2018, ഒക്‌ടോബർ 29, തിങ്കളാഴ്‌ച

കന്യാകുമാരി ബാലാംബിക,കല്ലേക്കുളങ്ങര ഹേമാംബിക,ലോകനാര്‍കാവ് ലോകാംബിക,ആളാങ്കുടി ഗുരുക്ഷേത്രം


അമ്മയെത്തേടി 
കന്യാകുമാരി ബാലാംബിക

കടലില്‍ നിന്നും മഴുവാല്‍ താന്‍ വീണ്ടെടുത്ത ഭൂമിയുടെ രക്ഷക്കായി പരശുരാമന്‍ 108 ദുര്‍ഗ്ഗകളെ കേരളത്തില്‍ പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം. ഗോകര്‍ണ്ണം മുതല്‍ കന്യാകുമാരിവരെ നീണ്ടു കിടന്ന പഴയ കേരളത്തിന്റെ ഐശ്വര്യവൃദ്ധിക്കായി അദ്ദേഹം ദേശത്തിന്റെ നാലു ഭാഗങ്ങളിലായി അംബികാക്ഷേത്രങ്ങളും സ്ഥാപിച്ചു. നാലംബികമാരെ ദര്‍ശിക്കുന്നതില്‍ക്കവിഞ്ഞ് മറ്റൊരു പുണ്യമില്ല എന്നാണ് സങ്കല്പം. അംബികാക്ഷേത്രങ്ങളിലൂടെയുള്ള ഒരു തീര്‍ഥയാത്ര
കന്യാകുമാരിയില്‍ ധ്യാനത്തിലമര്‍ന്ന പെണ്‍കിടാവിന്റെ രൂപത്തിലാണ് ദേവി. ഇന്ത്യയുടെ തെക്കേ മുനമ്പില്‍, സമുദ്രങ്ങള്‍ സംഗമിക്കുന്ന ത്രിവേണിയില്‍. ബാലാംബികയായി. സ്വയംവരമംഗല്യഹാരവുമായി ശുചീന്ദ്രനാഥനെ കാത്തിരുന്ന കുമാരിയാണ് ദേവി എന്ന് ഐതിഹ്യം. വിവാഹനാളില്‍ ദേവന്‍ എത്താത്തതിനെ തുടര്‍ന്ന് കുമാരി കന്യകയായി തുടര്‍ന്നു. വലംകൈയ്യില്‍ രണ്ടു മടക്കുള്ള സ്വര്‍ണ്ണരുദ്രാക്ഷ ജപമാലയേന്തി അഭയമുദ്രയുമായി നില്‍ക്കുന്ന കന്യകയായ ദേവിയുടെ രുദ്രാക്ഷശില കൊണ്ടുള്ള വിഗ്രഹമാണ് ക്ഷേത്രത്തിലുള്ളത്്. കുമാരിയുടെ വജ്രമൂക്കുത്തിയുടെ ഉജ്ജ്വലദ്യുതി കേള്‍വികേട്ടതാണ്. 

കിഴക്കോട്ടാണ് പ്രതിഷ്ഠയെങ്കിലും വടക്കേനടയിലൂടെയാണ് പ്രവേശനം. പ്രധാന ഉത്സവസമയത്തു മാത്രമെ കിഴക്കെ നട തുറക്കാറുള്ളൂ. ക്ഷേത്രം തമിഴ്‌നാട്ടിലാണെങ്കിലും മലയാളക്ഷേത്രാചാര പ്രകാരമുള്ള പൂജാവിധികളാണ് ഇവിടെ തുടരുന്നത്. ഇടവമാസത്തിലെ വൈകാശി ഉത്സവമാണ് ഏറ്റവും പ്രധാനം. നവരാത്രി ആഘോഷവും ഗംഭീരമാണ്. വിജയദശമി ദിവസം ദേവി വെളളിക്കുതിരപ്പുറത്തേറി പതിനൊന്നു കിലോമിറ്റര്‍ അകലെയുള്ള മഹാദാനപുരത്തേക്ക് ഘോഷയാത്രയായി എഴുന്നള്ളും.

കന്യകയാല്‍ മാത്രമെ വധിക്കപ്പെടൂ എന്ന് ബാണാസുരനു ലഭിച്ച വരദാനത്തെ തുടര്‍ന്നാണ് പരാശക്തി കുമാരിയായി അവതാരമെടുത്തത്. കുമാരിയില്‍ മഹാദേവന്‍ അനുരക്തനായി. വിവാഹമുറച്ചു. അവതാരോദ്ദേശ്യം പാളുമെന്നായപ്പോള്‍ ദേവകള്‍ നാരദനെ സമീപിച്ചു. അര്‍ദ്ധരാത്രിയുള്ള മുഹൂര്‍ത്തത്തിലെത്താന്‍ പുറപ്പെട്ട മഹാദേവനു മുന്നില്‍ നാരദന്‍ കോഴിയായി കൂവി. പ്രഭാതമായെന്നും മുഹൂര്‍ത്തം മാറിയെന്നും ധരിച്ച ശങ്കരന്‍ നിരാശനായി മടങ്ങിപ്പോയി. കാത്തിരുന്നു ദു:ഖിതയായ കുമാരി നിത്യകന്യകയായി തുടര്‍ന്നു. സദ്യക്കു വേണ്ടി തയ്യാറാക്കിയ അരിയും മറ്റും കുമാരി വലിച്ചെറിഞ്ഞതു കൊണ്ടാവണം കന്യാകുമാരിയിലെ മണ്‍തരികള്‍ ധാന്യമണികള്‍ പോലെയാണിന്നും.

കന്യാകുമാരിയുടെ അനുഗ്രഹം വാങ്ങിയാണ് വിവേകാനന്ദന്‍ കടലിനപ്പുറത്തുള്ള പാറമേല്‍ ധ്യാനലീനനായിരുന്ന്് ഇന്ത്യയെക്കുറിച്ച് മനനം ചെയ്തത്. 

കല്ലേക്കുളങ്ങര ഹേമാംബിക
പാലക്കാട് ജില്ലയിലെ അകത്തേത്തറ ഗ്രാമത്തിലാണ് ഹേമാംബിക കുടികൊള്ളുന്നത്. കരിങ്കല്ലിലുള്ള രണ്ടു ശിലാ ഹസ്തങ്ങളാണ് പ്രതിഷ്ഠ. ഏമൂര്‍ ഭഗവതി ക്ഷേത്രമെന്നും അറിയപ്പെടുന്നു. ഐശ്വര്യദായിനിയാണ് ഹേമാംബിക. പ്രഭാതത്തില്‍ സരസ്വതിയായും, മധ്യാഹ്നത്തില്‍ ലക്ഷ്മിയായും (വിഷ്ണുമായ), പ്രദോഷത്തില്‍ ദുര്‍ഗ്ഗയായും ദേവിയെ ആരാധിക്കുന്നു.

കൈപ്പത്തിവിഗ്രഹത്തനു പിന്നിലുള്ള ഐതിഹ്യം രസകരമാണ്. പാലക്കാട്ടെ കരിമലയിലായിരുന്നത്രെ ദേവിയെ പരശുരാമന്‍ കുടിയിരുത്തിയത്. ശങ്കരാചാര്യര്‍ പിന്നീട് ദേവിയുടെ സ്ഥാനം മുതിരംകുന്നിലേക്കു മാറ്റി. അകത്തേത്തറയില്‍ താമസിച്ചിരുന്ന കുറൂര്‍ മനയിലെ ഒരംഗം സ്ഥിരമായി ദേവിയെ ഉപാസിച്ചുവന്നിരുന്നു. പ്രായമേറിയപ്പോള്‍ അദ്ദേഹത്തിന് മുതിരംകുന്നുലേക്ക് പോകാന്‍ പ്രയാസം നേരിട്ടു. ദേവി സ്വപ്നത്തില്‍ വന്ന് മനയോടു ചേര്‍ന്നുള്ള ചിറയില്‍ തന്റെ സാന്നിധ്യമുണ്ടാവുമെന്ന് അദ്ദേഹത്തെ അറിയിച്ചു. അടുത്ത ദിനം രാവിലെ ചിറയുടെ നടുവില്‍ നിന്നും രണ്ടു ദിവ്യഹസ്തങ്ങള്‍ ഉയര്‍ന്നു വരുന്നത് അദ്ദേഹം കണ്ടു. ആനന്ദാതിരേകത്താല്‍ ചിറയിലേക്ക് ചാടിയ കുറൂര്‍ നമ്പൂതിരിപ്പാട് ആ കൈകളില്‍ പിടിച്ചു വലിച്ചു. ദിവ്യകരങ്ങള്‍ ശിലാപാണികളായി മാറി. സുഹൃത്തായ ചേന്നാസ് നമ്പൂതിരിപ്പാടിന്റെ സഹായത്തോടെ പാലക്കാട് രാജാവിന്റെ നിര്‍ദേശപ്രകാരം ചിറ ഭാഗികമായി നികത്തി ക്ഷേത്രം നിര്‍മ്മച്ചു. ഹേമാംബികാദേവി പിന്നീട് പാലക്കാട് രാജാവിന്റെ കുലദേവതയായി. കഥയുടെ ഭാഗമായ കല്ല് കുളം കര എന്നിവ ചേര്‍ന്ന് സ്ഥലത്തിന് കല്ലായിക്കുളങ്ങര എന്നും പേരു വന്നു. 1982 ല്‍ ഇന്ദിരാഗാന്ധി ഇവിടെ സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ്സിന്റെ ചിഹ്നം കൈപ്പത്തിയായി സ്വീകരിച്ചതെന്ന്് പറയുന്നു.

നവരാത്രി, ഓണം, മണ്ഡലം, ശിവരാത്രി, മീനത്തിലെ ലക്ഷാര്‍ച്ചന, കര്‍ക്കടകത്തിലെ ഈശ്വരസേവ എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങള്‍.

ലോകനാര്‍കാവ് ലോകാംബിക
കോഴിക്കോട്ടെ വടകരയിലാണ് ലോകനാര്‍കാവ്. വടക്കന്‍ പാട്ടുകളില്‍ പരാമര്‍ശിക്കപ്പെടുന്ന വിഖ്യാതമായ ക്ഷേത്രം. വീരനായകനായ തച്ചോളി ഓതേനന്റെ ഉപാസനാമൂര്‍ത്തിയായ അമ്മയാണ് ക്ഷേത്രത്തിലേത്.

ജഗദോദ്ധാരകയായ അംബയാണ് ലോകനാര്‍കാവിലമ്മ. ശ്രീകോവിലിനുള്ളിലെ മണിത്തൂണില്‍ ഭഗവതി കുടികൊള്ളുന്നു എന്നാണ് വിശ്വാസം. ശംഖു ചക്ര, അഭയ, വരദ മുദ്രകളുമുള്ള ചതുര്‍ബാഹുവായ ദുര്‍ഗ്ഗയുടെ പൂജാവിഗ്രഹം പഞ്ചലോഹ നിര്‍മ്മിതമാണ്. പരശുരാമപ്രകീര്‍ത്തയായ അമ്മയുടെ വരവിനെ കുറിച്ച് ഒന്നിലേറെ ഐതിഹ്യങ്ങളുണ്ട്. കൊടുങ്ങല്ലുരിലെ ലോകമാലേശ്വരത്തു നിന്ന് പുതുപ്പണം വാഴുന്നവര്‍ ദേവിയെ കടത്തനാട്ടെക്ക് കൊണ്ടുവന്നു എന്നാണ് ഒരു കഥ. കേരളത്തിലേക്ക് കുടിയേറി വന്ന ആര്യ നാഗരികന്‍മാരുടെ കുലദേവതയാണിത് എന്ന് മറ്റൊരു കഥ. ലോകനാര്‍കാവിലമ്മയെ കൂടാതെ മഹാവിഷ്ണുവിന്റെയും മഹാദേവന്റെയും ക്ഷേത്രങ്ങള്‍ ഈ ആരാധനാലയ സമുച്ചയത്തിലുണ്ട്. തെക്കു ഭാഗത്ത് വിഷ്ണു ക്ഷേത്രവും, മധ്യത്തില്‍ ശിവക്ഷേത്രവും വടക്കു ഭാഗത്ത് ഭഗവതി ക്ഷേത്രവും. വിഷണു പ്രതിഷ്ഠക്കാണ് പഴക്കം കൂടുതല്‍ എന്നു കരുതപ്പെടുന്നു.

മീനത്തിലെ പൂരമഹോത്സവമാണ് പ്രധാന ഉത്സവം. മണ്ഡലോത്സവവും ആഘോഷിക്കാറുണ്ട്



ആളാങ്കുടി ഗുരുക്ഷേത്രം


അത്താഴപൂജക്ക് തൊട്ടുമുമ്പ് അവസാനത്തെ ഗ്രഹത്തില്‍. വ്യാഴത്തിന്റെ പ്രകാശവലയത്തില്‍ ജ്വലിച്ചു നില്‍ക്കുന്ന ആളാങ്കുടി. ചോളനാട്ടിലെ 'പാടല്‍പെറ്റ' 274 ക്ഷേത്രങ്ങളില്‍ ഒന്ന്. കാവേരിയുടെ തെക്കെ കരയിലുള്ള 127 ക്ഷേത്രങ്ങളില്‍ 98-ാമത്തേത്. തിരുവാരൂര്‍ വാണ മുചുകുന്ദചക്രവര്‍ത്തിക്കു വേണ്ടി മന്ത്രിയായ അമൃതഹരന്‍ പണിത ക്ഷേത്രം. പണി തീര്‍ന്നപ്പോള്‍ പുണ്യം വീതിച്ചു നല്‍കാന്‍ വിസമ്മതിച്ച മന്ത്രിയെ രാജാവ് വെട്ടിക്കൊന്നു. പാപം തീരാന്‍ ആപത്‌സഹായേശ്വരനെത്തന്നെ ശരണം പ്രാപിച്ചു. ഭജിക്കുന്നവരെ കൈവിടാത്ത ദേവനീതി ക്ഷേത്രപ്പെരുമയായി.

കര്‍പ്പൂരഗന്ധം നിറഞ്ഞു നില്‍ക്കുന്ന ക്ഷേത്രം. മതില്‍ക്കെട്ടിനകം ഇരുട്ട് കട്ടകുത്തിക്കിടക്കുന്നു. കൂറ്റന്‍ കരിങ്കല്‍ത്തൂണുകളും ഇടനാഴികളും രാത്രിയായതു കൊണ്ടാവണം, ഭയം ജനിപ്പിക്കുന്ന വിസ്മയരൂപങ്ങളായി തോന്നിച്ചു. ക്ഷേത്രം അത്ര ചെറുതല്ല. വളരെ വലുതുമല്ല. രാത്രിയായതുകൊണ്ടോ എന്തോ തീരെ തിരക്കില്ല. അതിവേഗം ഒന്നു വലംവെച്ചു വരുമ്പോഴേക്കും നടയടക്കാറായി. 24 തവണ വലംവെക്കണമെന്നാണ് നിയമം. അമൃതപുഷ്‌കരണി തീര്‍ഥവും മണ്ഡപവും ഇടനാഴിയും പിന്നിട്ട് 24 ദീപങ്ങള്‍ സദാ കത്തിനില്‍ക്കുന്ന ആപത്‌സഹായദേവന്റെ (ദക്ഷിണാമൂര്‍ത്തി) നടയിലെത്തി. ഐളവാര്‍കുഴലിയാണ് ദേവന്റെ സഹപ്രതിഷ്ഠ. വ്യാഴം (ഗുരു അഥവാ ബൃഹസ്​പതി) ചുമരില്‍ കൊത്തിയ ദേവനാണ്, പ്രത്യേക പ്രതിഷ്ഠയല്ല.

ക്ഷേത്രത്തിലേക്കു നടക്കുമ്പോള്‍ വഴിവക്കിലെ പൂക്കച്ചവടക്കാരും പൂജാദ്രവ്യവില്‍പ്പനക്കാരും പിടിച്ചു വലിച്ചു. ചെരാതുകള്‍ വേണ്ടേ? മുല്ലപ്പൂക്കള്‍ വേണ്ടേ? അന്നത്തെ അപൂര്‍വം സന്ദര്‍ശകരില്‍ അവസാനത്തേതാവണം ഞങ്ങള്‍.

ഗോളാന്തരയാത്ര തീരുകയാണ്. വിശ്വാസത്തിന്റെ ഭ്രമണവീഥികള്‍ താണ്ടി മടക്കയാത്ര. ഒമ്പതു ഗ്രഹങ്ങളും കണ്ടുകഴിഞ്ഞു. ഒമ്പതു മഹാക്ഷേത്രങ്ങള്‍. തമിഴ്‌സംസ്‌കൃതിയുടെ പ്രാര്‍ഥനാമുദ്രകള്‍. ആത്മീയതയുടെ നക്ഷത്രനടകള്‍.

എന്താണു നവഗ്രഹയാത്രയുടെ ഫലശ്രുതി? തിരുനെല്ലാറിലെ സന്യാസിയോട് പിരിയും മുമ്പ് ചോദിച്ചു. അദ്ദേഹം ചിരിച്ചു. ഓരോ ഗ്രഹവും നിങ്ങളിലെ ഓരോ ഭാവമാണ്. നിങ്ങളിലുള്ള ഈ ഗ്രഹഭാവങ്ങളെ പ്രാര്‍ഥിച്ചുണര്‍ത്തി നോക്കൂ. ആത്മരൂപമായ സൂര്യനെ പ്രാര്‍ഥിച്ചാല്‍ ആത്മപ്രഭാവം വര്‍ധിക്കും. മന:കാരകനായ ചന്ദ്രനെ ഭജിച്ചാല്‍ മനോബലം സിദ്ധിക്കും. കുജ(ചൊവ്വ)ന്റെ ഭാവം അചഞ്ചലത്വമാണ്. അതിനാല്‍ കൂജപൂജ ധീരതയും അചഞ്ചലത്വവും സമ്മാനിക്കും. ബുധനെ പ്രസാദിപ്പിച്ചാല്‍ വാഗ്മിയായിത്തീരും. വ്യാഴപൂജ ബുദ്ധിയും ധനവും ബലവും കൊണ്ടു വരും. ശുക്രന്‍ കാമകാരകനാകയാല്‍ ആ ഭാവത്തെ പ്രസാദിപ്പിച്ചാല്‍ കലയിലും കാമത്തിലും ദേവനായിത്തീരും. ശനി ദു;ഖകാരകന്‍. ശനിയെ പ്രസാദിപ്പിക്കുക എന്നാല്‍ ദു:ഖഭാവം വെടിയുക എന്നര്‍ഥം. തിന്മാഭാവങ്ങളാണ് രാഹുകേതുക്കള്‍. അതില്ലാതാക്കാന്‍ പ്രാര്‍ഥിച്ചു കൊണ്ടേയിരിക്കുക. ഇതാണ് നവഗ്രഹക്ഷേത്രദര്‍ശനത്തിന്റെ രഹസ്യം.

രാത്രി. ഉറങ്ങിയ ഗ്രാമങ്ങളിലൂടെ മടക്കം. കരിമ്പനകള്‍ കാവല്‍ നില്‍ക്കുന്ന തമിഴ്പാതകള്‍. മാനത്തെ നോക്കി ശ്രുതിമീട്ടുന്ന കാവേരി. അനുഗ്രഹത്തിന്റെ നാട്ടുവെളിച്ചം ചൊരിഞ്ഞ് മേലെ നീലാകാശത്ത് കണ്‍ചിമ്മുന്ന നക്ഷത്രങ്ങള്‍. അവ ഉള്ളിലെ നവഗ്രഹങ്ങളാവണം. ആത്മീയമായ ഒരു ശാന്തിയുടെ രാത്രിവെട്ടം ഇരുള്‍വഴികളില്‍ പരക്കുന്നതു പോലെ.