2018, ജൂലൈ 3, ചൊവ്വാഴ്ച

പ്രചോദന കഥകള്‍:--




യോഗക്ഷേമം വഹാമ്യഹം(പ്രചോദന കഥകള്‍)


ഒരിക്കല്‍ ഒരു ശിഷ്യന്‍ ഭിക്ഷയ്ക്കുപോയി. വൈകുന്നതുവരെ നടന്നിട്ടും യാതൊന്നും കിട്ടിയില്ല. രാത്രി വിശന്നു തളര്‍ന്ന് , ഗുരുവിന്റെ അടുത്തെത്തി ഭിക്ഷയൊന്നും ലഭിക്കാത്തതില്‍ ആയാള്‍ക്ക് ഈശ്വരനോട് ദേഷ്യമായി. ദേഷ്യത്തില്‍ അവന്‍ ഗുരുവിനോട് പറഞ്ഞു: "ഇനി ഞാന്‍ ഈശ്വരനെ ആശ്രയിച്ച് ജീവിക്കാന്‍ തയ്യാറല്ല. അങ്ങു പറയാറുണ്ട്, ഈശ്വരനെ ആശ്രയിച്ചാല്‍ നമുക്കു വേണ്ടെതെല്ലാം ലഭിക്കുമെന്ന് !!! ഒരു നേരത്തെ ഭക്ഷണംകൂടി തരാന്‍ കഴിയാത്ത ഈശ്വരനെ ഞാന്‍ എന്തിന് ആശ്രയിക്കണം? ഈശ്വരനെ വിശ്വസിച്ചതുതന്നെ തെറ്റായിപോയി." ഗുരു കുറച്ചുനേരം ഒന്നും മിണ്ടിയില്ല. അതിനുശേഷം ശിഷ്യനോട് ചോദിച്ചു: ’നിനക്ക് ഞാന്‍ കുറെ ഏറെ രൂപ തരാം. നിന്റെ രണ്ടു കണ്ണുകളും തരാമോ?’ ശിഷ്യന്‍ പറഞ്ഞു: 'കണ്ണു പോയാല്‍ എന്റെ കാഴ്ചശക്തി നഷ്ടമാകില്ലേ? എത്ര വലിയ തുക തന്നാലും ആരെങ്കിലും കണ്ണു വിലയ്ക്കു കൊടുക്കുമോ?’ ‘എങ്കില്‍ കണ്ണു വേണ്ട. നിന്റെ നാക്കു തരാമോ?’ ‘നാക്കുതന്നാല്‍ ഞാന്‍ എങ്ങനെ സംസാരിക്കും?’ ‘എങ്കില്‍ നിന്റെ കൈകൾ തരാമോ? അതു പറ്റില്ലെങ്കില്‍ കാലുകള്‍ തന്നാലും മതി, ധാരാളം പണം തരാം.’ ഉടന്‍ ശിഷ്യന്റെ മറുപടി വന്നു: ’പണത്തേക്കാള്‍ വിലയുള്ളതാണ് നമുടെ ഒക്കെ ശരീരം. അതു നഷ്ടപ്പെടുത്താന്‍ ആരെങ്കിലും തയ്യാറാകുമോ?’ ശിഷ്യന്റെ മനോഭാവമറിഞ്ഞ് ഗുരു പറഞ്ഞു: ’നിന്റെ ഈ ശരീരം എത്രയോ ലക്ഷംരൂപ വിലയുള്ളതാണ്. ഇതു നിനക്ക് ഈശ്വരന്‍ തന്നത് യാതൊരു പ്രതിഫലവും പറ്റാതെയാണെന്നോര്‍ക്കണം. എന്നിട്ടും നീ ഈശ്വരനെ കുറ്റം പറയുന്നു. ഇത്ര വില കൂടിയ ഈ ശരീരം നിനക്ക് ഈശ്വരന്‍ നല്കിയിരിക്കുന്നത് മടിപിടിച്ചിരിക്കുവാനല്ല ; ശ്രദ്ധാപൂര്‍വം കര്‍മം ചെയ്തു ജീവിക്കാനാണ്.’ ലോകത്തില്‍ പ്രയത്നം കൂടാതെ ജീവിതത്തില്‍ വിജയം കണ്ടെത്താന്‍ കഴിയില്ല. പ്രയത്നം ചെയ്യാന്‍ തയ്യാറാകാതെ എല്ലാം ഈശ്വരന്‍ നോക്കിക്കൊള്ളും എന്നു പറഞ്ഞുകൊണ്ടിരിക്കുക- എന്നത് അലസതയുടെ ലക്ഷണമാണ്. പ്രയത്നിക്കേണ്ട സന്ദര്‍ഭങ്ങളില്‍ എല്ലാം ഈശ്വരന്‍ നോക്കിക്കൊള്ളുമെന്നു പറയും. എന്നാല്‍ വിശക്കുമ്പോള്‍ എവിടെയെങ്കിലും ചെന്ന് മോഷ്ടിച്ചായാലും വേണ്ടില്ല, വയറു നിറയ്ക്കാന്‍ നോക്കും. ആ സമയത്ത് ഈശ്വരന്‍ കൊണ്ടുത്തരട്ടെ എന്നു ചിന്തിച്ച് ക്ഷമയോടെ കാത്തിരിക്കാറില്ല. പലര്‍ക്കും വിശപ്പിന്റെ മുന്നിലും സ്വന്തം കാര്യങ്ങളുടെ മുന്നിലും ഈശ്വരനിലുള്ള സമര്‍പ്പണം വാക്കുകളില്‍ മാത്രമാണ്. കര്‍മം ചെയ്യേണ്ട അവസരങ്ങളില്‍ കൈയുംകെട്ടി വെറുതെയിരുന്നാല്‍ ഫലം കിട്ടുകയില്ല. നമുക്ക് ആയുസ്സും ആരോഗ്യവും ബുദ്ധിയും ഈശ്വരന്‍ നല്‍കിയിരിക്കുന്നത് മടിയന്മാരായിരുന്നു ജീവിതം പാഴാക്കനല്ല. മനുഷ്യ ധര്‍മ്മമനുസരിച്ച് പ്രയത്നിക്കുവാന്‍ തയ്യാറാകണം. ആഹാരം പാകംചെയ്യാനുള്ള അഗ്നി ഉപയോഗിച്ച് വീടുപോലും തീ കൊളുത്തുകയും ചെയ്യാം. പ്രയത്നിക്കേണ്ട സമയത്ത്, പ്രയത്നിക്കേണ്ട രീതിയില്‍ ഈശ്വരാര്‍പ്പണമായി പ്രയത്നിക്കുക. എങ്കില്‍ മാത്രമേ ശരിയായ ഫലം ലഭിക്കുകയുള്ളൂ. യാതൊരു കര്‍മവും ചെയ്യാതെ എല്ലാം ഈശ്വരന്‍ നോക്കിക്കൊള്ളും എന്നു പറഞ്ഞ് ഇരിക്കുന്നവര്‍, കിട്ടിയ വിത്ത് പെട്ടിയില്‍ വെച്ച് സൂക്ഷിക്കുന്നതുപോലെയാണ്. വിത്ത് പെട്ടിക്കു ഭാരമാകുന്നതല്ലാതെ മറ്റു യാതൊരു ഗുണവുമില്ല. കുറച്ചു കഴിഞ്ഞാൽ അത് ഉപയോഗ ശൂന്യം ആകും
ഭൗതികജീവികള്‍ക്ക് താല്‍ക്കാലിക സുഖം മാത്രമാണ് ലക്ഷ്യം. എന്നാല്‍ വിത്തുവിതച്ച്, വേണ്ട വെള്ളവും വളവും നല്കി വളര്‍ത്തിയാല്‍ അതു ക്കൊണ്ട് എല്ലാവര്‍ക്കും പ്രയോജനമുണ്ടാകും. വിതച്ച വിത്തില്‍നിന്നുണ്ടായ ഫലം കൊണ്ട് കുടുംബത്തിന്റെയും വിശപ്പടക്കി, വീണ്ടും വിതച്ച് നാട്ടുകാര്‍ക്ക് ആവശ്യമായത് നല്കാന്‍ അയാള്‍ക്കു കഴിയും....

പ്രചോദന കഥകള്‍

ഒരിയ്ക്കല്‍ തന്റെ ഗുരുവിനെ കാണാനായി ഒരു ശിഷ്യന്‍ ആശ്രമത്തിലേക്ക് തിരിച്ച്. എന്തോ പുതിയ വ്യാപാരസംബന്ധമായ ഒരു ഉദ്ദിഷ്ടകാര്യത്തിന് അനുഗ്രഹം വാങ്ങിക്കാന്‍ വേണ്ടിയായിരുന്നു പോക്ക്. ഗുരുവിന് കാണിക്ക വയ്ക്കാന്‍ കുറെ ഓറഞ്ചും അദ്ദേഹം കരുതിയിരുന്നു.
അദ്ദേഹം ആശ്രമത്തിലെത്തി ഗുരുവിനെ കണ്ടുവണങ്ങി തന്റെ ആഗ്രഹം അറിയിച്ചു. ഗുരു അല്പനേരം മൗനിയായി ഇരുന്നു. തന്റെ ശിഷ്യന്റെ അതിരറ്റ ആഗ്രഹങ്ങളുടെ ഗതി അദ്ദേഹം മനസ്സിലാക്കി. ബിസിനസ്സ് തഴച്ച് വളരുമ്പോഴും പുതിയ പുതിയ സം‌രം‌ഭങ്ങളില്‍ മനസ്സും ചിന്തയും വ്യാപരിപ്പിച്ച് ജീവതത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യത്തില്‍ നിന്നും തന്റെ ശിശ്യന്‍ വഴിപിഴയ്ക്കുന്നതായി ഗുരു ഗ്രഹിച്ചറിഞു.
പെട്ടെന്ന് ഒരു കുട്ടി അവിടേയ്ക്ക് ഓടി വന്നു. ഗുരു തന്റെ ശിഷ്യന്‍ തനിക്ക് കാണിക്ക വച്ച ഓറഞ്ചില്‍ നിന്നും ഒരെണ്ണം എടുത്ത് ആ കുട്ടിക്ക് കൊടുത്തു. കുട്ടിക്ക് സന്തോഷമായി. അവന്‍ അത് രുചിയോടെ കഴിക്കാന്‍ തുടങി. ഗുരു ഒരു ഓറഞ്ച് കൂടി ആ കുട്ടിക്ക് കൊടുത്തു. അവന്‍ ഇടത്തേ കൈ നീട്ടി അതും കൂടി വാങ്ങി. ഗുരു വീണ്ടും ഒരോറഞ്ചുകൂടി ആ കുട്ടിക്ക് കൊടുത്തു. അവന്‍ രണ്ട് കൈയ്യും നെഞ്ചോട് ചേര്‍ത്ത് പിടിച്ചുകൊണ്ട് അതും വാങ്ങി. ഗുരു വീണ്ടും ഒരോറഞ്ച് കൂടി ആ കുട്ടിക്ക് കൊടുത്ത്. അത് സ്വീകരിക്കുന്നതിടയില്‍ മൂന്നാമത്തെ ഓറഞ്ച് വഴുതി നിലത്ത് വീണു. നാലാമത്തെ ഓറഞ്ച് വാങാന്‍ കഴിയാതെ അവന്‍ കരയാന്‍ തുടങ്ങി.
ഇത് കണ്ട്നിന്ന ശിഷ്യന്‍ ഗുരുവിനോട് ചോദിച്ചു "ഗുരോ! അങ്ങെന്തിനാണ് ഇത്രയധികം ഓറഞ്ച് ഈ കുട്ടിക്ക് കൊടുക്കുന്നത്?"
ഗുരു പറഞു: "ഇതാണ് കുഞ്ഞേ ഇപ്പോള്‍ നിനക്കും സംഭവിച്ചുകൊണ്ടിരിക്കുന്നത്. നീ ഈ കുഞ്ഞിനെ നോക്കൂ! ആദ്യം കൊടുത്ത ഒരോറഞ്ച് അവന്‍ എത്ര ഹൃദ്യമായാണ് ആസ്വദിച്ചിരുന്നത്? രണ്ടാമത്തെ ഓറഞ്ച് കിട്ടിയപ്പോള്‍ തന്നെ ആ ആസ്വാദനം നിലച്ചു. മൂന്നാമത്തെ ഓറഞ്ച് വാങ്ങിക്കാന്‍ അവന് തന്റെ നെഞ്ചിന്റെ സഹായം ആവശ്യമായി വന്നു. മാത്രമല്ല, നാലാമത്തേത് കിട്ടിയതോടെ അത് വാങ്ങിക്കാന്‍ കഴിയാതെ അവന്‍ കരയാന്‍ തുടങി."
മിതമായ എന്തും നമുക്ക് സന്തോഷത്തോടെ അനുഭവിക്കാന്‍ കഴിയുന്നു. പക്ഷേ, അമിതമാകുമ്പോള്‍ അത് അനുഭവിക്കാന്‍ കിഴിയില്ലെന്ന് മാത്രമല്ല, അതു സ്വീകരിക്കാന്‍ വേണ്ടി പലപ്പോഴും, നമുക്ക് അന്യരുടെ സഹായം ആവശ്യമായി വരുന്നു. അത് സൂക്ഷിക്കാന്‍ നമുക്ക് ഇടം വേണ്ടി വരുന്നു. അത് നഷ്ടപ്പെട്ടു പോകുമോ എന്ന പേടിയില്‍ നാം കരഞ്ഞു തുടങ്ങുന്നു. തുടര്‍ന്ന്, നിധി കാക്കുന്ന ഭൂതത്തെ പോലെ ഈ അമിതത്വവും കെട്ടിപ്പിടിച്ച് ജീവിതം അലക്ഷ്യമായി ജീവിച്ച് തീര്‍ക്കുന്നു. അതിലൊക്കെ എന്ത് ഭേദമാണ് കിട്ടിയ ജീവിതം മധുരമായി അനുഭവിക്കുന്നത്!.

നിഷ്കളങ്കമായ ഹൃദയത്തിന്റെ പൂജയാണ് ഈശ്വരന് സ്വീകാര്യം

എനിക്ക് ഈശ്വരകാര്യങ്ങള്‍ നന്നായി ചെയ്യാന്‍ ആഗ്രഹമുണ്ട്. പക്ഷേ പണം തീരെ കുറവ്?

തമിഴ് നാട്ടിലെ ശിവഭക്തനായ നയനാര്‍ക്ക് വലിയൊരു ശിവക്ഷേത്രം പണിയണമെന്ന് ആഗ്രഹമായി. പക്ഷേ സാധാരണക്കാരനായ അദ്ദേഹത്തിന് എങ്ങനെ അത് സാധിക്കാനാകും.

തന്റെ നിസ്സാഹായാവസ്ഥ മനസ്സിലാക്കി നയനാര്‍ മനസ്സില്‍ തന്നെ വിശാലമായൊരു ശിവക്ഷേത്രം പണിയാന്‍ തീരുമാനിച്ചു. അങ്ങനെ നിത്യവും മണിക്കൂറുകളോളം മനസ്സിനകത്ത് ക്ഷേത്രം പണിനടക്കുന്നതായി അദ്ദേഹം ഭാവന ചെയ്തു തുടങ്ങി. മാസങ്ങള്‍ക്കഴിഞ്ഞു. നയനാരുടെ മാനസമന്ദിരനിര്‍മ്മാണം പൂര്‍ത്തിയായി. അടുത്ത ശുഭമുഹൂര്‍ത്തത്തില്‍ കുംഭാഭിഷേകം നടത്താനും തീരുമാനിച്ചു.

ഈ സമയം പല്ലവരാജാവ് കാഞ്ചീപുരത്ത് വലിയൊരു ശിവമന്ദിരം പണികഴിച്ചു കഴിഞ‍്ഞിരുന്നു. അദ്ദേഹം ആ മന്ദിരത്തിന്റെ കുംഭാഭിഷേകം തീരുമാനിച്ചതും അതേ ദിവസം തന്നെയായിരുന്നു. അന്നു രാത്രി പല്ലവരാജാവ് ശിഷ്യനെ സ്വപ്നം കണ്ടു. സ്വപ്നത്തില്‍ ഭഗവാന്‍ അരുളി "രാജന്‍, നിന്റെ കുംഭാഭിഷേകം മാറ്റിവെയ്ക്കൂ. അന്ന് തിരുണാവൂരില്‍ നായനാരുടെ മന്ദിര പൂജയില്‍ പങ്കെടുക്കാന്‍ എനിക്കു പോകണം."

രാജാവ് ഉണര്‍ന്നു. അദ്ദേഹം അത്ഭുതപ്പെട്ടു. തന്റെ രാജ്യത്ത് താനറിയാതെ ഒരു മന്ദിര നിര്‍മ്മാണമോ? ഉടന്‍ അന്വേഷണത്തിന് ഉത്തരവായി. ഭടന്മാര്‍ക്ക് ആ സ്ഥലത്ത് മന്ദിരം കണ്ടെത്താനായില്ല. പക്ഷേ നയനാരെ കണ്ടെത്തി. അദ്ദേഹം രാജാവിനോട് തന്റെ ‘മാനസമന്ദിരനിര്‍മ്മാണ’ കഥ വിവരിച്ചു. കഥ കേട്ട് രാജാവ് അത്ഭുതപരതന്ത്രനായി.
ബാഹ്യമോടിയോ പ്രൗഢിയോ അല്ല ഭഗവാനെ സ്വാധീനിക്കുന്നത്, നിഷ്കളങ്കമായ ഹൃദയത്തിന്റെ പൂജയാണ് ഈശ്വരന് സ്വീകാര്യം

എന്തുചെയ്യാന്‍‍ തുടങ്ങിയാലും തടസ്സമാണ്. എന്താണിതിനൊരു പ്രതിവിധി ?

മൂന്നുതരത്തില്‍ പ്രവര്‍ത്തിക്കുന്നവരുണ്ട്.

* ആലോചിക്കുക, തീരുമാനിക്കുക, പിന്നെ ഒന്നും ചെയ്യാതിരിക്കുക.

* രണ്ടാമത്തവര്‍, ആലോചിക്കും. പ്രവര്‍ത്തിക്കാന്‍ തുടങ്ങും, പക്ഷേ ക്ലേശങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍ മെല്ലെ പിന്‍വാങ്ങും.

* മൂന്നാമത്തെ കൂട്ടര്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ എത്ര ക്ലേശങ്ങള്‍ ഉണ്ടായാലും അതിനെയൊക്കെ നേരിടുകയും ലക്ഷ്യപ്രാപ്തിവരെ പരിശ്രമിക്കുകയും ചെയ്യും.

മൂന്നാമത്തെ കൂട്ടരാണ് ഈശ്വരന് പ്രിയപ്പെട്ടവരും ലോകത്തിന് വേണ്ടപ്പെട്ടവരും. അത്തരക്കാരാണ് ഇതുവരെ ലോകത്തെ നേര്‍വഴിയില്‍ നയിച്ചിട്ടുള്ളവരും.

തടസ്സങ്ങളും ക്ലേശങ്ങളും ഉണ്ടാകുക സ്വാഭാവികം. ഒന്നു പുകഞ്ഞിട്ടേ അടുപ്പില്‍ തീ കത്താറുള്ളു. പ്രശ്നങ്ങളെ നേരിടുക എന്നതാണ് മനുഷ്യന്റെ കരുത്ത്. അതിനുള്ള മനഃകരുത്ത് മഹത്തുക്കളുടെ ജീവചരിത്രം വായിക്കുന്നതിലൂടെയും ഈശ്വരപ്രാര്‍ത്ഥനയിലൂടെയും നമുക്കു ലഭിക്കുന്നു. യുഗപുരുഷന്മാരായി നാം ആരാധിക്കുന്ന ശ്രീകൃഷ്ണനും, ശ്രീയേശുവും നബിതിരുമേനിയും സഞ്ചരിച്ച പാതകള്‍ സുഗമമായിരുന്നുവോ?

ദിവ്യന്മാരായിരുന്ന അവര്‍ അനുഭവിച്ച കൊടിയ ക്ലേശങ്ങളുടെ ഒരംശംപോലും സ്വജീവിതത്തില്‍ നമുക്ക് ചിന്തിക്കാനാവുമോ? അപ്പോള്‍ നമ്മുടെ കൊച്ചുകൊച്ചു പ്രശ്നങ്ങളെ നാം ഭയക്കണോ?

ഇന്നുമുതല്‍ പ്രതികൂല ചിന്തകളോട് നമുക്ക് വിടപറയാം. ക്ലേശങ്ങള്‍ക്കിടയിലും സത്ചിന്തകള്‍ മനസില്‍ ഉണര്‍ത്തിയെടുക്കുന്നതിന് പഠിക്കാന്‍ ശ്രമിക്കാം. ആത്മാര്‍ത്ഥമായ നിരന്തര പരിശ്രമത്തിലൂടെ ആര്‍ക്കും. അതിനു സാധിക്കും. അപ്പോള്‍ തടസ്സങ്ങള്‍ താങ്ങായി തീരുന്നതും കാണാം