2018, ഒക്‌ടോബർ 12, വെള്ളിയാഴ്‌ച

തുറവൂര്‍ മഹാക്ഷേത്രം എറണാകുളത്തുനിന്നും 26 കിലോമീറ്ററാണ് ക്ഷേത്രത്തിലേക്ക്



തുറവൂര്‍ മഹാക്ഷേത്രം
===============================
രണ്ടു പ്രതിഷ്ഠകളും ഒരു നാലമ്പലവും ഉള്ള ക്ഷേത്രം...
അപൂര്‍വ്വതകളും വ്യത്യസ്തതകളും ഒരുപാടുള്ള ഒരു ക്ഷേത്രം...
മഹാവിഷ്ണുവിന്റെ രണ്ടു പ്രതിഷ്ഠകള്‍ തുല്യപ്രാധാന്യത്തോടുകൂടി ഒരേ നാലമ്പലത്തിനുള്ളില്‍ കുടികൊള്ളുന്ന പുണ്യക്ഷേത്രം...ഇങ്ങനെ പറയാന്‍ ഏറെയുണ്ട് ആലപ്പുഴ ചേര്‍ത്തലയിലെ തുറവൂര്‍ എന്ന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന തുറവൂര്‍ മഹാക്ഷേത്രത്തിന്. നരസംഹമൂര്‍ത്തെയും സുദര്‍ശന മൂര്‍ത്തിയെയും പ്രതിഷ്ഠിച്ചിരിക്കുന്ന അപൂര്‍വ്വ ക്ഷേത്രം.

മഹാവിഷ്ണുവിന്റെ പ്രശസ്തമായ രണ്ട് അവതാരങ്ങങ്ങള്‍ ഒരു ക്ഷേത്ത്രതില്‍ കുടികൊള്ളുന്നു എന്നതാണ് തുറവൂര്‍ മഹാക്ഷേത്രത്തെ മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.നരസിംഹമൂര്‍ത്തിയെ വടക്കനപ്പന്‍ എന്ന പേരില്‍ വടക്കു വശത്തും സുദര്‍ശന മൂര്‍ത്തിയെ തെക്കനപ്പന്‍ എന്ന പേരില്‍ തെക്കുവശത്തുമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഈ രണ്ട് അവതാരങ്ങളും ഒരേ നാലമ്പലത്തിനകത്താണ് സ്ഥിതി ചെയ്യുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത.

മഹാവിഷ്ണുവിന്റെ പ്രധാനപ്പെട്ട രണ്ട് അവതാരങ്ങള്‍ ഒരേ ക്ഷേത്രത്തിനുള്ളില്‍ ഒരേ നാലമ്പലത്തിനകത്ത് സ്ഥിതി ചെയ്യുന്നു എന്നതാണ് ആളുകളെ ഇവിടേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്ന കാര്യം. നാലമ്പലം ഇവിടെ രണ്ടായി ഭാഗിച്ചിരിക്കുകയാണ് ചെയ്തിരിക്കുന്നത്. തെക്കുവശത്ത് സുദര്‍ശന മൂര്‍ത്തിയും വടക്കുവശത്ത് നരസിംഹമൂര്‍ത്തിയുടെയും കോവിലുകളാണ് കാണാന്‍ സാധിക്കുക.

ഇന്ത്യയില്‍ തന്നെ ഏറെ അപൂര്‍വ്വമാണ് സുദര്‍ശന മൂര്‍ത്തിയുടെ പ്രതിഷ്ഠ. കേരളത്തില്‍ തുറവൂര്‍ ക്ഷേത്രത്തെക്കൂടാതെ തിരുവല്ല ക്ഷേത്രത്തില്‍ മാത്രമാണ് സുദര്‍ന മൂര്‍ത്തി പ്രതിഷ്ഠയുള്ളത്. കൃഷ്ണശിലയില്‍ ചതുരബാഹു വിഷ്ണുവിഗ്രഹത്തിലാണ് സുദര്‍ശനമൂര്‍ത്തിയുടെ ചൈതന്യം ആവാഹിച്ചിരിക്കുന്നത്. മാത്രമല്ല സാധാരണയായി സുദര്‍ശനമൂര്‍ത്തിയെ ചിത്രീകരിക്കുമ്പോല്‍ 16 കൈകള്‍ ഉണ്ടെങ്കിലും ഇവിടെ നാലുകൈകള്‍ മാത്രമേ കാണാന്‍ സാധിക്കൂ.

ഏഴാം നൂറ്റാണ്ടില്‍ പ്രതിഷ്ഠിച്ചതാണ് ഇവിടുത്തെ നരസിംഹമൂര്‍ത്തിയുടെ പ്രതിഷ്ഠ എന്നാണ് കരുതപ്പെടുന്നത്. മഹാവിഷ്ണുവിന്റെ നാലാമത്തെ അവതാരമാണ് നരസിംഹമൂര്‍ത്തി. ഉഗ്രനരസിംഹമൂര്‍ത്തിയെയാണ് ഇവിടെ ആരാധിക്കുന്നത്. കാശിയില്‍ ശങ്കരാചാര്യരുടെ ശിഷ്യനായിരുന്ന പദ്മപാദര്‍ പൂജിച്ചിരുന്ന വിഗ്രഹമായിരുന്നുവത്രെ ഇത്. പിന്നീട് ഇതി ഇവിടെ എത്തിക്കുകയായിരുന്നു.

ക്ഷേത്രത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ അവിടെയും പ്രത്യേകത കാണാന്‍ സാധിക്കും. വാരണാസിയില്‍ നിന്നും ഇവിടെ എത്തിയ നരസിംഹ മൂര്‍ത്തിയെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നാണ് വിശ്വാസം.വാരണാസിയിലെ നരസിംഹഘട്ടില്‍ നിന്നും പുഴവഴി നരസിംഹത്തെ ഇവിടെ കൊണ്ടുവന്നുവെന്നും പിന്നീട് ഇവിടെ എത്തിയ നരസിംഹമൂര്‍ത്തി ഇപ്പോള്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന സ്ഥലത്ത് കയറി ഇരുന്നു എന്നുമാണ് വിശ്വാസം.

അപൂര്‍വ്വങ്ങളായ ശില്പങ്ങളാലും ചുവര്‍ചിത്രങ്ങളാലും പ്രസിദ്ധമാണ് തുറവൂര്‍ ക്ഷേത്രം. ഇവിടുത്തെ രണ്ടു ശ്രീകോവിലുകളിലും അപൂര്‍വ്വമായ ഒട്ടേറെ ചിത്രങ്ങളും കൊത്തുപണികളും കാണുവാന്‍ സാധിക്കും. ഗണപതിയെ പാലൂട്ടുന്ന പാര്‍വ്വതി. നന്ദിയുടം പുറത്തേറിയ ശിവന്‍ എന്നിങ്ങനെ ഒട്ടേറെ ദാരുശില്പങ്ങള്‍ ഇവിടെ കാണുവാന്‍ സാധിക്കും. കൂടാതെ വ്യത്യസ്തങ്ങളും അപൂര്‍വ്വങ്ങളുമായ ഒട്ടേറെ ചുവര്‍ചിത്രങ്ങളും ഇവിടെ കാണുവാന്‍ സാധിക്കും.

കേരളത്തിലെ ഏറ്റവും വലിയ കൊടിമരം, ആനക്കൊട്ടില്‍ എന്നിവ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ക്ഷേത്രമതിലിന്റകത്ത് കിഴക്ക് ഭാഗത്തായാണ് ആനക്കൊട്ടിലുള്ളത്. ഇതിനു പുറത്ത് രണ്ടു സ്വര്‍ണ്ണ കൊടിമരങ്ങള്‍ കൂടി കാണുവാന്‍ സാധിക്കും. കേരളത്തിലെ വലിയ കൊടിമരങ്ങളില്‍ ഇവയും ഉള്‍പ്പെടുന്നു.

തുറവൂര്‍ ക്ഷേത്രം പിന്തുടരുന്ന അപൂര്‍വ്വം ചില ആചാരങ്ങളിലൊന്നാണ് പുറപ്പെടാശാന്തി. കേരളത്തില്‍ വളരെക്കുറച്ച് ക്ഷേത്രങ്ങളില്‍ മാത്രം കാണപ്പെടുന്ന ആചാരമാണിത്. ഒരു മേടവിഷു മുതല്‍ അടുത്ത മേടവിഷു വരെ കഠിനവ്രതത്തിലാണ് ഇവിടെ മേല്‍ശാന്തി പുറപ്പെടാശാന്തിയായി നില്‍ക്കുന്നത്.

ദീപാവലി, വിഷു, തിരുവോണം, ഏകാദശി, അ,്ടമി രോഹിണി, മകരവിളക്ക് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങള്‍. തുലാമാസത്തില്‍ നടക്കുന്ന പത്തു ദിവസത്തെ ചിത്തിര ആറാട്ടാണ് ഇവിടുത്തെ ഏറ്റവും വലിയ ഉത്സവമായി കൊണ്ടാടുന്നത്.

വിഷ്ണുക്ഷേത്രങ്ങളില്‍ വളരെ അപൂര്‍വ്വമായി മാത്രമേ വെടിവഴിപാട് നടത്താറുള്ളൂ. അത്തരത്തിലുള്ള ഒരു ക്ഷേത്രമാണ് തുറവൂര്‍ മഹാക്ഷേത്രം.വഴിപാട് നടത്തുന്നയാളുടെ പേരും നക്ഷത്രവും വെടികളുടെ എണ്ണവും വിളിച്ചുപറഞ്ഞാണ് വഴിപാട് നടത്തുന്നത്. കോണ്‍വെടി, ചുറ്റുവെടി എന്നിവ പ്രധാനമാണ്.

എറണാകുളത്തിനും ആലപ്പുഴയ്ക്കും മധ്യേ ആയിട്ടാണ് തുറവൂര്‍ മഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആലപ്പുഴയില്‍ നിന്നും 32.4 കിലോമീറ്ററാണ് ഇവിടേക്ക് എത്താന്‍ വേണ്ട ദൂരം. എറണാകുളത്തുനിന്നും 26 കിലോമീറ്ററാണ് ക്ഷേത്രത്തിലേക്ക് ഉള്ളത്.ആലപ്പുഴ-എറണാകുളം റൂട്ടില്‍ തുറവൂര്‍ ജംങ്ഷനിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
തുല്യ പ്രാധാന്യമുള്ള രണ്ട് പ്രതിഷ്ഠകള്‍ ഉണ്ടെന്നുള്ളത് ഇതിന്റെ ഒരു പ്രത്യേകതയാണ്. നരസിംഹമൂര്‍ത്തിയുടെ പ്രതിഷ്ഠയും സുദര്‍ശന പ്രതിഷ്ഠയുമാണവ. രണ്ട് ശ്രീകോവിലുകളുമുണ്ട്. തെക്കേ ശ്രീകോവിലില്‍ സുദര്‍ശനമൂര്‍ത്തിയേയും വടക്കേ ശ്രീകോവിലില്‍ നരസിംഹമൂര്‍ത്തിയേയും പ്രതിഷ്ഠിച്ചിരിക്കുന്നു. സുദര്‍ശനമൂര്‍ത്തി ഏകദേശം ആറടി പൊക്കമുള്ള ചതുര്‍ബാഹു വിഗ്രഹമാണ്. നരസിംഹം അഞ്ജനശിലയില്‍ നിര്‍മിതമായിരിക്കുന്നു. ശ്രീകോവിലുകളുടെ ദര്‍ശനം കിഴക്കോട്ടാണ്. ക്ഷേത്രത്തിനു മുമ്പില്‍ ഒരു കുളമുണ്ട്. ഇവിടെ ദിവസേന അഞ്ച് പൂജ നടത്തിവരുന്നു. ശാസ്താവ്, യക്ഷി, നാഗം, ഗണപതി, ദുര്‍ഗ എന്നിവരാണ് ഇവിടത്തെ ഉപദേവതകള്‍. പ്രത്യേകിച്ച് ഒരു രൂപവും കൊത്തിയിട്ടില്ലാത്ത ശിലയാണ് ദുര്‍ഗാപ്രതിഷ്ഠ. ഭഗവതീ സങ്കല്പത്തിലുള്ള പ്രതിഷ്ഠയായിരുന്നു ഇതെന്ന് ഒരു പഴയ സങ്കല്പമുണ്ട്. വാരണാസിയിലെ നരസിംഹഘട്ടില്‍ നിന്ന് പുഴവഴി നരസിംഹത്തെ ഇവിടെ കൊണ്ടുവന്ന് ഭൂതനിലത്ത് ഇറക്കിയെന്നും അവിടെനിന്ന് ഈ ക്ഷേത്രസ്ഥാനത്ത് വന്നെത്തിയ നരസിംഹമൂര്‍ത്തി ഇവിടെ ദുര്‍ഗയായി സങ്കല്പിക്കപ്പെടുന്ന സ്ഥാനത്ത് കയറിയിരുന്നു എന്നും ഒരു പുരാവൃത്തം പറയുന്നു. മറ്റൊരു ഐതിഹ്യം അനുസരിച്ച് ചേരമാന്‍ പെരുമാള്‍ ക്ഷേത്രം നിര്‍മിച്ച് പെരുമന ഇല്ലത്തിന് കൈമാറി. പിന്നീട് ഇത് കൈനിക്കര, നെടുമ്പുറം, തേവലപ്പൊഴി, പള്ളിക്കീഴില്‍, നാറാണത്ത് എന്നീ ഇല്ലക്കാരുടെ കൈവശം ആയിരുന്നു. ഇപ്പോള്‍ ഇത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭരണത്തിന്‍ കീഴിലാണ്.

മുന്‍കാലത്ത് തുളുബ്രാഹ്മണര്‍ക്കായിരുന്നു ഇവിടത്തെ കാരാ ണ്മശാന്തി. തുലാമാസത്തിലെ കറുത്ത അഷ്ടമിനാളില്‍ ഇവിടെ ഉത്സവത്തിന് കൊടിയേറുന്നു. വാവിനാണ് ആറാട്ട്.
വീടുകളിലെ ദുര്‍ഭൂതങ്ങളെ അകറ്റാന്‍ ഇവിടെ 'കോമടി' എന്നൊരു വഴിപാടു നടത്തിവരുന്നു. ക്ഷേത്രത്തിന്റെ നാല് മൂലകളിലും വെടിവയ്ക്കുന്ന ചടങ്ങാണ് ഈ വഴിപാട്.
നരസിംഹ - സുദര്‍ശന പ്രതിഷ്ഠകള്‍ ഇവിടെ നടത്തിയത് വൈഷ്ണവവിശ്വാസ പ്രചാരണത്തിന്റെ കാലത്താണ്. ഈ പ്രതിഷ്ഠകള്‍ ശങ്കരാചാര്യ പരമ്പരയില്‍ കേരളത്തിലുള്ള ഒരു ശാഖയുടെ ആരാധനാമൂര്‍ത്തികളും കൂടിയാണ്. വൈഷ്ണവ ഭട്ടന്മാരായ പണ്ഡിതന്മാര്‍ കേരളത്തില്‍ എത്തിയിരുന്നു എന്ന് ഐതിഹ്യമുണ്ട്. ആ കാലഘട്ടങ്ങളിലെ പ്രതിഷ്ഠകളാകാം നരസിംഹവും സുദര്‍ശനവും. വില്വമംഗലത്തിന്റെ കാലഘട്ടത്തില്‍പ്പെട്ടവയാണെന്നും പറയപ്പെടുന്നു