നെടുമ്പുര കുലശേഖരനെല്ലൂർ ക്ഷേത്രം...
പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ പ്രാധാന്യമേറിയ ഒന്നാണിത്..
തൃശ്ശൂർ ജില്ലയിലെ ചെറുതുരുത്തിക്കടുത്ത് സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് നെടുമ്പുര കുലശേഖരനെല്ലൂർ ക്ഷേത്രം. പ്രധാന പ്രതിഷ്ഠ പരമശിവന്‍ കിഴക്ക് ദർശനം നൽകി കുടികൊള്ളുന്ന ഈ ക്ഷേത്രം രണ്ടാം ചേരരാജവംശക്കാലത്ത് നിർമ്മിക്കപ്പെട്ട മഹാശിവക്ഷേത്രങ്ങളിൽ ഒന്നാണ്....
വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമനാണ് നെടുമ്പുര മഹാദേവക്ഷേത്ര പ്രതിഷ്ഠ നടത്തിയതെന്നു വിശ്വസിക്കുന്നുണ്ടങ്കിലും ഇവിടെ കുലശേഖരത്തപ്പന്റെ പ്രതിഷ്ഠ നടത്തിയത് ഖരമഹർഷിയാണാന്നാണ് മറ്റൊരു ഐതിഹ്യം.
ഭാരതപ്പുഴയുടെ തെക്കേക്കരയിൽ ചെറുതുരുത്തി ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. രണ്ടാം ചേരസാമ്രാജ്യത്തിന്റെ സംഭാവനയാണ് നെടുമ്പുര കുലശേഖരനെല്ലൂർ ശിവക്ഷേത്രം. കുലശേഖരന്മാരുടെ പേരിനെ സൂചിപ്പിക്കാനാണോ ക്ഷേത്രത്തിനും ആ പേരു കൊടുത്തത് എന്നറിയില്ല.
ഗജ പൃഷ്ഠാകൃതിയിൽ ഇരുനിലയിൽ പണിതീർത്ത മഹാസൗധമാണ് ഇവിടുത്തെ ശ്രീകോവിൽ. രണ്ടാം കുലശേഖരന്മാരുടെ കാലത്തു നിർമ്മിക്കപ്പെട്ട അതിമനോഹരമായ ഈ നിർമ്മിതി കാലത്തെ അതിജീവിച്ച് ഇവിടെ ഇന്നും നിലകൊള്ളുന്നു. ശ്രീകോവിലിന് ഏകദേശം 50 അടിയിലേറെ പൊക്കമുണ്ട്.കേരളത്തിലെ വലിപ്പമേറിയ ശ്രീകോവിലുകളിൽ കുലശേഖരനെല്ലൂർ ക്ഷേത്രം മുൻനിരയിൽ നിൽക്കുന്നു. മുഖമണ്ഡപത്തോടു കൂടിയ ഇവിടുത്തെ ശ്രീകോവിലിന്റെ ഇരു നിലകളും ചെമ്പു മേഞ്ഞ് മനോഹരമാക്കിയിട്ടുണ്ട്.ഇവിടുത്ത
കിഴക്കു ദർശനമായിട്ടുള്ള ശിവലിംഗത്തിനു രണ്ടടിയോളം പൊക്കംവരും.
ചതുരാകൃതിയിൽ പണിതീർത്തിരിക്കുന്ന നമസ്കാര മണ്ഡപം തനതു കേരളാ ദ്രാവിഡശൈലിക്ക് ഉത്തമ ഉദാഹരണമാണ്. അടിത്തറയും തൂണുകളും കരിങ്കല്ലിൽ നിർമ്മിച്ചിരിക്കുന്ന മണ്ഡപത്തിന്റെ മുകൾഭാഗം ഓട് മേഞ്ഞിട്ടുണ്ട്. മറ്റുള്ള ക്ഷേത്രങ്ങളിൽ മണ്ഡപം തുറന്നു കിടക്കുമ്പോൾ ഇവിടെ നാലുവശവും തടികൊണ്ടുള്ള അഴികളാൽ മറച്ചിരിക്കുന്നു. ബലിക്കൽപ്പുര ഇവിടെ നിർമ്മിച്ചിട്ടില്ല എന്നുള്ളതു എടുത്തു പറയാം.
മൈസൂർ, ടിപ്പു സുൽത്താന്റെ പടയോട്ടക്കാലത്തെ അതിജീവിച്ച മഹാക്ഷേത്രങ്ങളിൽ ഒന്നു കൂടിയാണിത്.
എഴുപത്തിയഞ്ചു വർഷങ്ങൾക്കു മുൻപ് ഇവിടുത്തെ കിഴക്കേ ക്ഷേത്രക്കുളം വൃത്തിയാക്കാനായി വെള്ളം വറ്റിക്കുകയും കുളത്തിലെ വള്ളം താഴ്ന്നു വന്നപ്പോൾ കുളത്തിനു നടുക്കായി ഒരു വിഷ്ണുവിഗ്രഹം കണ്ടെന്നു ചരിത്രം. പക്ഷേ അന്ന് ഭാരതപ്പുഴയിൽ നിന്നും വെള്ളം ഇരച്ചു കയറി ക്ഷേത്രകുളം നിറഞ്ഞുവെന്നും വിഗ്രഹം പൂർണ്ണമായി കാണാനോ അത് അവിടെ നിന്നും എടുത്തു മാറ്റി പ്രതിഷ്ഠിക്കാനോ അന്നു കഴിഞ്ഞില്ലത്രേ.
2011-ൽ വീണ്ടും ക്ഷേത്രക്കുളം വറ്റിച്ചു മഹാവിഷ്ണു വിഗ്രഹം ഭക്തർക്ക് ദർശനമാക്കി കൊടുത്തു നാട്ടുകാരും ഊരാണ്മദേവസ്വവും ചേർന്ന്... മുൻപ് വിഗ്രഹത്തിന്റെ മുകൾഭാഗം കണ്ടചിലരെങ്കിലും ഇന്നും ക്ഷേത്ര പരിസരത്ത് ജീവിച്ചിരിപ്പുണ്ട്. നിൽക്കുന്ന രൂപത്തിൽ കാണപ്പെട്ട വിഷ്ണു ഭഗവാൻ നാലു കൈകളോടെ പാഞ്ചജന്യം (ശംഖ്), സുദർശനം (ചക്രം), കൗമോദകി (ഗദ), താമര എന്നിവ ധരിച്ചിരിക്കുന്ന മനോഹര വിഗ്രഹമാണിത്.കിട്ടുമ്പോൾ കിഴക്ക് ദർശനമായാണ് കണ്ടത്.
ക്ഷേത്ര കുളത്തില്‍ തന്നെ പ്രതിഷ്ഠ നടത്തിയിട്ടുണ്ട് ..
പണ്ട് പഞ്ചപൂജാവിധികൾ പടിത്തരമായിട്ടുണ്ടായിരുന്ന മഹാക്ഷേത്രമായിരുന്നു ഇത്. കാലാന്തരത്തിൽ മാറ്റം സംഭവിക്കുകയും പല പടിത്തരങ്ങളും നിന്നു പോകുകയും ചെയ്തു.
മലയാള മാസം ഇടവത്തിലെ അത്തം നക്ഷത്രമാണ് നെടുമ്പുര ശിവക്ഷേത്ര പ്രതിഷ്ഠാദിനം ആഘോഷിക്കുന്നത്. ചെറുതുരുത്തി ഗ്രാമത്തിലെ ആറു മനകൾ ചേർന്നുള്ള ഊരാണ്മ ദേവസ്വമാണ് ക്ഷേത്രഭരണം നടത്തുന്നത്.
ക്ഷേത്ര താന്ത്രികവകാശം അയ്കാട്ടില്ലത്തിനു നിക്ഷിപ്തമാണ്..
ചെറുതുരുത്തി ടൗണിൽ നിന്നും നെടുമ്പുറം ക്ഷേത്ര റോഡിലൂടെ ഒന്നര കിലോമീറ്റർ പടിഞ്ഞാറേക്ക് സഞ്ചരിച്ചാൽ ക്ഷേത്ര കിഴക്കേ ഗോപുര നടയിൽ എത്തിച്ചേരാം...