2018, ഒക്‌ടോബർ 11, വ്യാഴാഴ്‌ച

തളി ശിവക്ഷേത്രം...കോഴിക്കോട് ജില്ലയിൽ





തളി ശിവക്ഷേത്രം...

പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന നാലു തളിക്ഷേത്രങ്ങളിൽ (തളി ശിവക്ഷേത്രം കോഴിക്കോട്, കടുത്തുരുത്തി തളി മഹാദേവക്ഷേത്രം, കീഴ്ത്തളി മഹാദേവക്ഷേത്രം കൊടുങ്ങല്ലൂർ, തളികോട്ട മഹാദേവക്ഷേത്രം, കോട്ടയം) ഒരു തളിയാണ് ഈ ക്ഷേത്രം.
കോഴിക്കോട് ജില്ലയിൽ കോഴിക്കോട് നഗരത്തിലാണ് തളി ശിവക്ഷേത്രം...
കൊട്ടാരം എന്നര്‍ത്ഥമുള്ള “കോയില്‍”, എന്ന പദവും, കോട്ടകള്‍ നിറഞ്ഞ സ്ഥലം എന്നര്‍ത്ഥമുള്ള “കോട്” എന്ന പദവും സംയോജിച്ചുണ്ടായ “കോയില്‍ക്കോട്” എന്ന പ്രയോഗത്തില്‍ നിന്നാണ് കോഴിക്കോട് എന്ന സ്ഥലനാമം ഉണ്ടായതെന്ന് പ്രഗത്ഭരായ ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു.
പണ്ട്, കേരളത്തിലേയും തുളുനാട്ടിലേയും അറുപത്തിനാല് ബ്രാഹ്മണഗ്രാമങ്ങളെ നിയന്ത്രിക്കാന്‍ പതിനെട്ടര തളികള്‍ ഉണ്ടായിരുന്നു എന്ന് കേരളോത്പത്തിയില്‍ പറയുന്നു. ക്രമസമാധാനപാലനത്തിനായി സൈന്യ സജ്ജീകരണവും നടന്നു. ഇതിന്‍റെ സങ്കേതമാണ്‌ തളി. കേരളത്തിലെ ശിവക്ഷേത്രങ്ങളേയും അവയോടനുബന്ധിച്ചുള്ള സഭയേയും തളി എന്ന് വിളിച്ചിരുന്നു. ശൈവന്മാരായ ബ്രാഹ്മണരുടെ ചര്‍ച്ചാവേദിയാണ് തളി.തളികളുടെ അധിപന്മാര്‍ തളിയംതിരിമാര്‍. ഇവരാണ്‌ ക്ഷേത്രപരിപാലനം നടത്തിയിരുന്നത്‌.
പരശുരാമൻ തപശ്ശക്തിയാൽ പ്രത്യക്ഷപ്പെടുത്തിയ ഉമാമഹേശ്വരന്മാരെ ശക്തി പഞ്ചാക്ഷരി ധ്യാനരൂപത്തിൽ തളിക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു എന്നാണ് ഐതിഹ്യം. തളി എന്ന പദം ശിവക്ഷേത്രത്തെ ആണ് കുറിക്കുന്നതെങ്കിലും ഇവിടെ ശ്രീകൃഷ്ണന്‍റെ ഒരു പ്രധാനക്ഷേത്രവും കൂടിയുണ്ട്.
ഇവിടുത്ത ഗണപതിയെ പ്രതിഷ്ഠിച്ചത് നാറാണത്തു ഭ്രാന്തൻ ആണെന്നാണ് ഐതിഹ്യം.
ദ്വാപരയുഗത്തിന്‍റെ അവസാനഘട്ടത്തിൽ പരശുരാമന്‍ തന്‍റെ ദിവ്യമായ തപസ്സിന്‍റെ ഫലമായി ,ഉമാമഹേശ്വരൻ ജ്യോതി സ്വരൂപത്തിൽ പ്രത്യക്ഷപ്പെടുകയും ആ ജ്യോതിസ്സ് ജ്യോതിർ ലിംഗമായി പരിണമിക്കുകയും ചെയ്തു. ആ ദിവ്യസാന്നിദ്ധ്യം ഈ പ്രദേശത്തിന്‍റെ ഭാവി ഭാഗ്യാനുഭവമാകുന്ന കല്പപകവൃക്ഷത്തിന്‍റെ ഉത്തമബീജമായി കല്പിച്ച് പരശുരാമൻ തന്നെ ഇവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു. ഈ ശിവലിംഗമാണ് ഇപ്പോഴും ആരാധിക്കപ്പെടുന്നത്...
പ്രകൃതിദത്തമായ ഉപചാരപൂജകളെക്കൊണ്ടും, സിദ്ധന്മാരുടെ ആരാധനകള്‍ കൊണ്ടും പൂർണ്ണ സാന്നിദ്ധ്യത്തോടെ പരിലസിച്ച് പോന്നതാണ് ഈ ദേവചൈതന്യം. ഏകദേശം 1500 വർഷങ്ങൾക്ക് മുമ്പാണ് രാജകീയ ആനുകൂല്യങ്ങളായ താന്ത്രിക ചടങ്ങുകളോടു കൂടിയ ഈ മഹാക്ഷേത്രം നിർമ്മിക്കപ്പെട്ടത്.
കോഴിക്കോട്ട് സാമൂതിരിപ്പാടിന്‍റെ മുഖ്യ ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. മലബാറിന്‍റെ പ്രതാപൈശ്വര്യങ്ങള്‍ക്ക്‌ നിദാനമായിരുന്ന വള്ളുവനാടും കോഴിക്കോടും. അതിന്‍റെ അധിപന്മാരുടെ ആരാധനാ മൂര്‍ത്തികളായിരുന്നു തിരുമാന്ധാംകുന്നിലമ്മയും തളി മഹേശ്വരനും. പഴക്കം കൊണ്ടും, പ്രൗഡികൊണ്ടും, താന്ത്രിക ക്രിയകളുടെ നിഷ്ഘർഷതകൊണ്ടും നിത്യ നിദാനങ്ങളിൽ അന്യൂനമായ ചിട്ടകൾ കൊണ്ടും പ്രസിദ്ധമാണ്, തളിമഹാക്ഷേത്രം.
പെരുമാക്കന്മാരുടെ രാജ്യഭരണത്തിലും തുടർന്ന് സാമൂതിരിരാജവംശത്തിന്‍റെ ഭരണത്തിലും ദേവൻ രാജാധിരാജനായി ആരാധിക്കപ്പെട്ടു. സാമൂതിരി രാജവംശത്തിന്‍റെ ഭരണം പ്രശസ്തിയുടെയും, പ്രതാപത്തിന്‍റെയും ഉന്നതിയിലിരുന്ന കാലത്ത് (15-ം നൂറ്റാണ്ടിൽ) ഈ ക്ഷേത്രത്തിൽ നടത്തിപോന്നിരുന്ന രേവതീ പട്ടത്താനം എന്ന പണ്ഡിതസദസ്സും അതിൽ പ്രശോഭിച്ചിരുന്ന പതിനെട്ടരകവികൾ ഭാരത ചരിത്രത്തിലെ ഒരു സുപ്രധാന കണ്ണിയായി നിലകൊണ്ടിരുന്നു. ഇവിടെത്തെ പണ്ഡിത പരീക്ഷയും വളരെ പ്രസിദ്ധമായിരുന്നു.
ഈ പട്ടത്താനത്തിൽ നിന്നാണ് സാമൂതിരി കോവിലകത്തെയും ഈ ക്ഷേത്രത്തിന്‍റെയും തന്ത്രിയായ ചേന്നാസ് നമ്പൂതിരിക്ക് ഇന്നുള്ള തന്ത്രസമുച്ചയം എന്ന ഗ്രന്ഥം തയ്യാറാക്കാൻ സാധിച്ചത്. ഈ ഗ്രന്ഥം തളിമഹാദേവന്‍റെയും സാമൂതിരി രാജാവിന്‍റെയും, പട്ടത്താനത്തിന്‍റെയും മഹത്വവും സംഭാവനയും ഏതുകാലത്തും എടുത്തു കാണിക്കുന്നു.
ടിപ്പു സുൽത്താൻ, ഹൈദരലി എന്നിവരുടെ ആക്രമണങ്ങളിൽ ഈ ക്ഷേത്രത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചു. ഈ ആക്രമണങ്ങൾക്കു ശേഷം ക്ഷേത്രം 18-ആം നൂറ്റാണ്ടിൽ പുനരുദ്ധരിച്ചു. ഇന്നത്തെ ക്ഷേത്രത്തിന്‍റെ നിർമ്മിതി മാനവിക്രമൻ എന്ന സാമൂതിരിയുടെ കാലത്തേതാണ്.
ജന്മിവൈരങ്ങളും ശാപങ്ങളും ശാപമോക്ഷങ്ങളും ഈ ക്ഷേത്രത്തിന്‍റെ ഐതിഹ്യങ്ങളുടെ ഭാഗമാണ്. ക്ഷേത്രത്തിന്‍റെ പ്രതാപകാലത്ത് ഈ ക്ഷേത്രം 7 ദിവസം നീണ്ടുനിന്ന രേവതി പട്ടത്താനം എന്ന തർക്ക സദസ്സ് നടത്തിയിരുന്നു. മലയാളം തുലാം മാസത്തിലായിരുന്നു ഈ മഹാമഹം നടന്നിരുന്നത്. പണ്ഠിതശ്രേഷ്ഠന്മാർക്ക് ഈ സമയത്ത് വിരുന്നുകളും സമ്മാനങ്ങളും നൽകിയിരുന്നു. നാരായണീയത്തിന്‍റെ രചയിതാവായ മേൽപ്പത്തൂർ നാരായണ ഭട്ടതിരി ഈ ഉത്സവത്തിൽ സമ്മാനങ്ങൾക്കും ബഹുമതികൾക്കും പാത്രമായിട്ടുണ്ട്.
രേവതിപട്ടത്താനത്തെക്കുറിച്ചുള്ള ഐതിഹ്യങ്ങൾ ഇപ്രകാരമാണ് :-
ക്ഷേത്രത്തിലെ മൂസ്സതുമാരുടെ സഹായത്തോടെ പന്തലായിനിക്കൊല്ലത്തെ കോലസ്വരൂപത്തിന്‍റെ ശാഖയിലെ ഒരു തമ്പുരാൻ ബ്രാഹ്മണവേഷത്തിൽ സാമൂതിരി കോവിലകത്ത് കടന്നുകൂടിയെന്നും കോവിലകത്തെ ഒരു തമ്പുരാട്ടി ഈ ബ്രാഹ്മണനെ കണ്ട് മോഹിച്ചുവെന്നും തിരുവിളയനാട്ടു കാവിലെ ഉത്സവത്തിരക്കിൽ രണ്ടുപേരും പന്തലായനി കൊല്ലത്തേക്ക് ഒളിച്ചോടിയെന്നും ഇതറിഞ്ഞ സാമൂതിരി ആ തമ്പുരാട്ടിയെ വംശത്തിൽ നിന്ന് പുറന്തള്ളിയെന്നും പറയപ്പെടുന്നു. സാമൂതിരിപ്പാട് കോലത്തുനാട് ആക്രമിക്കാൻ സൈന്യത്തെ അയച്ചപ്പോൾ കോലത്തിരി അനന്തരവന്‍റെ കുറ്റം സമ്മതിച്ച് സന്ധിക്ക് തയ്യാറായെന്നും സാമൂതിരി ആവശ്യപ്പെട്ട പ്രകാരം പന്തലായിനി ഉൾപ്പെട്ട നാടും തളിപ്പറമ്പു ക്ഷേത്രത്തിലെ കോയ്മ സ്ഥാനവും സാമൂതിരിക്ക് വിട്ടുകൊടുത്തു എന്നും തിരിച്ചുവന്ന സാമൂതിരി മൂസ്സതുമാർ ബ്രാഹ്മണരാണെങ്കിലും അവരെ ക്ഷേത്ര ഊരാണ്മ സ്ഥാനത്തു നിന്ന് ഒഴിവാക്കിയപ്പോൾ അവർ പട്ടിണിവ്രതം അനുഷ്ഠിച്ചു മരിച്ചുവെന്നും ഇത് ബ്രഹ്മഹത്യയായി ദേവപ്രശ്നക്കാർ വിധിച്ചതിനെത്തുടർന്ന് അതിന് പ്രായശ്ചിത്തമായി സാമൂതിരിപ്പാട് ബ്രാഹ്മണഭോജനവും വിദ്വത്സദസ്സും ആരംഭിച്ചുവെന്നും ആ സദസ്സാണ് രേവതി പട്ടത്താനം എന്നും കരുതപ്പെടുന്നു. ബാലഹത്യാദോഷം നീക്കാനാണ് പട്ടത്താനം ആരംഭിച്ചതെന്ന മറ്റൊരു വിശ്വാസവും നിലവിലുണ്ട്. തിരുന്നാവായ യോഗക്കാരുടെ നിർദേശമനുസരിച്ചാണ് പട്ടത്താനം തുടങ്ങിയതെന്ന് മൂന്നാമതൊരു അഭിപ്രായവുമുണ്ട്.
പ്രധാനക്ഷേത്രത്തിന്‍റെയും അവിടത്തെ ശിവപ്രതിഷ്ഠയുടെയും ദർശനം കിഴക്കോട്ടാണ്. ഇതിന്‍റെ ചുറ്റമ്പലത്തിൽ വടക്കുകിഴക്കുഭാഗത്ത് പടിഞ്ഞാട്ട് ദർശനമായി ശ്രീകൃഷ്ണ ക്ഷേത്രവും ഉണ്ട്. രണ്ടു കൊടിമരമുള്ള അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് കോഴിക്കോട് തളിക്ഷേത്രം, ഇവിടെ പരമശിവന്‍റെ നടയിലും, ശ്രീകൃഷ്ണന്‍റെ നടയിലും പ്രത്യേകം കൊടിമരങ്ങൾ ഉണ്ട്.
ശിവക്ഷേത്രത്തിൽ ഉപദേവതകളായി ക്ഷേത്രതന്ത്രി പൂജിച്ചിരുന്ന തേവാരത്തിൽ ഗണപതി, തളി ഗണപതി, തിരുമാന്ധാംകുന്ന് ഭഗവതി, തേവാരത്തിൽ ഭഗവതി, അയ്യപ്പൻ, നാഗദേവതകൾ എന്നിവർ വാഴുന്നു. ആദ്യത്തെ മൂന്ന് പ്രതിഷ്ഠകൾ നാലമ്പലത്തിനകത്തും ബാക്കിയുള്ളവ പുറത്തുമാണ്. കൂടാതെ മഹാവിഷ്ണുവിന്‍റെ അവതാരങ്ങളായ നരസിംഹമൂർത്തിയെയും ശ്രീകൃഷ്ണനെയും പ്രതിഷ്ഠിച്ചിട്ടുണ്ട്. ശ്രീകൃഷ്ണക്ഷേത്രത്തിനകത്ത് വളയനാട് ഭഗവതിയുടെ പള്ളിവാൽ പൂജിക്കപ്പെടുന്നു.
ഭഗവാന് ധാരയും പായസവും, പുഷ്പാഞ്ജലിയും പ്രധാന വഴിപാടുകള്‍. സാധാരണ നടത്തിവരുന്ന അപ്പം കൂടാതെ മഹാഗണപതിക്ക്‌ വിശേഷമായി ഉദായസ്തമനപൂജയും, അപ്പവും, കൂടാതെ നിത്യം ഗണപതിഹോമവുമുണ്ട്‌. നിത്യഗണപതിഹോമം ശാന്തിക്കാരന്‍ നിന്നുകൊണ്ടാണ്‌ നടത്തുന്നത്‌. ഇത്‌ ഇവിടുത്തെമാത്രം പ്രത്യേകത. ഹോമദ്രവ്യം ഗണപതി ഭഗവാന്റെ വായില്‍ നേരിട്ട്‌ അര്‍പ്പിക്കുന്നു എന്നാണ്‌ സങ്കല്‍പം. തേവാരം ഗണപതിക്ക് അപ്പമാണ് പ്രധാന വഴിപാട്.
തളിക്ഷേത്രത്തിൽ രണ്ട് കുളങ്ങളുണ്ട്. വടക്കുഭാഗത്തുള്ള പഴയ കുളത്തിനടുത്തു കൂടി തീയ്യൻ കടന്നു പോയതിനാൽ അശുദ്ധമായെന്നു വിധിച്ച് ക്ഷേത്രം അടച്ചിട്ടതിനെത്തുടർന്ന് പരിഹാരമായി ബ്രിട്ടിഷ് അധികാരികൾ അവരുടെ ചെലവിൽ കുഴിപ്പിച്ചു കൊടുത്തതാണ് അകത്തെ കുളം.
രണ്ടുനിലയുള്ള ക്ഷേത്രത്തിന്‍റെ നാലുകെട്ടിൽ പുരാണങ്ങളിലെ കഥകൾ ചിത്രണം ചെയ്ത ദാരുശില്പങ്ങളും കരിങ്കൽ ശില്പങ്ങളും ഉണ്ട്. ശ്രീകോവിലിനു മുൻപിൽ തടികൊണ്ട് സൂക്ഷ്മമായി കൊത്തുപണി ചെയ്ത ഒരു അറയുണ്ട്. ഗണപതി, നരസിംഹം, ശാസ്താവ് എന്നിവർക്കായി ഇവിടെ പ്രത്യേകം നടകൾ ഉണ്ട്. ക്ഷേത്ര സമുച്ചയത്തിന്‍റെ വടക്കുകിഴക്കേ അറ്റത്താണ് ശ്രീകൃഷ്ണന്‍റെ അമ്പലവും മണ്ഡപങ്ങളും കൊടിമരവും ഉള്ളത്.
8 ദിവസം നീണ്ടുനിൽക്കുന്ന ക്ഷേത്ര തിരുവുത്സവം ചിങ്ങമാസത്തിലാണ് നടത്തുന്നത്. ക്ഷേത്രത്തിൽ എല്ലാ ദിവസവും 5 പൂജകൾ പതിവുണ്ട്. വിഷുസംക്രമദിനത്തിൽ ഉത്സവത്തിന് കൊടിയേറി എട്ടുദിവസം നീണ്ടുനില്ക്കുന്നതാണ് ഇവിടത്തെ ഉത്സവം.
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ലിങ്ക് റോഡ്, കണ്ടംകുളം റോഡ് വഴി ഒരു കിലോമീറ്റർ വടക്കുകിഴക്കുമാറിയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മൊഫ്യൂസൽ ബസ് സ്റ്റാന്റിൽ നിന്നും ചിന്താവളപ്പ് ജംഗ്ഷൻ വഴി ഒരു കിലോമീറ്റർ തെക്കുപടിഞ്ഞാട്ട് വന്നാലും തളിമഹാക്ഷേത്രത്തിൽ എത്താം...
ഓം നമ:ശിവായ ...