2018, ജൂലൈ 3, ചൊവ്വാഴ്ച

പ്രചോദന കഥകള്‍



പ്രചോദന കഥകള്‍


മനസ്സെന്ന കുതിരയ്ക്ക് ഈശ്വരചിന്തയാകുന്ന 

ഭക്ഷണം നല്‍കൂ

ഈശ്വരന്‍ ഒന്നയുള്ളു എന്ന എല്ലാവരും പറയുന്നു. പക്ഷേ വിശ്വാസികള്‍ക്ക് തന്നെ വിഭിന്ന അഭിപ്രായങ്ങള്‍. എന്തേ അവ ഒരുപോലെയാകാത്തത് ?

സ്വിച്ചിടുമ്പോള്‍ ഫാന്‍ കറങ്ങുന്നു. ബള്‍ബ് തെളിയുന്നു. ഹീറ്റര്‍ ചൂടാകുന്നു.

സീറോ ബള്‍ബിന് മങ്ങിയ വെളിച്ചം. നൂറ് വാട്ട്സിന്റെ ബള്‍ബിന് ഉജ്ജ്വല പ്രകാശം. പക്ഷേ ഇതിനെയെല്ലാം പുറകില്‍ നിന്ന് പ്രവര്‍ത്തിക്കുന്നത്. ഒരേ വൈദ്യുതി‍തന്നെ.

അതുപോലെ ഓരോരുത്തരുടെയും മനസ്സിന്റെ നിലയ്ക്ക്, ശുദ്ധിക്ക് അനുസരിച്ച് അവര്‍ക്കെല്ലാം വ്യത്യസ്ത ഈശ്വരാനുഭവങ്ങളും ഉണ്ടാകുന്നു.ഈശ്വരന്‍ എല്ലാവര്‍ക്കും അനുഗ്രഹം നള്‍കുന്നത് ഒരോ രീതിയില്‍ തന്നെ.അര്‍ഹതയുള്ളവര്‍ കൂടുതല്‍ നേടുന്നു.
ശരീരം വാഹനമാണ്. അതുവലിക്കുന്ന കുതിര മനസ്സും. നാം വാഹനത്തിന് യഥാസമയം വേണ്ടതെല്ലാം നല്കുന്നു. പക്ഷേ വണ്ടി വലിക്കേണ്ട കുതിരയ്ക്ക് (മനസ്സിന്) നല്ലതൊന്നും നല്കുന്നില്ല.
മനസ്സെന്ന കുതിരയ്ക്ക് ഈശ്വരചിന്തയാകുന്ന ഭക്ഷണം നല്കു. ശരീരമെന്ന വണ്ടി പിന്നെ സുഖകരമായി യാത്ര തുടങ്ങും. ഈശ്വരാനുഭൂതി ലഭിക്കുകയും ചെയ്യും.


നല്ലൊരു നാളെ, നാം മുന്നോട്ട് – സായിദാസ് ( പ്രചോദന കഥകള്‍ 

അഗാധവും കഠിനങ്ങളുമായ തത്ത്വങ്ങള്‍ ഭഗവാന്‍ ബാബ ലളിതമായി ഉടന്‍ മനസ്സിലാക്കുംവിധം വളരെ ലളിതമായ കഥകളിലൂടെ, ഉപമകളിലൂടെ നമുക്ക് പറഞ്ഞു തരുന്നു. ജീവിത പ്രശ്നങ്ങളില്‍ ഭഗവാന്റെ‍ ദിവ്യോപദേശങ്ങളാണിവ. ആ ഉപമകളും കഥകളും മഹത്തുക്കളുടെ ചില ജീവിതസംഭവങ്ങളും ഉപദേശങ്ങളും ശ്രീ സായിദാസ്സമാഹരിച്ചു നല്ലൊരു നാളെ, നാം മുന്നോട്ട് എന്നീ ഗ്രന്ഥങ്ങളായി മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഒരു നിമിഷത്തെ ചിന്തയാണ് നമ്മെ പുരോഗതിയിലേക്കോ അധോഗതിയിലേക്കോ നയിക്കുന്നത്. ആ ചിന്ത നന്നെങ്കില്‍ നാം നന്മയിലേക്ക് തിരിയുന്നു. മോശമെങ്കില്‍ അധോഗതിയിലേക്കും.
ചിന്ത പ്രവൃത്തിയിലേക്ക് നയിക്കുന്നു. പ്രവൃത്തിയാകട്ടെ ഫലത്തിലേക്കും വഴിയൊരുക്കുന്നു. അപ്പോള്‍ ചിന്ത നല്ലതെങ്കില്‍ ഫലവും നല്ലതാകും. അതായത് നല്ല ഫലം കിട്ടാന്‍ നല്ല ചിന്ത വേണം.
ഇന്നലത്തെ പ്രവൃത്തിയാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. ഇന്നത്തെ പ്രവൃത്തിയാണ് ഭാവി എങ്ങനെയെന്നു നിശ്ചയിക്കുന്നത്. അപ്പോള്‍ നല്ല ചിന്ത വളര്‍ത്തി നല്ല ഫലം കൊയ്യാം.
ക്ലേശങ്ങളും ദുഖങ്ങളും ജീവിതത്തെ തേച്ചുമിനുക്കാനുള്ളതാണ്‌, തകര്‍ക്കാനുള്ളതല്ല. അതിനു തെളിവ് മഹത്തുക്കളുടെ ജീവിതം തന്നെ. അവരുടെ വാക്കുകളും ജീവിതസന്ദര്‍ഭങ്ങളും നമ്മില്‍ ആവേശം ഉണര്‍ത്തും. നമ്മിലെ നിരാശ അകറ്റും. ഈ ഗ്രന്ഥങ്ങളിലെ കഥകളും ഉപമകളും ജീവിതത്തിന്റെ‍ ചൂടുള്ളവയാണ്. മഹത്തുക്കള്‍ സ്വയം ജീവിച്ചു കാണിച്ചവയാണ് ഇതിലെ പ്രതിപാദ്യം.

വലിയവനാകാന്‍ എളുപ്പവഴിയുണ്ടോ?


ദുഷ്ഫലങ്ങള്‍ ഒഴിവാക്കാനെന്തു വഴി?
ഭൂലോകസഞ്ചാരം കഴിഞ്ഞെത്തിയ നാരദരോട് മഹാവിഷ്ണു വിശേഷം തിരക്കി. നാരദര്‍ പറഞ്ഞു. “ഭൂമിയില്‍ രണ്ട് അത്ഭുതങ്ങള്‍ ഞാന്‍ കണ്ടു. ഒന്ന്, എല്ലാവര്‍ക്കും നല്ലത് സംഭവിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ അതിനായി നല്ലതൊന്നു ചെയ്യാന്‍ ആരും ഒരുക്കമല്ല. രണ്ട്, എല്ലാവരും ദുഷ്ടഫലത്തെ വെറുക്കുന്നു. പക്ഷേ ദുഷ്ഫലം ഉണ്ടാകാതിരിക്കാന്‍ ദുഷ്പ്രവൃത്തികള്‍ ചെയ്യാതിരിക്കുന്നുമില്ല.
വലിയവനാകാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ട്. അത് നന്നു തന്നെ. നമുക്ക് വലിയവനാകാം. വലിയവനാകാന്‍ വലിയവന്‍ ചെയ്യുന്നപ്രവൃത്തികള്‍ ചെയ്യണമെന്നു മാത്രം.
നാം ഒരാളെ സഹായിക്കുന്നു എന്നു കരുതുക. അപ്പോള്‍ നമ്മുടെ മനസ്സില്‍ സ്വയം ഒരു മതിപ്പ് ഉയര്‍ന്നതും, സന്തോഷം തിരതല്ലുന്നതും ശ്രദ്ധിച്ചാല്‍ അറിയാനാകും. മറിച്ച് ആരെയെങ്കിലും എന്തെങ്കിലും കാര്യസാധ്യത്തിന് സമീപിക്കേണ്ടി വരുമ്പേള്‍ നാം അറിയാതെ നമ്മളൊന്ന് ചുരുങ്ങി, ചൂളി പോകാറുമുണ്ട്. ആശ്രയിക്കുമ്പോള്‍ നാം സ്വയം ചെറിയവനായി പോകുന്നു. സേവനം ചെയ്യുമ്പോള്‍ അറിയാതെ തന്നെ വലിയവനായി മാറുന്നു, മനസില്‍ സംതൃപിതി ഊറുന്നു.
ധനം, പദവി, സമ്പത്ത് ഇവയൊക്കെ അധാര്‍മികമായി സ്വന്തമാക്കാന്‍ ശ്രമിക്കുമ്പോളൊക്കെ നമ്മുടെ അന്തരംഗം നമ്മെ തന്നെ ഇടിച്ച് ചെറുതാക്കാറുണ്ട് ഒരിക്കല്‍ ആ കുറ്റബോധം നമ്മെ ശരിക്കും ചെറിയവനാക്കുകയും ചെയ്യും. മനഃസാക്ഷിയെ പറ്റിക്കാന്‍ ആര്‍ക്കും സാധ്യമല്ല.
കൊടുക്കുന്നവന്റെ കൈ എപ്പോഴും മുകളിലും വാങ്ങുന്നവന്റെ കൈ എപ്പോഴും താഴെയുമാണ്. അതിനാല്‍ നല്ലവനും വലിയവനുമാകാന്‍ നല്ലതും വലുതുമായ പ്രവൃത്തികളില്‍ നമുക്ക് ഏര്‍പ്പെടേണ്ടതുണ്ട്.

ദാന – മഹത്വം


വീടിനു പുറത്ത് കാല്‍ പെരുമാറ്റം. ആരോ വിളിക്കുന്നുണ്ട്. പ്രവാചകന്‍ ആയിഷയോട് എന്തെന്ന് അന്വേഷിക്കാന്‍ പറഞ്ഞു.
അവള്‍ ചെന്നു നോക്കിയിട്ട് പറഞ്ഞു:
“ഒരു ഭിക്ഷക്കാരനാണ്. ഞാന്‍ ധാന്യം കൊടുത്തിട്ടു വരാം.” അവള്‍ ഒരുപടി ധാന്യമെടുത്ത് എണ്ണിനോക്കി ഭിക്ഷക്കാരനു നല്കി. പ്രവാചകന്‍ ഇതെല്ലാം ശ്രദ്ധിച്ചു. ഭിക്ഷക്കാരന്‍ പോയിക്കഴിഞ്ഞപ്പോള്‍ പ്രവാചകന്‍ അരുളി. “ആയിഷാ… എണ്ണിനോക്കി ഭിക്ഷകൊടുക്കരുത്. അല്ലാഹു നിനക്കും എണ്ണിനോക്കിയായിരിക്കും തരിക.” അല്പനേരത്തെ മൗനത്തിനുശേഷം പ്രവാചകന്‍ തുടര്‍ന്നു. “ദാനം രക്ഷാമാര്‍ഗ്ഗമാണ്. ഉള്ളത് കുറവാണങ്കില്‍ പോലും ദാനം ചെയ്യണം. എന്തെങ്കിലും ദാനം ചെയ്യാന്‍ കഴിയുന്നതിനേക്കാള്‍ മഹാഭാഗ്യം മറ്റെന്താണ്?”
മനസറിഞ്ഞുവേണം ദാനം ചെയ്യുവാന്‍. അതായത് സസന്തോഷം, നിറഞ്ഞ മനസോടെ, പൂര്‍ണ്ണ തൃപ്തിയോടെ കൊടുക്കുക. എത്ര കൊടുത്തു എന്നല്ല, എങ്ങനെ കൊടുത്തു എന്നേ ഈശ്വരന്‍ കണക്കാക്കൂ.
കടപ്പാട്: നാം മുന്നോട്ട്

പണത്തിന് പണം തന്നെ വേണ്ടേ?


മദര്‍ തെരേസ പറഞ്ഞൊരു സംഭവകഥ,”കുറച്ചുകാലം മുമ്പ് ഒരാള്‍ ഒരു മരുന്ന് കുറിപ്പുമായി ​എന്റെ ആശ്രമത്തില്‍ വന്നു. അയാളുടെ കുട്ടി ഗുരുതാരാവസ്ഥയിലാണ്. മരുന്നു വാങ്ങാന്‍ ചില്ലിക്കാശില്ല. മരുന്നു കൊടുക്കാന്‍ താമസിച്ചാല്‍ കുട്ടി മരിക്കും. എന്റെ കൈയ്യിലും പണം കമ്മി.
ഒരു നിമിഷം ഞാന്‍ പ്രാര്‍ത്ഥിച്ചു. ഏതാനും നിമിഷങ്ങള്‍ക്കകം മറ്റൊരാള്‍ എന്നെ കാണാന്‍ വന്നു. അയാളുടെ കൈയ്യില്‍ എനിക്കായി പൊതിയുമുണ്ട്. അദ്ദേഹം പലയിടത്തു നിന്നും ശേഖരിച്ച മരുന്നുകളാണതില്‍.
ഞാനത് തുറന്നു. മറ്റേയാളുടെ കുറിപ്പടിയിലുള്ള മരുന്നുകള്‍ മുഴുവനും ഈ പൊതിയില്‍ ഉണ്ടായിരുന്നു. ഉടന്‍ തന്നെ ഞാന്‍ അതു കൊടുത്തു വിടുകയും ചെയ്തു.”
നോക്കൂ, കല്‍ക്കട്ടയിലെ ഒരു ചേരിപ്രദേശത്തുള്ള ഒരു കുഞ്ഞിനു വേണ്ടി ദൈവം മരുന്നു കൊടുത്തയച്ച രീതി. അവിടുത്തെ കൃപയും സ്നേഹവും എത്ര അഗാധം. അവിടുത്തെ ആശ്രയിച്ചാല്‍ ഒന്നിനും ഒരിക്കലും ഒരു കുറവും ഉണ്ടാകില്ല. നാം പരിപൂര്‍ണ സുരക്ഷിതമായിരിക്കും.
അദൃശ്യനായ ഈശ്വരന്റെ സ്നേഹവും സഹായവും സദാ സര്‍വ്വത്ര അനുഭവിക്കാന്‍ ആര്‍ക്കും കഴിയും. അതിനായി നിഷ്കളങ്കതയോടെ ആഗ്രഹിക്കണമെന്നു മാത്രം. പണമല്ല നമുക്കാവശ്യം പണം കൊണ്ട് സാധിക്കേണ്ടത് എന്തോ അത് സാധിക്കുകയാണ്. അതിന് ഈശ്വരന്റേതായ എത്രയോ വഴികളുണ്ട്.

മഹത് വചനങ്ങളിലെ പതിരന്വേഷിക്കരുത്


അമൃതാനന്ദമയി അമ്മ
മക്കളേ,
ഒരിക്കല്‍ ഒരു യുവാവ് ഒരു ഗുരുവിനെ സമീപിച്ചു. തന്നെക്കൂടി ശിഷ്യനായി സ്വീകരിക്കണമെന്ന് അപേക്ഷിച്ചു. അനേകം അന്തേവാസികളും ശിഷ്യന്മാരും ഉണ്ടായിരുന്ന ഒരു ആശ്രമമായിരുന്നു അത്. ഗുരു പറഞ്ഞു: ”ആധ്യാത്മിക ജീവിതം വളരെ കഷ്ടമാണ്. തത്കാലം നീ തിരിച്ചുപോകുക. ഇതു കേട്ട യുവാവിനു വളരെ വിഷമമായി. ഇതു കണ്ട ഗുരു ചോദിച്ചു: ”നിനക്ക് എന്തെങ്കിലും ജോലി അറിയാമോ?” അതിനു ശേഷം ആശ്രമത്തിലെ വിവിധ ജോലികള്‍ ഗുരു പറഞ്ഞു. പൂജാദി കാര്യങ്ങളെയും ആശ്രമത്തിലെ ചിട്ടകളെയും കുറിച്ച് അയാള്‍ക്ക് അറിയാമായിരുന്നില്ല. ”എങ്കില്‍ ഇവിടെ കുറെ കുതിരകള്‍ ഉണ്ട്. അവയെ നോക്കാന്‍ പറ്റുമോ?” ”തീര്‍ച്ചയായും ഗുരോ”- യുവാവു പറഞ്ഞു.
അന്നുമുതല്‍ യുവാവിനെ കുതിരകളുടെ ചുമതല ഏല്‍പിച്ചു. അയാള്‍ വളരെ ശ്രദ്ധയോടെ കുതിരകളെ പരിപാലിക്കാന്‍ തുടങ്ങി. അതുവരെ എല്ലും തോലുമായിരുന്ന കുതിരകള്‍ നന്നായി തടിച്ചുകൊഴുത്തു. ഈ ഗുരുവിന്റെ ആശ്രമത്തിലെ അഭ്യസനത്തിനും പ്രത്യേകതകളുണ്ടായിരുന്നു. ഗുരു ശിഷ്യന്മാര്‍ക്ക് പ്രത്യേകം ഉപദേശങ്ങളൊന്നും നല്‍കാറില്ല. രാവിലെ എല്ലാവരെയും വിളിച്ച് ഓരോ ശ്ലോകം പറഞ്ഞുകൊടുക്കും. ശിഷ്യന്മാര്‍ എപ്പോഴും അതു മനനം ചെയ്തു ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണം.
ഒരു ദിവസം രാവിലെ ഗുരു പതിവിലും നേരത്തെ ശിഷ്യന്മാര്‍ക്ക് ഉപദേശം നല്‍കി. അതിനുശേഷം കുതിരയെ അഴിച്ച് യാത്ര പുറപ്പെടാന്‍ തുടങ്ങി. അപ്പോഴാണ് ആ യുവാവ് ഓടിയെത്തുന്നത്. തനിക്കു കിട്ടേണ്ട ഉപദേശം കിട്ടിയിട്ടില്ല. ”ഗുരോ അടിയനുള്ള ഉപദേശം എന്താണ്?”- യുവാവ് ചോദിച്ചു. ”നിനക്കറിയില്ലേ ഞാനൊരു യാത്രയ്ക്കു പോവുകയാണ്. ഇപ്പോഴാണോ ഇതൊക്കെ ചോദിക്കുന്നത്?” ഗൗരവത്തില്‍ ഇത്രയും പറഞ്ഞിട്ട് ഗുരു കുതിരയെ ഓടിച്ചുപോയി. യുവാവ് നിരാശനായില്ല. ഗുരു പറഞ്ഞ വാക്കുകള്‍ മനനം ചെയ്യാന്‍ തുടങ്ങി. ”നിനക്കറിയില്ലേ ഞാനൊരു യാത്രയ്ക്കു പോവുകയാണ്, ഇപ്പോഴാണോ ഇതൊക്കെ ചോദിക്കുന്നത്?” ഗുരു വൈകീട്ടു തിരിച്ചെത്തി. ഒരു ശിഷ്യനെ മാത്രം കാണുന്നില്ല. ഗുരു അവനെവിടെയെന്ന് അന്വേഷിച്ചു. മറ്റുള്ള ശിഷ്യന്മാര്‍ അയാളെ കളിയാക്കിക്കൊണ്ട് പറഞ്ഞു: ”ഗുേരാ ആ മണ്ടന്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുന്നു. നിനക്കറിയില്ലേ ഞാനൊരു യാത്രയ്ക്കു പോവുകയാണ്, ഇപ്പോഴാണോ ഇതൊക്കെ ചോദിക്കുന്നത്? എന്നും മറ്റും.” ഇത്രയും പറഞ്ഞ് അവര്‍ ആ ശിഷ്യനെ കളിയാക്കി ചിരിച്ചു. അദ്ദേഹം വാത്സല്യത്തോടെ യുവാവിനെ വിളിച്ചുചോദിച്ചു: ”നീ എന്തു ചെയ്യുകയാണ്.” ”അങ്ങു രാവിലെ പറഞ്ഞ വാക്കുകള്‍ ഞാന്‍ മനനം ചെയ്യുകയായിരുന്നു.” ഇതു കേട്ടതോടെ ഗുരുവിന്റെ മനസ്സു നിറഞ്ഞു. ഇരു കരങ്ങളും അയാളുടെ ശിരസ്സില്‍വെച്ച് അനുഗ്രഹിച്ചു.
ഇത് മറ്റു ശിഷ്യര്‍ക്ക് ഒട്ടും ഇഷ്ടമായില്ല. അവര്‍ പരിഭവം ഗുരുവിനെ അറിയിച്ചു. ”അവനേക്കാള്‍ മുമ്പ് ഇവിടെ വന്ന ഞങ്ങളെ അങ്ങ് അവഗണിച്ചു. ആ മരമണ്ടനോട് ഇത്രയും വാത്സല്യം കാട്ടേണ്ട ആവശ്യമെന്താണ്?” അവര്‍ക്കു സഹിക്കാനായില്ല. ഗുരു പറഞ്ഞു: ”നിങ്ങള്‍ പോയി അല്‍പം മദ്യം കൊണ്ടുവരൂ.” ഗുരു അവര്‍ കൊണ്ടുവന്ന മദ്യം കുറച്ചു വെള്ളത്തില്‍ കലര്‍ത്തി. ഓരോരുത്തരുടെയും വായില്‍ ഒഴിച്ചുകൊടുത്തു. ഉടനെ തുപ്പുവാനും പറഞ്ഞു. ശിഷ്യന്മാര്‍ അനുസരിച്ചു. ഗുരു ചോദിച്ചു: ”നിങ്ങള്‍ക്ക് ഈ മദ്യത്തിന്റെ ലഹരി കിട്ടിയോ?” ”അതെങ്ങനെ കിട്ടും? മദ്യം ഇറക്കുന്നതിനു മുമ്പു തുപ്പിക്കളയാന്‍ അങ്ങു പറഞ്ഞു. ഞങ്ങള്‍ തുപ്പിക്കളഞ്ഞു”- ശിഷ്യന്മാര്‍ ഒരുമിച്ചു പറഞ്ഞു. ”ഇതുപോലെയാണു നിങ്ങള്‍ എന്റെ വാക്കുകള്‍ ഉള്‍ക്കൊണ്ടത്. കേള്‍ക്കും, ഉടന്‍ കളയും. എന്നാല്‍ അവനങ്ങനെയായിരുന്നില്ല. നിങ്ങള്‍ മണ്ടന്‍ എന്നു വിളിച്ചു പരിഹസിച്ചവന്‍ എന്താണു ചെയ്തത്? ഞാന്‍ പറയുന്നതില്‍ ഒരു തരിമ്പു പോലും ചീത്ത കാണാതെ അതേപടി സ്വീകരിച്ചു. ആ ഒരു നിഷ്‌ക്കളങ്കത അവനിലുണ്ട്. നിങ്ങളെ കുതിരകളെ നോക്കാന്‍ ഏല്‍പിച്ചപ്പോള്‍ അവ എല്ലും തോലുമായിരുന്നു. നിങ്ങള്‍ അവയ്ക്ക് സമയത്തു ഭക്ഷണം നല്‍കാറില്ലായിരുന്നു. അവയെ കുളിപ്പിക്കാറില്ലായിരുന്നു. എന്നാല്‍ അവന്‍ കുതിരകളുടെ സംരക്ഷണം ഏറ്റെടുത്തപ്പോള്‍ വന്ന മാറ്റം കണ്ടില്ലേ? അവന്‍ അവയക്ക് ആഹാരം നല്‍കുക മാത്രമായിരുന്നില്ല. അവയെ സ്‌നേഹിക്കുകകൂടി ചെയ്തു. അവന്‍, അവന്റെ ജോലി ആത്മാര്‍ഥതയോടെയും കൃത്യതയോടെയും ചെയ്തു. അവന്‍ കര്‍മത്തിനു വേണ്ടി കര്‍മം ചെയ്തു. മാത്രമല്ല, ഗുരുവിന്റെ വാക്കുകള്‍ അതേപടി ഉള്‍ക്കൊണ്ടു.”
മക്കളേ, ഇതുപോലെയാവണം നിങ്ങളുടെ പ്രവൃത്തികള്‍. ഗുരുക്കന്മാരുടെയും മഹാന്മാരുടെയും വാക്കുകളിലെ പതിരന്വേഷിച്ച് നടക്കരുത്. കഴിഞ്ഞകാല ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കിയാല്‍ ‘മണ്ടന്‍’ എന്നുവിളിച്ചു മറ്റുള്ളവര്‍ കളിയാക്കിയ ശിഷ്യനെപ്പോലെ പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ടോ എന്നു പരിശോധിക്കണം. മാതാപിതാക്കന്മാര്‍, ബന്ധുജനങ്ങള്‍, ഗുരുക്കന്മാര്‍, മഹാന്മാര്‍ എന്നിവരുടെ വാക്കുകള്‍ ഉള്‍ക്കൊണ്ട് സദ് പ്രവൃത്തികള്‍ ചെയ്യാന്‍ മക്കള്‍ക്കു സാധിക്കട്ടെ.