2018, ഒക്‌ടോബർ 29, തിങ്കളാഴ്‌ച

മുരുഡേശ്വരം അത്ഭുതക്കാഴ്ച്ചകളുടെ ക്ഷേത്രോദ്യാനം





ശിവം സുന്ദരം 
മുരുഡേശ്വരം. അത്ഭുതക്കാഴ്ച്ചകളുടെ ക്ഷേത്രോദ്യാനം. കടലിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന ചതുര്‍ബാഹുവായ പരമശിവന്റെ ഉത്തുംഗമായ പ്രതിമ. ഉയരമേറിയ ഗോപുരവും സ്വര്‍ണ്ണവര്‍ണ്ണമായ ക്ഷേത്രവും ഉദ്യാന ശില്‍പ്പങ്ങളും. കാഴ്ച്ചയുടെ അനിര്‍വചനീയ ഭംഗികള്‍
മുരുഡേശ്വര ഗോപുരവും ക്ഷേത്രവും: തീരത്തു നിന്നുള്ള കാഴ്ച്ച


മുരുഡേശ്വരം ആദ്യമുണര്‍ത്തുന്ന വികാരം അത്ഭുതമാണ്. അഥവാ സ്‌പെക്റ്റക്കിള്‍ എന്ന പദത്തിന്റെ അര്‍ത്ഥമറിയണമെങ്കില്‍ ഉത്തര കാനറയിലെ ഈ കടലോരത്തിലേക്ക് വരിക. കൗതുകത്താല്‍ മലരുന്നതാണ് മുരുഡേശ്വരത്തിലെ കാഴ്ച്ചകള്‍. എത്തും മുന്‍പ് അല്‍പ്പം പുരാണമറിഞ്ഞിരിക്കണം. പിന്നെ ആര്‍. എന്‍. ഷെട്ടി എന്ന മുരുഡേശ്വരംകാരനേയും.

ഉത്തര കാനറയുടെ കവാടമായ ബട്ക്കല്‍ കടന്ന് എന്‍.എച്ച്-17 വടക്കോട്ട് പായുമ്പോള്‍ ഇടത് ഭാഗത്ത് ശ്രദ്ധയാകര്‍ഷിക്കും വണ്ണം ശില്പാലംകൃതമായ ഒരു കവാടം കണ്ണില്‍ പെടും. സൂര്യന്‍ പടിഞ്ഞാറോട്ട് ചാഞ്ഞു തുടങ്ങുമ്പോഴാണ് ആ കവാടം പിന്നിട്ടത്. കടലിന്റെ ഹുംകാരം തീര്‍ക്കുന്ന പ്രണവത്തില്‍, സന്ധ്യാകാശപ്രഭയണിഞ്ഞ് ഒരു പടുകൂറ്റന്‍ ശിവശില്‍പ്പം നാഴികക്കപ്പുറത്തുനിന്നെ കാണാറായി. ധ്യാനലീനമായ കടാക്ഷം നല്‍കി പത്മാസനത്തിലമര്‍ന്ന ചതുര്‍ബാഹു. കണ്ഠ നാളത്തില്‍ തിളങ്ങുന്ന സ്വര്‍ണനാഗം. ലോകത്തിലെ ഏറ്റവും വലിയ ശിവപ്രതിമ. ചുവടെ മുരുഡേശ്വര ക്ഷേത്രത്തിന്റെ സ്വര്‍ണവര്‍ണമണിഞ്ഞ ശിലാഗോപുരങ്ങളില്‍ നിയോണ്‍ ദീപങ്ങള്‍ തീര്‍ക്കുന്ന മായികവര്‍ണം. മുമ്പില്‍ മഴതീര്‍ന്ന ആഷാഢമാസത്തിലെ ചാരനിറമാര്‍ന്ന ആകാശത്തിലേക്ക് തുളച്ചുകയറിയ പോലെ ഇന്ത്യയിലെ ഏറ്റവും വലിയ രാജഗോപുരം.


മുരുഡേശ്വരത്തെ മഹാദേവന്‍: ഒരു രാത്രി ദൃശ്യം

കന്ദുകഗിരി എന്ന ഒരു ചെറിയ കുന്നിന്‍ പുറത്താണ് ഈ ക്ഷേത്രം. മൂന്നു വശവും കടല്‍. മുപ്പത്തിയാറ് വര്‍ഷംമുന്‍പ് വെറുമൊരു മുക്കുവ ഗ്രാമം മാത്രമായിരുന്നു മുരുഡേശ്വരം. നിര്‍മാണരംഗത്തെ അതികായനായ ആര്‍.എന്‍. ഷെട്ടി എന്ന ധനികനായ മനുഷ്യസ്‌നേഹി പക്ഷെ മുരുഡേശ്വരത്തിന്റെ മുഖഛായ അമ്പേ മാറ്റി. തകര്‍ന്നടിഞ്ഞ ക്ഷേത്രത്തെ ഷെട്ടി പുനര്‍നിര്‍മിച്ചു. കടലിലേക്ക് തളളി നില്‍ക്കുന്ന കുന്നിന്‍പുറത്ത് 123 അടി വലിപ്പത്തില്‍ മഹാദേവന്റെ ശില്‍പ്പം നിര്‍മിച്ചു. ചുറ്റും ഉദ്യാനങ്ങളും ശില്‍പ്പങ്ങളും തീര്‍ത്തു. തീര്‍ത്ഥാടകര്‍ക്ക് താമസിക്കാന്‍ റിസോര്‍ട്ടുകളും ഹോട്ടലുകളും നിര്‍മ്മിച്ചു. മുരുഡേശ്വരത്തെ ദക്ഷിണേന്ത്യയിലെ ശ്രദ്ധേയമായ യാത്രായിടമാക്കി. മുരുഡേശ്വരം മറ്റൊരര്‍ഥത്തില്‍ ഷെട്ടിലാന്‍ഡ് തന്നെയാണ്.

ക്ഷേത്ര പരിസരത്തെ ഒരു സായാഹ്നം

ആനന്ദദായകനായ മൃഡേശ്വരനാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. പ്രാചീനമാണത്. ഗോകര്‍ണത്തുവെച്ച് ക്രുദ്ധനായ രാവണന്‍ നിലത്തുറച്ചുപോയ ആത്മലിംഗത്തിന്റെ ആവരണമെടുത്ത് വലിച്ചെറിഞ്ഞത് കന്ദുകഗിരിയിലേക്കായിരുന്നു എന്ന് ഐതിഹ്യം.
കരയില്‍നിന്നുള്ള പാതയില്ലെങ്കില്‍ കന്ദുകഗിരി ഒരു ദ്വീപാണെന്ന് നിസ്സംശയം പറയാം. പടുകൂറ്റന്‍ രാജഗോപുരത്തിന്റെ പണി ഈയിടെ കഴിഞ്ഞതേയുള്ളു. ശ്രീരംഗത്തെക്കാള്‍ വലിപ്പം. ശില്‍പ്പഭംഗി പക്ഷെ കുറയും. കവാടത്തില്‍ ശരിയായ വലിപ്പത്തില്‍ രണ്ടു ഗജവീരന്‍മാര്‍ . തമിഴ്‌നാട്ടില്‍ നിന്നുള്ള ശില്‍പ്പികളാണ് ഈ ഗോപുരം നിര്‍മ്മിച്ചത്. മുന്നില്‍ തെക്കു ഭാഗത്ത്, തീരത്ത് നിരനിരെ അടുക്കിയ വഞ്ചികളില്‍ തൊപ്പിധരിച്ച മുസ്ലിം വയോവൃദ്ധര്‍ ക്ഷേത്രമണികളുടെ കിലുക്കത്തിന് താളം പിടിച്ച് വിശ്രമിക്കുന്നു.
  

ക്ഷേത്രത്തിന്റെ ഒരു സാന്ധ്യ ദൃശ്യം


ക്ഷേത്രമാനേജര്‍ മഞ്ജുനാഥ ഷെട്ടി ആഹ്ലാദത്തോടെയാണ് സ്വീകരിച്ചത്. കോഴിക്കോട് ചെറൂട്ടിറോഡില്‍ സിന്‍ഡിക്കേറ്റു ബാങ്കിലായിരുന്നുആറേഴുവര്‍ഷക്കാലം അദ്ദേഹം. വി.ആര്‍.എസ്സു വാങ്ങിപോന്നു. ഇപ്പോള്‍ ഇവിടെയാണ്. മലയാളം വീണ്ടും പറയാന്‍ കഴിഞ്ഞതിന്റെ സന്തോഷം മുഖത്ത്. ആരതി കഴിഞ്ഞ്് നടയടച്ച ശ്രീകോവില്‍ വീണ്ടും ഞങ്ങള്‍ക്കായി തുറന്നു തന്നു.

വൃത്തിയും വെടിപ്പുമുളളതാണ് ക്ഷേത്രം. ഗോപുരം കടന്ന് തെക്കോട്ട് പടികയറിചെന്നാല്‍ കരിങ്കല്ലും ഉരുക്കും കൊണ്ട് പുനര്‍ നിര്‍മ്മിച്ച ക്ഷേത്രം. ശ്രീകോവിലിന് ചുറ്റുപാടുമായി ഉപദേവതകള്‍. മുമ്പില്‍ നന്ദിമണ്ഡപം. കരിങ്കല്ലിന്റെ കമാനങ്ങള്‍ക്ക് സ്വര്‍ണനിറം പൂശിയിരിക്കുന്നു. ചുറ്റിലും തീര്‍ത്ഥങ്ങള്‍. ഭീമതീര്‍ത്ഥം, കമണ്ഡല തീര്‍ത്ഥം, പ്രധാനതീര്‍ത്ഥം അഗ്‌നിതീര്‍ഥം എന്നറിയപ്പെടുന്ന സമുദ്രം തന്നെ.

കന്യാകുമാരിയിലെ വിവേകാനന്ദ മെമ്മോറിയല്‍ കണ്ടപ്പോഴാണ് ആര്‍ എന്‍ ഷെട്ടിക്ക് മുരുഡേശ്വരം പുനര്‍നിര്‍മ്മിക്കണമെന്ന് തോന്നിയത്. എസ് കെ ആചാരി എന്ന ശില്‍പ്പിയുടെ നേതൃത്വത്തില്‍ 1977ല്‍ ക്ഷേത്രത്തിന്റെ നിര്‍മ്മിതി തുടങ്ങി.

മരുഡേശ്വരത്തെ ശിവ പ്രതിമ ലോകത്തിലെ ഏറ്റവും വലിയ ശിവപ്രതിയാമെന്നു പറയപ്പെടുന്ന

പടവുകളിറങ്ങിചെന്ന്, ഗോപുരത്തിനരികില്‍വെച്ച് ഇഴപിരിയുന്ന മറ്റൊരു പടിക്കെട്ടു കയറിയാല്‍ ശിവന്റെ അത്ഭുതാവഹമായ ശില്‍പ്പത്തിനരികിലെത്താം. കാശിനാഥ് എന്ന ശില്‍പ്പിയും സംഘവുമാണ് ഒരു കോടി രൂപയിലധികം ചെലവുവന്ന ഈ ശില്‍പ്പം സൃഷ്ടിച്ചത്. വലിയൊരു പാറയുടെ മുകളില്‍ നിലത്തേക്കൊഴുകുന്ന വ്യാഘ്രത്തോലില്‍ ഇരിക്കുന്നത് അഘോരനായ ശിവന്റെ രജത നിറമുള്ള ഗംഭീര പ്രതിരൂപം. കോണ്‍ക്രീറ്റ് ആണ് നിര്‍മാണ വസ്തു. പാറയ്ക്കടിയിലാകട്ടെ പുരാണ കഥകള്‍ പറയുന്ന രണ്ടു മ്യൂസിയങ്ങള്‍. ശില്‍പ്പത്തിന്റെ പിറകില്‍ ആര്‍ത്തലയ്ക്കുന്ന കടല്‍. പുല്ലു വെച്ചു പിടിപ്പിച്ച ഇറക്കങ്ങളില്‍ പിന്നേയും ശില്‍പ്പങ്ങള്‍. ഏഴുകുതിരകളെ പൂട്ടിയ അഗ്‌നിരഥത്തില്‍ അയനത്തിനൊരുങ്ങുന്ന സൂര്യഭഗവാന്‍. ഗീതോപദേശം, രാവണനും ബ്രാഹ്മണ വേഷധാരിയായ ഗണപതിയും. വടക്കു ഭാഗത്ത് കടലിലേക്ക് തള്ളി നില്‍ക്കുന്ന ആര്‍.എന്‍.എസ് ഗസ്റ്റ് ഹൗസും റസ്‌റ്റോറന്റും. കടലില്‍ ദൂരെ മങ്ങികാണുന്നത് പ്രാവുകള്‍ ചേക്കേറുന്ന, പ്രാദേശിക ദേവതയായ ജട്ടികയുടെ ക്ഷേത്രമുള്ള നേത്രാണി ദ്വീപ്.

കന്ദുകഗിരിയുടെ വടക്കു ഭാഗത്തുള്ള കടല്‍ത്തീരം വൈകുന്നേരങ്ങള്‍ സഞ്ചാരികളെ കൊണ്ടുനിറയും. നീന്താന്‍ സുരക്ഷിതമാണിവിടം. ഒരു വലിയ ബസ്സിനെ വസ്ത്രം മാറാനും കുളിക്കാനുമുളള മൂവിങ് കംഫര്‍ട്ട് സ്റ്റേഷനാക്കി വിശാലമായ തീരത്തു നിര്‍ത്തിയിട്ടിരിക്കുന്നു. തീരത്തിരുന്ന് കാണുന്ന കന്ദുകഗിരിയുടെ സന്ധ്യാദ്യശ്യം വിവരിക്കുക അസാധ്യം. ചെറിയ ടൗണ്‍ഷിപ്പായി വളര്‍ന്നു കഴിഞ്ഞ മുരഡേശ്വരത്ത്് ഇന്റര്‍നെറ്റ് കഫേ തൊട്ട് മദ്യഷാപ്പുകള്‍ വരെയുണ്ട്.

കടലിന്റെ പശ്ചാത്തലത്തില്‍

വൃത്താകൃതിയില്‍ തള്ളി നില്‍ക്കുന്നു. കടലില്‍ തൂണുകള്‍ ഉറപ്പിച്ച, കാന്റീന്‍ എന്നു വിളിക്കുന്ന നവീന്‍ റസ്റ്റോറന്റില്‍ കാപ്പി നുണയുമ്പോള്‍ ഒരു കനത്ത കാറ്റ് മഴയോടൊപ്പം ആര്‍ത്തലച്ചു വന്നു. കസേരകളും പാത്രങ്ങളും പറന്ന് കടലിലേക്ക് വീണു. കൊടുംകാറ്റില്‍ ഉലഞ്ഞ് നിലവിളിയുടെ അരികില്‍ നില്‍ക്കുന്ന നിസ്സഹായരെ കണ്ട് മാനേജര്‍ ചിരിച്ചു പറഞ്ഞു. 'ദിസ് ഇസ് ആന്‍ ആഡഡ്, എക്‌സൈറ്റിങ് ഗിഫ്റ്റ്്'. വിനോദ സഞ്ചാരികള്‍ക്കുളളിലെ തീര്‍ത്ഥാടകര്‍ തൊണ്ടപൊട്ടി വിളിച്ചു, ''മുരുഡേശ്വരാ...''