2018, ഒക്‌ടോബർ 10, ബുധനാഴ്‌ച

ശബരിമല അയ്യപ്പ (ധർമ്മ ശാസ്ത) ക്ഷേത്രം (ഭാഗം അഞ്ച്)




ശബരിമല അയ്യപ്പ (ധർമ്മ ശാസ്ത) ക്ഷേത്രം (ഭാഗം അഞ്ച്)

പാണ്ഡ്യേശ വംശ തിലകം കേരളേ കേളി വിഗ്രഹം
ആർത്ത പ്രാണ പരം ദേവം ശാസ്താരം പ്രണമാമ്യഹം
സ്വാമിയേ ശരണമയ്യപ്പാ..................

തിരുവാഭരണത്തെ കുറിച്ചും, തിരുവാഭരണ ഘോഷയാത്ര പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്നത് വരെയും പന്തളം ധര്‍മ്മശാസ്താ ക്ഷേത്രം എന്ന പോസ്റ്റിൽ ചേർത്തിരിക്കുന്നത് കൊണ്ട് ഘോഷ യാത്രയുടെ സഞ്ചാര ഗതിയെ കുറിച്ച് ഈ ഭാഗത്തിൽ എഴുതുന്നു. കൈപ്പുഴ, കുളനട,  ഉള്ളന്നൂര്‍, ആറന്മുള, പൊന്നിന്‍തോട്ടം, ചെറുകോല്‍ എന്നീ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റു വാങ്ങി ഘോഷയാത്ര അയിരൂര്‍ പുതിയ കാവ് ക്ഷേത്രത്തില്‍ രാത്രിയോട് കൂടി എത്തി ചേരുകയും അന്ന് അവിടെ തങ്ങുകയും ചെയ്യുന്നു. രണ്ടാം ദിവസം ആദ്യം ഇടപ്പാവൂർ ദേവി ക്ഷേത്രത്തിൽഎത്തുംതുടര്‍ന്ന് വഞ്ചിയിൽ പമ്പയാർ കുറുകെ കടന്ന് ആഴിക്കൽ കുന്നുപാറപ്പുറത്തെ സ്വീകരണത്തിൽ പങ്ക് കൊള്ളുംഅവിടുന്ന് വടശ്ശേരിക്കരയിൽ എത്തുംതുടർന്ന് ചെറു കാവ് ദേവി ക്ഷേത്രത്തിൽ നിന്ന് താലപ്പൊലി സ്വീകരിച്ച് യാത്ര തുടരുന്നുമാടമണ്‍ ക്ഷേത്രം വഴി മടത്തും മുഴിക്കടവ് എത്തുകയുംതുടര്‍ന്ന് പമ്പ തിരികെ കടന്ന് പെരുനാട് ക്ഷേത്രത്തില്‍ എത്തുകയുംആഹാരം കഴിച്ച് വിശ്രമിക്കുകയും ചെയ്യുന്നുമൂന്ന് മണിക്ക് ശേഷം ചെട്ടിയാരുടെ പ്രാര്‍ത്ഥനാലയത്തിലെ സ്വീകരണം കഴിഞ്ഞ് ചെമ്മണ്ണു കയറ്റം തുടങ്ങുന്ന സ്ഥലത്ത് വച്ച് വേലന്‍ ഉറഞ്ഞു തുള്ളി സംഘത്തെ സ്വീകരിക്കും. അതിനു ശേഷം ളാഹാ തോട്ടത്തിലെ ഭക്ത ജനങ്ങളുടെ സ്വീകരണവും, തുടര്‍ന്ന് ളാഹാ വനം വകുപ്പിന്റെ ഓഫീസില്‍ വിശ്രമവും. അങ്ങിനെ രണ്ടാം ദിവസത്തെ യാത്ര അവസാനിക്കും.

തിരുവാഭരണ ഘോഷയാത്ര
മൂന്നാം ദിവസം അതി രാവിലെ രണ്ട് മണിയോടെ തിരുവാഭരണ ഘോഷ യാത്രയാരംഭിച്ച് പ്ലാപ്പള്ളിക്ക് അടുത്തുള്ള തലപ്പാറ മല കോട്ടയില്‍ എത്തുന്നുകോട്ടയെ പ്രദക്ഷിണം ചെയ്ത ശേഷം, അയ്യപ്പ സ്വാമിയുടെ രണ്ടാമത്തെ വളർത്തച്ചനെന്ന് വിശ്വസിക്കുന്ന കൊച്ചു വേലന്‍ (പുലി പാൽ കൊണ്ടു വരാൻ പോകുന്ന അയ്യപ്പ സ്വാമിയേ ഇവൻ നിന്റെയും മകനാണ്, കാത്ത് സംരക്ഷിച്ച് തിരികെ കൊണ്ട് വരണം എന്ന് കരഞ്ഞ് പറഞ്ഞാണത്രെ പന്തളത്തരചൻ കൊച്ചു വേലന്റെ കൈയ്യിൽ ഏൽപ്പിച്ചത്)തിരുവാഭരണങ്ങള്‍ താങ്ങിയിറക്കി പൂജാദി കര്‍മ്മങ്ങള്‍ ചെയ്യുംഅതിനു ശേഷം ദക്ഷിണ വാങ്ങിഅദ്ദേഹം തന്നെ തിരുവാഭരണ പെട്ടികള്‍ താങ്ങി ഉയര്‍ത്തി വിടുംതുടര്‍ന്ന് കൊച്ചു വേലനും ഘോഷയാത്രയോടൊപ്പം ശബരിമലക്ക് യാത്രയാകും.

മാടമണ്‍ (വടശ്ശേരിക്കര) ക്ഷേത്രം തിരുവാഭരണ ഘോഷയാത്രയ്ക്ക് സ്വാഗതമരുളാൻ അണിഞ്ഞൊരുങ്ങി
അതിന് ശേഷം നിലക്കല്‍ ക്ഷേത്രത്തിലെത്തി പ്രഭാത ഭക്ഷണം കഴിക്കുംശേഷം കൊല്ല മുഴി ആദിവാസികളുടെ സ്വീകരണംവലിയാന വട്ടത്ത് മധുര വാസികളായ ഭക്ത ജനങ്ങളുടെ സ്വീകരണം.പിന്നീട് പമ്പയിൽ എത്തി പേടകങ്ങൾ സന്നിധാനത്തേക്ക് അയച്ചിട്ട് തമ്പുരാൻ രാജ മണ്ഡപത്തില്‍ വിശ്രമിക്കുന്നു. രാജ പ്രധിനിധി കുറുപ്പ് തുടർന്നും ഘോഷയാത്രയ്ക്ക് അകമ്പടി സേവിക്കും.ശബരിപീഠത്തിലെയും ശരംകുത്തിയിലെയും സ്വീകരണത്തിനു ശേഷം സന്നിധാനത്തെത്തുന്നതിരുവാഭരണം, പതിനെട്ടാം പടി ഇറങ്ങി വന്നു ദേവസ്വം പ്രതിനിധികള്‍ സ്വീകരിക്കും, തുടർന്ന് കുറുപ്പ് പതിനെട്ടാം പടി കയറി ചെന്ന് തിരുവാഭരണങ്ങൾ എത്തി ചേർന്നു എന്ന് തന്ത്രിയെയും മേൽ ശാന്തിയെയും അറിയിക്കും. തുടർന്ന് തിരുവാഭരണത്തിലെ പ്രധാന പേടകം മേൽ ശാന്തി ഏറ്റു വാങ്ങി ശ്രീകോവിലിലേക്കുംമറ്റ് പേടകങ്ങള്‍ മാളിക പുറത്തേക്കും ആനയിക്കുന്നുഅപ്പോൾ തന്നെ ചുരികകൾഒഴികെ മറ്റെല്ലാ തിരുവാഭരണങ്ങളും അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തും തുടര്‍ന്നാണ്‌ ദീപാരാധനക്ക് നട തുറക്കുന്നത്.

തിരുവാഭരണം സന്നിധാനത്തേയ്ക്ക്
മകര മാസം മൂന്നാം തീയതി ഉച്ച പൂജക്ക് ശേഷം ശബരിമല നടടക്കുകയുംപതിനെട്ടാം പടിയും പ്രദക്ഷിണ മുറ്റവും കഴുകി വൃത്തിയാക്കുകയും ചെയ്യുന്നുഉച്ചക്ക് ഒന്നെരയോടെ പമ്പയില്‍ നിന്ന് തമ്പുരാന്‍(അതുവരെ പന്തളം രാജ പ്രതിനിധി പമ്പ രാജ മണ്ഡപത്തിൽ തങ്ങും)  സന്നിധാനത്തേക്ക് തിരിക്കുംആ സംഘം നാലുമണിയോടെ ശരം കുത്തിയില്‍ എത്തും. വാദ്യമേളം, ആന എന്നിവയുടെ അകമ്പടിയോടെ ദേവസ്വം ബോര്‍ഡിലെ അധികാരികള്‍ തമ്പുരാനെ സ്വീകരിക്കുകയും ചെയ്യുന്നുതമ്പുരാന്‍ നടന്നാണ്‌വരുന്നത് എങ്കിലുംആനപ്പുറത്ത് ആണ്‌ അദ്ദേഹം വരുന്നത് എന്ന സങ്കല്‍പ്പത്തില്‍ ആനയുടെ പുറത്ത് ഒരു വെള്ള വസ്ത്രവും വിരിച്ചിരിക്കുംതിരുവാഭരണ പേടകത്തിലെ ചെറിയ ചുരിക ദേവസ്വം പ്രതിനിധിയില്‍ നിന്ന് സ്വീകരിച്ച് കൊണ്ട്അംഗ വസ്ത്രവും മുണ്ടും പകരം സമ്മാനമായി തമ്പുരാന്‍ നല്‍കുംതുടര്‍ന്ന് സന്നിധാനത്തിലേക്ക് യാത്ര ആരംഭിക്കും. മുന്നില്‍ ചങ്ങല വിളക്ക്, അതിനു പിന്നില്‍ ഉടവാളും പരിചയുമായി കുറുപ്പ്, അതിനു പിന്നില്‍ വലത്തെ കൈയ്യില്‍ ചുരിക പിടിച്ച് കൊണ്ട് തമ്പുരാന്‍, പുറകിനു പരിവാരങ്ങളും.

 തിരുവാഭരണങ്ങൾ
പതിനെട്ടാം പടിയിലെത്തുന്ന രാജ പ്രതിനിധിയെ കിണ്ടിയില്‍ വെള്ളവുംനാളികേരവുമായി മേല്‍ശാന്തി സ്വീകരിക്കുംആ നാളികേരം പതിനെട്ടാം പടിയില്‍ ഉടച്ച്കുറുപ്പിനു പിന്നാലെ ചുരികയുമേന്തി പതിനെട്ടാം പടി കയറി ഇടതു വശത്തു കൂടി നടന്ന് തമ്പുരാന്‍ ശ്രീകോവിലിന്റെ സമീപമെത്തെത്തുന്നുഎന്നിട്ട് അദ്ദേഹം തന്റെ കൈയ്യിലുള്ള ചെറിയ ചുരിക പടിയില്‍ വക്കുകയുംമേല്‍ശാന്തി അതെടുത്ത് ഭഗവാന്റെവലതു ഭാഗത്ത് സ്ഥാപിക്കുകയും ചെയ്യുംഅങ്ങിനെ ഭഗവാന്‍ തിരുവാഭരണം പൂര്‍ണ്ണമായി അണിയും. തുടര്‍ന്ന് ഭഗവാനെയും, കന്നി മൂല ഗണപതിയെയും, മറ്റ് ഉപദേവതമാരെയും കര്‍പ്പൂരാരാധന നടത്തി വന്ദിച്ച ശേഷം പ്രദക്ഷിണമായി വടക്കേ നട ഇറങ്ങി പല്ലക്കില്‍ തമ്പുരാന്‍ മാളികപ്പുറത്തേക്ക് ചെന്ന് കര്‍പ്പൂരാരാധന തൊഴുത് അവിടെയുള്ള രാജമണ്ഡപത്തില്‍ താമസിക്കുന്നു. മകരം ആറുവരെ തമ്പുരാനും പരിവാരങ്ങളും ഇവിടെ താമസിക്കുകയും, രാവിലെയും ഉച്ചക്കും, വൈകിട്ടുമുള്ള പൂജാ സമയങ്ങളില്‍ ദര്‍ശനം നടത്തുകയും ചെയ്യുന്നു.


കലിയിൽ കലിദാമോദം നിൻ കഥ പാടി കദനം നീക്കാൻ........ സ്വാമി
കരിമലയിൽ കയറിയിരിക്കും വരപുരുഷാ വരമരുളെണേ........ സ്വാമി
ഉത്രം നക്ഷത്രത്തിങ്കെൽ ഉത്തമം വൃശ്ചിക ലഗ്നത്തിൽ........ സ്വാമി
ശുഭ കൃഷ്ണ പഞ്ചമി പക്കം മണികണ്ഠൻ ശ്രീ അവതാരം........ സ്വാമി
ഒന്നാം തിരു വയസിൽ ഒരടിയായ് പിച്ച നടന്നേ........ സ്വാമി
രണ്ടാം തിരു വയസിൽ ചുണ്ടിൽ തേൻ കൊഞ്ചൽ അണിഞ്ഞേ... സ്വാമി 
മൂന്നാം തിരു വയസിൽ മുടി നീട്ടി കൊണ്ട് നടന്നേ........ സ്വാമി
നാലാം തിരു വയസിൽ നിലവയ്യൻ നീളെ നടന്നേ........ സ്വാമി
അഞ്ചാം തിരു വയസിൽ അഞ്ചാതെ ഭൂതി നിറഞ്ഞേ........ സ്വാമി
ആറാം തിരു വയസിൽ ആറാകും ഇന്ദ്രിയങ്ങൾ വണങ്ങീ........ സ്വാമി
ഏഴാം തിരു വയസിൽ എഴുത്താം വിദ്യ പഠിച്ചേ........ സ്വാമി
എട്ടാം തിരു വയസിൽ ദിക്കെട്ടും ജ്യോതി പൊഴിച്ചേ........ സ്വാമി 
ഒമ്പതാം തിരു വയസിൽ ഓത്ത് ശാസ്ത്രവും ഗ്രഹിച്ചേ........ സ്വാമി
പത്താം തിരു വയസിൽ പയറ്റിനായ് കളരി പുക്ക്........സ്വാമി
പതിനൊന്നാം തിരു വയസിൽ ദേവകളോട് വേദം വാദിച്ചേ..... സ്വാമി
പന്ത്രണ്ടാം തിരു വയസിൽ പാണ്ട്യനിൻ പാദം സേവിച്ചേ........ സ്വാമി
സത്യമായ പൊന്നു പതിനെട്ടാം പടിമുകളിൽ പൊന്നിൻ
തൃക്കൊവിലകത്ത് രത്ന ഭൂഷാദികൾ അണിഞ്ഞു
ചിമുദ്ര ഹസ്തനായ് യോഗ ഭട്ട ബന്ധിതനായ് കോടാനു കോടി
ഭക്തന്മാരുടെ മാനസ പൂജയിൽ നൈയ് അഭിഷേകവുമേറ്റ് 
പത്മ പീഠത്തിൽ യോഗാസനത്തിൽ അമർന്നരുളും നിത്യ ബ്രഹ്മചാരി
ശ്രീ ഭൂതനാഥൻ അകിലാണ്ഡകോടി ബ്രഹ്മാണ്ഡ നായകൻ
ശത്രു സംഹാര മൂർത്തി സേവിപ്പോർക്ക് ആനന്ദ മൂർത്തി
അദ്വൈത ഗാത്രാൻ സമന്വയ നേത്രൻ
പാണ്ടി മലയാളം അടക്കി വാണിടും കലിയുഗ വരദൻ
ശബരിമല ശ്രീ ധർമ്മ ശാസ്താവ് സമസ്താപരാധവും
പൊറുത്ത് കാത്തു രക്ഷിക്കണം ഓം ശ്രീ ഹരിഹരസുതൻ
ആനന്ദ ചിത്തൻ അയ്യൻ അയ്യപ്പ സ്വാമിയേ........
ശരണമയ്യപ്പ ശരണമയ്യപ്പ ശരണമയ്യപ്പ................
മകര മാസം അഞ്ചാം തീയതി ഉച്ചയ്ക്ക് പതിനൊന്നുമണിയോടെ ക്ഷേത്രത്തില്‍ നെയ്യഭിക്ഷേകം അവസാനിക്കുംപന്ത്രണ്ട് മണിയോടെ തമ്പുരാനും കൂട്ടരും ക്ഷേത്രത്തിലെത്തി സോപാനത്തിന്റെ തെക്ക് ഭാഗത്ത് നില്‍ക്കുംതുടര്‍ന്ന് കളഭാഭിക്ഷേകവും നിവേദ്യ പൂജയുംഅതിനു ശേഷം തന്ത്രിയില്‍ നിന്ന് പ്രസാദം വാങ്ങി തമ്പുരാന്‍ വലിയമ്പലത്തിന്റെ തെക്കു ഭാഗത്ത് ഇരിക്കുംഇവിടെ വച്ച് തന്ത്രിക്കുംമേല്‍ ശാന്തിക്കുംപാണിശംഖ്വാദ്യം തുടങ്ങിയവ ഉപയോഗിക്കുന്നവര്‍ക്കും തമ്പുരാന്‍ ദക്ഷിണ നല്‍കുംശേഷം മേല്‍ ശാന്തിയേയുംതന്ത്രിയേയുംഅധികൃതരേയും താ നടത്തുന്ന കളഭ സദ്യയില്‍ പങ്ക് കൊള്ളാന്‍ ക്ഷണിച്ച ശേഷം മാളികപ്പുറത്തേക്ക് മടങ്ങുന്നുപിറ്റേന്ന് പതിവുള്ള ദര്‍ശനത്തിനു ശേഷം അദ്ദേഹം സന്നിധാനത്തിലേക്ക് താമസം മാറുംഅന്നേ ദിവസം മാളികപ്പുറത്ത് നടക്കുന്ന കളമെഴുത്തു പാട്ടിലും ഗുരുതിയിലും പങ്കെടുക്കുകയും കര്‍മ്മികള്‍ക്ക് ദക്ഷിണ നല്‍കുകയും ചെയ്യുന്നു.

മകര മാസം ഏഴാം തീയതി അഭിക്ഷേക ശേഷം ഗണപതി ഹോമവുംനീരാഞ്ജനവും മാത്രമേ കാണു.പിന്നീട് മേല്‍ശാന്തി അയ്യനെ ശിരോവസ്ത്രം അണിയിച്ച്അമ്പും വില്ലും നല്‍കി തമ്പുരാനുമായി കൂടി കാഴ്ചക്ക് ഒരുക്കുന്നുശ്രീകോവിലിലെ എല്ലാ വിളക്കുകളും കൊളുത്തിഇടതു കൈയ്യില്‍ നീരാഞ്ജനവുമായി മേല്‍ശാന്തി ശ്രീകോവിലിന്റെ കതകിനു മറഞ്ഞ് നില്‍ക്കുംഈ സമയം തമ്പുരാന്‍ സ്വാമിയുമായി കൂടികാഴ്ച നടത്തുകയും കൈകൂപ്പി വിട ചോദിക്കുകയും ചെയ്യുന്നു (വർഷത്തിൽ ഈ ഒരു തവണ അല്ലാതെ പന്തളം രാജ വംശത്തിലെ ആരും നടയ്ക്ക് നേരെ മുമ്പിൽ നിന്ന് തൊഴുവാറില്ല)ഉടന്‍ മേല്‍ ശാന്തി മുന്നോട്ട് വന്ന് വിഗ്രഹത്തിലെ ശിരോ വസ്ത്രവുംഅമ്പും വില്ലും മാറ്റിഭസ്മാഭിക്ഷേകം നടത്തുന്നുതുടര്‍ന്ന് രുദ്രാക്ഷമാലയും ദണ്ഡും അണിയിച്ച് ഭഗവാനെ ധ്യാന നിരതനാക്കുന്നുതുടര്‍ന്ന് മേല്‍ ശാന്തി ശ്രീകോവിലിലെ വിളക്കുകള്‍ ഒന്നൊന്നായി അണക്കുകയുംഒരു ചെറിയ തിരിയില്‍ ദീപം തെളിച്ച് തമ്പുരാനോട് ശ്രീകോവില്‍ അടക്കുന്നതിനു അനുവാദം ചോദിക്കുകയും ചെയ്യുന്നുഅനുവാദം ലഭിക്കുന്നതോടെ കര്‍പ്പൂരം കത്തിച്ച് നടയടച്ച് മേല്‍ശാന്തി താക്കോല്‍ തമ്പുരാനെ ഏല്‍പ്പിക്കുന്നു.

തുടര്‍ന്ന് മുന്നില്‍ ഉടവാളും പരിചയുമായി കുറുപ്പുംപിന്നില്‍ നീരാഞ്ജനവുമായി മേല്‍ ശാന്തിയുംഅതിനു പിന്നില്‍ തമ്പുരാനുമായി ക്ഷേത്രം വലം വക്കുന്നുപിന്നീട് കുറുപ്പും മേല്‍ ശാന്തിയും പതിനെട്ടം പടിയിറങ്ങിയ ശേഷംമേൽ ശാന്തി നല്‍കിയ നാളീകേരം പതിനെട്ടം പടിയിൽ ഉടച്ച് തമ്പുരാനും താഴെയിറങ്ങുന്നു.താഴെയെത്തുന്ന മേല്‍ ശാന്തിയും തമ്പുരാനും പടിഞ്ഞാട്ട് ദര്‍ശനമായി സാഷ്ടാംഗം നമസ്ക്കരിക്കുന്നു.അതിനു ശേഷം തമ്പുരാന്‍ പടിഞ്ഞാറോട്ടുംമേല്‍ശാന്തി കിഴക്കോട്ടും തിരിഞ്ഞ് മുഖാമുഖമായി നിന്ന്,മേല്‍ശാന്തി തമ്പുരാന് ഒരു പണക്കിഴി നല്‍കുകയും ചെയ്യുന്നുആ വര്‍ഷത്തെ വരവു ചിലവ് മിച്ചമാണ്‌ ആ കിഴിയെന്നു സങ്കല്‍പ്പംതുടര്‍ന്ന് അടുത്ത വര്‍ഷം വരെ മാസ പൂജ നടത്തുന്നതിനു താക്കോല്‍ തമ്പുരാന്‍ തിരിച്ച് ഏല്‍പ്പിക്കുകയുംതമ്പുരാനും കൂട്ടരും മടക്ക യാത്ര ആരംഭിക്കുകയും ചെയ്യുന്നുപമ്പയില്‍ ചെന്ന് തിരുവാഭരണവും പല്ലക്കുമായി നിലക്കല്‍ വഴി ളാഹ എസ്റ്റേറ്റിലെത്തി അന്ന് രാത്രി അവിടെ വിശ്രമിക്കുന്നു.

പെരുനാട് അയ്യപ്പ ക്ഷേത്രം
മകര മാസം എട്ടാം തീയതി റാന്നി പെരുനാട് ശ്രാംബിക്കല്‍ കുടുംബനാഥന്റെ ആതിഥേയം സ്വീകരിച്ച് വിശ്രമിക്കുന്നു,  തുടര്‍ന്ന് തിരുവാഭരണത്തെയും തമ്പുരാനെയും പെരുനാട് ക്ഷേത്രത്തിലേക്ക് ആനയിക്കുകയും, അവിടെ വച്ച് തമ്പുരാന്റെ നിര്‍ദ്ദേശ പ്രകാരം തിരുവാഭരണങ്ങള്‍ ഭഗവാന് ചാര്‍ത്തുകയും ചെയ്യുന്നുപിറ്റേന്ന് അവര്‍ ആറന്മുള കിഴക്കേ നടയിലുള്ള കൊട്ടാരത്തില്‍ എത്തി ചേരുന്നുഅവിടെ അറ വാതുക്കല്‍ തിരുവാഭരണം ഇറക്കി വച്ച് അന്നവിടെ വിശ്രമിക്കുന്നുപിറ്റേന്നാൾ ആറന്മുളയില്‍ നിന്ന് യാത്ര തിരിച്ച്രാവിലെ എട്ടു മണിയോടെ പന്തളം ക്ഷേത്രത്തിടുത്തുള്ള ആല്‍ത്തറയിൽ എത്തുന്ന ഇവരെ അവിടുത്തെ അയ്യപ്പ സേവാ സംഘം സ്വീകരിക്കുന്നുഅവിടെ നിന്ന് ദേവസ്വം ബോര്‍ഡ് അംഗങ്ങളും,കൊട്ടാരത്തിലെ അംഗങ്ങളും കൂടി അവരെ ക്ഷേത്രത്തിലേക്ക് ആനയിക്കുകയുംപ്രദക്ഷിണ ശേഷം തമ്പുരാന്‍ തിരുവാഭരണം സൂക്ഷിക്കുന്ന അറയില്‍ ഉടവാള്‍ വച്ച് കൊട്ടാരത്തിലേക്ക് മടങ്ങുന്നതോടെ ഘോഷ യാത്ര അവസാനിക്കുന്നു.

ഉത്രം നക്ഷത്രം, മകര ജ്യോതിസ്
ഉത്തരായണത്തിന്റെ ആരംഭത്തെ കുറിക്കുന്ന ശുഭ മുഹുർത്തമാണ് മകര സംക്രമം. ഭാരതമൊട്ടുക്കും പല രൂപത്തില്‍ ഈ പുണ്യ വേള ആഘോഷിക്കപ്പെടുന്നു. ഈ പുണ്യ വേളയില്‍ ശബരി മലയില്‍തിരുവാഭരണങ്ങള്‍ അണിയിച്ചു കൊണ്ട് ഭഗവാന് പ്രത്യേക പൂജകളും ദീപാരാധനയും അപ്പിക്കപ്പെടുന്നു. തത്സമയം പൊന്നമ്പലമേട്ടിൽ കാനന വാസനായ സ്വാമിയ്ക്ക് ദേവകളും ഋഷികളും നൽകുന്നദീപാരാധനയാണ് മകര ജ്യോതിസെന്ന് ഐതീഹ്യം. വന വാസികള്‍ നൽകിയിരുന്ന ദീപാരാധനയിരുന്നു മുന്‍ കാലങ്ങളിലെ മകര വിളക്ക് എന്നും പറയപ്പെടുന്നു. എന്നാല്‍ അതിനെ ഒരു രഹസ്യ നാടകം എന്ന നിലയില്‍ അധികാരികള്‍ മാറ്റിയെങ്കില്‍ അത് ശബരിമലയിലെ ഇന്നത്തെ അപചയത്തിന്റെ മറ്റൊരു മുഖം മാത്രമാണ്.

മണ്ഡല പൂജയ്ക്ക് തങ്ക അങ്കി ധരിച്ച് അയ്യപ്പൻ
മണ്ഡല പൂജയ്ക്ക് ചാർത്താൻ തിരുവതാങ്കൂർ രാജാവ് നൽകിയ തങ്ക അങ്കി തിരുവാറന്മുള ക്ഷേത്രത്തിലാണ് സൂക്ഷിക്കുന്നത്. മണ്ഡല പൂജയ്ക്ക് അഞ്ച് ദിനം മുമ്പ് പുലര്‍ച്ചെ 4.30 മുതൽ ആറന്മുള ക്ഷേത്രത്തിന്റെ ആനക്കൊട്ടിലിൽ ദര്‍ശനത്തിന്‌ വച്ച ശേഷം ഏഴ് മണിയോടെ കിഴക്കേ നടയിൽ നിന്നും ഘോഷയാത്ര ആരംഭിക്കും. മൂര്‍ത്തിട്ട ഗണപതി ക്ഷേത്ര നടയിലാണ്‌ ആദ്യ വരവേല്‍പ്പ്‌. പുന്നം തോട്ടം, കോഴഞ്ചേരി വഴി മാരാമണ്‍ തേവലശേരി ക്ഷേത്രത്തിൽ 9.30ന്‌ എത്തും. പാമ്പാടി മണ്‍, കാരം വേലി, ഇലന്തൂർ, ഭഗവതി കുന്ന്‌, ഗണപതി ക്ഷേത്രം വഴി ഉച്ചയ്ക്ക് ഒന്നിന്‌ ഇലന്തൂർ നാരായണ മംഗലം ശാസ്ത ക്ഷേത്രത്തിലെത്തി വിശ്രമിക്കും. ഉച്ചയ്ക്ക് ശേഷം മുഴുവേലി, ഇലവുംതിട്ട, മുട്ടത്തു കോണം, പ്രക്കാനം വഴി രാത്രി 9.45ന് ഓമല്ലൂർ രക്തകണ്ഠ സ്വാമി ക്ഷേത്രത്തിൽ ആദ്യ ദിവസത്തെ യാത്ര അവസാനിപ്പിക്കും. രണ്ടാം ദിവസം രാവിലെ 9.30ന്‌ കൊടുന്തറ ക്ഷേത്രത്തിൽ ആദ്യ സ്വീകരണം. അഴൂർ, പത്തനം തിട്ട വഴി രഥ ഘോഷ യാത്ര കടമ്മനിട്ട ഭഗവതി ക്ഷേത്രത്തിൽ ഉച്ചയ്ക്ക് ഒന്നിന്‌ എത്തും. കുമ്പഴ, ഇളകൊള്ളൂർ, കോന്നി വഴി 7.30ന്‌ മുരിങ്ങമംഗലം ക്ഷേത്രത്തിൽ എത്തും. മൂന്നാം ദിവസം രാവലെ പുറപ്പെട്ട്‌ അട്ടച്ചാക്കൽ, വെട്ടൂർ, മലയാല പുഴ ക്ഷേത്രം, മേക്കൊഴൂർ വഴി റാന്നി രാമപുരം ക്ഷേത്രത്തിലെത്തും. ഇട കുളം, വടശേരിക്കര, മാടമണ്‍ വഴി പെരുനാട്‌ രാത്രി 8.30ന്‌ എത്തി വിശ്രമിക്കും. നാലാം ദിവസം ളാഹ, നിലയ്ക്കൽ, ചാലക്കയം വഴി ഉച്ചയ്‌ക്ക് 1.30ന്‌ പമ്പയിലെത്തും. 3ന്‌ പമ്പയിൽ നിന്നും പുറപ്പെട്ട്‌ ശരം കുത്തിയിൽ എത്തുമ്പോൾ പാരമ്പര്യ ആചാര പ്രകാരം സ്വീകരിക്കും. ശേഷം സന്ധ്യയ്ക്ക് ശാസ്‌താ വിഗ്രഹത്തിൽ തങ്ക അങ്കി ചാര്‍ത്തി ദീപാരാധന നടക്കും. നാൽപ്പത്തൊന്നിന് ചാർത്തിയ ശേഷം തിരികെ തിരുവാറന്മുള ക്ഷേത്രത്തിൽ എത്തിക്കുന്നു. ശബരി മല ക്ഷേത്രത്തിന്റെ മേൽ കൂര ചെമ്പ് തകിട് കൊണ്ടാണ് . 1998 സെപ്റ്റംബറിൽ യുബി ഗ്രൂപ്പ്‌ ചെയർമാൻ വിജയ്‌ മല്യയുടെ വഴിപാടായി മേൽ കൂരയും ചുവരുകളും വാതിലും സ്വർണം പൊതിഞ്ഞു. ഏകദേശം 32 കിലോ ഗ്രാം സ്വർണം വേണ്ടി വന്നു (അന്നത്തെ കണക്കനുസരിച്ച് 18 കോടി രൂപ).

നിലയ്ക്കൽ
ഭഗവാന്റെ പൂങ്കാവനങ്ങളിൽ ഒന്നാണ് നിലയ്ക്കൽ. വർഷന്തോറും കൂടി കൂടി വരുന്ന തീർഥടക പ്രവാഹം കണ്ടു വിറളി പിടിച്ച ചില തൽപ്പര കക്ഷികൾ 1983ൽ നിലയ്ക്കൽ മഹാദേവ ക്ഷേത്രത്തിനു സമീപംകുരിശ് സ്ഥാപിക്കുകയും തത്ഫലമായി കേരളത്തിൽ അന്ന് വരെ കാണാത്ത സമുദായ സ്പർദ്ധ ഉണ്ടാവുകയും ചെയ്തു. മത സഹിഷ്ണുക്കളായ കൃസ്തീയർ സമയോചിതമായി ഇടപ്പെട്ടത് കൊണ്ട് കുരിശ് അവിടെ നിന്ന് മാറ്റുകയും പൂർവ സ്ഥിതിയിലാവുകയും ചെയ്തുമത, ജാതി, ദേശ ഭേദമന്യേ ഭക്ത കോടികൾ ശബരി മലയിൽ എത്തുന്നത് കണ്ടു അസൂയ പൂണ്ട തൽപ്പര കക്ഷികൾ ചില കുത്സിത പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. അതിന് ഉദാഹരണമാണ് 2012 - '13 തീർഥാടന കാലയളവിൽ മുല്ല പെരിയാർ പ്രശ്നം പറഞ്ഞ് തമിഴ് അയ്യപ്പന്മാരെ മലപ്പുറത്തും തൊടുപുഴയിലും വച്ച് തടഞ്ഞത്. അത് പോലെ തന്നെ അപകട സാധ്യത ഇല്ലാത്ത സ്ഥലമാണ് പുൽ മേട് ഇറങ്ങി താവളത്തിലേയ്ക്ക് വരുന്ന വഴി, അവിടെ വച്ച് 2011 ജനുവരി 14ന് മകര ജ്യോതി കണ്ടിറങ്ങിയവരിൽ നൂറോളം അയ്യപ്പന്മാർ തിക്കിലും തിരക്കിലും മരണമടഞ്ഞ വസ്തുതയിൽ എന്തോ അപാകത കാണാം.

പുൽ മേട് അപകടം നടന്ന സ്ഥലം
ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയാല്‍ വ്രതം അവസാനിപ്പിക്കണം. മാലയൂരി പൂജാ മുറിയിലെ അയ്യപ്പന്റെ വിഗ്രഹത്തിലോ ചിത്രത്തിലോ ചാര്‍ത്താം. അലക്ഷ്യമായി ഇടരുത്. ദര്‍ശനം കഴിഞ്ഞു വരുന്ന തീര്‍ഥാടകന്‍,വിളക്ക് കണ്ടേ വീട്ടിൽ തിരിച്ചു കയറാവൂ എന്നാണ് പ്രമാണം. അതായത് അയ്യപ്പ ദര്‍ശനത്തിന് പോയ ആള്‍ തിരിച്ചു വീട്ടിലെത്തുന്നത് സന്ധ്യയോടെയേ ആകാവൂ. അയ്യപ്പന്‍ തിരിച്ചെത്തുമ്പോള്‍ കുടുംബാംഗങ്ങള്‍ പൂമുഖത്ത് നിലവിളക്ക് കൊളുത്തിവച്ച് ശരണം വിളിയോടെ എതിരേല്ക്കണം. പൂജാ മുറിയില്‍ കെട്ട് താങ്ങിയാല്‍ ശരീര ശുദ്ധിവരുത്തി വീണ്ടും ശരണം വിളിക്കണം. മാലയൂരുന്നതിന് മന്ത്രമുണ്ട്, അത് ഇതാണ്.
അപൂര്‍വ്വ മചലാരോഹ ദിവ്യദര്‍ശന കാരണ
ശാസ്തൃമുദ്രാത്വകാദേവ ദേഹിമേ വ്രത മോചനം

ഈ മന്ത്രം ജപിച്ച്, ശരണം വിളിയോടെ തേങ്ങയുടച്ച് വ്രത മോചനം വരുത്തണം.
ആറ് വർഷത്തെ സമഗ്രമായ പഠനത്തിന് ശേഷമാണ് ശബരിമല ധർമ്മ ശാസ്താവിനെ കുറിച്ച്  ഈ ലേഖനം എഴുതിയത്. ദയവ് ചെയ്ത് കോപ്പിയടിക്കാതിരിക്കുക. ഈ ലേഖനം ഇഷ്ടമായെങ്കിൽ ഫേസ് ബുക്ക്‌, ഗൂഗിൾ പ്ലസ്‌ എന്നിവയിൽ ഷെയർ ചെയ്യുക. ഏതെങ്കിലും പ്രസിദ്ധികരണങ്ങളിൽ ലേഖകന്റെ അനുവാദത്തോട് കൂടി ഈ ലേഖന പരമ്പര ചേർക്കുന്നതിൽ വിരോധമില്ല. അയ്യപ്പ സ്വാമിയേ കുറിച്ച് കൂടുതലാളുകൾ അറിയുന്നത് സന്തോഷകരമല്ലേ. എല്ലാവർക്കും അയ്യപ്പ സ്വാമിയുടെ അനുഗ്രഹമുണ്ടാകട്ടെ.
പഞ്ചാദ്രീശ്വരി മംഗളം, ഹരിഹര പ്രേമാകൃതെ മംഗളം
പിഞ്ചാലകൃത മംഗളം, പ്രണമതാം ചിന്താമണേ മംഗളം
പഞ്ചാസ്യ ധ്വജ മംഗളം, തൃജഗദാം ആദ്യ പ്രഭു മംഗളം
പഞ്ചാസ്ത്രോപമ മംഗളം, ശ്രുതി ശിരോലങ്കാര സൻമംഗളം