2018, ഒക്‌ടോബർ 12, വെള്ളിയാഴ്‌ച

പ്രപഞ്ചത്തിന്റെ ഈശ്വരിയായി ഹൈന്ദവര്‍ സങ്കല്പിച്ചുപോരുന്ന ഒരു ദേവി.



ദുര്‍ഗ

പ്രപഞ്ചത്തിന്റെ ഈശ്വരിയായി ഹൈന്ദവര്‍ സങ്കല്പിച്ചുപോരുന്ന ഒരു ദേവി. ആര്യ, ദുര്‍ഗ, വേദഗര്‍ഭ, അംബിക, ഭദ്രകാളി, ഭദ്ര, ക്ഷേമ, നൈകബാഹു, ദേവി മുതലായ പേരുകളില്‍ ഈ ദേവത ഭാരതത്തില്‍ ആരാധിക്കപ്പെടുന്നു. ഭക്തന്മാരുടെ അപേക്ഷ അനുസരിച്ച് ഈ ദേവി പല രൂപത്തില്‍ പ്രത്യക്ഷപ്പെടാറുണ്ട്. പരമശിവന്റെ ഭാര്യയായ പാര്‍വതി ഈ ദേവിയുടെ ഒരു മൂര്‍ത്തിയാണ്.
ദുര്‍ഗാദേവിയുടെ 64 ഭിന്നരൂപങ്ങള്‍ ആരാധിക്കപ്പെടുന്നുണ്ട്. ദക്ഷിണഭാരതത്തില്‍ അധികവും ആരാധിക്കപ്പെടുന്നത് ദേവിയുടെ ഉഗ്രരൂപമാണ്. സൗമ്യരൂപിണിയായ ദേവിക്ക് കന്യ, കാമാക്ഷി, മൂകാംബി എന്നീ രൂപങ്ങളുണ്ട്. കേരളത്തില്‍ ഈ ദേവിക്ക് ഭഗവതി എന്നും പറഞ്ഞുവരുന്നു. മഹാവിഷ്ണുവിന്റെ ഭാര്യയായ ലക്ഷ്മീദേവി ദുര്‍ഗാദേവിയുടെ മറ്റൊരു രൂപമാണ്. കര്‍ണാടകത്തിലെ ദുര്‍ഗാക്ഷേത്രങ്ങളെ കൊല്ലാപുരം ലക്ഷ്മീക്ഷേത്രങ്ങള്‍ എന്നാണു വിളിക്കുന്നത്. ആന്ധ്രയില്‍ ഇത്തരത്തിലുള്ള ദേവീ ക്ഷേത്രങ്ങള്‍ ജോകുലാംബികാ ക്ഷേത്രങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. തമിഴ്നാട്ടിലെ ദുര്‍ഗാദേവി കണ്ണകിയാണ്. മാരിയമ്മന്‍, കാളിയമ്മന്‍, ദ്രൌപതിയമ്മന്‍ എന്നീ പേരുകളിലും തമിഴ്നാട്ടില്‍ ദുര്‍ഗാദേവി പൂജിക്കപ്പെടുന്നുണ്ട്. സപ്തമാതാക്കളെന്നും സപ്തകന്യകമാരെന്നും ഈ ദേവതകളെ രണ്ടുവിഭാഗമായി തിരിക്കാം. സപ്തമാതാക്കള്‍ക്ക് പുരുഷന്മാരും സപ്തകന്യകമാര്‍ക്ക് സപ്തസഹോദരന്മാരും സഹായികളാണ്.
ദുര്‍ഗ
ഭാരതത്തില്‍ ദുര്‍ഗാദേവീപൂജയ്ക്ക് നാലായിരം വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നു കരുതപ്പെടുന്നു. വേദകാലം തുടങ്ങി ഇന്നുവരെയുള്ള മത സാഹിത്യങ്ങളില്‍ ദുര്‍ഗാദേവിക്ക് പ്രധാനമായ സ്ഥാനമുണ്ട്. ശ്രീരാമകൃഷ്ണപരമഹംസരും മഹാകവി സുബ്രഹ്മണ്യഭാരതിയുമെല്ലാം ദുര്‍ഗാദേവിയുടെ ആരാധകരാണ്.
മഹാഭാരതത്തിലും ദുര്‍ഗാദേവിയെക്കുറിച്ച് പരമാര്‍ശങ്ങളുണ്ട്. പാണ്ഡവന്മാര്‍ അജ്ഞാതവാസത്തിനുവേണ്ടി വിരാടനഗരത്തിലേക്കു കടക്കുമ്പോള്‍ ദുര്‍ഗയെ സ്തുതിക്കുകയും ദേവി പ്രത്യക്ഷപ്പെട്ട് അവര്‍ക്ക് വരങ്ങള്‍ നല്കുകയും ചെയ്തതായി വിരാടപര്‍വം ആറാം ആധ്യായത്തില്‍ പറയുന്നു. ശ്രീകൃഷ്ണന്റെ ഉപദേശമനുസരിച്ച് ഭാരതയുദ്ധത്തിന്റെ പ്രാരംഭത്തില്‍ അര്‍ജുനന്‍ ദുര്‍ഗാദേവിയെ സ്തുതിക്കുകയും ദേവി പ്രത്യക്ഷയായി അര്‍ജുനന്‍ വിജയിക്കുന്നതിനുള്ള വരം നല്കുകയും ചെയ്തതായി ഭീഷ്മപര്‍വം 23-ാം അധ്യായത്തില്‍ കാണുന്നു.
നവരാത്രിപൂജ എന്ന വ്രതം ദുര്‍ഗാദേവിക്കുവേണ്ടി ചെയ്യപ്പെടുന്നു. ഈ വ്രതം ഭാരതത്തില്‍ സാര്‍വത്രികമായി അനുഷ്ഠിക്കപ്പെടുന്നുണ്ടെങ്കിലും ഉത്തരഭാരതത്തിലാണ് ഇതിനു കൂടുതല്‍ പ്രാധാന്യം. വിധിപ്രകാരം നവരാത്രിപൂജ ചെയ്യേണ്ടത് ശരത്കാലത്തിലും വസന്തകാലത്തിലുമാകുന്നു. ഈ രണ്ട് ഋതുക്കളും കാലദംഷ്ട്രകള്‍ എന്നു പറയപ്പെടുന്നവയാണ്. രോഗങ്ങളും മരണങ്ങളും അധികമായി സംഭവിക്കുന്നത് ഈ രണ്ട് ഘട്ടങ്ങളിലുമാകയാല്‍ മേടം, തുലാം എന്നീ മാസങ്ങളില്‍ ഈ വ്രതം അനുഷ്ടിക്കപ്പെടണമെന്നാണു വിധി.
വ്യാസന്‍ നിര്‍ദേശിച്ചിരിക്കുന്ന നവരാത്രി പൂജാവിധി താഴെ ചേര്‍ക്കുന്ന വിധത്തിലാണ്: അമാവാസി ദിവസത്തില്‍ പൂജാദ്രവ്യങ്ങള്‍ സംഭരിച്ചുവയ്ക്കണം. അന്ന് ഹവിസ്സ് മാത്രമേ ഭക്ഷിക്കാവൂ. നിരപ്പും വൃത്തിയുമുള്ള പരിശുദ്ധമായ സ്ഥലത്ത് തൂണുകളും ധ്വജങ്ങളും നാട്ടി വിശേഷമായ മണ്ഡപം തയ്യാറാക്കണം. പതിനാറ് മുഴം ചുറ്റളവ് ഉണ്ടായിരുന്നാല്‍ ഏറ്റവും നന്ന്. പതിനാറ് തൂണുകള്‍ വേണം. ഈ മണ്ഡപം വെള്ള മണ്ണും ചാണകവും ചേര്‍ത്തു വൃത്തിയായി മെഴുകേണ്ടതാണ്. മധ്യത്തില്‍ നാല് മുഴം ചുറ്റളവില്‍ ഒരു മുഴം ഉയരത്തില്‍ ശുഭ്രവേദി ഉണ്ടായിരിക്കണം. ഇതാണ് പീഠസ്ഥാനം. ഈ മണ്ഡപത്തെയും വേദിയെയും തോരണാദികളെക്കൊണ്ടും മറ്റും ഭംഗിയായി അലങ്കരിക്കുന്നു. വേദിയില്‍ സമര്‍പ്പിച്ചിരിക്കുന്ന സിംഹാസനത്തില്‍ വെള്ളപ്പട്ട് വിരിച്ച് അതില്‍ ചതുര്‍ഭുജയായ ദേവിയെ പ്രതിഷ്ഠിക്കണം. അതിനുശേഷം ശാന്തനായ ഒരു വിപ്രന്‍ വേദപാരായണം നടത്തുന്നു. ഈ ഘട്ടത്തില്‍ ദേവീപൂജ ആരംഭിക്കണം. ഈ പൂജ ഒന്‍പതു ദിവസം നീണ്ടുനില്ക്കുന്നു.
ദുര്‍ഗപൂജയ്ക്കായി അലങ്കരിച്ച വിഗ്രഹങ്ങള്‍
ദുര്‍ഗപൂജയോടനുബന്ധിച്ച് നിമ്മജ്ജനം ചെയ്യുന്ന വിഗ്രഹങ്ങള്‍
ദുര്‍ഗ:മഹിഷാസുരമര്‍ദ്ദിനി(പെയിന്റിങ്, രാജസ്ഥാന്‍:കാലഘട്ടം
ദുര്‍ഗാദേവി മഹിഷാസുരനെ കൊന്ന് വിജയം വരിച്ച കാലമാണ് വിജയദശമി എന്ന് ഹൈന്ദവര്‍ വിശ്വസിക്കുന്നു. ഒരു സ്ത്രീക്കുമാത്രമേ മഹിഷനെ കൊല്ലാന്‍ സാധിക്കുകയുള്ളൂ എന്ന വരം നേടിയിരുന്നതിനാല്‍ ദേവന്മാരുടെ അംശമായി അവരുടെ തേജസ്സോടും ശക്തിയോടും കൂടി ഒരു സ്ത്രീയെ നിര്‍മിക്കുവാന്‍ മഹാവിഷ്ണു ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ദേവിയുടെ ജനനം. നാനാ രൂപങ്ങളിലായി സ്ഥിതിചെയ്യുന്ന ശക്തികളെല്ലാം സമാഹരിച്ചുകൊണ്ടാണ് ഈ സുന്ദരി രംഗപ്രവേശം ചെയ്തത്. പരമശിവന്റെ തേജസ്സുകൊണ്ട് ശുഭ്രമായ മുഖപദ്മം അവര്‍ക്കുണ്ടായി. യമതേജസ്സുകൊണ്ട് അറ്റം ചുരുണ്ടുനീണ്ട് മേഘവര്‍ണത്തില്‍ സ്നിഗ്ധമായ കേശവും അഗ്നിതേജസ്സുകൊണ്ട് കറുപ്പും വെളുപ്പും വര്‍ണങ്ങളായി ഭംഗിയോടുകൂടി മൂന്നുകണ്ണുകളും രണ്ടുസന്ധ്യകളുടെ തേജസ്സുകൊണ്ട് കാമവില്ലുപോലെ കറുത്ത പുരികങ്ങളും വായു തേജസ്സുകൊണ്ട് രണ്ടുകര്‍ണങ്ങളും ധനേശ തേജസ്സുകൊണ്ട് മനോഹരമായ നാസികയും ദക്ഷാദികളുടെ തേജസ്സുകൊണ്ട് പല്ലുകളും അരുണ തേജസ്സുകൊണ്ട് അധരവും ഷണ്‍മുഖ തേജസ്സുകൊണ്ട് ഓഷ്ഠവും വിഷ്ണു തേജസ്സിനാല്‍ പതിനെട്ടു കൈകളും വസുക്കളുടെ തേജസ്സുകൊണ്ട് ചുവന്ന വിരലുകളും ചന്ദ്ര തേജസ്സുകൊണ്ട് സ്തനങ്ങളും ഇന്ദ്ര തേജസ്സുകൊണ്ട് മധ്യപ്രദേശവും വരുണ തേജസ്സുകൊണ്ട് ജംഘോരുക്കളും ഭൂ തേജസ്സുകൊണ്ട് നിതംബവും ദേവിക്കുണ്ടായി. ഇവയെല്ലാം യോജിച്ച് സുന്ദരമായ സ്വരൂപവും മനോഹരമായ സ്വരവും ചേര്‍ന്ന ഒരു അദ്ഭുത വിഗ്രഹം ആവിര്‍ഭവിച്ചുവെന്നാണ് പുരാണ പരാമര്‍ശം.
ദുര്‍ഗാദേവിക്കുവേണ്ട ആഭരണങ്ങളും വസ്ത്രങ്ങളും പ്രദാനം ചെയ്തത് ദേവന്മാരാണ്. പാലാഴി മുത്തുമാല കൊടുത്തു. വിശ്വകര്‍മാവ് കിരീടവും അത്യുജ്ജ്വലങ്ങളായ കുണ്ഡലങ്ങളും തോള്‍ വളകളും പ്രദാനം ചെയ്തു. വരുണന്‍ ദിവ്യമാലയും രത്നമോതിരവും വാടാമലരും കൊടിക്കൂറയും കൊടുത്തു. ഹിമവാന്‍ നാനാവിധ രത്നങ്ങളും ഒരു ദിവ്യമായ സിംഹത്തെയും ദേവിക്കു കാഴ്ചവച്ചു. വസ്ത്രാഭരണവിഭൂഷിതയായി സിംഹോപരി പ്രശോഭിക്കുന്ന ദേവിയെ ദേവന്മാര്‍ ചെന്നുകണ്ട് കൈകൂപ്പി.
സര്‍വാംഗസുന്ദരിയായ ദുര്‍ഗാദേവി മധുപാനം ചെയ്ത് മദിച്ചുകൊണ്ട് ദേവലോകത്തിന്റെ ബഹിര്‍ദ്വാരത്തില്‍ ചെന്ന് മഹിഷനെ വെല്ലുവിളിച്ചു. ദേവിയെ കണ്ട മാത്രയില്‍ മഹിഷന്‍ അവളില്‍ അനുരക്തനായി. തന്നെ ജയിക്കുന്നവന്റെ പത്നിയായിരിക്കാനാണ് താനാഗ്രഹിക്കുന്നതെന്നു ദേവി പ്രഖ്യാപിച്ചു. തന്മൂലം ദേവിയെ യുദ്ധത്തില്‍ തോല്പിക്കുവാന്‍ മഹിഷനും ഉറച്ചു. യുദ്ധം ഭയങ്കരമായി. മഹിഷന്‍ അയച്ച അസ്ത്രങ്ങളെയെല്ലാം ദേവി പ്രത്യസ്ത്രം കൊണ്ട് മുറിച്ചു. ഒടുവില്‍ ദേവി വിഷ്ണുചക്രം പ്രയോഗിച്ചു. ചക്രമേറ്റ് മഹിഷന്‍ കണ്ഠം മുറിഞ്ഞ് നിലംപതിച്ചു. ദേവന്മാര്‍ ആര്‍ത്തട്ടഹസിച്ചു.
ദുര്‍ഗ:ശിലാശില്പം
കന്നിമാസത്തിലെ ശുക്ള പക്ഷത്തില്‍ പ്രഥമ മുതല്‍ നവമി വരെയുള്ള രാത്രികാലങ്ങളില്‍ വിജയദശമി ആഘോഷിക്കുന്നതുകൊണ്ട് ഇതിനെ നവരാത്രി എന്നും ദശമി വരെ ചടങ്ങുകള്‍ ഉള്ളതുകൊണ്ട് ഈ ഉത്സവത്തെ ദസറ എന്നും വിളിക്കുന്നു. ദുര്‍ഗാദേവി മഹിഷാസുരനെ കൊന്ന് വിജയം വരിച്ച കാലമായതിനാല്‍ ജീവിതവിജയത്തിന് ഉപകരിക്കുന്ന സകല കലകളുടെയും അഭ്യാസസംരംഭത്തിന് പറ്റിയ ഒരു സന്ദര്‍ഭമായി ഇതിനെ പരിഗണിക്കുന്നു. ദുര്‍ഗയുടെ രൂപാന്തര സങ്കല്പമാണ് സരസ്വതി. ദുര്‍ഗ മഹിഷാസുരനെ കൊന്നുവെന്ന കഥ വിദ്യയുടെ ആവിര്‍ഭാവത്തോടെ അജ്ഞാനാന്ധകാരം നശിച്ചു എന്നതിന്റെ സൂചനയാണ്. അതിനാല്‍ ദേവിയുടെ വിജയദിനമായ വിജയദശമി വിദ്യാരംഭ ദിനമായി പരിഗണിക്കപ്പെട്ടുവരുന്നു. യോദ്ധാവ് തന്റെ ആയുധങ്ങളെയും സാഹിത്യകാരന്‍ ഗ്രന്ഥങ്ങളെയും തൂലികയെയും ഗായകന്‍ സംഗീതോപകരണങ്ങളെയും ദേവിയുടെ സമക്ഷത്തില്‍ സമര്‍പ്പിച്ച് പൂജിച്ചശേഷം വിജയദശമി ദിവസം ശുഭമുഹൂര്‍ത്തത്തില്‍ അവ തിരികെ എടുക്കുന്നു. കേരളത്തില്‍ ഈ ചടങ്ങ് പ്രാചീനകാലം മുതല്‍ വഞ്ചിരാജാക്കന്മാരുടെ മേല്‍നോട്ടത്തില്‍ നടത്തിപ്പോന്നു. നോ: ദുര്‍ഗാഷ്ടമി, നവരാത്രി