2018, ഒക്‌ടോബർ 12, വെള്ളിയാഴ്‌ച

ഗുഹാക്ഷേത്രങ്ങള്‍



ഗുഹാക്ഷേത്രങ്ങള്‍

കുന്നിന്‍ പ്രദേശങ്ങളിലും മലയിടുക്കുകളിലും നദീതടപ്രദേശങ്ങളിലും മറ്റും പാറകള്‍ തുരന്നുണ്ടാക്കിയവയോ പ്രകൃതിജന്യങ്ങളോ ആയ ഗുഹകളില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ള ക്ഷേത്രങ്ങള്‍. ലോകത്തിന്റെ പല ഭാഗത്തും ഗുഹാക്ഷേത്രങ്ങള്‍ ഉണ്ടെങ്കിലും ഏറ്റവും പ്രമുഖവും പ്രശസ്തവും ആയിട്ടുള്ളവ ഇന്ത്യയിലാണ്. ഗുഹകളുടെ എണ്ണത്തിലും ഒന്നാം സ്ഥാനം ഇന്ത്യയ്ക്കുതന്നെയാണ്. ഇന്ത്യയിലെ ഗുഹാക്ഷേത്രങ്ങളിലധികവും ബി.സി. 2-ാം ശ.-ത്തിനും എ.ഡി. 7-ാം ശ.-ത്തിനുമിടയ്ക്ക് നിര്‍മിക്കപ്പെട്ടവയാണ്. ലോകത്തില്‍ ഏറ്റവും പഴക്കമുള്ള ഗുഹാക്ഷേത്രം ഈജിപ്തിലാണുള്ളത്. ബി.സി. 13-ാം ശ.-ത്തില്‍ ദക്ഷിണ ഈജിപ്തില്‍ നൈല്‍നദിയുടെ പടിഞ്ഞാറേക്കരയിലുള്ള അബു സിംബല്‍ (Abu simbel) മുനമ്പില്‍ റമിസ്സസ് II (Remesses II) നിര്‍മിച്ചതാണ് ഈ ഗുഹാക്ഷേത്രം. എ.ഡി. അഞ്ചും ആറും ശ.-ങ്ങളില്‍ നിര്‍മിച്ചിട്ടുള്ള ബൗദ്ധ ഗുഹാക്ഷേത്രങ്ങള്‍ ചൈനയില്‍ ഉണ്ട്. യൂന്‍കാങ് ('Youkang), ലങ്മെന്‍ (Lungmen) എന്നിവ ഇവയില്‍ പ്രശസ്തങ്ങളാണ്. എ.ഡി. 9-ാം ശ.-ത്തിനും 11-ാം ശ.-ത്തിനും മധ്യേ നിര്‍മിച്ചിട്ടുള്ള ക്രൈസ്തവ ഗുഹാക്ഷേത്രങ്ങള്‍ തുര്‍ക്കി, ഗൊറീമി (Goreme) എന്നിവിടങ്ങളില്‍ കാണപ്പെടുന്നു. എത്യോപ്യയിലെ ഗുഹാക്ഷേത്രങ്ങള്‍ അധികവും എ.ഡി. 13-ാം ശ.-ത്തില്‍ നിര്‍മിച്ചിട്ടുള്ളവയാണ്.
വിഴിഞ്ഞം ഗുഹാക്ഷേത്രം
മാനവ സംസ്കാരത്തില്‍ അതിപ്രധാനമായ സംഭാവനയാണ് ഗുഹാക്ഷേത്രങ്ങള്‍ നല്കിയിട്ടുള്ളത്. വിവിധ രാജ്യങ്ങളില്‍ വ്യത്യസ്ത കാലഘട്ടങ്ങളില്‍ നിലനിന്നിരുന്ന കലകളുടെയും ശില്പവിദ്യകളുടെയും സംസ്കാരത്തിന്റെയും പ്രതീകങ്ങളായി ഇവ പ്രശോഭിക്കുന്നു. ഇന്ത്യയില്‍ ഗുഹാക്ഷേത്രങ്ങള്‍ക്ക് അസ്തിവാരമിട്ടത് ബുദ്ധമതത്തിന്റെ വളര്‍ച്ചയാണ്. സംഘമായി സഞ്ചരിച്ചിരുന്ന ബുദ്ധഭിക്ഷുക്കള്‍ക്ക് താമസിക്കുന്നതിനും വിശുദ്ധഗ്രന്ഥങ്ങള്‍ പഠിക്കുന്നതിനും ഭാരതത്തിന്റെ പല ഭാഗത്തും ധാരാളം വിഹാരങ്ങള്‍ നിര്‍മിക്കപ്പെട്ടു. ഇവയില്‍ ധാരാളം ഗുഹകളും ഉള്‍പ്പെട്ടിരുന്നു. ബുദ്ധമതത്തിന്റെ പ്രചാരണത്തിനായി അശോക ചക്രവര്‍ത്തി ധാരാളം വിഹാരങ്ങളും സ്തംഭങ്ങളും നിര്‍മിച്ചിരുന്നു. ഇവയില്‍ പലതും പില്‍ക്കാലത്ത് ആരാധനാലയങ്ങളായി മാറി. ബുദ്ധമതത്തെ പിന്തുടര്‍ന്ന് ജൈന-ഹിന്ദു ഗുഹാക്ഷേത്രങ്ങളും ആവിര്‍ഭവിച്ചു. ശില്പകലയ്ക്ക് ഇന്ത്യ നല്കിയിട്ടുള്ള മഹത്തായ സംഭാവനകളാണ് ഗുഹാക്ഷേത്രങ്ങള്‍.
ബിഹാറിലെ ബരാബര്‍ (Barabar) കുന്നുകളിലാണ് ഇന്ത്യയില്‍ ആദ്യമായി ഗുഹാക്ഷേത്രങ്ങള്‍ നിര്‍മിക്കപ്പെട്ടതെന്ന് അനുമാനിക്കപ്പെടുന്നു. ഗയ (Gaya) യില്‍ നിന്ന് 105 കി.മീ വടക്കായി ഫല്‍ഗൂ (Phalgu) നദിയുടെ ഇടതുകരയിലുള്ള കരിങ്കല്‍ മലയിലാണ് ഇവ നിര്‍മിച്ചിട്ടുള്ളത്. ഒരേ കാലഘട്ടത്തില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ള ഏഴ് ഗുഹകള്‍ ഇവിടെ ഉണ്ട്. ഇവയില്‍ ഏറ്റവും വലിയ ഗുഹ നാഗാര്‍ജുനി എന്ന പേരില്‍ അറിയപ്പെടുന്നു. ഏഴു ഗുഹകളില്‍ ആറെണ്ണത്തിനുള്ളില്‍ കൊത്തുപണികള്‍ നടത്തിയിട്ടുണ്ട്. ശേഷിക്കുന്ന ഒന്നിന്റെ പുറവശം കൊത്തുപണികളാല്‍ അലങ്കൃതമാണ്. ബിഹാറിലെ മറ്റൊരു ഗുഹയാണ് സണ്‍ ഭണ്ഡാര്‍ (Sun Bhandar). ഈ ഗുഹകള്‍ തമ്മില്‍ 9 മീ. അകലമുണ്ട്. 2.5 മീ. താഴ്ചയിലുള്ള വരാന്തകള്‍ ഈ ഗുഹകളുടെ പ്രത്യേകതയാണ്. ഇവയുടെ ഭിത്തികളില്‍ കൊത്തുപണികള്‍ ഒന്നും കാണാനില്ല. ബിഹാറിലെ മറ്റൊരു ഗുഹയാണ് സീതാമറി (Sitamari). ദീര്‍ഘചതുരാകൃതിയില്‍ ഒറ്റപ്പെട്ട ഒരു കരിങ്കല്ലിലാണ് ഇത് നിര്‍മിച്ചിട്ടുള്ളത്. തറനിരപ്പില്‍ നിന്നും ഉയര്‍ത്തപ്പെട്ടിട്ടുള്ളതും ലംബ ഭാഗങ്ങളില്ലാത്തതുമായ ഒരു കമാനം ഈ ഗുഹയുടെ സവിശേഷതയാണ്. ധാരാളം ശില്പങ്ങളും ഇതില്‍ കൊത്തിയിട്ടുണ്ട്. ബിഹാറിലെ നാസിക്ക് ജില്ലയില്‍ ഒറ്റപ്പെട്ട കുന്നുകളിലായി 44 ഗുഹകള്‍ കാണാം. ബുദ്ധമതക്കാരുടെതാണ് ഇവ. തറനിരപ്പില്‍ നിന്നും ഏകദേശം 9 മീ. ഉയരത്തിലാണ് ഈ ഗുഹകള്‍ നിര്‍മിച്ചിട്ടുള്ളത്. ഈ ഗുഹകളില്‍ മൂന്നാമത്തേതും ഏഴാമത്തേതും മാത്രമേ ശില്പങ്ങള്‍ കൊണ്ട് അലങ്കരിച്ചിട്ടുള്ളൂ.
അജന്താ ഗുഹാക്ഷേത്രം
കാലപ്പഴക്കത്തില്‍ ബിഹാര്‍ കഴിഞ്ഞാല്‍ ഒഡിഷയിലെ ഗുഹകളാണ് മുന്‍പന്തിയില്‍. ഇവിടത്തെ ഗുഹകള്‍ വലുതും ശില്പവിദ്യയ്ക്ക് പേരുകേട്ടവയുമാണ്. ഉദയഗിരിയിലും ഖാണ്ഡിഗിരിയിലും ധാരാളം ഗുഹാക്ഷേത്രങ്ങളുണ്ട്. ഇവയില്‍ പതിനേഴെണ്ണം പ്രധാനപ്പെട്ടവയാണ്. ബാക്കിയുള്ളവയിലധികവും ഒറ്റ മുറിമാത്രമേ ഉള്ളൂ. ഖാണ്ഡിഗിരി കുന്നുകളിലുള്ള ഗുഹകള്‍ 'ഹാത്തിഗുഹ' അഥവാ ആനഗുഹ എന്നപേരിലാണ് പൊതുവേ അറിയപ്പെടുന്നത്. ഈ ഗുഹകള്‍ അധികവും പ്രകൃതിജന്യമായിട്ടുള്ളവ ആയിരുന്നുവെന്നും ശില്പവിദ്യകള്‍ ചെയ്ത് അവയെ ചെറിയതോതില്‍ വലുതാക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും കരുതപ്പെടുന്നു. ഒഡിഷയിലെ മറ്റുരണ്ടു ഗുഹകളാണ് കടുവാഗുഹയും സര്‍പ്പഗുഹയും. കടുവാഗുഹ കടുവയുടെ ആകൃതിയില്‍ത്തന്നെയാണ് നിര്‍മിച്ചിട്ടുള്ളത്. തുറന്നുവച്ചിട്ടുള്ള കടുവയുടെ വായ് വരാന്തയായും കടുവയുടെ ശ്വാസനാളം ഗുഹയിലേക്കുള്ള പ്രവേശന കവാടമായും രൂപകല്പന ചെയ്തിട്ടുണ്ട്. ഖനനം ചെയ്ത വ്യക്തിയുടെ പേരും അങ്കനം ചെയ്തിട്ടുണ്ട്.
തെക്കേ ഇന്ത്യയില്‍ ബുദ്ധവിഹാരങ്ങള്‍ അധികമായിട്ടുള്ളത് ആന്ധ്രപ്രദേശിലാണ്. വിജയവാഡയില്‍നിന്നും ഏതാനും കി.മീ. അകലെ സ്ഥിതിചെയ്യുന്ന അമരാവതിക്കുന്നുകളില്‍ നാലും അഞ്ചും ശ.-തകങ്ങളില്‍ നിലനിന്നിരുന്ന ബുദ്ധമതസംസ്കാരത്തിന്റെ ചരിത്രാവശിഷ്ടങ്ങള്‍ ദൃശ്യമാണ്. കൃഷ്ണ-ഗോദാവരി നദീതടങ്ങളില്‍നിന്നാണ് ബുദ്ധമതം ജാവാ, കംബോഡിയ എന്നിവിടങ്ങളില്‍ എത്തിയത്. ഇവിടത്തെ ഏറ്റവും വലിയ ഗുഹാക്ഷേത്രം വിജയവാഡയില്‍ നിന്നും ഏതാണ്ട് 5 കി.മീ ദൂരെയുള്ള ഒരു ചെറിയ കുന്നില്‍ പണികഴിപ്പിച്ചിട്ടുള്ളതാണ്. നാലു നിലകളുള്ള ഈ ക്ഷേത്രത്തിലെ ആരാധനാക്രമം വൈഷ്ണവ വിശ്വാസത്തിലധിഷ്ഠിതമാണ്. കാഴ്ചയില്‍ ബുദ്ധവിഹാരം എന്ന് തോന്നാമെങ്കിലും ബുദ്ധവിഹാരവുമായി ഈ ക്ഷേത്രത്തിന് എന്തെങ്കിലും ബന്ധമുണ്ടായിരുന്നതായി വ്യക്തമായ തെളിവുകള്‍ ഒന്നും ഇല്ല.
ബദാമി ഗുഹാക്ഷേത്രം
തമിഴ്നാട്ടിലെ മഹാബലിപുരത്തെ ഗുഹകള്‍ സൗന്ദര്യത്തിലും ശില്പവിദ്യയിലും പ്രത്യേകം പ്രധാന്യം അര്‍ഹിക്കുന്നവയാണ്. ഈ ഗുഹകളിലുള്ള തൂണുകളും അവയിലെ ശില്പവിദ്യകളും ഇവയുടെ ആകര്‍ഷകത വര്‍ധിപ്പിക്കുന്നു. മണ്ഡപ രൂപത്തിലുള്ള ഇവിടത്തെ ഗുഹകളില്‍ പുരാണകഥകളുടെ ശില്പാവിഷ്കരണം മനോഹരമായി ആലേഖനം ചെയ്തിരിക്കുന്നു. ചാലൂക്യരാജാക്കന്മാരുടെ തലസ്ഥാനമായിരുന്ന വാതാപി (Vatapi) അഥവാ ബഡാമി(Badami)യും ഗുഹകള്‍ക്കു പ്രസിദ്ധമാണ്. ബിജാപ്പൂര്‍ ജില്ലയിലെ ബഡാമില്‍ ആറു ഗുഹകള്‍ ഉണ്ട്. ഇവയില്‍ തെക്കേ ക്കുന്നില്‍ നിര്‍മിച്ചിട്ടുള്ള നാലു ഗുഹകള്‍ ശില്പവേലയുടെ അടിസ്ഥാനത്തില്‍ പ്രത്യേകം പ്രാധാന്യം അര്‍ഹിക്കുന്നവയാണ്. നിരവധി പടവുകള്‍ കടന്നുവേണം ഒന്നാമത്തെ ഗുഹയില്‍ എത്തിച്ചേരാന്‍. ഗുഹയുടെ മുന്‍വശത്ത് രണ്ടുവശങ്ങളിലും ഉള്ള ഗോവണികളില്‍ നൃത്തം ചെയ്യുകയും പാട്ടുപാടുകയും സംഗീതഉപകരണങ്ങള്‍ വായിക്കുകയും ചെയ്യുന്ന കുള്ളന്മാരുടെ ചിത്രങ്ങള്‍ കൊത്തിവച്ചിട്ടുണ്ട്. താണ്ഡവനൃത്തം ചെയ്യുന്ന ശിവന്റെയും പാര്‍വതിയുടെയും ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. നാലു സ്തംഭങ്ങളിലായിട്ടാണ് ഗുഹയുടെ വരാന്ത നിര്‍മിച്ചിട്ടുള്ളത്. വരാന്തയുടെ ഭിത്തികളില്‍ ഉമയുടെയും ലക്ഷ്മിയുടെയും മധ്യത്തില്‍ ഇരിക്കുന്ന ഹരിഹരന്റെ ചിത്രങ്ങള്‍ കൊത്തിവച്ചിട്ടുണ്ട്. വൈഷ്ണവ വിശ്വാസത്തെ സൂചിപ്പിക്കുന്നതാണ് രണ്ടാമത്തെ ഗുഹ. ഗുഹാമുഖത്ത് ഉയര്‍ന്നുനില്‍ക്കുന്ന പാറകളില്‍ പല വലുപ്പത്തിലുള്ള കുള്ളന്മാരെ കൊത്തിവച്ചിട്ടുണ്ട്. ഗുഹാമുഖത്തുള്ള വരാന്ത നാലു സ്തൂപങ്ങളിലും രണ്ടു പിലാസ്റ്ററു(പകുതിഭാഗം ചുവരിനുള്ളിലും ബാക്കി മുമ്പോട്ട് ഉന്തിയും നില്‍ക്കുന്ന ചതുരം)കളിലുമായിട്ടാണ് ഉറപ്പിച്ചു നിര്‍ത്തിയിരിക്കുന്നത്. നാലാമത്തെ ഗുഹയാണ് വലുപ്പത്തിലും അലങ്കാരത്തിലും ഏറ്റവും പ്രമുഖം. ഒരു വലിയ അടിത്തൂണിലാണ് ഗുഹയുടെ പ്ലാറ്റ്ഫോം നിര്‍മിച്ചിട്ടുള്ളത്. അടിത്തൂണില്‍ കുള്ളന്മാരുടെ രൂപങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ട്. വളരെ വിശാലമായ വരാന്തയുടെ ചുവരുകളില്‍ ഉന്തിനില്‍ക്കുന്ന രൂപങ്ങളും കൊത്തിയിട്ടുണ്ട്.
ഗോദാവരിക്കു സമീപമുള്ള ഔറംഗാബാദ് നഗരത്തില്‍ ഏതാണ്ട് ഒന്നര കി.മീ. ദൈര്‍ഘ്യത്തിലായി പന്ത്രണ്ടു ഗുഹാക്ഷേത്രങ്ങള്‍ ഉണ്ട്. ചെങ്കുത്തായ പാറക്കെട്ടുകള്‍ തുരന്നു വിഹാരമാതൃകയില്‍ പണിതിട്ടുള്ള ഇവ എ.ഡി. ആറും ഏഴും ശ.-ങ്ങളില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ളവയാണെന്നു കരുതപ്പെടുന്നു.
പശ്ചിമേന്ത്യയിലെ ഗുഹകള്‍ മിക്കവയും വലുപ്പമുള്ളവയാണ്. ഏകദേശം ആയിരം ഗുഹകള്‍ ഇത്തരത്തിലുണ്ട്. ഇവയില്‍ ബുദ്ധമതക്കാരുടെയും ജൈനരുടെയും ഹിന്ദുക്കളുടെയും ഗുഹാക്ഷേത്രങ്ങള്‍ ഉള്‍പ്പെടുന്നു. ബുദ്ധവിഹാരങ്ങള്‍ ബി.സി. 3-ാം ശ.-ത്തിനും എ.ഡി. 10-ാം ശ.-ത്തിനും ഹൈന്ദവ ഗുഹാക്ഷേത്രങ്ങള്‍ എ.ഡി. 4-ാം ശ.-ത്തിനും 10-ാം ശ.-ത്തിനും ഇടയില്‍ നിര്‍മിക്കപ്പെട്ടവയാണ്. ജൈനക്ഷേത്രങ്ങളുടെ കൂട്ടത്തില്‍ എ.ഡി. 15-ാം ശ.വരെയുള്ള കാലഘട്ടത്തില്‍ നിര്‍മിക്കപ്പെട്ടവ ഉള്‍പ്പെടുന്നു.
ബദാമി വിഷ്ണുക്ഷേത്രം
ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഗുഹകളും ഗുഹാക്ഷേത്രങ്ങളും ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് മഹാരാഷ്ട്രയിലാണ്. ഈ സംസ്ഥാനത്തെ പ്രശസ്തമായ ഒരു ഗുഹാസങ്കേതം മുംബൈയില്‍നിന്നും 25 കി.മീ. വടക്കുള്ള കണേരിയില്‍ സ്ഥിതിചെയ്യുന്നു. കണേരി മലയിടുക്കിന്റെ ഇരുപാര്‍ശ്വങ്ങളിലായി 109 ബൗദ്ധ ഗുഹകള്‍ ഉണ്ട്. എ.ഡി. 2-ാം ശ.-ത്തിനും 9-ാം ശ.-ത്തിനും മധ്യേയാണ് ഇവയുടെ നിര്‍മാണം എന്നു കരുതപ്പെടുന്നു. ഓരോ ഗുഹാവിഹാരത്തിന്റെയും വെളിയിലായി ചതുരാകൃതിയില്‍ നിര്‍മിച്ചിട്ടുള്ള കിണര്‍ ഈ ഗുഹാസമുച്ചയത്തിന്റെ പ്രത്യേകതയാണ്. മൂന്നാമത്തേതായ മഹാചൈതന്യമാണ് ഈ ഗുഹകളില്‍ ഏറ്റവും പ്രധാനപ്പെട്ടത്.
മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലയിലെ അജന്താ ഗ്രാമത്തില്‍ ഉള്ള ബൗദ്ധഗുഹാക്ഷേത്രങ്ങള്‍ ലോകപ്രശസ്തങ്ങളാണ്. അജന്താ ഗുഹകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഇവ തപ്തി നദിയുടെ ശാഖയായ വാഗുര്‍ പുഴയുടെ തീരത്തുള്ള മലയിടുക്കിലാണ് നിര്‍മിച്ചിട്ടുള്ളത്. വൃക്ഷങ്ങള്‍ കൊണ്ട് നിബിഡമാണ് ഈ പ്രദേശം. ബിസി. 2-ാം ശ.-ത്തിനും എ.ഡി. 7-ാം ശ.-ത്തിനും ഇടയ്ക്കാണ് ഈ ഗുഹകള്‍ നിര്‍മിച്ചിട്ടുള്ളതെന്ന് കരുതപ്പെടുന്നു. ഇവിടെ ഇപ്പോള്‍ അവശേഷിച്ചിട്ടുള്ള 29 ഗുഹകളില്‍ 25 എണ്ണം വിഹാരങ്ങളും 4 എണ്ണം ചൈതന്യങ്ങളുമാണ്. വലിയ പര്‍വതങ്ങളുടെ വശങ്ങളില്‍ പാറതുരന്ന് നിര്‍മിച്ചിട്ടുള്ള ഈ ക്ഷേത്രങ്ങളുടെ മുകള്‍ വശവും മേല്‍ത്തട്ടും പരന്നോ കമാനാകൃതിയിലോ ഉള്ളവയാണ്. മിക്ക ഗുഹകളുടെയും ഉള്ളില്‍ ഒരു ഒറ്റക്കല്‍ സ്തംഭം കാണാം. പടികളും മുഖപ്പുകളുമുള്ള പ്രവേശന കവാടങ്ങള്‍ വിവിധ ശില്പചിത്രങ്ങള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ഗുഹയുടെ തൂണുകളും ചുമരുകളും ബുദ്ധനെ സംബന്ധിക്കുന്ന അര്‍ധ ത്രിമാന പ്രതിമാ ശില്പങ്ങള്‍ (reliefs) കൊണ്ടു നിബിഡമാണ്.
മഹാരാഷ്ട്രയിലെ കൊങ്കണ്‍ പ്രദേശവും ഗുഹാക്ഷേങ്ങ്രള്‍ക്ക് പ്രശസ്തമാണ്. കുടാ (Kuda), മഹ്ര്‍ (Mhar), കോള്‍ (Kol), കരാധ (Karadha) എന്നിവിടങ്ങളിലാണ് പ്രധാനപ്പെട്ട ഗുഹാക്ഷേത്രങ്ങള്‍ ഉള്ളത്. രജപുരി നദീതടത്തില്‍ സ്ഥിചെയ്യുന്ന ചെറിയ ഒരു ഗ്രാമമാണ് കുടാ. പല വലുപ്പത്തിലുള്ള 25 ഗുഹകള്‍ ഇവിടെ ഉണ്ട്. ഇവയില്‍ ഒന്നില്‍ മാത്രമേ ശില്പചിത്രങ്ങള്‍ ഉള്ളൂ. കൊളാബാ ജില്ലയില്‍ സാവിത്രിനദിയുടെ തീരത്താണ് മഹ്ര്‍. ഇവിടെ 28 ഗുഹാക്ഷേത്രങ്ങള്‍ ഉണ്ട്. ഇവയില്‍ ആദ്യത്തെ 20 എണ്ണം ഭൂനിരപ്പിനു മുകളിലുള്ള കിഴുക്കാം തൂക്കായ പാറക്കെട്ടുകളില്‍ നിര്‍മിക്കപ്പെട്ടവയാണ്; അവശേഷിക്കുന്ന 8 ഗുഹകള്‍ ഏതാണ്ട് 9 മീ. താഴ്ചയിലും. സാവിത്രിനദിയുടെ എതിര്‍വശത്താണ് കോള്‍ ഗ്രാമം. ഇവിടെ രണ്ടു ഗുഹാസങ്കേതങ്ങള്‍ ഉണ്ട്. ചില ഗുഹകളില്‍ മുദ്രണങ്ങള്‍ ഉണ്ട്. സത്താറായില്‍ നിന്നും ഏകദേശം 50 കി.മീ. അകലെയാണ് കരാധ. ഇവിടെ 60 ഗുഹകള്‍ ഉണ്ട്.
മഹാരാഷ്ട്രയിലെ ബൊര്‍ഘട്ട് ചൈത്യഗുഹകള്‍ക്കും വിഹാരങ്ങള്‍ക്കും പ്രശസ്തമാണ്. ചൈത്യഗുഹകളില്‍ ഏറ്റവും പഴക്കമുള്ളവ ഭജായിലാണ് സ്ഥിതിചെയ്യുന്നത്. ഇരുപത്തിയൊന്ന് ഗുഹകള്‍ ഇവിടെ ഉണ്ട്. പശ്ചിമേന്ത്യന്‍ ഗുഹാശില്പവിദ്യയുടെ പ്രതീകങ്ങളായ ഇവ ശില്പവിദ്യയ്ക്ക് പേരുകേട്ടവയാണ്. വ്യക്തമായ എടുപ്പുകള്‍ ഉള്ള സ്തംഭങ്ങള്‍, തടിയില്‍ തീര്‍ത്തിട്ടുള്ള ശില്പങ്ങള്‍, സ്തംഭത്തിന്റെ ആകൃതി, പൂമുഖത്തെ അലങ്കരിക്കുന്ന ചിത്രങ്ങളുടെ ശില്പവിദ്യ എന്നിവ ഈ ഗുഹാക്ഷേത്രങ്ങളുടെ പഴക്കത്തെ സൂചിപ്പിക്കുന്നു. ഇവിടത്തെ ഗുഹകള്‍ എല്ലാംതന്നെ പടിഞ്ഞാറോട്ടു തിരിഞ്ഞാണ് നിലകൊള്ളുന്നത്. ഇവയില്‍ പന്ത്രണ്ടാമത്തെ ഗുഹ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നു. ബി.സി. 2-ാം ശ.-ത്തിലോ അതിനുമുന്‍പോ നിര്‍മിച്ചതാണ് ഈ ഗുഹയെന്ന് അനുമാനിക്കപ്പെടുന്നു. ദാരുശില്പങ്ങളെ മാതൃകയാക്കിയാണ് ഇതിലെ ശില്പങ്ങള്‍ നിര്‍മിച്ചിട്ടുള്ളത്. ഗുഹയുടെ പൂമുഖം പൂര്‍ണമായും തടികൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. മേല്‍ക്കൂരയ്ക്കു തടികൊണ്ടുള്ള കഴുക്കോലുകള്‍ ഉണ്ട്. തടിയും പാറയും തമ്മില്‍ ബന്ധപ്പെടുത്തി ഏതെല്ലാം തരത്തില്‍ ഗുഹ അലങ്കരിക്കാന്‍ കഴിയും എന്നതിന്റെ നിദര്‍ശനമാണ് ഇവിടത്തെ ഗുഹകള്‍. 13 മുതല്‍ 17 വരെയുള്ള ഗുഹകള്‍ വിഹാരങ്ങളാണ്. ബുദ്ധഭിക്ഷുക്കളുടെ ഏകാന്തജീവിതത്തിനുള്ള ചെറിയ മുറികള്‍ ഇവയിലുണ്ട്. ചില മുറികളില്‍ പാറ കൊണ്ടുള്ള കിടക്കകളും സജ്ജീകരിച്ചിട്ടുണ്ട്. ഒരു ഗുഹയുടെ സ്തംഭത്തില്‍ ബുദ്ധമത പ്രചാരകരുടെ പേരുകള്‍ കൊത്തിവച്ചിട്ടുണ്ട്. 19-ാമത്തെ ഗുഹാ വിഹാരമാണ്. ഈ ഗുഹയുടെ വരാന്തയില്‍ ഉള്ള നിരവധി ശില്പങ്ങളില്‍ രണ്ടെണ്ണം പ്രത്യേകം പരിഗണന അര്‍ഹിക്കുന്നു. ഇവയില്‍ ഒന്നില്‍ സൂര്യദേവന്‍ രാത്രിയുടെ പിശാചുക്കളെ നശിപ്പിക്കുന്നത് ആലേഖനം ചെയ്തിരിക്കുന്നു. രണ്ടാമത്തേതില്‍ ഇന്ദ്രന്‍ ഐരാവതത്തിന്റെ പുറത്തുകയറി ഭൂമിയില്‍ സവാരി ചെയ്യുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.
മുംബൈ തുറമുഖത്തിനടുത്ത് അറബിക്കടലില്‍ സ്ഥിതിചെയ്യുന്ന ഒരു ചെറിയ ദ്വീപിലുള്ള എലിഫന്റാ ഗുഹാക്ഷേത്രം ഏറെ പ്രശസ്തമാണ്. എ.ഡി. 7-ാം ശ.-ത്തിലോ 8-ാം ശ.-ത്തിലോ ആണ് അതു നിര്‍മിച്ചതെന്നു കരുതപ്പെടുന്നു. 6.5 കി. മീറ്ററില്‍ അധികം ദൈര്‍ഘ്യമുള്ള രണ്ടു പര്‍വതശൃംഖലകളുടെ മധ്യത്തിലാണ് ഭീമാകാരമായ പാറ തുരന്ന് ഈ ഹൈന്ദവക്ഷേത്രം നിര്‍മിച്ചിട്ടുള്ളത്. 'ഗണേശ' എന്നറിയപ്പെടുന്ന ക്ഷേത്രകവാടത്തിന് 39.85 മീ. നീളവും 5.49 മീ. ഉയരവും 18.28 മീ. വീതിയുമുണ്ട്. ഭീമാകാരമായ കല്‍ത്തൂണുകളിലാണ് ക്ഷേത്രത്തിന്റെ മേല്‍ക്കൂര ഉറപ്പിച്ചിട്ടുള്ളത്. പാര്‍വതീപരമേശ്വരന്മാരെ സംബന്ധിക്കുന്ന പുരാണ കഥകളെ അടിസ്ഥാനമാക്കിയാണ് ഇവിടത്തെ ശില്പങ്ങളും ചിത്രങ്ങളും രചിച്ചിട്ടുള്ളത്. വാസ്തുകലയുടെയും ശില്പകലയുടെയും ചിത്രകലയുടെയും മഹത്ത്വത്തെ വിളിച്ചറിയിക്കുന്നവയാണിവ. രാഷ്ട്രകൂടശൈലിയുടെയും ചാലൂക്യശൈലിയുടെയും സ്വാധീനം ഇവിടത്തെ ശില്പശൈലിയില്‍ ദര്‍ശിക്കാവുന്നതാണ്.
ശിവജിയുടെ ജന്മസ്ഥലമായ ജൂനാറിലെ ഷിവ്നറി ഹില്‍ ഫോര്‍ട്ട് (Shivneri Hill Fort) ഗുഹകള്‍ക്ക് പ്രശസ്തമാണ്. ഇന്ത്യയില്‍ പാറ തുരന്നുള്ള ഗുഹകള്‍ ഏറ്റവും കൂടുതലുള്ളത് ഇവിടെയാണ്; ഏതാണ്ട് 140 എണ്ണം. ഇവയില്‍ സന്ന്യാസാശ്രമങ്ങള്‍ ചെറുതും ശില്പവിദ്യകള്‍ ഒന്നും ഇല്ലാത്തവയുമാണ്.
കേരളത്തിലെ പല ഭാഗത്തും ഗുഹാക്ഷേത്രങ്ങള്‍ ഉണ്ട്. ദക്ഷിണേന്ത്യയിലെ ആദ്യകാല ഗുഹാക്ഷേത്രങ്ങളുടെ കൂട്ടത്തില്‍ കേരളത്തിലെ ഗുഹാക്ഷേത്രങ്ങളും പ്രശസ്തങ്ങളാണ്. ഇവയില്‍ വിഴിഞ്ഞം, തിരുനന്ദിക്കര, അയലൂര്‍പ്പാറ, കോട്ടയ്ക്കല്‍ (ഇട്ടിവാ), കവിയൂര്‍, ഇരുനിലംകോട്ട്, തൃശൂര്‍, ഭ്രാന്തങ്കല്‍ എന്നിവിടങ്ങളിലുള്ളവ പ്രാധാന്യം അര്‍ഹിക്കുന്നു. എ.ഡി. 7-ാം ശ.-ത്തിനും 9-ാം ശ.-ത്തിനും ഇടയ്ക്കാണ് ഇവ നിര്‍മിക്കപ്പെട്ടതെന്നു കരുതപ്പെടുന്നു. വിഴിഞ്ഞത്തുള്ള ഗുഹാക്ഷേത്രങ്ങളുടെ ശ്രീകോവിലില്‍ പ്രതിഷ്ഠകള്‍ ഒന്നുമില്ല. തിരുനന്ദിക്കരയിലേത് ജൈനദേവാലയങ്ങള്‍ ആയിരുന്നു എന്നതിന് തെളിവുകള്‍ ഉണ്ട്. വലുപ്പത്തില്‍ തൃശൂരിലേതും കോട്ടയ്ക്കലേതുമാണ് മുന്‍നിരയില്‍. കോട്ടയ്ക്കലെ ഹനുമാന്റെ പ്രതിമയും കവിയൂരിലെ സന്ന്യാസിയുടെ പ്രതിമയും തമിഴ്നാട്ടിലെ ഗുഹാശില്പങ്ങളോട് സാമ്യം പുലര്‍ത്തുന്നവയാണ്. നോ: എലിഫന്റാ; എല്ലോറ; ഗുഹ; ഗുഹാചിത്രങ്ങള്‍