2018, ഒക്‌ടോബർ 12, വെള്ളിയാഴ്‌ച

ചെട്ടികുളങ്ങര ക്ഷേത്രം മാവേലിക്കര താലൂക്കില്‍



ചെട്ടികുളങ്ങര ക്ഷേത്രം

മാവേലിക്കര താലൂക്കില്‍ മാവേലിക്കര പട്ടണത്തില്‍ നിന്നും 3.5 കി.മീ. മാറി സ്ഥിതിചെയ്യുന്ന ചെട്ടികുളങ്ങര എന്ന ചെറുപട്ടണത്തിലുള്ള പ്രസിദ്ധ ഭഗവതിക്ഷേത്രം. ഓണാട്ടുകര പ്രദേശത്തിന്റെ ഏതാണ്ടു മധ്യഭാഗത്തായി നിലകൊള്ളുന്ന ഈ ക്ഷേത്രത്തിന്റെ ഉദ്ഭവം ഇന്നും അജ്ഞാതമായിരിക്കുന്നു. ഭദ്രകാളിയാണ് ഇവിടത്തെ പ്രതിഷ്ഠ.
ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രം
ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ടു പ്രാവശ്യമാണ് ഉത്സവം; (ഫെ.-മാ.) മീനത്തിലും (മാ.-ഏ.). കുഭത്തിലെ ഉത്സവത്തിനാണ് പ്രാധാന്യം കൂടുതല്‍. അതതു മാസങ്ങളിലെ ഭരണിനാളിലാണ് ഉത്സവം തുടങ്ങുന്നത്. ഉത്സവങ്ങളില്‍ പങ്കുകൊള്ളാനായി കേരളത്തിന്റെ പല ഭാഗത്തുനിന്നും ആളുകളെത്തുന്നു. 'കുതിരകെട്ട്' ആണ് ഉത്സവത്തിലെ പ്രധാന പരിപാടി. ഇതിനു കെട്ടുകാഴ്ചയെന്നും പേരുണ്ട്. മോടിയായലങ്കരിച്ച പല നിലകളുള്ള തേരുകള്‍ ഇതില്‍ പങ്കെടുക്കുന്നു. ചക്രങ്ങളുള്ള തേരുകളെ ക്ഷേത്രത്തിലേക്കു വലിച്ചുകൊണ്ടുവരുന്നു. പൊക്കം കൂടിയ മുളകളും വടികളും നിരത്തി അതിനു കുറുകെ ചെറുവടികള്‍ കെട്ടി അതിന്മേല്‍ വിവിധ വര്‍ണത്തിലുള്ള തുണികള്‍ കൊണ്ടാണ് തേരുകള്‍ അലങ്കരിക്കുന്നത്.
സാധാരണയായി രണ്ടു തരത്തിലുള്ള തേരുകളാണ് ഇവിടത്തെ ഉത്സവത്തില്‍ കാണുന്നത്. വീതി കുറഞ്ഞ്, പൊക്കം കൂടിയവ 'കുതിര' എന്ന പേരിലറിയപ്പെടുന്നു. 'തേര്' എന്നറിയപ്പെടുന്ന രണ്ടാമത്തെ ഇനം തടികൊണ്ടുണ്ടാക്കിയ നേപ്പളിസ് ക്ഷേത്രങ്ങളുടെ മാതൃകയിലുള്ളവയാണ്. കുതിരയ്ക്ക് സാധാരണയായി താഴെ അഞ്ചു നിരകളും മുകള്‍ ഭാഗത്ത് ഏഴു നിരകളുമാണുള്ളത്. തേരുകള്‍ മൂന്നു നിരകളുള്ളവയാണ്. ക്ഷേത്രത്തിനു ചുറ്റുമുള്ള പ്രദേശത്തെ എല്ലാ കരകളില്‍ നിന്നും തേരുകളുണ്ടാവും. ഇവ ഓരോന്നായി ദേവിയെ വന്ദിച്ച് അടുത്തുള്ള മൈതാനത്തില്‍ നിരനിരയായി നിലകൊള്ളുന്ന കാഴ്ച നയനാനന്ദകരമാണ്. ശ്രീബുദ്ധജയന്തിയോടനുബന്ധിച്ച് ചൈനയില്‍ നടക്കുന്ന വര്‍ണശബളമായ ആഘോഷങ്ങളോടു താരതമ്യപ്പെടുത്താവുന്നതാണ് ചെട്ടികുളങ്ങര ഭരണി ഉത്സവം. ഉത്സവനാളുകളില്‍ ഈ പ്രദേശത്തു വലിയ ഒരു ചന്തയും കൂടാറുണ്ട്.