2018, ജൂലൈ 3, ചൊവ്വാഴ്ച

നരസിംഹാവതാരം ശ്രീമദ് ഭാഗവത മാഹാത്മ്യം



നരസിംഹാവതാരം

ശ്രീമദ് ഭാഗവത മാഹാത്മ്യം
ഭഗവാന്റെ ദശാവതാരങ്ങളില്‍ ഒന്നാണ് 
നരസിംഹാവതാരം. പകുതി മനുഷ്യനും പകുതി സിംഹവും ആയ അതി ഭീഭത്സമായ സ്വരൂപം. കനല്‍ക്കട്ടപോലെ ചുവന്നു തിളങ്ങുന്ന കണ്ണുകള്‍, സിംഹത്തെപോലുള്ള സടകള്‍, കൂര്‍ത്തുമൂര്‍ത്ത ദംഷ്ട്രകള്‍ , രക്തം ഒലിച്ചിറങ്ങുന്ന വായ്‌, രക്തം നക്കി നുണയുന്ന നീണ്ട നാക്ക്, വളഞ്ഞ പുരികം, രോമം നിറഞ്ഞ ശരീരം , കഴുത്തില്‍ കുടല്‍മാല ആഭരണം. സാക്ഷാല്‍ മഹാവിഷ്ണു തന്നെയാണ് ഈ രൂപത്തില്‍ അവതരിച്ചിരിക്കുന്നത്. വൈകുണ്ഡത്തിലെ ദ്വാരപാലകന്മാരായ ജയവിജയന്മാര്‍ ശാപമേറ്റ് അസുരന്മാരായി കശ്യപന്റെയും ദിതിയുടെയും പുത്രന്മാരായി പിറന്നു. അതില്‍ ഒരുവനായ ഹിരണ്യാക്ഷനെ ഭഗവാന്‍ വരാഹരൂപം ധരിച്ച് കൊന്നു. അവന്റെ സഹോദരനായ ഹിരണ്യകശുപുവിനെ വധിക്കാന്‍ വേണ്ടിയാണ് ഭഗവാന്‍ നരസിംഹമായി അവതരിച്ചത്. സഹോദരനെ കൊന്നതിന്റെ പകരം വീട്ടാനായി, ഹിരണ്യകശിപു ദേവന്മാരെയും മുനികളെയും പീഡിപ്പിച്ചു . കൂടുതല്‍ ശക്തി ലഭിക്കുന്നതിനായി ഹിരണ്യകശിപു മന്ദര പര്‍വതത്തില്‍ പോയി ബ്രഹ്മാവിനെ പ്രീതിപ്പെടുത്താന്‍ നൂറു സംവത്സരം കഠിനതപസ്സനുഷ്ടിച്ചു. തപസ്സിന്റെ കാഠിന്യം കൊണ്ട് ബ്രഹ്മാവ്‌ പ്രത്യക്ഷപെട്ടു . "തനിക്ക് ബ്രഹ്മാവ്‌ സൃഷ്ടിച്ച ജീവജാലങ്ങളില്‍ നിന്നൊന്നും മരണം പാടില്ല; ആകാശത്തിലും ഭൂമിയിലും വച്ച് മരണം പാടില്ല; രാത്രിയും പകലും മരണം പാടില്ല; ഒരു തരത്തിലുള്ള ആയുധങ്ങള്‍ കൊണ്ടും മരണം സംഭവിക്കാന്‍ പാടില്ല; പോരില്‍ തനിക്കു തുല്യരായി ലോകത്ത് ആരും ഉണ്ടാകരുത്" എന്നീ വരങ്ങളാണ് ആവശ്യപ്പെട്ടത് . ബ്രഹ്മാവ്‌ ഈ വരങ്ങളെല്ലാം നല്‍കി അപ്രത്യക്ഷമായി.


വരബലത്താല്‍ മത്തനായ അസുരന്‍ മൂന്ന് 
ലോകങ്ങളെയും കീഴടക്കി ഭരിക്കാന്‍ തുടങ്ങി. "ആരും വിഷ്ണുവിനെ പൂജിക്കരുത് ; ഹിരണ്യായ നമ! എന്ന് ജപിക്കണം " എന്നായിരുന്നു ആജ്ഞ. ചാരന്മാരെ വിട്ട് അന്വേഷിക്കുകയും ചെയ്തുകൊണ്ടിരുന്നു. നാരായണ നാമം ജപിക്കുന്നവരുടെ നാവു പിഴുതെടുക്കുകയും ചെയ്തിരുന്നു. സജ്ജനങ്ങളും, ദേവന്മാരും, ഋഷിമാരും വിഷ്ണുവിനോട് പരാതി ബോധിപ്പിച്ചു. ഭഗവാന്‍ അവരെ സമാധാനപ്പെടുത്തി പരിഹാരം ഉണ്ടാക്കാം എന്ന് ഉറപ്പും കൊടുത്തു. ഹിരണ്യ കശിപിന്റെ നാല് പുത്രന്മാരില്‍ മൂത്ത പുത്രനാണ് പ്രഹ്ലാദന്‍. അതായത് കശ്യപന്റെയും ദിതിയുടെയും പൌത്രന്‍. ഈ കുട്ടി സത്യസന്ധനും, സദാചാരനിഷ്ടനും, ജിതേന്ദ്രിയനും, സര്‍വ്വഭൂത സുഹൃത്തും , വിഷ്ണു ഭക്തരില്‍ അഗ്രഗണ്യനും ആയിരുന്നു. ജനിച്ചു വീണ നിമിഷം മുതല്‍ കുട്ടിക്ക് നാരായണാ നാരായണാ എന്നാ ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ. 
നേരത്തെ പറഞ്ഞപോലെ, ഹിരണ്യകശിപു തപസ്സിനു പോകുന്ന സമയത്ത് ഭാര്യ കയാധു പ്രഹ്ലാദനെ ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നു. ഈ തക്കം നോക്കി ഇന്ദ്രന്‍ അസുരന്മാരെ തോല്‍പ്പിച്ച് കയാധുവിനെ പിടിച്ചു കൊണ്ട് പോവുകയായിരുന്നു. ഇത് കണ്ട നാരദന്‍ ഇന്ദ്രനോട് താന്‍ ചെയ്യുന്നത് തെറ്റാണന്നും, കയാധുവിന്റെ ഗര്‍ഭത്തില്‍ കിടക്കുന്ന കുഞ്ഞ് മഹാഭാഗവതനും ബാലവാനുമാണ് എന്ന് പറഞ്ഞു. ഇതുകേട്ട ഇന്ദ്രന്‍ കയാധുവിനെ വിടുകമാത്രമല്ല പ്രദക്ഷിണം വച്ച് മാപ്പപേക്ഷിക്കുകയും ചെയ്തു . നാരദന്‍ കയാധുവിനെ തന്റെ ആശ്രമത്തില്‍ കൂട്ടിക്കൊണ്ടുപോകയും ഉള്ളില്‍ കിടക്കുന്ന കുട്ടിയെ ഉദ്ദേശിച്ച് മുനി അമ്മക്ക് ധര്‍മ്മസ്വരൂപവും ആത്മജ്ഞാനവും ഉപദേശിച്ചു കൊടുത്തു. കുട്ടി ഇതെല്ലാം നല്ലവണ്ണം പഠിച്ചു. ഇങ്ങനെയാണ് പ്രഹ്ലാദന്‍ ജന്മനാ ഭാഗവതോത്തമാനായത്.


ഹിരണ്യകശിപു തന്റെ മകനെ വിദ്യ അഭ്യസിപ്പിക്കുന്നതിനായി 
അസുരഗുരുവായ ശുക്രമുനിയുടെ പുത്രന്മാരായ ശണ്ഡന്റെയും അമര്‍ക്കന്റെയും പക്കല്‍ ഏല്‍പ്പിച്ചു. കുറച്ചു നാള്‍ കഴിഞ്ഞ് മകനോട്‌, ഇതുവരെ പഠിച്ചതില്‍ ശ്രേഷ്ഠമായിട്ടുള്ളത് എന്താണ് എന്ന് ചോദിച്ചു. അതിനു മറുപടിയായി പ്രഹ്ലാദന്‍ "നല്ലത് നാനാജഗദ്ഗുരു മാധവന്‍, കല്യാണവാരിധി താന്‍ പാദസേവയില്‍ മീതെ നമുക്കേതുമില്ലെന്നതെന്നുടെ ചേതസി നന്നായുറച്ചിതു കേവലം" എന്ന് പറഞ്ഞു. അതായത് ഭഗവാന്റെ പാദസേവക്കു മീതെയായിട്ടൊന്നുമില്ല എന്ന് അര്‍ത്ഥം. ക്രുദ്ധനായ ഹിരണ്യകശിപു മകനെ ശാസിക്കുകയും, വിഷ്ണുഭക്തി മാറ്റിയെടുക്കാന്‍ ശുക്രപുത്രന്മാരോടു ആജ്ഞാപിക്കുകയും ചെയ്തു. ഇതിനിടയില്‍ പ്രഹ്ലാദന്‍ തന്റെ കൂട്ടുകാരേയും ഭഗവദ് ഭക്തരാക്കി മാറ്റി.
ഹിരണ്യകശിപു പ്രഹ്ലാദനെ കൂടുതല്‍ പീഡിപ്പിക്കാന്‍ തുടങ്ങി. രാക്ഷസന്മാരുടെ കൈയ്യില്‍ വാളുകള്‍ കൊടുത്ത് കുട്ടിയെ കൊല്ലാന്‍ നോക്കി. എന്നാല്‍ രാക്ഷസര്‍, ഭഗവാന്റെ മായയാല്‍ തങ്ങളില്‍ തങ്ങളില്‍ വെട്ടി മരിച്ചു. ആനയെകൊണ്ടു കുത്തി കൊല്ലാനും ശ്രമിച്ചു. 
പക്ഷെ ഭഗവാന്റെ മായയാല്‍ ആനകളുടെ കൊമ്പോടിഞ്ഞു പോയി. അഷ്ടനാഗങ്ങളെ കൊണ്ട് കടിപ്പിക്കാനും നോക്കി. പക്ഷെ അവിടെയും പ്രഹ്ലാദന് വിഷബാധയേറ്റില്ല . കൈയും കാലും കെട്ടി അഗ്നിയിലിട്ടു. അവിടെയും കുട്ടി കൂടുതല്‍ ശോഭയുള്ളതായി മാറി. ഒടുവില്‍ കുട്ടിയെ നാഗപാശം കൊണ്ട് കെട്ടി സമുദ്രത്തിന്റെ ആഴങ്ങളില്‍ താഴ്ത്തി, മുകളില്‍ വലിയ പാറക്കല്ലുകള്‍ കയറ്റിവച്ചു . നാരായണ ഭക്തനായ കുട്ടിയുടെ കെട്ടുകളൊക്കെ പൊട്ടി; പാറക്കല്ലുകള്‍ ഉരുണ്ടുപോയി. സമുദ്രനാഥനായ വരുണന്‍ കുട്ടിയെ എടുത്തു കരയില്‍ കൊണ്ട് നിര്‍ത്തി. 


ഭ്രുത്യന്മാരെക്കൊണ്ട് ആയിരം യോജന ഉയരമുള്ള
മലമുകളില്‍ കയറ്റി കൊണ്ടുപോയി കൈ കാലുകള്‍ ബന്ധിച്ച് താഴേക്കെറിഞ്ഞു. ഭൂമിദേവി സ്ത്രീ രൂപം പൂണ്ടു കീഴ്പ്പോട്ടു വരുന്ന ബാലനെ തൃക്കൈയ്യിലെടുത്തു മടിയില്‍വച്ച് താലോലിച്ചു. പ്രഹ്ലാദന്‍ ദേവിയെ സ്തുതിച്ചു. ഇതെല്ലാം കണ്ട് മറ്റുള്ളവര്‍ ഭഗവദ് ഭക്തരായിത്തീര്‍ന്നു. തന്റെ ഗുരുക്കളെയും പ്രഹ്ലാദന്‍ ആത്മോപദേശം നല്‍കി ആനന്ദത്തിലാക്കി. കലിപൂണ്ട ഹിരണ്യകശിപു പ്രഹ്ലാദനോട് ക്രോധത്തില്‍ എവിടെയാണ് ഈശ്വരന്‍ ഉള്ളത് എന്ന് ചോദിച്ചു. അതിനുത്തരമായിട്ട് ശാന്തസ്വരത്തില്‍ " ഈ കാണുന്ന സകല ചരാചരങ്ങളിലും, തൂണിലും, തുരുമ്പിലും ഈശ്വരന്‍ നിറഞ്ഞിരിക്കുന്നു" എന്ന് പറഞ്ഞു. ഹിരണ്യകശിപു ഇതുകേട്ട് തന്റെ വാളൂരി മുന്നില്‍ക്കണ്ട തൂണില്‍ ആഞ്ഞു വെട്ടി. അത്ഭുതം! തൂണ് പൊട്ടിപ്പിളര്‍ന്ന് ഭീകര രൂപത്തില്‍ നരസിംഹം പുറത്തു ചാടി. ഉടനെ ആകാശത്തില്‍ ദേവന്മാര്‍, യക്ഷന്മാര്‍, കിന്നരന്മാര്‍, ബ്രഹ്മാവ്‌ തുടങ്ങിയവരെല്ലാം നിരന്നുനിന്നു. 
നേരം സന്ധ്യയോടടുത്തിരിന്നു (രാത്രിയും പകലും അല്ല). നരസിംഹരൂപിയായ സാക്ഷാല്‍ വിഷ്ണുഭഗവാന്‍ (ബ്രഹ്മാവിന്റെ സൃഷ്ടിയില്‍ പെട്ടതല്ല ) അസുരനെ പിടിച്ചു പടിയിലിരുന്ന്
(അകത്തും പുറത്തുമല്ല), തന്റെ തുടയില്‍ അസുരനെ കിടത്തി നഖം കൊണ്ട് (ആയുധം കൊണ്ടല്ല) ഉടല്‍ കുത്തിക്കീറി ചോര കുടിച്ച് കുടല്‍മാലയെടുത്ത് കഴുത്തില്‍ ധരിച്ചു. അങ്ങനെ മൂന്ന് ലോകവും വിറപ്പിച്ച അസുരന്റെ കഥ കഴിഞ്ഞു. 

ശിവനും ബ്രഹ്മാവും ദേവേന്ദ്രനും ഹരിയെ സ്തുതിച്ചു. 
ആര്‍ക്കും നരസിംഹത്തിന്നടുത്തെക്ക് ചെല്ലാന്‍ ധൈര്യമുണ്ടായില്ല . അത്രയ്ക്ക് ഭയമായിരുന്നു. ബ്രഹ്മാവിന്റെ നിര്‍ദ്ദേശപ്രകാരം പ്രഹ്ലാദന്‍ ഭഗവാന്റെ സമീപത്തു ചെന്ന് സ്തുതിച്ചപ്പോള്‍ ഭഗവാന്‍ ശാന്തസ്വരൂപനായി . പ്രഹ്ലാദനെ ആശ്ലേശിച്ചിട്ട് അപ്പോഴത്തെ മന്വന്തരക്കാലം അസുരാധിപനായി വാഴാനും അനുഗ്രഹം നല്‍കി. അങ്ങനെ ബ്രഹ്മാവ്‌ പ്രഹ്ലാദനെ അസുര ചക്രവര്‍ത്തിയായി അഭിഷേകം ചെയ്തു....