മറക്കാതെ വായിക്കുക:-അയ്യപ്പചരിത്രം!
ഒരു പക്ഷേ അധികമാരും വായിപ്പചരിത്രം!ച്ചിരിക്കാനോ കേട്ടിരിക്കാനോ സാധ്യതയില്ലാത്ത അയ്യപ്പചരിത്രം!
(പ്രസാദ് പ്രഭാവതിയുടെ ലേഖനത്തിൽ നിന്ന്...)
അയ്യപ്പനായ മണികണ്ഠനേയും, മാളികപ്പുറത്തമ്മയേയും കുറിച്ചുള്ള ചരിത്രാന്വേഷണങ്ങളിൽ ചീരപ്പൻ ചിറ കളരിക്ക് വളരെ പ്രാധാന്യം കാണുന്നു.
പന്തളരാജകുമാരനായ മണികണ്ഠൻ കളരി അഭ്യസിച്ച ഇടങ്ങളിൽ ഒന്നാണ് ആലപ്പുഴയിലെ ഈഴവ തറവാടായിരുന്ന ചീരപ്പൻചിറ കളരി. ഈ കളരിയിൽ ഇന്നും മണികണ്ഠന്റെ വാൾ വെച്ച് പൂജിക്കുന്നുണ്ട്.
ഇതേ കാലഘട്ടത്തിൽ ഉദയനൻ എന്ന കൊള്ളക്കാരൻ ശബരിമലയിലെ ശാസ്താക്ഷേത്രം കൊള്ളയടിച്ച് നശിപ്പിക്കുകയും, കരിമലയിൽ താവളമൊരുക്കി ചുറ്റുപാടുമുള്ള പ്രദേശങ്ങളെ ആക്രമിക്കുകയും ചെയ്തിരുന്നു. പന്തളരാജാവും ഉദയനന്റെ ആക്രമണഭീഷണി നേരിട്ടിരുന്നു .
എന്നാൽ ഉദയനൻ നശിപ്പിച്ച ശബരിമലയിലെ ശാസ്താക്ഷേത്രം പുനർനിർമ്മിക്കണമെന്ന് പന്തള രാജാവിന് അതിയായ മോഹമുണ്ടായിരുന്നു. ഈ വിവരം മണികണ്ഠനോട് രാജാവ് പറയുകയും ചെയ്തു..
ചീരപ്പൻചിറ കളരിയിൽ നിന്നും പൂഴിക്കടകൻ അടക്കമുള്ള മഹാവിദ്യകൾ അഭ്യസിച്ച ശേഷം, ഉദയനനെതിരെയുള്ള സൈന്യത്തെ സജ്ജീകരിക്കുവാൻ എരുമേലിയിൽ എത്തിച്ചേർന്ന മണികണ്ഠൻ ആലങ്ങാട്ടെയും അമ്പലപ്പുഴയിലെയും കളരികളിലേയ്ക്ക് സൈനീക സഹായം അഭ്യർത്ഥിച്ചു കൊണ്ട് ദൂതയക്കുകയും, മറുപടിയും കാത്ത് എരുമേലിയിലെ പുത്തൻവീട്ടിൽ വിശ്രമിക്കുകയും ചെയ്തു.
ആ വീട്ടിലെ വിശ്രമസമയത്ത് അവിടെ ഉണ്ടായിരുന്ന ഒരു മുത്തശ്ശിയിൽ നിന്നും മണികണ്ഠൻ ഒരു കാര്യം മനസ്സിലാക്കി. അതായത് ആ പ്രദേശത്തെ ജനങ്ങൾ ഒരു കൂറ്റൻ എരുമയുടെ ആക്രമണം മൂലം പൊറുതി മുട്ടിയിരിക്കുകയാണന്നും നിരവധി പേർ കൊല്ലപ്പെട്ടുവെന്നും അറിഞ്ഞ മണികണ്ഠൻ ആഎരുമയെ നിഗ്രഹിച്ചു.
മഹിഷീനിഗ്രഹത്തിൽ സന്തുഷ്ടരായ നാട്ടുകാരും, ഇരുകളരികളിലെയും പടയാളികളും ആനന്ദനൃത്തം ചവിട്ടിയതിന്റെ സ്മരണയാണ് "എരുമേലി പേട്ട തുള്ളൽ." എരുമയെ കൊല്ലിയ ഇടമാണ് പിന്നീട് എരുമേലിയായി അറിയപ്പെട്ടത്. എരുമയെ കൊന്ന വാൾ പുത്തൻവീട്ടിൽ മുത്തശ്ശിക്ക് സമ്മാനമായി നൽകി. ആ വാൾ ഇന്നും പുത്തൻവീട്ടിൽ പൂജിക്കപ്പെടുന്നുണ്ടത്രെ.
കളരിയിൽ ഗുരുകുല സമ്പ്രദായ പ്രകാരം താമസിച്ച് അഭ്യസിച്ചിരുന്ന മണികണ്ഠനോട് പ്രേമം തോന്നിയ, ചിറപ്പൻ കളരിയിലെ യുവതിയായ മാക്കം മണികണ്ഠനോട് വിവാഹാഭ്യർത്ഥന നടത്തി. എന്നാൽ മണികണ്ഠന് പന്തളദേശത്തിന്റെ സുരക്ഷയും, അച്ഛന്റെ ആഗ്രഹപൂർത്തീകരണവും പരമപ്രധാനമായതിനാൽ; യുവതിയുടെ അഭ്യർത്ഥന നിരസിക്കുകയും, വിവാഹത്തിനേക്കാൾ പ്രാധാന്യമേറിയ ചില ലക്ഷ്യങ്ങൾ തനിക്ക് നിറവേറ്റാൻ ഉണ്ടെന്ന് മറുപടി നൽകി മടക്കി അയക്കുകയും ചെയ്തു.
അമ്പലപ്പുഴയിൽ നിന്നും, ആലങ്ങാട്ട് നിന്നുമുള്ള സംഘങ്ങൾ വന്നതോടെ വാവരുമൊത്ത് സേനയെ വികസിപ്പിച്ചു. ശബരിമലയിലേയ്ക്കുള്ള തിരുവാഭരണ ഘോഷയാത്രയിൽ ഈ രണ്ടു സംഘങ്ങൾക്കും സ്ഥാനം ലഭിച്ചതിനു കാരണവുംഇതാണത്രെ. ആകാശത്ത് പരുന്തിനെ കാണുമ്പോൾ സൈനീക നീക്കം നടത്തുവാൻ അമ്പലപ്പുഴ സംഘത്തിനു നിർദ്ദേശം നൽകിയതിന്റെ സ്മരണയാണ് കൃഷ്ണപ്പരുന്തിനെ കണ്ടതിനു ശേഷംമാത്രം അമ്പലപ്പുഴ സംഘത്തിന് തിടമ്പ് നൽകി പേട്ടതുള്ളൽ ആരംഭിക്കുന്നത് എന്ന് പറയപ്പെടുന്നു.
കാടിനുള്ളിൽ വെച്ച് വന്യമൃഗങ്ങളാലും, എതിരാളികളാലും തിരിച്ചറിയപ്പെടാതിരിക്കാൻ സൈനികർ കറുത്ത വസ്ത്രങ്ങൾ ധരിച്ച്, മുഖങ്ങളിൽ ചായം പൂശി. മല കയറുവാനും, വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടായാൽ വേഗത്തിൽ മരത്തിൽ കയറുവാനും ഭക്ഷണസാധനങ്ങളും മറ്റും തുണിയിൽ പൊതിഞ്ഞു രണ്ടു ഭാഗങ്ങളുള്ള മാറാപ്പായി തലയിൽ കെട്ടിവെച്ചു നടക്കുവാനും നിർദ്ദേശം കൊടുത്തു. അതാണ് പിന്നീട് ഇരുമുടിക്കെട്ടായി ആചരിക്കുന്നത്.
കരിമലയ്ക്കു മുൻപായി ഉണ്ടായിരുന്ന വലിയ കിടങ്ങ് മണികണ്ഠനും കൂട്ടരും അഴുതാ നദിക്ക് സമീപത്തു നിന്നുമുള്ള വലിയ കല്ലുകൾ ഇട്ടു നികത്തി. ആ സ്ഥലം പിന്നീട് "കല്ലിടാം കുന്നായി".
വാവർ, അമ്പലപ്പുഴ സൈന്യം, ആലങ്ങോട്ട് സൈന്യം, ചിറപ്പൻ കളരിയിലെ സഹപാഠി ആയിരുന്ന വെളുത്ത, വനവാസി സൈന്യങ്ങളുടെ തലവന്മാരും സുഹൃത്തുക്കളായ കറുത്ത, കൊച്ചു കടുത്ത, വലിയ കടുത്ത എന്നിവരോടൊപ്പം കരിമലക്കോട്ടയിലേയ്ക്ക് നാല് വശത്തു നിന്നും ആക്രമണം അഴിച്ചു വിടുകയും മണികണ്ഠൻ ഉദയനനെ വധിക്കുകയും ചെയ്തു. യുദ്ധത്തിൽ മരണപ്പെട്ടവർക്കായി പമ്പയിൽ ബലി തർപ്പണവും, സർവ്വാണി സദ്യയും നടത്തി. പമ്പയിൽ ബലിതർപ്പണവും, പമ്പാസദ്യയും പിന്നീട് അത് ഒരു ആചാരമായി തീർന്നു.
അതിനു ശേഷം തകർക്കപ്പെട്ട ശാസ്താ ക്ഷേത്രം പുനർനിർമ്മിക്കുവാൻ തീരുമാനിച്ച മണികണ്ഠനും കൂട്ടരും, നീലിമല കയറി അപ്പാച്ചിമേട്ടിലെ മലഭൂതത്താൻ സങ്കൽപ്പങ്ങൾക്ക് നിവേദ്യം നൽകി. അപ്പാച്ചിമേട്ടിൽ അരിയുണ്ട എറിയുന്നതും ഈ ഭൂതസങ്കല്പങ്ങളെ സങ്കൽപ്പിച്ചാണെന്ന് പറയപ്പെടുന്നു.
നീലിമല ഇറങ്ങി ക്ഷേത്രം ദൂരെ നിന്നും കണ്ടവർ തങ്ങളുടെ കയ്യിലെ അസ്ത്രങ്ങൾ ഉപേക്ഷിച്ച ഇടം പിന്നീട് ശരംകുത്തി എന്ന പേരിൽ അറിയപ്പെടുവാൻ തുടങ്ങി .
മണികണ്ഠന്റെ സന്യാസത്തിലേയ്ക്കുള്ള മാറ്റം, അഥവാ മണികണ്ഠൻ അയ്യപ്പനായും, ധർമ്മശാസ്താവായും മാറിയ പ്രക്രിയകളുടെ ആരംഭം ശരംകുത്തിയിൽ നിന്നായതുകൊണ്ടാണ് അയ്യപ്പനായി വരുന്നവർ ശരംകുത്തിയിൽ, ശരങ്ങൾ കുത്തിവെയ്ക്കുന്നത്. ഈ ആചാരത്തിനു അയ്യപ്പന്റെ നൈഷ്ഠികബ്രഹ്മചര്യവുമായി ബന്ധമുണ്ടെന്ന് പറയുന്നു.(അല്ലാതെ മാളികപ്പുറത്തമ്മയുടെ കല്യാണം മുടക്കലല്ല ശരംകുത്തൽ ചടങ്ങ്.)
ക്ഷേത്രം പുനർനിർമ്മിക്കുവാൻ വട്ടം കൂട്ടിയ സംഘത്തെ പതിനെട്ടു മലകളിലെയും ഗോത്രവർഗങ്ങൾ സഹായിക്കുവാൻ എത്തി. ശബരിമലയിലെ പ്രധാനദിനമായ മകരവിളക്ക് ദിവസം ഈ പതിനെട്ടു മലകളിലെയും വനവാസികളുടെ ഉത്സവദിനവുമായിതീർന്നു.
ക്ഷേത്രനവീകരണം നടക്കുന്ന കാലങ്ങളിൽ, പ്രദേശത്ത് ജീവിച്ചിരുന്ന ശൈവസിദ്ധരിൽ നിന്നും യോഗവിദ്യ അഭ്യസിച്ച മണികണ്ഠൻ പിന്നീട് ക്ഷേത്രമൂർത്തിയായ ശാസ്താവിനെ ഉപാസിച്ച് യോഗിയായി ജീവിക്കുവാനും ആരംഭിച്ചു. തുടർന്ന് മണികണ്ഠൻ അഞ്ചു കർമേന്ദ്രിയങ്ങളെയും നിയന്ത്രിക്കുവാൻ കഴിവുള്ള അയ്യപ്പനായി.
ശാസ്താ ക്ഷേത്രം പുനർനിർമ്മിച്ച ശേഷം, കൂടെയുള്ളവരോട് താനിനി നാട്ടിലേയ്ക്കില്ല എന്നറിയിച്ച അയ്യപ്പൻ അവരോടെല്ലാം മടങ്ങിപ്പോകുവാൻ ആവശ്യപ്പെട്ടുവെങ്കിലും വാവരും, കടുത്തയും അയ്യപ്പനെ വിട്ടുപോകുവാൻ തയ്യാറായില്ല. സ്വന്തം സുഹൃത്തിനൊപ്പം ശിഷ്ടകാലം കാട്ടിൽ കഴിയാൻ തന്നെ അവരുംതീരുമാനിച്ചു. അയ്യപ്പന്റെ ആത്മബന്ധങ്ങളുടെ ആഴവും ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിയും. അയ്യപ്പന്റെ ആത്മമിത്രമായ വാവർ സുഗന്ധവ്യഞ്ജനങ്ങളുടെ വാണിജ്യത്തിനായി വന്ന ആളായിരുന്നു. എന്ന ചരിത്രത്തെ ഓർത്തുകൊണ്ടാണ് വാവർ പള്ളിയിൽ കുരുമുളക് പ്രധാന വഴിപാടായതും.
ശബരിമലയിൽ ശാസ്താവിനെ ഭജിച്ച അയ്യപ്പൻ, പിന്നീട് ഹഠയോഗത്തിലെ പട്ടബന്ധനാസനത്തിൽ ഇരുന്നുകൊണ്ട് സമാധി പൂകി.
അയ്യപ്പൻറെ ആത്മാവ് ശാസ്താവിഗ്രഹത്തിൽ ലയിച്ചു ചേർന്നുവെന്ന് വിശ്വസിച്ച അനുയായികൾ, പിന്നീടവിടം അയ്യപ്പനെ ആരാധിക്കുവാനും തുടങ്ങി.
ഇക്കാലമത്രയും മണികണ്ഠൻ വരുന്നതും കാത്ത് ജീവിച്ചിരുന്ന ചീരപ്പൻ ചിറ കളരിയിലെ മാക്കം അയ്യപ്പന്റെ സമാധി വാർത്ത അറിഞ്ഞ് ശബരിമലയിൽ എത്തിച്ചേരുകയും സന്യാസിനിയായി ജീവിക്കാൻ ആരംഭിക്കുകയും ചെയ്തു. മാളികപ്പുറം ക്ഷേത്രമിരിക്കുന്ന ഇടത്തിൽ കുടിൽ കെട്ടി താമസിച്ച അവരെ വനവാസികൾ ഭക്ത്യാദരപൂർവ്വം സേവിച്ചു പോന്നു. ധ്യാനനിഷ്ഠയായി കാലം കഴിച്ച അവർ മരണശേഷം മാളികപ്പുറത്ത് അമ്മയായി പ്രതിഷ്ഠിക്കപ്പെട്ടു.
(വായനയോട് കടപ്പാട്)
!! സ്വാമിയേ ശരണമയ്യപ്പാ !!