2018, ഒക്‌ടോബർ 12, വെള്ളിയാഴ്‌ച

ശ്രീ ഗാന്ധാരി അമ്മന്‍കോവില്‍ തിരുവനന്തപുരം


ശ്രീ ഗാന്ധാരി അമ്മന്‍കോവില്‍തിരുവനന്തപുരം നഗരമദ്ധ്യത്തില്‍ സെക്രട്ടറിയേറ്റില്‍ നിന്നും ഒരു വിളിപ്പാടകലെയാണ് പ്രസിദ്ധമായ ശ്രീ ഗാന്ധാരി അമ്മന്‍കോവില്‍. ശ്രികാല ഭൈരവമൂര്‍ത്തി പ്രതിഷ്ഠയുള്ള ഈ അപൂര്‍വ്വ ക്ഷേത്രത്തിന് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തോളം പഴക്കം. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പൂക്കള്‍ വളര്‍ത്തിയിരുന്ന പുന്തോട്ടമായിരുന്നു ഇന്നത്തെ ശാന്തിനഗര്‍.
ശാന്തിനഗറിന്റെ വടക്കുഭാഗത്താണ് ക്ഷേത്രം. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പണിക്കായി ഗാന്ധാര ദേശത്തുനിന്നും എത്തിയ കൊത്തുപണിക്കാരില്‍ ഒരു വിഭാഗക്കാര്‍ താമസിച്ചിരുന്നത് ഇന്നത്തെ ഗാന്ധാരി അമ്മന്‍ ക്ഷേത്രത്തിനടുത്തായിരുന്നു. സെക്രട്ടറിയേറ്റില്‍ നിന്നും തമ്പാനൂരിലേയ്ക്കുള്ള റോഡരുകില്‍ ക്ഷേത്രം. ക്ഷേത്രനടയില്‍ പടര്‍ന്നു പന്തലിച്ച പഴക്കമുള്ള വേപ്പുമരം. ശ്രീകോവിലില്‍ ദേവി ഗാന്ധാരി അമ്മ സിംഹവാഹിനിയായി വലതുകാല്‍ മടക്കിവച്ച രീതിയില്‍ വടക്കോട്ട് ദര്‍ശനമായി വിളങ്ങുന്നു. വലതുകൈയില്‍ ത്രിശൂലവും ഇടതുകൈയില്‍ അമൃതകലശവും പ്രണവസ്വരൂപിണിയായ ദേവിക്ക് ശാന്തഭാവം.
സംഗീതപ്രിയയായ ദേവിയാകയാല്‍ ഗാന്ധാരി എന്ന പേര്. ഉപദേവസ്ഥാനത്ത് കന്നിമൂലയില്‍ കിഴക്കോട്ട് ദര്‍ശനമായി ഗണപതിയും, ദേവീക്ഷേത്രത്തിന്റെ കിഴക്കുഭാഗത്ത് തെക്കോട്ട് ദര്‍ശനമായി ശ്രികാലഭൈരവമൂര്‍ത്തിയുമുണ്ട്. ഇതുപോലെ കാലഭൈരവപ്രതിഷ്ഠ മറ്റെവിടെയും കണ്ടെന്നുവരില്ല. ശ്രീകോവിലിന് മുന്‍ഭാഗത്ത് കിഴക്കുദര്‍ശനമായി മാടന്‍തമ്പുരാന്റെയും യക്ഷിയുടെയും പ്രതിഷ്ഠകളും അതിനടുത്തായി നാഗരാജാവിന്റെയും നാഗയക്ഷിയുടെയും അതിനു തൊട്ടുമുന്നില്‍ വടക്കുമാറി നവഗ്രഹ പ്രതിഷ്ഠയും വടക്കുഭാഗത്ത് കിഴക്കോട്ട് ദര്‍ശനമായി ഹനുമാന്‍ ക്ഷേത്രവുമുണ്ട്.
രാവിലെ അഞ്ചരയ്ക്ക് നടതുറക്കും. ഉഷപൂജയും ഉച്ചപൂജയും കഴിഞ്ഞ് നട അടച്ചാല്‍ വൈകിട്ട് അഞ്ചുമണിക്ക് വീണ്ടും തുറക്കും. ദീപാരാധനയും അത്താഴപൂജയും കഴിഞ്ഞ് രാത്രി എട്ടരയ്ക്ക് ക്ഷേത്രം അടക്കും. നിത്യവും ദേവീഭാഗവത പാരായണവും വര്‍ഷത്തിലൊരിക്കല്‍ ശ്രീമദ് ദേവീഭാഗവത നവാഹ യജ്ഞവും സപ്താഹവും നടന്നുവരുന്നു. ഇതിനുപുറമേ ദേവപ്രശ്‌നവിധിപ്രകാരമുള്ള നവഗ്രഹ മഹാഹോമവും കാലുകഴുകിച്ചൂട്ടും, ചണ്ഡികാഹോമവുമുണ്ട്.
എല്ലാ ചൊവ്വാഴ്ചയും മൂന്നുമണിമുതല്‍ നാലരവരെ രാഹുകാല പൂജയുണ്ട്. എല്ലാ മലയാളമാസം ഒന്നാം തീയതിയും വൈകുന്നേരം സമൂഹ ഐശ്വര്യ പൂജകളും ആദ്യത്തെ തിങ്കളാഴ്ച കാലഭൈരവ ക്ഷേത്രനടയില്‍ ശിവസഹസ്രനാമാര്‍ച്ചനയും നടന്നുവരുന്നു. തുലാമാസത്തിലെ അഷ്ടമിക്കാണ് കാലഭൈരവ ജയന്തി ആഘോഷം അന്ന് രുദ്രരൂപവും രുദ്രകലശാഭിഷേകവും നടക്കാറുണ്ട്. ഇവിടെ നിത്യധാരയുണ്ട്.
മംഗല്യഭാഗ്യത്തിനായി ഉമാമഹേശ്വരപൂജയുണ്ട്. കൂടാതെ കന്യകമാരുടെ നേര്‍ച്ചയായി സ്വയംവര പുഷ്പാഞ്ജലിയും നടത്തിവരുന്നു. നേര്‍ച്ചയുടെ സാഫല്യമെന്നോണം വിവാഹദിവസം ഗാന്ധാരിഅമ്മന് താലി സമര്‍പ്പിക്കാറുണ്ട്. ദൃഷ്ടിദോഷത്തിനുവേണ്ടി ഉച്ചാടനകര്‍മ്മവും ഇവിടെ നടത്തിവരുന്നു.കാലഭൈരവ ക്ഷേത്രത്തിനു മുന്നില്‍വച്ച് നാളികേരം തലയ്ക്കുഴിഞ്ഞ് പൂജനടത്തി ക്ഷേത്രത്തിന് പുറത്ത് ഉടച്ച് ദൃഷ്ടിദോഷോച്ചാടനം നടത്തുന്നു.
വൃശ്ചികമാസം നാല്‍പ്പത്തിയൊന്നുദിവസം ചിറപ്പുമഹോത്സവം നടക്കും. ആടി വെള്ളി, ആടി ചൊവ്വ ദിവസങ്ങളില്‍ വിശേഷാല്‍ ചിറപ്പുണ്ടാകും. അവസാനത്തെ ആടിചൊവ്വാ ദിവസം സമൂഹ ലക്ഷാര്‍ച്ചനയും സമൂഹസദ്യയുമുണ്ടാകും. കാലഭൈരവ ക്ഷേത്ര നടയില്‍ ശിവസഹസ്രനാമലക്ഷാര്‍ച്ചനയുമുണ്ടാകും. എല്ലാ ആയില്യത്തിനും നാഗര്‍ക്ക് നൂറുംപാലും സമര്‍പ്പണവും പുള്ളുവന്‍പാട്ടുമുണ്ട്.
ഗാന്ധാരിഅമ്മന്‍കോവിലെ ചിത്രാപൗര്‍ണ്ണമി ഉത്സവം പ്രസിദ്ധമാണ്. ഏഴു ദിവസമാണ് ഉത്സവം. കാപ്പുകെട്ടി ദേവിയെ പച്ചപന്തലില്‍ കുടിയിരുത്തി തോറ്റം പാട്ടോടെയാണ് ഉത്സവാരംഭം. ചിത്രനക്ഷത്രവും വെളുത്തവാവും ഒന്നിച്ചുവരുന്ന ദിവസമാണിത്.ഒന്‍പതു ഗ്രഹത്തെ സങ്കല്‍പ്പിച്ച് ഒന്‍പതു പുരോഹിതന്‍മാരെ വിളിച്ചുവരുത്തി ഓരോ ഗ്രഹത്തിനും അതിന്റേതായ ചമതയും പൂജാദ്രവ്യങ്ങളും ഉപയോഗിച്ച് നടത്തുന്ന ഹോമമാണ് നവഗ്രഹമഹാഹോമം. ഗ്രഹദോഷ പരിഹാരത്തിനുവേണ്ടി നടത്തുന്ന പൂജാദികര്‍മ്മങ്ങളാണിത്. ഉത്സവത്തിന്റെ സമാപനദിവസം നവകാഭിഷേകവും ഉണ്ടാകും.