സന്താനഗോപാലം
ശ്രീമദ് ഭാഗവത മാഹാത്മ്യം
യദുക്കളോടെല്ലാം സങ്കടം പറഞ്ഞു. ആരും ഒരു മറുപടിയും പറയാത്തതില്‍ ബ്രാഹ്മണന് കോപം വന്നു. അയാള്‍ രാജാവിനെയും മറ്റും അധിക്ഷേപിച്ചു. പിന്നീട് അയാള്‍ ശവം കൊണ്ടുപോയി അടക്കം ചെയ്തു. രണ്ടാമതും ബ്രാഹ്മണപത്നി ഗര്‍ഭിണിയായി പ്രസവിച്ചു. ആ ബാലനും മരിച്ചുപോയി. അന്നും ആ ബ്രാഹ്മണന്‍ ബാലന്റെ
ശവശരീരവുമായി ഗോപുരവാതില്‍ക്കല്‍ വന്ന് രാജാവിനോട് സങ്കടമുണര്‍ത്തിച്ചു. അപ്പോഴും ആരും ഒന്നും മറുപടി പറഞ്ഞില്ല .
ഇങ്ങനെ ഒമ്പതാമത്തെ പുത്രനും മരിച്ചു. അന്നും ആ ബ്രാഹ്മണന്‍ കുഞ്ഞിന്റെ ശവശരീരവുമായി അവിടെയെത്തി. അപ്പോള്‍
ശ്രീകൃഷ്ണന്‍ ഒരു യജ്ഞക്രിയയില്‍ മുഴികിയിരിക്കുകയായിരുന്നു.
ബ്രാഹ്മണപത്നി പത്താമതും ഗര്‍ഭിണിയായി. ബ്രാഹ്മണന്‍ ഈ വിവരം അര്‍ജ്ജുനനെ അറിയിച്ചു. പ്രസവസമയം അടുത്തപ്പോള്‍ അര്‍ജ്ജുനന്‍ ബ്രാഹ്മണപത്നിയുടെ സൂനികാഗൃഹത്തിനു ചുറ്റും ദിവ്യാസ്ത്രങ്ങള്‍ കൊണ്ട് ഒരു കവചം സൃഷ്ടിച്ചു. അര്‍ജുനന്‍ അമ്പും വില്ലും പിടിച്ച് കാവല്‍ നിന്നു. പക്ഷെ ഇത്തവണ ബ്രാഹ്മണപത്നി പ്രസവിച്ച കുട്ടിയുടെ ശവം പോലും കാണാനില്ല. സ്ത്രീകളെല്ലാം മുറവിളികൂട്ടി. ഒപ്പം ബ്രാഹ്മണനും അര്‍ജുനനെ അധികം ആക്ഷേപിച്ചു.
ജാള്യതയോടെ അര്‍ജ്ജുനന്‍ വേഗം അമ്പും വില്ലുമായി യമപുരിയിലെത്തി. അവിടെയൊന്നും ആ പുത്രനെ കണ്ടില്ല. പിന്നെ
ഇന്ദ്രപുരിയിലെത്തി. അവിടെയുമില്ല. തുടര്‍ന്ന് അഷ്ടദിക്പാലകന്മാരുടെ മന്ദിരങ്ങളും തിരഞ്ഞു. ശിശുവിനെ കണ്ടുകിട്ടിയില്ല.
ഹതാശനായ അര്‍ജ്ജുനന്‍ മടങ്ങിവന്നു. പ്രതിജ്ഞ പാലിക്കാനായി ചിതകൂട്ടി അമ്പും വില്ലും ധരിച്ച് അതിലേക്കു ചാടാന്‍ തുടങ്ങവേ ശ്രീകൃഷ്ണന്‍ ഓടിയെത്തി കൈയില്‍ കടന്നു പിടിച്ചു. എന്നിട്ട് എല്ലാത്തിനും ഒരു പോംവഴി ഉണ്ടാക്കാം എന്നുപറഞ്ഞ് അതില്‍ നിന്നും പിന്തിരിപ്പിച്ചു.
ശ്രീകൃഷ്ണനും അര്‍ജ്ജുനനും ദിവ്യരഥത്തില്‍ കയറി പടിഞ്ഞാറോട്ട് യാത്ര തിരിച്ചു. നഗരങ്ങളും വനങ്ങളും പര്‍വ്വതങ്ങളും സമുദ്രങ്ങളും വായുവേഗത്തില്‍ പിന്നിട്ട് കുറെ കഴിഞ്ഞപ്പോള്‍ അന്ധകാരമായി. ശ്രീകൃഷ്ണന്‍ സുദര്‍ശന ചക്രത്തെ സ്മരിച്ചു. ഉടന്‍ സുദര്‍ശന ചക്രമെത്തി. ആയിരം സൂര്യന്മാരുടെ തേജസ്സോടുകൂടി പാലാഴിയില്‍ അനന്തശായിയായ മഹാവിഷ്ണുവിനെ കാണാനിടയായി.
ഭഗവാന്റെ നിറം ഇന്ദ്രനീലമണിയെ തോല്‍പ്പിക്കുന്നതാണ്. വനമാലകളും കുണ്ഡഃലങ്ങളും കൌസ്തുഭവും മാറില്‍ ശ്രീവത്സം എന്ന അടയാളവും താമരയിതളുകള്‍ പോലെയുള്ള നയനങ്ങളും നാല് തൃക്കൈയ്കളില്‍ ശംഖു , ചക്രം, ഗദ, പത്മം എന്നിവയോടും മുനിമാരാല്‍ സേവിതനായി ലക്ഷ്മീസമേതനായ മഹാവിഷ്ണുവിനെ ദര്‍ശിച്ചു, അവര്‍ രണ്ടുപേരും ആ തൃപ്പാദങ്ങളില്‍ വീണ് ഭക്തിപൂര്‍വ്വം നമസ്കരിച്ചു.
മഹാവിഷ്ണു അവരെ കണ്ട് മന്ദഹസിച്ചുകൊണ്ട് പറഞ്ഞു. " വീരന്മാരായ കൃഷ്നാര്‍ജ്ജുനന്മാരെ! നിങ്ങളെ നേരിട്ട് കാണേണ്ടതായ ആവശ്യത്തിനാണ് ഞാന്‍ വിപ്രബാലന്മാരെ ഇങ്ങോട്ട് കൊണ്ടുപോന്നത്. നിങ്ങള്‍ക്ക് ഭൂമിഭാരമെല്ലാം തീര്‍ത്ത് ഇവിടേയ്ക്ക് വരാനുള്ള സമയം അടുത്തിരിക്കുന്നു. പുത്രന്മാര്‍ പത്തുപേരും ഇവിടെയുണ്ട്. അവരെകൊണ്ടുപോയി പിതാവിന് തിരിച്ചു നല്‍കുവിന്‍. നിങ്ങള്‍ രണ്ടുപേരും എന്റെ അംശത്തില്‍ ജനിച്ചവരാണ്. പൂര്‍വ്വജന്മത്തില്‍ നിങ്ങള്‍ നരനും നാരായണനുമായിരുന്നു. ഈ ജന്മത്തില്‍ അര്‍ജ്ജുനനും കൃഷ്ണനുമായിരിക്കുന്നു. ഇനിയുള്ള വളരെ കുറച്ചുകാലം നിങ്ങള്‍ വേദധര്‍മ്മങ്ങളും സല്‍ക്കര്‍മ്മങ്ങളും ചെയ്ത് ലോകത്തെ രക്ഷിച്ചും ശിക്ഷിച്ചും വാഴുക". അങ്ങനെയാകാമെന്നു പറഞ്ഞ് കൃഷ്നാര്‍ജ്ജുനന്മാര്‍ ഭഗവാനെ വണങ്ങി പുറപ്പെട്ടു. ബ്രാഹ്മണപുത്രന്മാരും മഹാവിഷ്ണുവിനെ വണങ്ങി യാത്ര ചോദിച്ചു.
അര്‍ജ്ജുനനുണ്ടായ സന്തോഷത്തിനതിരില്ല. കൃഷ്ണനും
അര്‍ജ്ജുനനും കൂടി ബ്രാഹ്മണന് പത്തു പുത്രന്മാരെയും കൊണ്ടുകൊടുത്തു. കൃഷ്ണാര്‍ജ്ജുനന്മാരെ അധിക്ഷേപിച്ചതിന്
മാപ്പപേക്ഷിച്ചും, പുത്രന്മാരെ തിരിച്ചു കിട്ടിയതിന് നന്ദി പറഞ്ഞും, ബ്രാഹ്മണനും പത്നിയും പുത്രന്മാരോടോത്ത് സുഖമായി വസിച്ചു.
അര്‍ജ്ജുനനുണ്ടായ അഹങ്കാരബുദ്ധി ഇതോടെ നശിക്കുകയും പരമാര്‍ത്ഥജ്ഞാനം ലഭിക്കുകയും ചെയ്തു. വിഷ്ണുഭഗവാന്‍ പറഞ്ഞതനുസരിച്ച് അവര്‍ ലോകത്തെ സംരക്ഷിച്ച് ബ്രാഹ്മണരെയും പ്രജകളെയും സന്തോഷിപ്പിച്ചു. കാലാകാലങ്ങളില്‍ ശരിയായി മഴ പെയ്യും. ഭൂമിയില്‍ വിളവുകള്‍ സമൃദ്ധിയാവുകയും ചെയ്തു. ധര്‍മ്മിഷ്ടരെ രക്ഷിച്ച് അധര്‍മ്മികളെയെല്ലാം നശിപ്പിച്ചു. ഇങ്ങനെ അവരുടെ അവതാരോദ്ദേശ്യം സഫലമായി.