2018, ഒക്‌ടോബർ 11, വ്യാഴാഴ്‌ച

കാടാച്ചിറ ശ്രീ തൃക്കപാലം ശിവക്ഷേത്രം... കണ്ണൂർ ജില്ലയിലെ പെരളശ്ശേരി







കാടാച്ചിറ ശ്രീ തൃക്കപാലം ശിവക്ഷേത്രം...

 പരശുരാമന്‍  പ്രതിഷ്ഠ നടത്തിയത് എന്ന് വിശ്വസിക്കുന്ന 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന മൂന്നു തൃക്കപാലീശ്വരങ്ങളിൽ ഒന്നാണിത്...മറ്റുള്ള രണ്ടു തൃക്കപാലീശ്വരങ്ങൾ നിരണത്തും, നാദാപുരത്തും ആണ്.

 കണ്ണൂർ ജില്ലയിലെ പെരളശ്ശേരി പഞ്ചായത്തിലെ കാടാച്ചിറയിൽ സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ് കാടാച്ചിറ തൃക്കപാലം ശിവക്ഷേത്രം...

 കപാലീശ്വര സങ്കല്പത്തിലുള്ള രണ്ടു ശിവലിംഗപ്രതിഷ്ഠകളുള്ള അപൂർവ്വക്ഷേത്രമാണിത് ..ശിവപ്രതിഷ്ഠാ സങ്കൽപം കപാലീശ്വരനാണ്.

ക്ഷേത്രത്തിന്‍റെ  പേർ പണ്ട് തൃക്കപാലീശ്വരം എന്നായിരുന്നു, പിന്നീട് തൃക്കപാലമായി മാറിയതാണ്.

ഇവിടെ രണ്ട് ശിവപ്രതിഷ്ഠകൾ ഉണ്ട്. രണ്ട് ശിവലിംഗങ്ങളും കിഴക്കു ദർശനം നൽകിയാണ് പ്രതിഷ്ഠ. കിഴക്കു വശത്തായി ഒരു ക്ഷേത്രക്കുളം ഉണ്ട്. മഹാദേവന്‍റെ രൗദ്രഭാവത്തിനു ശമനം ഉണ്ടാകുവാനായി ആ ക്ഷേത്രക്കുളത്തിലേക്ക് ക്ഷേത്രേശന്മാരുടെ ദൃഷ്ടി വരത്തക്കവണ്ണമാണ് ഇവിടെ പ്രതിഷ്ഠ നടത്തിയിരിക്കുന്നത് എന്നു വിശ്വസിക്കുന്നു...

തൃക്കപാലക്ഷേത്രത്തിൽ ചതുര ശ്രീകോവിലും നാലമ്പലവും നമസ്കാരമണ്ഡപവും പണിതീർത്തിരിക്കുന്നത് പഴയ കേരളാ ശൈലിയിലാണ്. രണ്ടുക്ഷേത്രങ്ങൾക്കും കൂടിയാണ് നാലമ്പലം പണിതീർത്തിരിക്കുന്നത്. രണ്ടുക്ഷേത്രങ്ങൾക്കും വെവ്വേറെ പ്രധാന ബലിക്കല്ലുകളും, കൊടിമരങ്ങളും പണിതീർത്തിട്ടുണ്ട്...

കൊട്ടിയൂർ ശിവക്ഷേത്രവുമായി പുരാതനകാലം മുതൽക്കു തന്നെ   അഭേദ്യമായ ബന്ധമുള്ള ക്ഷേത്രമാണിത്. കൊട്ടിയൂരിലെ വൈശാഖോത്സവത്തിന് ഇവിടെ നിന്നും നെയ്യമൃത് എഴുന്നള്ളിക്കുക പതിവാണ്.

ഉപക്ഷേത്രങ്ങൾ:-
ദക്ഷിണാമൂർത്തി,ഗണപതി,സുബ്രഹ്മണ്യൻ.

കണ്ണൂർ - കൂത്തുപറമ്പ് റോഡിനരുകിൽ കാടാച്ചിറയിൽ ആണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പെരളശ്ശേരി സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിൽ നിന്നും 4 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം.