2018, ഒക്‌ടോബർ 11, വ്യാഴാഴ്‌ച

അഷ്ടമിച്ചിറ മഹാദേവക്ഷേത്രം...തൃശ്ശൂർ ജില്ലയിലെ അഷ്ടമിച്ചിറ







അഷ്ടമിച്ചിറ മഹാദേവക്ഷേത്രം...

108 ശിവക്ഷേത്രങ്ങളിൽ പറയപ്പെടുന്ന മഹാദേവക്ഷേത്രത്തിലെ തേവർ അഷ്ടമൂർത്തി സങ്കല്പത്തിലാക്കിയാണ് പരശുരാമൻ പ്രതിഷ്ഠനടത്തിയിരിക്കുന്നത് എന്നാണ് വിശ്വാസം...
അതുമൂലമാണ് ആ പേരുവന്നതെന്ന് കരുതുന്നു..

തൃശ്ശൂർ ജില്ലയിലെ അഷ്ടമിച്ചിറയിലാണ് ഈ പുരാതന ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്.

അഷ്ടമിച്ചിറയിൽ രണ്ടു ശിവപ്രതിഷ്ഠകൾ നടത്തിയിരിക്കുന്നു. ഇതിൽ പരശുരാമ പ്രതിഷ്ഠിതം ഏതെന്ന് തെളുവുകൾ ലഭ്യമായിട്ടില്ല. രണ്ടു ക്ഷേത്രങ്ങളും പഴയക്ഷേത്രങ്ങൾ തന്നെയാണ്. തെക്കുംതെവർ എന്നും വടക്കുംതേവർ എന്നും ഈ ശിവപ്രതിഷ്ഠകൾ അറിയപ്പെടുന്നു...

പ്രാചീന കേരളത്തിൽ ചിറകൾക്ക് വളരെയേറെ പ്രാധാന്യമുണ്ടായിരുന്നു. അന്ന് ഇവിടെ അധിവസിച്ചിരുന്നവരുടെ പാരിസ്ഥിതികാവബോധത്തിനും ഉയർന്ന സാങ്കേതിക ജ്ഞാനത്തിനും ഒന്നാന്തരം ദൃഷ്ടാന്തങ്ങളാണവ. ആ പഴയ ചിറയുടെ തീരത്ത് അഷ്ടമൂർത്തി ക്ഷേത്രം സ്ഥാപിക്കപ്പെട്ടതുകൊണ്ടാവാം കാലക്രമേണ ‘അഷ്ടമിച്ചിറ’ എന്ന് ഈ ഗ്രാമം അറിയപ്പെട്ടത്..

ചാലക്കുടിപ്പുഴയുടെ കൈവഴിയായ ചാലക്കുടി കനാലിനരുകിലായി കനാലിന്‍റെ കിഴക്കേ കരയിൽ അഷ്ടമിച്ചിറ മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നു.

 ശ്രീപരമശിവനൊപ്പം തന്നെ മഹാഗണപതിക്കും പ്രാധാന്യമുള്ളതാണ് അഷ്ടമിച്ചിറക്ഷേത്രം. കേരള തനിമ വിളിച്ചോതതക്കവണ്ണമാണ് രണ്ടു ശ്രീകോവിലുകളും നാലമ്പലവും പണിതീർത്തിരിക്കുന്നത്.

തെക്കുംതേവരുടെ ശ്രീകോവിൽ വർത്തുളാകൃതിയിലും, വടക്കുംതേവരുടേത് ചതുരാകൃതിയിലും പണിതീർത്തിയിരിക്കുന്നു. തെക്കുംതേവരുടെ പ്രതിഷ്ഠ സ്വയംഭൂവായ ശിവലിംഗമാണ്. അപ്പോൾ വടക്കുംതേവരുടെ പ്രതിഷ്ഠ പരശുരാമ പ്രാതിഷ്ഠിതം എന്നു കരുതാവുന്നതാണ്.

രണ്ടു ശിവപ്രതിഷ്ഠകൾ കൂടാതെ മഹാഗണപതിയുടെ പ്രതിഷ്ഠയും ഉണ്ട്. ഇവിടുത്തെ ഗണപതിപ്രതിഷ്ഠ വളരെ പ്രശസ്തമാണ്. ഉപദേവതാ സ്ഥാനീയനായ ഗണപതി ഇവിടെ പ്രധാന തേവർക്കൊപ്പം തന്നെ പ്രസിദ്ധിയാർജ്ജിച്ചിട്ടുണ്ട്. അതുകൂടാതെ ശ്രീകൃഷ്ണ പ്രതിഷ്ഠയും ഉപദേവതാ സ്ഥാനീയനായി ഇവിടെ വിരാജിക്കുന്നു.

നിത്യേന മൂന്നു പൂജകൾ ശിവക്ഷേത്രങ്ങളിൽ പടിത്തരമായുണ്ട്.

മഹാശിവരാത്രി; ഫാൽഗുന മാസത്തിലെ (കുംഭമാസം) കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. അഷ്ടമിച്ചിറയിലെ ശിവരാത്രി ആഘോഷം വളരെ പ്രശസ്തിയേറിയതാണ്. അന്നേദിവസം ക്ഷേത്രദർശനം നടത്തി തേവരുടെ അനുഗ്രഹത്തിനായി ഭക്തർ ക്ഷേത്ര മതിൽക്കകത്ത് എത്തിചേരുന്നു.

തൃശ്ശൂർ ജില്ലയിലെ മാള പഞ്ചായത്തിൽ അഷ്ടമിച്ചിറയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മാള-ത്രിശൂർ വഴിയിൽ അഷ്ടമിച്ചിറ കവലയിൽ നിന്ന് 100 മീറ്റർ മാറിയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.കേരളത്തിലെ പ്രശസ്തമായ സർപ്പാരാധനാകേന്ദ്രമായ പാമ്പുമേക്കാട്ട് മന, ദൂരം 1.5 കിലോമീറ്റർ.

കൊച്ചിൻ ദേവസ്വം ബോർഡാണ് ക്ഷേത്രഭരണം നടത്തുന്നത്...