2018, ഒക്‌ടോബർ 11, വ്യാഴാഴ്‌ച

നിരണം തൃക്കപാലീശ്വരം മഹാദേവക്ഷേത്രം...പത്തനംതിട്ട ജില്ലയിലെ നിരണത്ത്





















നിരണം തൃക്കപാലീശ്വരം മഹാദേവക്ഷേത്രം...

കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന മൂന്നു തൃക്കപാലീശ്വരങ്ങളിൽ ഒന്നാണിത്. മറ്റുള്ള രണ്ടു തൃക്കപാലീശ്വരങ്ങൾ കാടാച്ചിറയിലും നാദാപുരത്തുമാണ്.
നിരണം മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണന്നു വിശ്വസിക്കുന്നു.
പത്തനംതിട്ട ജില്ലയിലെ നിരണത്ത് സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ് നിരണം തൃക്കപാലീശ്വരം മഹാദേവക്ഷേത്രം.ഇവിടെ ശിവപ്രതിഷ്ഠാ സങ്കല്പം ദക്ഷിണാമൂർത്തിയാണ്. തന്മൂലം തൃക്കപാലീശ്വരം ക്ഷേത്രദർശനം വിദ്യാസമ്പത്തിനു വിശേഷമാണന്ന് വിശ്വസിക്കുന്നു.
ക്രിസ്തുവർഷാരംഭത്തിൽ ഇപ്പോഴത്തെ കുട്ടനാടൻ പ്രദേശങ്ങൾ അറബിക്കടലിൽ മുങ്ങിക്കിടന്നിരുന്നു. കടൽ പിൻവാങ്ങിയ ശേഷം തീരപ്രദേശം ദൃശ്യമായിവന്നപ്പോൾ ആദ്യം രൂപംകൊണ്ട ജനപഥങ്ങളിലൊന്നാണ് നിരണം .പ്രാചീനഭാരതത്തിലെ അതിപ്രധാനമായ രണ്ടു അന്തർദ്ദേശീയ വ്യാപാര കേന്ദ്രങ്ങളായിരുന്നു മുസ്സരീസ്സ് എന്ന കൊടുങ്ങല്ലൂരും നെൽക്കണ്ടി അഥവാ നെൽക്കിണ്ട എന്ന നിരണവും.നിരണത്തെ ,"നില്‍സണ്ടാ" എന്ന് പ്ളൂട്ടന്‍ഗേറിയസ്ടേബിള്‍സിലും "നിയാസണ്ടി" എന്ന് പ്ളീനിയും, "മേൽക്കണ്ടി" എന്ന് ടോളമിയും, തങ്ങളുടെ സഞ്ചാരരേഖകളിൽ രേഖപ്പെടുത്തിയിരിക്കുന്നു.
നിരണത്തിന്‍റെ പലഭാഗങ്ങളിലും സഹസ്രാബ്ദങ്ങള്‍ക്കുശേഷവും ഇന്നും സമുദ്രാവശിഷ്ടങ്ങള്‍ കാണാം.
നിരണം വലിയപള്ളിയുടെ സമീപത്തായി ഒരു ഭവനം പട്ടമുക്കില്‍ എന്ന പേരോടുകൂടി അറിയപ്പെടുന്നു. പരശുരാമനും ശിഷ്യഗണങ്ങളും അവിടെയാണു പര്‍ണ്ണശാല ഒരുക്കി വേദാധ്യയനം നടത്തിയതെന്ന് ഐതിഹ്യമുണ്ട്. അന്നത്തെ ആ സ്ഥലത്തിന്‍റെ പേര്‍ ഭക്തഗിരി എന്നായിരുന്നുവത്രെ .
പമ്പാനദിയുടേയും മണിമലയാറിന്‍റെയും മദ്ധ്യത്തിലുള്ള പ്രദേശമാണ് നിരണം. അവിടെയാണ് വളരെ പുരാതനമായ തൃക്കപാലീശ്വരം ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
വിദ്യാദേവനായ ദക്ഷിണാമൂർത്തിയുടെ ഭാവത്തിലാണ് തൃക്കപാലീശ്വരൻ ഇവിടെ കുടികൊള്ളുന്നത്. കണ്ണശ്ശ കൃതികളുടെ കാലത്ത് പ്രസിദ്ധിയാർജ്ജിച്ചിരുന്നു ഇവിടം. പീന്നീട് വളരെകാലങ്ങൾ കാലത്തിന്‍റെ വിസ്മൃതിയിൽ ആണ്ടുപോയിരുന്നു. ഈ അടുത്തകാലത്ത് പ്രസിദ്ധ ജ്യോതിഷ പണ്ഡിതനായ കാണിപയ്യൂർ നമ്പൂതിരിയുടെ നിർദ്ദേശപ്രകാരം ധാരളം പുനർ നിർമ്മാണങ്ങൾ ക്ഷേത്രത്തിൽ നടത്തുകയുണ്ടായിട്ടുണ്ട്. അതിനോടനുബന്ധിച്ച് ഉപദേവപ്രതിഷ്ഠകളും മറ്റു നിർമ്മാണപ്രവർത്തികളും നടത്തിയിരുന്നു.
ഹിമാലയത്തിൽ മാത്രം കണ്ടുവരുന്ന ഒരു പ്രത്യേകതരം ശിലയിൽ തീർത്തതാണ് ഇവിടുത്തെ ശിവലിംഗം. പ്രധാന മൂർത്തിയായ കപാലിശ്വരൻ ദക്ഷിണാമൂർത്തിയായി ശിവലിംഗരൂപത്തിൽ ഇവിടെ കുടികൊള്ളുന്നു. കിഴക്കോട്ടാണ് ദർശനം.
പണ്ടു പുരാതന കാലംതൊട്ടുതന്നെ പല അത്ഭുത കഥകൾക്കും പേരുകേട്ട ക്ഷേത്രമാണ് തൃക്കപാലീശ്വരം ക്ഷേത്രം. പണ്ട് ക്ഷേത്ര പ്രതാപകാലത്ത് ഒരു കൂവളം ഉണ്ടായിരുന്നു. ഒരു സർപ്പ സാന്നിദ്ധ്യം പതിവായി കുവളത്തിൽ ഉണ്ടായിരുന്നു . എന്നാൽ ക്ഷേത്രജീർണ്ണാവസ്ഥ ആരംഭിച്ചപ്പോൾ മുതൽ അത് ഇല്ലാതായതായും പറയുന്നു. ഈ അടുത്തിടെ മുതൽ ഈ സർപ്പ സാന്നിധ്യം ഉണ്ടാവുകയും അത് ഇപ്പോഴും തുടരുകയും ചെയ്യുന്നു. ക്ഷേത്ര സമീപത്തുള്ള ചെറിയ ഒരു കൂവളത്തിലാണ് ഇപ്പോൾ സർപ്പ സാന്നിധ്യം ഉള്ളത്.ഈ സർപ്പ സാന്നിധ്യം ധാരാളം ഭക്തരെ ക്ഷേത്രത്തിലേക്ക് എത്തിക്കുന്നു.
മറ്റുക്ഷേത്രങ്ങളിലൊന്നും കാണാത്ത ദേവീരൂപങ്ങളിലുള്ള സപ്തമാതാക്കളുടെ പ്രതിഷ്ഠ വളരെ പ്രത്യേകതയുള്ളതാണ്. മറ്റു പ്രധാനക്ഷേത്രങ്ങളിൽ ദക്ഷിണഭാഗത്തായി ബലിക്കല്ലുരൂപത്തിലാണ് സപ്തമാതൃക്കളെ പ്രതിഷ്തിച്ചിരിക്കുന്നത്. ഇവിടെ അവർക്കായി പ്രത്യേക പ്രതിഷ്ഠകൾ ഉണ്ട്.
ആദി പരാശക്തിയുടെ വിഭിന്നരൂപങ്ങളാണ് സപ്തമാതാക്കാൾ. ദേവീമാഹാത്മ്യത്തിൽ സപ്തമാതാക്കളെപറ്റി പറയുന്നുണ്ട്. ബ്രഹ്മാണി, വൈഷ്ണവി, മഹേശ്വരി, കൌമാരി, വരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്നീ ദേവിമാരാണ്‌ സപ്തമാതാക്കൾ.
സാധാരണ ക്ഷേത്രങ്ങളിൽ ഉത്സവ സംബന്ധിയായി കൊടിയേറ്റു നടത്തുമ്പോൾ ഇവിടെ ഓലക്കുടയാണ് കൊടിമരത്തിലേറ്റുക.
ഉപക്ഷേത്രങ്ങൾ:-
നന്ദികേശ്വരൻ,സപ്തമാതൃക്കൾ,ഗണപതി,ശാസ്താവ്,
ശ്രീകൃഷ്ണൻ,നാഗരാജാവ്
"കണ്ണശ്ശ കവികൾ" എന്നു പ്രസിദ്ധരായ നിരണം കവികൾക്കു ജ്ഞാനോദയം കൊടുത്ത് അനുഗ്രഹിച്ചത് ഇവിടുത്തെ തൃക്കപാലീശ്വര ദക്ഷിണാമൂർത്തിയാണന്നു വിശ്വസിച്ചിരുന്നു. ഈ തിരുനടയിൽ ഇരുന്നാണ് അവർ കണ്ണശ്ശരാമായണം മലയാളത്തിന് സമർപ്പിച്ചത്. വാൽമീകി രാമായണം ആദ്യമായി മലയാളത്തിനും കേരളക്കരക്കും പരിചിതമായ കണ്ണശ്ശ രാമായണത്തിലൂടെയാണ്. എഴുത്തച്ഛൻ ഒരു ശിവരാത്രി നാളിൽ ഇവിടെ ക്ഷേത്ര ദർശനം നടത്തിയതായും അദ്ദേഹം കണ്ണശ്ശകവികളുടെ അനുഗ്രഹം വാങ്ങിയാണ് മലയാളത്തിലുള്ള രണ്ടാമത്തെ രാമയണത്തിനു ഹരിശ്രീ കുറിച്ചത് എന്നും വിശ്വസിക്കുന്നു.
നവരാത്രിനാളുകളിലും വിജയദശമിയിലും ധാരാളം ഭക്തർ ഇവിടെ ദക്ഷിണാമൂർത്തിയുടെ അനുഗ്രഹത്തിനായി എത്തിചേരാറുണ്ട്.
നിരണത്തുശാല (നിരണം ശാല) എന്നപേരിലുള്ള പുരാതന പാഠശാല ഇവിടെ പണ്ട് ഉണ്ടായിരുന്നു. കാലത്തിന്‍റെ കുത്തൊഴുക്കിൽ പിന്നീട് എപ്പോഴോ അത് നാമാവശേഷമായി. 1981 ആഗസ്റ്റ് 30-നു് അന്നത്തെ മുഖ്യമന്ത്രി ഇ. കെ. നായനാർ ഉദ്ഘാടനം ചെയ്ത കണ്ണശ്ശസ്മാരകം ആണ് ഇപ്പോൾ കണ്ണശ്ശപ്പണിക്കന്മാരുടെ പേരിൽ പ്രവർത്തനനിരതമായ ഒരു സ്ഥാപനം.
കൊല്ലവർഷം 550-ന് മുൻപ് രചിക്കപ്പെട്ട ഉണ്ണുനീലി സന്ദേശത്തിൽ നിരണത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. "വെൺമാടങ്ങൾ കൊണ്ട് ചന്ദ്രക്കലയെ ധരിച്ച് പരമശിവനാകാൻ ശ്രമിക്കുന്നതായ മണിമന്ദിരങ്ങൾ" ഉള്ള ദേശമായിട്ടാണ് ഈ കൃതിയിൽ നിരണത്തെ വർണ്ണിച്ചിരിക്കുന്നത്.
തിരുവല്ല നിരണം ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്നും, ബസ്സ്റ്റാൻഡിൽ നിന്നും മാവേലിക്കര റൂട്ടിൽ യാത്രചെയ്യുമ്പോൾ ആലംതുരുത്തി പാലം ജംഗഷനിൽ ഇറങ്ങിയാൽ ക്ഷേത്ര ഗോപുരം കാണാം.
കേരളാ ക്ഷേത്ര സമിതിയുടെ കീഴിലാണ് തൃക്കപാലീശ്വരം ക്ഷേത്രം.