെയ്തത്. അഞ്ചു വയസ്സായ കുട്ടിക്ക് തപസ്സിനുള്ള ശക്തി ഉണ്ടോ എന്ന് പരീക്ഷിച്ച് സംതൃപ്തനായ നാരദ മഹര്‍ഷി ധ്രുവന് മന്ത്രോപദേശം നല്‍കി. ദ്വാദശാക്ഷരി മന്ത്രമാണ് കുട്ടിക്ക് ഉപദേശിച്ചത് . "ഓം നമോ ഭഗവതേ വാസുദേവായ!" ഈ മന്ത്രം ചൊല്ലി തപസ്സന്ഷ്ടിക്കേണ്ടത് എങ്ങിനെയാണെന്നും വിവരിച്ചു കൊടുത്തു. "നിനക്ക് ഭഗവാന്‍ താമസിയാതെ പ്രത്യക്ഷപ്പെട്ടു വേണ്ട വരങ്ങള്‍ തരും" എന്ന് അനുഗ്രഹിച്ച ശേഷമാണ് നാരദന്‍ മറഞ്ഞത്.
നാരദമുനിയുടെ ഉപദേശപ്രകാരം ധ്രുവന്‍ യമുനാ നദിയുടെ തീരത്തുള്ള മധുവനമാണ് തപസ്സിനു പറ്റിയ സ്ഥലമായി തിരഞ്ഞെടുത്തത്. യമുനാനദിയില്‍ കുളിച്ച് സൂര്യോദയം കണ്ട് ഗുരുവിനെയും ഇഷ്ടദേവതയെയും ധ്യാനിച്ച്‌ തൊഴുതു തപസ്സാരംഭിച്ചു .


ധ്രുവന്‍ മനസ്സില്‍ ഉറപ്പിച്ച ഹരിരൂപം ഇങ്ങനെയായിരുന്നു:
'സദാ പ്രസന്നമായ ശ്രീമുഖം. മാറില്‍ ശ്രീവത്സവും, വനമാലയും. കാര്‍മേഘത്തിന്റെ നിറം. നാല് തൃക്കൈകളില്‍ ശംഖു , ചക്രം, ഗദ, പത്മം എന്നിവ ധരിച്ചിരിക്കുന്നു. കിരീടം, കുണ്ഢലം തുടങ്ങി എല്ലാ ആഭരണങ്ങളും അണിഞ്ഞിരിക്കുന്നു. കഴുത്തില്‍ കൌസ്തുഭം'. ആദ്യത്തെ ഒരു മാസക്കാലം മൂന്ന് ദിവസം കൂടുമ്പോള്‍ ഒരു പ്രാവശ്യം മാത്രം ഫലങ്ങള്‍ ഭക്ഷിച്ചു തപസ്സു ചെയ്തു. രണ്ടാമത്തെ മാസത്തില്‍ ആറ് ദിവസം കൂടുമ്പോള്‍ ഒരു നേരം പുല്ലും ഇലയും ഭക്ഷിച്ചു പോന്നു. മൂന്നാം മാസത്തില്‍ ഒമ്പത് ദിവസം കൂടുമ്പോള്‍ ഒരു ദിവസം ഒരു നേരം പാനീയം മാത്രം കഴിച്ചുപോന്നു. അഞ്ചാം മാസത്തില്‍ വായുപോലും ഉപേക്ഷിച്ചു. അഞ്ചു വയസ്സുമാത്രം പ്രായമുള്ള ഈ കുട്ടിയുടെ തപസ്സിന്റെ കാഠിന്യത്താല്‍ വായുവിനു ചലനമില്ലാതായി.സങ്കടമുണര്‍ത്തിക്കാന്‍ ഏവരും ബ്രഹ്മാവിന്റെ അടുത്തു ചെന്നു. ബ്രഹ്മാവ്‌ അവരെയും കൂട്ടി പരമശിവന്റെ അടുത്തു ചെന്നു. ശിവനും നിവൃത്തിയില്ലാത്തതുകൊണ്ട്‌ എല്ലാപേരും നാരായണനെ ചെന്നുകണ്ട്‌ സ്തുതിച്ച് വിവരം അറിയിച്ചു. വിഷ്ണുഭഗവാന്‍ അവരോട് ഇപ്രകാരം അരുളിച്ചെയ്തു: " ഉത്താനപാദരാജാവിന്റെ മകനായ ധ്രുവന്റെ തപിസ്സിന്റെ കാഠിന്യം കൊണ്ടാണ് ഇങ്ങനെ ഉണ്ടായത്. അവന്റെ തപസ്സു മതിയാക്കി ഞാന്‍ അവനുവേണ്ട വരങ്ങള്‍ നല്‍കാം. അങ്ങനെ നിങ്ങളുടെ സങ്കടവും തീരും". ഉടനെ വിഷ്ണുഭഗവാന്‍ ഗരുഡന്റെ പുറത്തുകയറി ധ്രുവന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു.


ധ്യാനനിരതനായിരുന്ന ധ്രുവന്റെ ഹൃദയത്തില്‍ വിളങ്ങിനിന്നിരുന്ന ആനന്ദസ്വരൂപനായ ഭഗവാനെ കാണാനില്ലാതായി. പെട്ടെന്ന് കണ്ണുതുറന്നു നോക്കിയപ്പോള്‍ സാക്ഷാല്‍ വിഷ്ണുഭഗവാന്‍ തന്റെ മുന്നില്‍ കണ്ടപ്പോള്‍ ധ്രുവന്‍ ആ തൃപ്പാദങ്ങളില്‍ കൂപ്പി വണങ്ങിയ ശേഷം ഭക്തിപൂര്‍വ്വം ഭഗവാനെ സ്തുതിച്ചു . സംതൃപ്തനായ ഭഗവാന്‍, എല്ലാവരാലും പൂജിതനായി ഇരുപത്താറായിരം വര്‍ഷം ശതൃക്കളില്ലാതെ സിംഹാസനത്തിലിരുന്നു രാജ്യം ഭരിക്കാനുള്ള വരം നല്‍കി. ഇതുകേട്ട് സന്തോഷഭരിതനായ ധ്രുവന്‍ പറഞ്ഞു: "ഭക്തി പൂര്‍വ്വം ഭഗവദ്പാദസേവ ചെയ്തുകൊണ്ട് നല്ലവരില്‍വച്ചു നല്ലവനായി, സര്‍വ്വലോകങ്ങളും കണ്ടു കണ്ട് സര്‍വ്വത്തിനും മുകളിലായി സര്‍വ്വകാലവും സര്‍വ്വജ്ഞനായി വാഴുന്നതിന് അനുഗ്രഹിക്കേണമേ". അങ്ങനെതന്നെയെന്നു വരംകൊടുത്ത് ഭഗവാന്‍ മറഞ്ഞു.

നാരദമുനിയില്‍ നിന്നും വിവരങ്ങള്‍ അറിഞ്ഞ ഉത്താനപാദന്‍,
കാട്ടില്‍നിന്നും തിരിച്ചുവരുന്ന ധ്രുവനെ പരിവാരസമേതം തേരില്‍കയറ്റി രാജധാനിയിലേക്ക് കൊണ്ടുപോയി. ധ്രുവനെ രാജാവായി അഭിഷേകം ചെയ്തു വാഴിച്ചശേഷം ഉത്താനപാദന്‍ വാനപ്രസ്ഥം സ്വീകരിച്ചു.
ധ്രുവന്‍ ധര്മ്മിഷ്ടനായി രാജ്യം ഭരിച്ചു. ശിംശുമാരപ്രജാപതിയുടെ മകളായ ഭൂമിയെ പാണിഗ്രഹണം ചെയ്തു. പിന്നെ വായുപുത്രിയായ ഇളയേയും വിവാഹം ചെയ്തു. ഭൂമിയെന്ന പത്നിയില്‍ രണ്ടു പുത്രന്മാരുണ്ടായി . കല്പനും, വത്സനും. ഇളയില്‍ ഒരു പുത്രന്‍, ഉള്‍ക്കലന്‍. ഉത്തമന്റെ വിവാഹം കഴിഞ്ഞിരുന്നില്ല. ഒരു ദിവസം നായാട്ടിനുപോയ അവന്‍ കാട്ടില്‍വച്ച് ഒരു യക്ഷനുമായി ഏറ്റുമുട്ടി മരിച്ചു. പുത്രനെ കാണാതായപ്പോള്‍ മാതാവ് സുരൂചി
മകനെ തേടി പോയി. അവര്‍ കാട്ടുതീയില്‍പ്പെട്ടു മരണമടഞ്ഞു. ധ്രുവന്‍ കാട്ടില്‍ചെന്നു യക്ഷന്മാരുമായി വളരെക്കാലം പൊരുതി. ഒടുവില്‍ വിഷ്ണുഭഗവാന്‍ ഇരുകൂട്ടരെയും യുദ്ധത്തില്‍ നിന്നും പിന്തിരിപ്പിച്ചു. "ഉത്തമനും സുരൂചിക്കും നേരിട്ട വിപത്ത് വിധിമതമാണ്. അത് ആര്‍ക്കും തടുക്കാവതല്ല" എന്ന് ഭഗവാന്‍ അരുളിച്ചെയ്തു. ഇതുകേട്ട ധ്രുവന്‍
ഭഗവാനെ സ്തുതിച്ച് ഒരുവരം കൂടി ആവശ്യപ്പെട്ടു. "തന്റെ സമസ്താപരാധങ്ങളും പൊറുത്തുമാപ്പ് തരണം. ഭഗവാന്‍ ഈ രൂപത്തില്‍ തന്‍റെ ഹൃദയകമലത്തില്‍ എപ്പോഴും ഉണ്ടായിരിക്കണം" ഭഗവാന്‍ ആ വരവും നല്‍കി.


ധ്രുവന്‍ യജ്ഞങ്ങള്‍ നടത്തി കീര്‍ത്തി വര്‍ദ്ധിപ്പിച്ചു. ഇരുപത്താറായിരം വര്‍ഷം രാജ്യം ഭരിച്ചശേഷം മകനായ ഉള്‍ക്കലനെ രാജാവായി വാഴിച്ചു. അതിനുശേഷം വാനപ്രസ്ഥത്തില്‍ ഏര്‍പ്പെട്ട് ബദര്യാശ്രമത്തില്‍ എത്തി. അവിടെവച്ച് വിഷ്ണുപാര്‍ഷദന്മാരായ സുനന്ദനും, നന്ദനും സുവര്‍ണരഥവുമായി വന്ന് ധ്രുവനെ സ്വര്‍ഗ്ഗത്തിലേക്ക് കൂട്ടികൊണ്ടുപോയി. ഭഗവാന്‍ അദ്ദേഹത്തിന് ആകാശത്തില്‍
വടക്കുഭാഗത്തു എല്ലാറ്റിന്റെയും മുകളിലായി എല്ലാവര്‍ക്കും കാണത്തക്കവിധം സ്ഥാനം നല്‍കി. ധ്രുവന്‍ ഇന്നും നക്ഷത്രമായി അവിടെ സ്ഥിതിചെയ്യുന്നു. സപ്തര്‍ഷികള്‍ എന്നൊരു നക്ഷത്രസമൂഹമുണ്ട്, അതിനടുത്താണ് ഈ ധ്രുവനക്ഷത്രം.......