തിരുത്തണി
സ്വാമിമലൈയില്‍ നിന്ന്
വടക്കന്‍ തമിഴകത്തെ തിരുത്തണിയിലേക്ക്.
തനികേശനായ വടിവേലന്‍ കുടികൊള്ളുന്ന
അഞ്ചാം പടൈവീട്ടിലേക്ക്
തിരുത്തണിയില്‍ തനികേശനാണ് മുരുകന്‍. തമിഴ്‌നാടിന്റെ വടക്കേ അറ്റത്ത് ആര്‍ക്കോണത്തിനടുത്താണ് തിരുത്തണി. അഞ്ചാം പടൈവീട്. തിരുത്തണിപട്ടണത്തില്‍ നിന്നും മല മുകളിലേക്ക് റോഡുണ്ട്. 365 പടികള്‍ കയറിയും സന്നിധിയിലെത്താം. പരിപൂര്‍ണ്ണാചലം (തനികാചലം) എന്ന മലയുടെ മുകളില്‍ ശൂരസംഹാരം കഴിഞ്ഞ്, വള്ളിയെ തിരുമണം ചെയ്ത് സ്വസ്ഥശാന്തനായിരിക്കുന്ന തനികേശന്റെ ക്ഷേത്രം. കോപം തണിഞ്ഞ സ്ഥലം. ശാന്താദ്രി എന്നും പേരുണ്ട്. ചുറ്റിലും മനോഹരമായ മലനിരകള്‍. പടിഞ്ഞാറുള്ള വള്ളിമലയില്‍ വെച്ച് വള്ളിയെ വിവാഹം ചെയ്ത് സ്വാമി ഇവിടേക്കു വന്നു.
മലകളില്‍ ഏറ്റവും ശ്രേഷ്ഠമായ ഇടമായതിനാലാണ് ഇവിടേക്കു വന്നതെന്ന വള്ളിയുടെ സംശയത്തിനു മറുപടി നല്‍കിയ സ്വാമി, ഇവിടെ തന്നെ അഞ്ചു ദിവസം ഭജിച്ചു പ്രാര്‍ഥിച്ചവര്‍ക്ക് ഇഹത്തിലും പരത്തിലും പുണ്യമുണ്ടാവുമെന്നും അരുളിച്ചെയ്തു. മൂലസ്ഥാനത്ത്, തിരുപ്പുകഴ് പാടലിന്റെ പശ്ചാത്തലത്തില്‍ വള്ളീദേവയാനീ സമേതനായ സുബ്രഹ്മണ്യന്‍. ദ്വാരപാലകരായി സുദേകനും സുമുഖനും. അര്‍ദ്ധമണ്ഡപത്തിലും സ്ഥപനമണ്ഡപത്തിലും ആപത്സഹായ വിനായകന്‍. ഉച്ചപ്പിള്ളയാര്‍ എന്നീ ഗണേശപ്രതിഷ്ഠകളും. ഉപദേവതകളും. ഉച്ചവര്‍സന്നിധി എന്നു വിളിക്കുന്ന രണ്ടാം പ്രാകാരത്തില്‍ ഏകാംബരേശ്വരന്‍, അര്‍ദ്ധനാരീശ്വരന്‍ അരുണാചലേശ്വരന്‍ ചിദംബരേശ്വരന്‍ ഉമാമഹേശ്വരന്‍ തുടങ്ങിയ മഹാദേവന്റെ വിവിധ ഭാവങ്ങള്‍.
മധുരൈ നഗരത്തിനടുത്താണ് ആറാം പടൈവീടായ പഴമുതിര്‍ച്ചോലൈ |
പഴമുതിര്‍ച്ചോലൈ
മധുരൈമാനഗരിയുടെ ചാരെയാണ്
ആറാംപടവീടായ പഴമുതിര്‍ച്ചോലൈ. അവ്വയാറിന് ജ്ഞാനപ്പഴം നല്‍കിയ
ജ്ഞാനസാഗരമായ കടമ്പന്‍ കുടികൊള്ളുന്ന
പുണ്യക്ഷേത്രത്തിലേക്ക്
പേരുപോലെ മനോഹരമായ ഉപവനമാണ് പഴമുതിര്‍ച്ചോലൈ. ആറാം പടൈവീട്. മധുരക്ക് വടക്കു കിഴക്കായി വൃഷഭാദ്രിയുടെ ഓരത്ത്, മയിലുകള്‍ നൃത്തം ചെയ്യുന്ന വൃക്ഷജാലങ്ങള്‍ക്കിടെ ഒരു എളിയ ക്ഷേത്രം. മലൈക്കീഴവനാണ് ഇവിടെ ഭഗവാന്‍. നൂപുരഗംഗ എന്ന ആറ് കിനിഞ്ഞിറങ്ങുന്ന ചോലമലയുടെ (അളഗാര്‍ മല) കീഴെ വസിക്കുന്നവന്‍ എന്നര്‍ഥം. മധുരക്കു പോവുകയായിരുന്ന അവ്വയാര്‍ വഴിക്കിടെ ഒരു വൃക്ഷത്തണലില്‍ വിശ്രമിക്കാനിരുന്നപ്പോള്‍ സുന്ദരകളേബരനായ ഒരു ബാലന്‍ ഓടിവന്നു ചോദിച്ചു ''മുത്തശ്ശീ, പഴം വേണോ?'' മരത്തിനു മുകളില്‍ കയറിയ ബാലന്‍ വീണ്ടും ചോദ്യമെറിഞ്ഞു. ''ചുട്ട പഴം വേണോ, ചുടാത്ത പഴം വേണോ?'' കുസൃതിചോദ്യം അത്ര ഇഷ്ടപ്പെടാത്ത അവ്വയാര്‍ കുറച്ചു കടുപ്പിച്ചു പറഞ്ഞു ''ചുടാത്ത പഴം മതി.'' കൊമ്പുകള്‍ കുലുങ്ങി. പഴങ്ങള്‍ താഴേക്കു വീണു. താഴെ വീണ പഴത്തിലെ മണ്ണ് ഊതിക്കളയുമ്പോള്‍ ബാലന്‍ ചോദിച്ചു. ''മുത്തശ്ശീ, പഴങ്ങള്‍ക്ക് ചൂടുള്ളതു കൊണ്ടാണോ ഊതുന്നത്് '' ? വിദുഷിയായ അവ്വയാറിന് ചോദ്യത്തിന്റെ ആന്തരാര്‍ഥം മനസ്സിലായി. '' കുഞ്ഞെ, ഞാന്‍ ഇനിയുമേറേ പഠിക്കാനുണ്ടെന്ന് നീ തെളിയിച്ചു.'' പഴമുതിര്‍ന്ന ചോലയില്‍ ബാലന്‍ ജ്ഞാനപ്പഴമായ ബാലസുബ്രഹ്മണ്യനായി മാറി.
അവ്വയാറിനു ബോധോദയം നല്‍കിയ പുണ്യ സഥലമാണ് പഴമുതിര്‍ച്ചോലൈ. പ്രാകാരങ്ങളില്ലാത്ത കൊച്ചു കോവില്‍. ജ്ഞാനശക്തിയായ മുരുകന്‍ ഇഛാശക്തിയായ വള്ളിയോടും ക്രിയാശക്തിയായ ദേവയാനിയോടും ഒപ്പം ഇവിടെ കുടികൊള്ളുന്നു. മുമ്പ് മൂലസ്ഥാനത്ത് ആരാധിച്ചിരുന്ന കല്‍വേല്‍ ഇപ്പോഴുമവിടെയുണ്ട്. അടിവാരത്തേക്കിറങ്ങിയാല്‍ ആള്‍വാര്‍മാര്‍ പാടിപുകഴേറ്റിയ ഗാംഭീര്യമാര്‍ന്ന അളഗാര്‍കോവില്‍ എന്ന വിഷ്ണു ക്ഷേത്രം