2018, ജൂലൈ 3, ചൊവ്വാഴ്ച

പ്രചോദന കഥകള്‍



ഗജേന്ദ്രന്റെ ഭക്‌തിയും മുക്‌തിയും

ഒരു പ്രഭാതത്തില്‍ പൂക്കള്‍ക്കൊണ്ട്‌ ഭഗവാനെ അര്‍ച്ചിക്കുന്ന സമയം ഗന്ധര്‍വ്വനായ മുതല ഗജേന്ദ്രന്റെ കാലില്‍ കടന്നുപിടിച്ച്‌ തടാകത്തിന്റെ ആഴങ്ങളിലേക്ക്‌ കൊണ്ടുപോകാന്‍ ശ്രമിച്ചു. പഠിച്ചപണി മുഴുവന്‍ നോക്കിയിട്ടും ഗജേന്ദ്രന്റെ കാലിലെ പിടി മുതല വിട്ടില്ല. ആനയാകട്ടെ നിന്നിടഞ്ഞ്‌ തന്നെ ഉറച്ച്‌ നിന്ന്‌ വിഷ്‌ണുവിനെ സ്‌തുതിക്കാനും താമരപ്പൂക്കള്‍ തുമ്പിക്കരത്താല്‍ പറിച്ചെടുത്ത്‌ ആകാശത്തേക്ക്‌ അര്‍ച്ച നടത്താനും തുടങ്ങി.
യഥാര്‍ത്ഥമായ ഭക്‌തിയാണ്‌ മുക്‌തിക്ക്‌ കാരണം. ഈ പ്രപഞ്ചത്തില്‍ ഭക്‌തന്‍ ഭക്‌തിയോടുകൂടി ആഗ്രഹിക്കുന്നത്‌ എന്തോ, അത്‌ ഈശ്വരന്‍ നല്‍കുന്നു.

ഇന്ദ്രദ്യുമ്‌നന്‍ എന്ന രാജാവ്‌ മഹാവിഷ്‌ണുവിന്റെ വലിയ ഭക്‌തനായിരുന്നു. ഒരുദിവസം ധ്യാനത്തിലായിരുന്നപ്പോള്‍അഗസ്‌ത്യമഹര്‍ഷി അദ്ദേഹത്തെ കാണുവാന്‍ ചെന്നു. രാജാവ്‌ മുനിയുടെ ആഗമനം അറിഞ്ഞില്ല. കോപിഷ്‌ഠനായ മുനി 'നീ ഒരു കാട്ടാനയായിത്തീരട്ടെയെന്ന്‌' രാജാവിനെ ശപിച്ചു. ധ്യാനത്തില്‍ നിന്നുണര്‍ന്ന രാജാവ്‌ തന്റെ മന്ത്രിയില്‍നിന്ന്‌ ശാപവൃത്താന്തം അറിഞ്ഞു. ഉടന്‍ തന്നെ ആശ്രമത്തിലെത്തി രാജാവ്‌ മുനിയോട്‌ മാപ്പ്‌ പറഞ്ഞു. ശാപമോക്ഷം നല്‍കണമെന്ന്‌ അഭ്യര്‍ത്ഥിച്ചു. മുനി പറഞ്ഞു: ''വിഷ്‌ണുവിനെത്തന്നെ അഗാധമായി ധ്യാനിച്ചുകൊള്ളുക. കരുണാനിധിയായ ഭഗവാന്‍ അങ്ങേയ്‌ക്ക് ശാപമോക്ഷം നല്‍കും.' രാജാവ്‌ ഉടന്‍ തന്നെ കാട്ടാനയായി മാറി. കൊടുംകാട്ടില്‍ മറ്റ്‌ കാട്ടാനകളുമായി കൂട്ടം ചേര്‍ന്ന്‌ നടന്നു. സദാ വിഷ്‌ണുവിനെ സ്‌മരിച്ചുകൊണ്ട്‌ ഗജേന്ദ്രന്‍ ദിവസങ്ങള്‍ തള്ളിനീക്കി. വര്‍ഷങ്ങള്‍ കടന്നുപോയി.

ഒരുദിവസം ഒരു വലിയ താമരപ്പൊയ്‌കയുടെ തീരത്ത്‌ ഗജേന്ദ്രന്‍ എത്തിച്ചേര്‍ന്നു. തടാകത്തില്‍ ചുവന്നതാമരപ്പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്നു. ഗജേന്ദ്രന്‍ തടാകത്തില്‍ നിന്നും ജലം കുടിച്ച്‌ ദാഹമകറ്റി.സ്‌നാനം ചെയ്‌തശേഷം താമരപ്പൂക്കള്‍ പറിച്ച്‌, വിഷ്‌ണുസ്‌തുതികള്‍ ചൊല്ലി അര്‍ച്ചന നടത്തി. ഇത്‌ ദിവസവും മുടങ്ങാതെ ചെയ്‌തുവന്നു. ആ തടാകത്തില്‍ 'ഹൂ ഹൂ' എന്ന പേരായ ഗന്ധര്‍വ്വന്‍ മുതലയുടെ രൂപത്തില്‍ വസിക്കുന്നുണ്ടായിരുന്നു. ഒരു പ്രഭാതത്തില്‍ പൂക്കള്‍ക്കൊണ്ട്‌ ഭഗവാനെ അര്‍ച്ചിക്കുന്ന സമയം ഗന്ധര്‍വ്വനായ മുതല ഗജേന്ദ്രന്റെ കാലില്‍ കടന്നുപിടിച്ച്‌ തടാകത്തിന്റെ ആഴങ്ങളിലേക്ക്‌ കൊണ്ടുപോകാന്‍ ശ്രമിച്ചു. പഠിച്ചപണി മുഴുവന്‍ നോക്കിയിട്ടും ഗജേന്ദ്രന്റെ കാലിലെ പിടി മുതല വിട്ടില്ല.ആനയാകട്ടെ നിന്നിടഞ്ഞ്‌ തന്നെ ഉറച്ച്‌ നിന്ന്‌ വിഷ്‌ണുവിനെ സ്‌തുതിക്കാനും താമരപ്പൂക്കള്‍ തുമ്പിക്കരത്താല്‍ പറിച്ചെടുത്ത്‌ ആകാശത്തേക്ക്‌ അര്‍ച്ച നടത്താനും തുടങ്ങി. ദിവസങ്ങള്‍ കടന്നുപോയി.

ഗജേന്ദ്രസ്‌തുതിയില്‍ സന്തുഷ്‌ടനായ ഭഗവാന്‍ ഗരുഢാരൂഢനായി ഒരു ദിവസം പ്രത്യക്ഷപ്പെട്ടു. ആന അര്‍ച്ചിച്ചുകൊണ്ടിരുന്ന പുഷ്‌പം ഭഗവാന്റെ നെറുകയില്‍ പതിച്ചു. സന്തുഷ്‌ടനായ ഭഗവാന്‍ ഗജേന്ദ്രനെ അനുഗ്രഹിച്ച്‌ മോക്ഷം നല്‍കി വൈകുണ്‌ഠത്തിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. മുതലയായ ഗന്ധര്‍വ്വന്‌ ശാപമോക്ഷം ലഭിക്കുകയും ചെയ്‌തു.
ഭാഗവതത്തിലെ ഈ കഥയില്‍ ഒരു അന്തരാര്‍ത്ഥം അടങ്ങിയിട്ടുണ്ട്‌. ഒരു പ്രകാരത്തില്‍ അഗസ്‌ത്യമുനി ശാപമല്ല; അനുഗ്രഹമാണ്‌ രാജാവിന്‌ നല്‍കിയത്‌. എന്നാല്‍ പ്രത്യക്ഷത്തില്‍ ശാപമാണെന്ന്‌ തോന്നുകയും ചെയ്യും. രാജാവിന്‌ പല ജന്മങ്ങളിലെ പാപഫലങ്ങള്‍ അനുഭവിച്ചു തീരാനുണ്ടെന്ന വസ്‌തുത മുനിക്ക്‌ അറിയാമായിരുന്നതുകൊണ്ട്‌ സന്ദര്‍ഭം വന്നപ്പോള്‍ ശപിക്കുകയാണുണ്ടായത്‌. മഹാജ്‌ഞാനികള്‍ മറ്റുള്ളവരുടെ നന്മയെ കരുതി മാത്രമേ ഏതു കാര്യവും ചെയ്യാറുള്ളൂ.

സത്യം അറിയുവാന്‍ ശ്രമിക്കുക

ഒരാള്‍ ഒരിക്കല്‍ കാട്ടില്‍പോയപ്പോള്‍ മരത്തിന്മേല്‍ ഒരു മനോഹരമായ ജന്തുവിനെ കണ്ടു...അയാള്‍ മടങ്ങിവന്നു കൂട്ടുകാരോട് പറഞ്ഞു...'ഞാന്‍ മരത്തിന്മേല്‍ നല്ല ഭംഗിയുള്ള ചുവന്ന ഒരു ജീവിയെ കണ്ടു...കൂട്ടുകാരില്‍ ഒരുവന്‍ പറഞ്ഞു : 'ഞാനും കണ്ടു ആ ജീവിയെ ..അതിന്റെ നിറം ചുവപ്പല്ല ,മഞ്ഞയാണ്...' മറ്റൊരുത്തന്‍ പറഞ്ഞു ; നങ്ങള്‍ ആരും ആ ജീവിയെ ശരിക്ക് കണ്ടില്ല ,ഞാന്‍ അതിനെ നീല നിറത്തില്‍ കണ്ടിട്ടാണ് വരുന്നത്.'...ഇങ്ങനെ പലരും പലവിധത്തില്‍ തര്‍ക്കിച്ചു തുടങ്ങി...അവസാനം അവരെല്ലാം കൂടി തര്‍ക്കം തീര്‍ക്കാനായി ആ മരത്തിന്റെ അടുത്ത ചെന്ന്...അവിടെ സ്ഥിരമായി താമസിക്കുന്ന ഒരുവനെ കണ്ടു ചോദിച്ചു ; 'ആ ജന്തുവിന്റെ നിറം എന്താണ് ? അയാള്‍ പറഞ്ഞു 'നിങ്ങള്‍ എല്ലാവരും പറഞ്ഞത് ശരിയാണ് ..അത് ചിലപ്പോള്‍ ചുവപ്പും ചിലപ്പോള്‍ മഞ്ഞയും ചിലപ്പോള്‍ നീലയും ഒക്കെയാണ്‌ ....ചിലപ്പോള്‍ നിറമോന്നും ഇല്ലാതെയും കാണാം...അതിന്റെ പേരാണ് ഓന്ത് എന്ന് '...ഞാന്‍ ഇവിടെ താമസിക്കുന്നത്കൊണ്ട് എല്ലാം കാണുന്നുണ്ട്..ഇത് കേട്ട് എല്ലാവരും കാര്യം മനസ്സിലാക്കി സംതൃപ്തരായി മടങ്ങി...

വാദപ്രതിവാദങ്ങളുടെ നിരര്‍ത്ഥതയെ കാണിക്കാനായി ശ്രീരാമകൃഷ്ണന്‍ പറയാറുള്ള ഒരുദാഹരണമാണിത്...ഈശ്വരനെപ്പറ്റി പലമതക്കാരും പലവിധത്തില്‍ വാദിക്കുന്നു...ഓരോരുത്തരും സ്വന്തം വാദം മാത്രമാണ് ശരി മറ്റുള്ളത് തെറ്റാണെന്നും പറയുന്നു...പണ്ട് ഒരു രാജസദസ്സില്‍ വെച്ച് ശൈവന്മാരും വൈഷ്ണവന്മാരും തമ്മില്‍ വലിയ വാദമുണ്ടായി . ശിവനാണ് ശ്രേഷ്ടന്‍ എന്ന് ശൈവന്മാര്‍ വാദിച്ചു...കാരണം വിഷ്ണു ദിവസവും ആയിരം താമരപ്പൂക്കളെകൊണ്ടു ശിവനെ ആരാധിക്കുക പതിവാണ്...ഒരു ദിവം ശിവന്‍ വിഷ്ണുവിന്റെ ഭക്തിയെ പരീക്ഷിക്കുവാനായി ഒരു താമരപൂവ് ഒളിച്ചുവെച്ചു...സഹസ്രനാമം ചൊല്ലി ആരാധന തുടങ്ങിയ വിഷ്ണു ആയിരാമത്തെ നാമത്തിനു താമരപ്പൂവില്ലാതായപ്പോള്‍ സ്വന്തം നയന കമലം പറിച്ചെടുത്ത് ആരാധന മുഴുമിപ്പിച്ചു...ആ ഭക്തി കണ്ടു സന്തുഷ്ടനായ ശിവന്‍ വിഷ്ണുവിന് മനോഹരങ്ങളായ നേത്രങ്ങളുണ്ടാവാനനുഗ്രഹിച്ചു...മാത്രമല്ല അന്ന് ശിവന്‍ കൊടുത്ത സുദര്‍ശനചക്രം കൊണ്ടാണ് വിഷ്ണു ലോകരക്ഷണം നിര്‍വ്വഹിക്കുന്നതെന്നുമായിരുന്നു അവരുടെ വാദം..വൈഷ്ണവന്മാര്‍ പറഞ്ഞു ; ശിവന്‍ വിഷ്ണുവിന്റെ ഒരു ഭക്തനാണ്...

വിഷ്ണുവില്ലായിരുന്നെങ്കില്‍ ശിവനെ അന്നുതന്നെ ഭസ്മാസുരന്‍ ഭസ്മമാക്കിക്കളഞേനെ...അതിന്റെ സ്മരണയ്ക്കാണ്‌ വിഷ്ണുവിന്റെ പാദങ്ങളില്‍ നിന്നും ഉത്ഭവിച്ച ഗംഗയെ ശിവന്‍ ശിരസ്സിലേറ്റി നടക്കുന്നത്...അതുകൊണ്ട് വിഷ്ണു ശിവനെക്കാള്‍ ശ്രേഷ്ടനാനെന്നാണ് വൈഷ്ണവന്മാരുടെ വാദം...ഈ വാദത്തിനൊരു പരിഹാരം കാണുവാന്‍ ഒരു സന്യാസി വൈഷ്ണവന്മാരോട് വിഷ്ണുവിനെയും ശൈവന്മാരോട് ശിവനെയും സാക്ഷാത്കരിക്കുവാന്‍ പറയുകയാണ്‌ ചെയ്തത്..കാരണം സത്യം അറിയാത്തതുകൊണ്ടാണ് വാദപ്രതിവാദങ്ങളുണ്ടാകുന്നത്.... വാദങ്ങളില്‍ മാത്രം മുഴുകി കഴിയുന്നവര്‍ക്ക് സത്യം അറിവാന്‍ സാധിക്കുകയുമില്ല ...അഞ്ജാനമാണ് എല്ലാ ഭയങ്ങള്‍ക്കും ദുഖങ്ങള്‍ക്കും കാരണം...ഇന്ന് മതപരമായ കലഹങ്ങള്‍ക്കും കാരണം സങ്കുചിതമായ ദൃഷ്ടിയില്‍ക്കൂടി ഈശ്വരനെ വിലയിരുത്തുന്നതാണ്...ദൈവം ഒന്നേയുള്ളൂ ; ആ ദൈവത്തെ പലരും പല പേരുകളെക്കൊണ്ട് വിളിക്കുന്നു എന്ന് ഋഷീശ്വരന്മാര്‍ വിളംബരം ചെയ്തിട്ടുള്ള പരമസത്യം മനസ്സിലാക്കിയാല്‍ പിന്നെ മതകലഹങ്ങള്‍ക്ക് കാരണമില്ല...ഏതു പേര് ചൊല്ലി വിളിച്ചാലും ഈശ്വരന്‍ പ്രസാദിക്കുകതന്നെ ചെയ്യും...

" ശ്രീരാമകൃഷ്ണന്‍ " സ്വന്തം അനുഭൂതികളെ അടിസ്ഥാനപ്പെടുത്തി പ്രഖ്യാപിച്ച സര്‍വ്വമതസമന്വയത്തിന് ആശ്രയം ഈ തത്വമാണ്...ബാഹ്യവും ഉപരിപ്ലവവുമായ വീക്ഷണത്തില്‍നിന്ന് ആന്തരികവും അഗാധവുമായ വീക്ഷണത്തിലേക്ക്‌ ഇറങ്ങിചെല്ലുകയാണ് നാം വേണ്ടത്...അതോടെ വാദപ്രതിവാദങ്ങളെല്ലാം അവസാനിക്കും..

ഹൃദയവാസിയായ ഈശ്വരന്‍ പ്രാര്‍ത്ഥന കേള്‍ക്കാത്തതെന്തേ?

പ്രശസ്തമായൊരു ഗണപതി ക്ഷേത്രം സന്ദര്‍ശിച്ചുകഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഒരാഗ്രഹം. ഒരു ഗണപതി വിഗ്രഹം വാങ്ങണം. അദ്ദേഹം കടകള്‍ കയറി ഇറങ്ങി. മനസ്സിനിഷ്ടപ്പട്ട ഒരു വിഗ്രഹം തിരഞ്ഞെടുത്തു. ഹോട്ടല്‍ മുറിയില്‍ ചെന്ന് വീട്ടിലേക്ക് തിരിച്ചു പോകാനായി പെട്ടി ഒതുക്കിയപ്പോഴാണ് വിഗ്രഹം അതില്‍ കൊള്ളുകയില്ലെന്നറിഞ്ഞത്. അദ്ദേഹം തിരിച്ച് കടയിലെത്തി.

“ഇത് പെട്ടിയില്‍ കൊള്ളുകില്ല; കുറച്ചു ചെറുത് മതി” കടയുടമ ചെറിയൊരു വിഗ്രഹം കൊടുത്തു വിട്ടു. ഇതെല്ലാം കണ്ടുകൊണ്ടു നിന്ന ഒരാള്‍ പറ‍ഞ്ഞു: “എല്ലാവര്‍ക്കും ആവശ്യം തങ്ങളുടെ പെട്ടിയില്‍ ഒതുങ്ങുന്ന ഈശ്വരനെയാണ്.”

വലിയൊരു സന്ദേശം ഇതിലുണ്ട്. ഈശ്വരനെ അവിടുത്തെ സര്‍വ്വ വലിപ്പത്തോടും മേന്മയോടും കൂടി ഉള്‍ക്കൊളളുവാന്‍ തക്കവണ്ണം നമ്മുടെ മനസ്സ് വിശാലമാക്കി നാം സ്ഥാനം കൊടുക്കുന്നില്ല. മറിച്ച് നമ്മുടെ സങ്കുചിതമായ, ഇടുങ്ങിയ മനസ്സില്‍ ഈശ്വരനെ ചെറുതാക്കി, ‘അംഗഭംഗം’ വരുത്തി പ്രതിഷ്ടിക്കുകയാണ് നാം. അങ്ങനെ ഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന ഈശ്വരന് അനുഗ്രഹിക്കാനുള്ള ശക്തി ഉണ്ടാകുമോ? തീര്‍ച്ചയായും ഇല്ല. ഈശ്വരനെ അവിടുത്തെ സമസ്തപ്രഭാവത്തെടും കൂടി ഹൃദയത്തില്‍ ഉറപ്പിക്കുക. അപ്പോള്‍ നാം ലോകം മുഴുവനും ഉള്‍ക്കൊള്ളാനാകും വിധം വളരുന്നതറിയാം.