2018, ജൂലൈ 3, ചൊവ്വാഴ്ച

പ്രചോദനകഥകള്‍




പ്രചോദനകഥകള്‍



ശുഭചിന്തകളാകട്ടെ നമ്മുടെ കൂട്ടുകാര്‍

ഒന്നിനും കഴിവില്ലെന്ന തോന്നല്‍ എന്നെ വല്ലാതെ വേട്ടയാടുന്നു.
കുട്ടന്‍ രണ്ട് പയര്‍ വിത്തു നട്ടു. മണ്ണിനടിയില്‍ എത്തിയപ്പോള്‍ മുതല്‍ ഒരു വിത്ത് ചിന്തിക്കാന്‍ തുടങ്ങി. "ഇനി അയാള്‍ വെള്ളം തൂവും. ഞാന്‍ മുളയ്ക്കും. എന്റെ വേരുകള്‍ കഠിനമായ മണ്ണിനെ തുളച്ച് താഴോട്ട് വളരും. മൃദുലമായ തളിരുകള്‍ മുകളിലേക്കും. അങ്ങനെ ഞാന്‍ ഈ വിത്തില്‍ നിന്നും പുറത്ത് വന്ന് സുന്ദരമായ ലോകം കാണും. എന്റെ വളര്‍ച്ച കണ്ട് കൃഷിക്കാരനും കുടുംബവും ആഹ്ലാദിക്കും." ചിന്തിച്ചപോലെ പോലെ തന്നെ ആ വിത്ത് വളരാനും വലുതാകാനും തുടങ്ങി.

മറ്റൊരു വിത്ത് ചിന്തിച്ചത് ഇങ്ങനെ. "എന്റെ വേരുകള്‍ താഴേയ്ക്കുപോയാല്‍ പെരുച്ചാഴിയോ, കൃമികീടങ്ങളോ കരണ്ടേക്കാം. മൃദുലമായ തളിരുകള്‍ മുകളിലേക്കു പോകുമ്പോള്‍ പരന്ന കല്ലിലും മണ്ണിലും തട്ടി ക്ഷതം ഉണ്ടാകാം. പുഴുക്കള്‍ എന്റെ മാര്‍ദ്ദവമേറിയ തളിരുകള്‍ കാര്‍ന്നുതിന്നാം. ഹാവു…. ഭീകരമാണീ ലോകം. അതിലും ഭേദം ഈ വിത്തിനുള്ളില്‍ ഇതുപോലെ തന്നെ ചുരുണ്ടു കിടക്കുന്നതാണ്."

വളരേണ്ടെന്ന് നിശ്ചയിച്ച് ആ വിത്ത് അങ്ങനെ കൃഷിക്കാരന്‍ ‌ഇട്ടപോലെ തന്നെ കിടന്നു. കുറേദിവസം കഴിഞ്ഞപ്പോള്‍ അതുവഴി വന്ന കോഴി ചികഞ്ഞു നോക്കിയപ്പോള്‍ ഉറങ്ങിക്കിടക്കുന്ന വിത്തു കണ്ടു. അടുത്ത നിമിഷം അവള്‍ അത് കൊത്തി വിഴുങ്ങി.
നമ്മുടെ മനസാകുന്ന വിത്തില്‍ സമസ്ത ശക്തികളും അടങ്ങിയിരിക്കുന്നു. ശുഭചിന്തയോടെ അത് വളര്‍ത്തിയാല്‍ നാം വടവൃക്ഷം പോലെ വലുതാകും. നിഷേധചിന്തകളാല്‍ മനസ്സിനെ ക്ലേശിപ്പിച്ചാല്‍ അത് പാഴ്വിത്തുമാകും. നമുക്ക് വേണമെങ്കില്‍ നമ്മെ വളര്‍ത്താനും, തളര്‍ത്താനും കഴിയും.

നാരദന്റെ മഹത്വം

നാരദന്റെ മഹത്വം

നാരദമഹർഷി സർവലോക സഞ്ചാരിയാണ്. കൈയ്യിൽ വീണയും ചുണ്ടിൽ നാരായ ണമന്ത്രവുമായി സഞ്ചരിക്കുന്ന നാരദനെ ശ്രീകൃഷ്ണന് വലിയ ഇഷ്ടമായിരുന്നു. വിഷ്ണുഭക്തനായ നാരദന്, തനിക്കു വേണ്ടത്ര പുണ്യം ലഭിച്ചിട്ടില്ല എന്നൊരു സംശയം തോന്നി. അത് ശ്രീകൃഷ്ണനോട് അവതരിപ്പിക്കുകയും ചെയ്തു. മന്ദഹാസം തൂകി ശ്രീകൃഷ്ണൻ നാരദനെ ചാരത്തുവിളിച്ചു ഇപ്രകാരം പറഞ്ഞു ,'മഹർഷെ! അങ്ങയുടെ സംശയം വെറുതെയാണ്. അങ്ങ് തീർച്ചയായും പുണ്യാത്മാവു തന്നെയാണ് '. ഇത്രയും പറഞ്ഞിട്ട് ശ്രീകൃഷ്ണൻ നാരദനോട് അല്പം ദൂരെയായി ഒരു മാന്തോപ്പിൽ പോയിവരാൻ അരുളിച്ചെയ്തു.

മാന്തോപ്പിൽ നാരദൻ പ്രത്യേകിച്ച് ഒന്നും കണ്ടില്ല. അദ്ദേഹം ഒരു മാവിന്റെ തണലിൽ വിശ്രമിച്ചു. അപ്പോഴതാ അൽപ്പം അകലെ നിന്നും ഒരു ദുർഗന്ധം അനുഭവപ്പെട്ടു. നാരദൻ എണീറ്റ്‌ അവിടെ ചെന്നപ്പോൾ കണ്ടത് ഒരു ചാണക കൂനയായിരുന്നു. അതിൽനിന്നും ഒരു പുഴു തന്നെ സൂക്ഷിച്ചു നോക്കുന്നത് നാരദൻ കണ്ടു. നാരദനെ കണ്ടപാടെ ആ പുഴു ചത്തുപോയി. നാരദന്റെ ദുഃഖം ഇരട്ടിയായി. അദ്ദേഹം ക്ഷണനേരത്തിൽ ശ്രീകൃഷ്ണന്റെ അടുത്തുചെന്നു വിഷാദത്തിൽ കാര്യങ്ങൾ വ്യക്തമാക്കി. മന്ദസ്മിതം തൂകി ശ്രീകൃഷ്ണൻ അദ്ദേഹത്തെ സമാധാനിപ്പിച്ചിട്ട് വീണ്ടും അവിടേക്കുതന്നെ നാരദനെ പറഞ്ഞയച്ചു . ശ്രീകൃഷ്ണന്റെ വാക്കുകൾ കേട്ട് നാരദൻ വീണ്ടും അവിടേക്കുചെന്നു. അപ്പോഴതാ ആ തേന്മാവിൻ പോടിലിരുന്നു ഒരു തത്ത കരയുന്നു. നാരദൻ അടുത്തുചെന്നു സൂക്ഷിച്ചു നോക്കിയപ്പോൾ ആ തത്ത ചിറകൊടിഞ്ഞു താഴേക്കുവീണ് പിടഞ്ഞുമരിച്ചു .

നാരദനാകട്ടെ, തന്റെ വീക്ഷണം കൊണ്ട് രണ്ടു പ്രാണികൾ പ്രാണനൊടുക്കിയത് താങ്ങാനാവാതെ സ്വയം മടങ്ങി.
നാളുകൾ കടന്നുപോയി . നാരദൻ വീണ്ടും ശ്രീകൃഷ്ണനെ കാണാൻ ചെന്നു. ആ സമയം ഒരു രാജാവും അവിടെ ഉണ്ടായിരുന്നു. അദ്ദേഹത്തിൻറെ ആണ്‍കുഞ്ഞിനെ നേരിൽ ചെന്നു അനുഗ്രഹിക്കാൻ ശ്രീകൃഷ്ണ നോട് ആവശ്യപ്പെടുകയായിരുന്നു. നാരദനെ കണ്ടപാടെ ശ്രീകൃഷ്ണൻ അദ്ദേഹത്തോട് ആ ആവശ്യം നിറവേറ്റാൻ അരുളിച്ചെയ്തു. നാരദൻ അത് കേട്ട് ഭയന്നുപോയി. കാരണം തന്നെ കണ്ടപ്പോഴേ രണ്ടു മിണ്ടാപ്രാണികൾ ചത്തുവീണതല്ലെ ! അതുപോലെ രാജാവിന്റെ മകനും എന്തെങ്കിലും സംഭവിച്ചാൽ....അതുകൊണ്ട് നാരദൻ രാജാവിന്റെകൂടെ പോകേണ്ടന്നു നിശ്ചയിച്ചു.. ഇംഗിതം അറിഞ്ഞ ശ്രീകൃഷ്ണൻ നാരദനെ നിർബന്ധിച്ച്‌ രാജാവിനോടൊപ്പം അയച്ചു.

കുഞ്ഞിന്റെ അരികിലെത്തിയ നാരദൻ കുഞ്ഞിനെ ശ്രദ്ദിക്കാതെ മുഖം തിരിച്ചുപിടിച്ചു. അപ്പോഴുണ്ട് നാരദനെ അമ്പരിപ്പിച്ചുകൊണ്ട് ഒരശരീരി മുഴങ്ങി. "കരുണാമയനായ നാരദമഹർഷെ! അങ്ങെന്താണ് എന്നെ നോക്കാതെ പോകുന്നത്? വെറുമൊരു പുഴുവായിരുന്ന എനിക്ക് അങ്ങയുടെ ദിവ്യദൃഷ്ടി പതിഞ്ഞപ്പോൾ തത്തയായി പിറക്കാൻ കഴിഞ്ഞു. തത്തയായിരിക്കെ അങ്ങയുടെ ദർശനം ലഭിച്ച ഞാനിതാ, ഒരു രാജകുമാരനായി പിറന്നിരിക്കുന്നു! പുണ്യാത്മാവായ അങ്ങ് എന്നെ കടാക്ഷിക്കില്ലെ?" അശരീരി കേട്ട് നാരദന്റെ മനം കുളിർത്തു. അദ്ദേഹം രാജകുമാരനെ സ്നേഹത്തോടെ നോക്കി. ശ്രീകൃഷ്ണന്റെ മഹത്വവും സ്വന്തം മഹത്വവും മനസ്സിലാക്കിയ നാരദമഹർഷി മനസാ ശ്രീകൃഷ്ണനോട് നന്ദി പറഞ്ഞു ആഹ്ലാദത്തോടെ അവിടെനിന്നും യാത്രയായി.

പ്രചോദനകഥകള്‍,



ഒരിക്കൽ അര്ജുനൻ കൃഷ്ണനോട് ചോദിച്ചു. "ഭഗവാനേ, എന്ത് കൊണ്ടാണ് യുധിഷ്ഠിരനെക്കാൾ വലിയ ദാനശീലനായി എല്ലാവരും കർണനെ കാണുന്നത്?

ആരും എന്ത് ദാനം ചോദിച്ചാലും അവർ രണ്ടു പേരും ഒരിക്കലും കൊടുക്കാതിരുന്നിട്ടില്ലല്ലോ.

പിന്നെന്താണ് കർണനെ കൂടുതൽ മഹാനായ ദാനശീലനായി കണക്കാക്കുന്നത്?"

ഭഗവാൻ കൃഷ്ണൻ ചിരിച്ചു കൊണ്ട് പറഞ്ഞു "വരൂ, ഞാൻ നിനക്ക് നേരിട്ട് തന്നെ കാണിച്ചു തരാം."

അവർ രണ്ടു പേരും രണ്ടു ബ്രാഹ്മണർ ആയി വേഷം മാറി യുധിഷ്ഠിരന്റെ സഭയിലെത്തി .

തങ്ങൾക്കു യജ്ഞം ചെയ്യാൻ വേണ്ടി ചന്ദനമുട്ടികൾ ദാനമായി തരേണം എന്നവശ്യപ്പെട്ടു. യുധിഷ്ഠിരൻ ഉടനെ ഭടന്മാരെ എല്ലായിടത്തേയ്ക്കും ചന്ദനമുട്ടിക്കായി അയച്ചു. പക്ഷെ കൊടും മഴക്കാലമായിരുന്നതിനാൽ ഉണങ്ങിയ ചന്ദനമുട്ടി ഒരിടത് നിന്നും കിട്ടിയില്ല.

അത് കാരണം നനഞ്ഞ ചന്ദനമുട്ടികൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
ബ്രാഹ്മണവേഷം ധരിച്ച കൃഷ്ണനും അര്ജുനനും അടുത്തതായി കര്ണന്റെ രാജസഭയിലേയ്ക്ക് പോയി. ഇതേ ആവശ്യം കർണനോടും പറഞ്ഞു.

കർണൻ അൽപനേരം ആലോചിച്ചശേഷം പറഞ്ഞു "മഴ ആയതിനാൽ ഉണങ്ങിയ ചന്ദനമുട്ടി കിട്ടാൻ പ്രയാസമായിരിക്കുമല്ലൊ. ഒരു വഴിയുണ്ട്...ദയവായി അൽപസമയം കാത്തിരുന്നാലും "
ഇത് പറഞ്ഞിട്ട് കർണൻ ഒരു മഴു എടുത്തു ചന്ദനത്തടി കൊണ്ട് ഉണ്ടാക്കിയ തന്റെ കൊട്ടാരത്തിന്റെ ജനലുകളും വാതിലുകളും വെട്ടിക്കീറി കഷണങ്ങളാക്കി,എന്നിട്ട് ബ്രാഹ്മണര്ക്ക് ദാനമായി നല്കി.
കൃഷ്ണനും അര്ജുനനും അതേറ്റു വാങ്ങി തിരികെ നടന്നു...
വഴിമദ്ധ്യേ കൃഷ്ണൻ പറഞ്ഞു "ഇപ്പൊൾ മനസ്സിലായില്ലേ അര്ജുനാ, രണ്ടു പേരും തമ്മിലുള്ള വ്യത്യാസം? നമ്മൾ യുധിഷ്ഠിരനോട് അദ്ദേഹത്തിന്റെ ചന്ദനതടിയിൽ നിര്മിച്ച വാതിലുകൾ തരണം എന്നാവശ്യപ്പെട്
ടിരുന്നെങ്കിൽ ഒരു മടിയും കൂടാതെ സന്തോഷത്തോടെ യുധിഷ്ഠിരൻ നല്കിയേനെ.

പക്ഷെ ആ ചിന്ത അദ്ദേഹത്തിന് സ്വയം ഉണ്ടായില്ല. എന്നാൽ കർണനോട് അത് നമ്മൾ നേരിട്ട് ചോദിക്കേണ്ടി വന്നില്ല.
യുധിഷ്ഠിരൻ ദാനം ചെയ്യുന്നത് അത് ധര്മം ആയതിനാലാണ് .
കർണൻ ദാനം നൽകുന്നത്, ദാനംകൊടുക്കൽ എന്നാ പ്രവൃത്തി അദ്ദേഹത്തിന് ഇഷ്ടമായതു കൊണ്ടും. ഇതാണ് രണ്ടു പേരും തമ്മിലുള്ള വ്യത്യാസം, ഇത് കൊണ്ടാണ് കർണനെ കൂടുതൽ മഹാനായ ദാനശീലൻ ആയി ലോകർ കണക്കാക്കുന്നത്..
എന്ത് പ്രവൃത്തിയേയും ഇഷ്ടപ്പെട്ടു ചെയ്താൽ അതാണ് കൂടുതൽ മഹത്തരം എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.
പല രീതിയിൽ ഒരു പ്രവൃത്തി നമുക്ക് ചെയ്യാം..
ആരെങ്കിലും പറഞ്ഞത് കൊണ്ട് ഒരു പ്രവൃത്തി ചെയ്യാം...
അല്ലെങ്കിൽ കടമയായി ചെയ്യാം...
അല്ലെങ്കിൽ ധർമം അതായത് കൊണ്ട് ചെയ്യാം...
അതുമല്ലെങ്കിൽ കർണനെ പോലെ ആ പ്രവൃത്തിയോടുള്ള ഇഷ്ടം കൊണ്ട് ചെയ്യാം.

ഇതിൽ അവസാനത്തെ രീതിയിൽ എന്ത് കർമവും ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. എന്ത് ജോലിചെയ്താലും ആ ജോലിയെ ആസ്വദിച്ചു, ഇഷ്ടപ്പെട്ടു തന്നെ ചെയ്യുക