2018, ഒക്‌ടോബർ 11, വ്യാഴാഴ്‌ച

ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം...തിരുവനന്തപുരം നഗരത്തിൽ






ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം...

"വഞ്ചിയൂര്‍" എന്ന് നൂറ്റെട്ട് ശിവാലയസ്തോത്രത്തില്‍ പ്രതിപാദിക്കുന്ന ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം പരശുരാമാനാല്‍ പ്രതിഷ്ഠിതമായ 108 ശിവക്ഷേത്രങ്ങളില്‍ ഒന്നാണ്.
രണ്ടു ശ്രീകണ്ഠേശ്വരം ക്ഷേത്രമുണ്ടിവിടെ, പഴയ ശ്രീകണ്ഠേശ്വരവും, പുതിയ ശ്രീകണ്ഠേശ്വരവും. പഴയ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ സ്വയംഭൂ ശിവലിംഗമാണ് പ്രതിഷ്ഠ. പരശുരാമൻ പ്രതിഷ്ഠ നടത്തിയത് പഴയ ശ്രീകണ്ഠേശ്വരത്താണ്.
തിരുവനന്തപുരം നഗരത്തിൽ സ്ഥിതിചെയ്യുന്ന അതിപുരാതന ക്ഷേത്രമാണ് പഴയ ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം,
അനന്തപുരിയിലെ പുകൾപെറ്റ ക്ഷേതങ്ങളിൽ പ്രധാനമാണ് ശ്രീകണ്ഠേശ്വരം ക്ഷേത്രം. അഞ്ചാം നൂറ്റാണ്ടിന് മുൻപ് തന്നെ ഈ ക്ഷേത്രമുണ്ടായിരുന്നുവെന്നാണ് വിശ്വാസം.
ഉഗ്രമൂര്‍ത്തിയായ ഭഗവാന്‍ കിഴക്ക് ദര്‍ശനത്തില്‍ വാഴുന്നു, രൗദ്രഭാവത്തിനു ശമനം ഉണ്ടാക്കാനാണത്രേ പഴയ ശ്രീകണ്ഠേശ്വരത്ത് മഹാവിഷ്ണു പ്രതിഷ്ഠയും ഉണ്ട്.
കണ്വവ(Kanwa) മഹര്‍ഷിയുടെ സമാധി സ്ഥലം കൂടിയാണ് പഴയ ശ്രീകണ്ഠേശ്വരം ക്ഷേത്രം എന്ന് വിശ്വസിക്കുന്നു. അനന്തപുരി മുതല്‍ ചെട്ടികുളങ്ങര വരെയുള്ള പ്രദേശങ്ങള്‍ പണ്ട് കണ്വവ മഹര്‍ഷിയുടെ തപോവനത്തില്‍പെടുന്ന പ്രദേശങ്ങള്‍ ആയിരുന്നുവത്രേ. തിരുവാതിരയും ശിവരാത്രിയുമാണ് പ്രധാന ആഘോഷങ്ങള്‍ .
ഉപദേവതകള്‍ :- ഗണപതി, സുബ്രഹ്മണ്യന്‍,അയ്യപ്പന്‍,
നാഗരാജാവ് ,ഹനുമാന്‍,ഭഗവതി .
പുതിയ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന്‍റെ ആവിര്‍ഭാവത്തോടെ പഴയ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന്‍റെ പ്രതാപം കുറഞ്ഞതായി കരുതാം. പുതിയ ശ്രീകണ്ഠേശ്വര ക്ഷേത്രത്തിന്‍റെ ഐതിഹ്യം താഴെ വിവരിക്കുന്നു.
ഏകദേശം 700 വർഷങ്ങൾക്കുമുൻപ് പഴയ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ കഴകക്കാരിയായ ഒരു സ്ത്രീ ജോലിക്ക് ശേഷം തന്‍റെ കലവും ചൂലും സ്വന്തം കുടിലിനരികില്‍ ഉള്ള ഒരു കല്ലിന്‍മേല്‍ സ്ഥിരമായി വയ്ക്കുമായിരുന്നു..ഒരു ദിവസം രാവിലെ ജോലിക്ക് പോകുവാനായി കലമെടുക്കാൻ ശ്രമിച്ചപ്പോൾ അത് എടുക്കാൻ കഴിഞ്ഞില്ല. വളരെ ശക്തി ഉപയോഗിച്ച് കലം പൊക്കാൻ ശ്രമിക്കുമ്പോൾ അതിന്‍റെ അടിയിലുണ്ടായിരുന്ന കല്ലിൽ ചോര പുരണ്ടിരിക്കുന്നതായി കണ്ടു. ആ കല്ലിന് ശിവലിംഗരൂപമായിരുന്നു. വിവരം അറിഞ്ഞ മഹാരാജാവ് സ്ഥലത്തെത്തുകയും ഭഗവത് സാന്നിധ്യം മനസ്സിലാക്കി ഉടന്‍ തന്നെ അവിടെ ക്ഷേത്രം നിര്‍മ്മിക്കാന്‍ നടപടികളെടുക്കുകയും ചെയ്യ്തു. ഭഗവാന്‍ ശ്രീപരമേശ്വരന്‍ ഈ സ്ത്രീക്ക് ദര്‍ശനം നല്‍കിയതായി വിശ്വസിക്കുന്നു. സ്ത്രീ കണ്ട ഈശ്വരനായതിനാൽ ശ്രീകണ്ഠേശ്വരം എന്ന പേരു വന്നുവെന്നാണ് വിശ്വാസം. എന്നാലും കാളകൂടകണ്ഠസ്ഥിതനായ ശിവന്‍റെ കണ്ഠത്തെ സൂചിപ്പിക്കുന്നതും കൂടിയായിരിക്കാം ഈ നാമം.
പഴയ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന്‍റെ തെക്ക് പടിഞ്ഞാറായി പുതിയ ശ്രീകണ്ഠേശ്വരം ക്ഷേത്രം സ്ഥിതി ചെയ്യുന്നു. വൃത്താകൃതിയിലുള്ള ശ്രീകോവിലിൽ കിഴക്കു ദർശനാമായി സ്വയംഭൂലിംഗത്തില്‍ ഉഗ്രമൂർത്തിയായി ഭഗവാന്‍ ഇവിടെ അനുഗ്രഹം ചോരിയുന്നു.
ഇന്നു കാണുന്നതു പോലെ ക്ഷേത്രം നിർമ്മിക്കപ്പെട്ടത്‌ തിരുവിതാംകൂർ രാജാക്കന്മാരുടെ കാലത്താണ്. ദ്രാവിഡീയകലയുടെ ഉത്തമ ഉദാഹരണമാണ് ശ്രീകണ്ഠേശ്വരം ക്ഷേത്രം. മനോഹരങ്ങളായ ഇരുനില ഗോപുരങ്ങളും വിസ്താരമേറിയ ക്ഷേത്ര മതിൽക്കകവും വെട്ടുകല്ലിൽ പടുത്തുയർത്തിയ നാലമ്പലത്തിൽ തന്നെ വിളക്കുമാടവും വൃത്താകൃതിയിലുള്ള ശ്രീകോവിലും എല്ലാം തന്നെ മഹാക്ഷേത്രത്തിനു യോജിക്കുന്നതാണ് .
തമിഴ്ശൈലിയിൽ കരിങ്കല്ലിൽ പണിതുയർത്തിയതാണ് കിഴക്കേ ആനക്കൊട്ടിൽ. അതിനുള്ളിലായിട്ടാണ് കനകധ്വജസ്തംഭപ്രതിഷ്ഠ നടത്തിയിരിക്കുന്നത്.
പടിഞ്ഞാറുവശത്ത് മതിൽക്കെട്ടിനു പുറത്തും അകത്തുമായി രണ്ട് ആനക്കൊട്ടിലുകൾ വേറെയും പണിതീർത്തിരിക്കുന്നു. മാറി മാറി വന്ന രാജാക്കന്മാരുടെ ആശയങ്ങൾ ഇങ്ങനെ പലതും ഇവിടെ നിർമ്മിച്ചിരിക്കുന്നു.
ഉഗ്രമൂർത്തിയായതിനാൽ കിഴക്കുവശത്തു തീർത്ഥകുളം നിർമ്മിച്ചിരിക്കുന്നു. രൗദ്രഭാവത്തിനു ശമനം ഉണ്ടാക്കാനാണത്രേ തിരുമുൻപിലായി തീർത്ഥക്കുളം നിർമ്മിച്ചിരിക്കുന്നത്. വിസ്താരമേറിയ ക്ഷേത്രക്കുളം "ജാതകുണ്ഡതീർത്ഥം" എന്നപേരിൽ അറിയപ്പെടുന്നു.
പൂജാ വിധികൾ മറ്റ് ക്ഷേതത്തിലെ പോലെയാണെങ്കിലും ഇവിടെ പൂജകളിൽ പ്രധാനം അഭിഷേകം, ജലധാര, ക്ഷീരധാര എന്നിവയ്ക്കാണ്. ശിവരാത്രിയ്ക്ക് മാത്രമാണ് ശിവലിംഗത്തിൽ നെയ്യ് കൊണ്ട് ധാര നടത്തുന്നത്. ശിവരാത്രി പുലർച്ചെ മുതൽ പിറ്റേന്ന് സൂര്യോദയം വരെയാണ് നെയ്യ്ധാര നടക്കുക.
മറ്റൊരു പ്രത്യേകത എല്ലാ ക്ഷേത്രങ്ങളിലും ഉത്സവത്തിന് ആറ് ദിവസം മുൻപ് ചെയ്യാറുള്ള ക്രിയകൾ ഇവിടെ ശിവരാത്രി ദിവസമാണ് ചെയ്യാറുള്ളത് എന്നതുമൊരു പ്രത്യേകതയാണ്.
നിത്യേന അഞ്ചുപൂജകൾ നടത്താറുണ്ടിവിടെ;എട്ടുകൂട്ടം വിഭവങ്ങളോടുകൂടിയതാണ് ഇവിടുത്തെ ഉച്ചപൂജാനേദ്യം. ഉച്ചയ്ക്ക് ഉണക്കലരിചോറ് ,തോരൻ, പരിപ്പ്, മോര്, ശർക്കരപായസം, പുളിശ്ശേരി, കണ്ണിമാങ്ങ, മെഴുക്കുപുരട്ടി, എന്നിവയാണ് നിവേദ്യങ്ങൾ. ഇത് എട്ടു കുഴിയുളള കിണ്ണത്തിലാണ് നിവേദിക്കുന്നത്.
ക്ഷേത്രത്തിൽ നിത്യേന ഭജന നടത്താറുണ്ട്. ക്ഷേത്രത്തിലെ ഈ ശിവഭജനയും, ഹരിനാമകീർത്തനപാരായണവും സാമ്പ്രാണിത്തിരി എന്ന് പേരുള്ള ഒരു സ്വാമി തുടങ്ങിവച്ചതാണ്. ഇവിടെ 41 ദിവസം രാവിലെ കുളിച്ച് നിർമാല്യം തൊഴുത് ഭജനമിരിക്കുന്നവർക്ക് എന്ത് അഭീഷ്ടവും സാധിക്കുമെന്നാണ് വിശ്വാസം. വളരെ ദൂരെ നിന്ന് പോലും അനേകം പേർ വന്ന് ഇവിടെ ഭജനമിരിക്കാറുണ്ട്.
ധനു മാസത്തിലാണ് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ ഉത്സവം കൊടിയേറുന്നത്. തിരുവാതിര ദിവസമാണ് ആറാട്ട്. ധനുവിലെ പൂത്തിരുവാതിര മഹോത്സവം ചേർന്നുള്ളതാണ് ഉത്സവം.
ഉപദേവന്മാർ:-അയ്യപ്പൻ,ഗണപതി,ശ്രീകൃഷ്ണൻ,നാഗരാജാവ്,
ഹനുമാൻ,സുബ്രഹ്മണ്യൻ,ദുർഗ്ഗാദേവി;..ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന്‍റെ തെക്കുഭാഗത്തായി ദുർഗ്ഗാക്ഷേത്രം സ്ഥിതിചെയ്യുന്നു.
മണലിക്കര മനയിലെ നമ്പൂതിരിമാർക്കാണ് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന്‍റെ തന്ത്രാവകാശമുണ്ടായിരുന്നത്. പിന്നീട് അത് അത്യറമഠക്കാർക്ക് കൈമാറി. തുളു ബ്രാഹ്മണരാണ് ഇപ്പോൾ ഇവിടെ നിത്യ ശാന്തികർമ്മങ്ങൾ ചെയ്യുന്നത്. മലയാള തന്ത്ര വിധിപ്രകാരമനുസരിച്ചാണ് അവരിത് അനുഷ്ഠിക്കുന്നതെന്ന് ഒരു പ്രത്യേകതയാണ്.
ദേവസ്വം ബോർഡ് ഏറ്റെടുക്കുന്നതിനു മുൻപ് ഈ ക്ഷേത്രം തിരുവിതാംകൂർ മഹാരാജാവിന്‍റെ മേൽനോട്ടത്തിലായിരുന്നു. കൊട്ടാരത്തിൽ നിന്ന് വർഷത്തിൽ നാല് തവണ ഈ ക്ഷേത്രത്തിൽ ദർശനത്തിന് വരും. വൈക്കത്തഷ്ടമി നാൾ, തിരവാതിരനാൾ, ശിവരാത്രി, പിന്നീട് കൊട്ടാരത്തിലെ വിശേഷദിവസങ്ങൾ മുതലായ ദിവസങ്ങളിലാണ് രാജകുടുംബം ദർശത്തിനെത്തുന്നത്.
ഓം നമ:ശിവായ ...