2018, ഒക്‌ടോബർ 10, ബുധനാഴ്‌ച

ശബരിമല അയ്യപ്പ (ധർമ്മ ശാസ്ത) ക്ഷേത്രം (ഭാഗം രണ്ട്)



ശബരിമല അയ്യപ്പ (ധർമ്മ ശാസ്ത) ക്ഷേത്രം (ഭാഗം രണ്ട്)


മല യാത്രക്കു മുമ്പായി തീർത്ഥാടകർ 41 ദിവസത്തെ വ്രതം അനുഷ്ഠിക്കുന്നു. ഇതിനു മുന്നോടിയായി അവർ തുളസി മുത്തുകൾ കൊണ്ടോ രുദ്രാക്ഷം കൊണ്ടോ ഉണ്ടാക്കിയ മാല ധരിക്കുന്നു. ഇതിനെ തുടർന്ന് അവർ സ്വാമി എന്നറിയപ്പെടുന്നു. ശേഷം മത്സ്യ മാംസാദികൾമദ്യംലൈംഗിക ജീവിതം എന്നിവ തുടങ്ങി എല്ലാ ലൗകിക സുഖങ്ങളും പരിത്യജിക്കുന്നു. തുടർന്ന് നാല്പത്തിയൊന്നാം ദിവസം ഗുരു സ്വാമിയുടെ നേതൃത്വത്തിൽ കെട്ടു നിറച്ച് ശബരി മലയ്ക്ക് യാത്രയാകുന്നു. തിരക്ക് പിടിച്ച ആധുനിക ലോകത്തിൽ 41 ദിവസം വൃതം എടുക്കുന്നത് എല്ലാവർക്കും സാധിക്കുകയില്ലല്ലോ എന്നാലും എടുക്കുവാൻ പറ്റുന്നത്ര ദിവസം വൃതമെടുക്കുവാൻ ശ്രമിക്കണം. വൃതാനുഷ്ടാന വേളയിലും യാത്രയിലും ചെയ്യേണ്ട ചില കർമ്മങ്ങൾ തുടർന്ന് വിവരിക്കുന്നു.

ഗുരു സ്വാമി - ശബരി മലയ്ക്ക് പോകുവാൻ തീരുമാനിച്ചാൽ അനേക വർഷങ്ങൾ മല ചവിട്ടുകയും നിസ്വാർത്ഥനുമായ ഒരാളെ ഗുരുവായി സ്വീകരിക്കുകയും ആ ഗുരുസ്വാമിയുടെ നിർദേശാനുസരണം വൃതമെടുക്കുകയും മലയ്ക്ക് പോകുകയും ചെയ്യുന്നതാണ്‌ ഉത്തമം. ഇന്നിപ്പോൾ അങ്ങനെ ഉള്ളവരെ കണ്ടെത്താൻ പറ്റിയില്ലെങ്കിൽ സാക്ഷാൽ അയ്യപ്പനെ തന്നെ ഗുരുവായി മനസ്സിൽ കരുതുക.

ഗുരു ദക്ഷിണ - സ്വയം കെട്ടുനിറച്ച് കെട്ടു  താങ്ങി മല ചവിട്ടാന്‍ പാടില്ലെന്നാണ് വിശ്വാസം. ഗുരു സ്വാമിയുടെ കാര്‍മ്മികത്വത്തിൽ ആയിരിക്കണം അത്. ഓരോ സംഘത്തിനും ഒരു ഗുരു സ്വാമിയെങ്കിലും ഉണ്ടാകണം. ഗുരു സ്വാമിക്ക് എട്ടു തവണയാണ് ദക്ഷിണ നല്‍കേണ്ടത്. പണം നല്‍കുന്നുവെന്ന സങ്കല്പത്തിലല്ല ദക്ഷിണ നല്‍കേണ്ടത്. വാങ്ങുന്നതും അങ്ങനെയാകാന്‍ പാടില്ല. ദക്ഷിണ നല്‍കേണ്ടത് താഴെ പറയുന്ന സമയങ്ങളിലാണ്.
1. മാലയിടുമ്പോള്‍
2.കറുപ്പു കച്ച കെട്ടുമ്പോള്‍
3. എരുമേലിയില്‍ പേട്ടക്കളത്തില്‍
4. വനയാത്ര തുടങ്ങുമ്പോള്‍
5. അഴുതയില്‍ മുങ്ങിയെടുത്ത കല്ല് ഗുരുവിന് സമര്‍പ്പിച്ച് തിരികെ വാങ്ങുമ്പോള്‍
6. പമ്പയില്‍ കെട്ട് താങ്ങുമ്പോള്‍
7. ദര്‍ശനംകഴിഞ്ഞ് പതിനെട്ടാം പടിയിറങ്ങി കെട്ട് താങ്ങുമ്പോള്‍
8. വീട്ടിലെത്തി മാലയൂരുമ്പോള്‍

ഗുരു ദക്ഷിണക്ക് വെറ്റിലയും അടയ്ക്കയും യഥാ ശക്തി പണവും ആകാം. കൊടുക്കുന്നത് ഭക്തിയോടും വാങ്ങുന്നത് തൃപ്തിയോടും ആകണം.

മുദ്രാധാരണം - വൃശ്ചികം ഒന്നാം തീയതി മാലയിട്ടാണ് വ്രതാനുഷ്ഠാനം തുടങ്ങേണ്ടത്. എന്നാലും ഏതു ദിവസവും മാലയിടാം ശനിയാഴ്ചകളിലും ഉത്രം നാളിലും മാലയിടുന്നത് വളരെ വിശേഷമാണെന്നൊരു വിശ്വാസമുണ്ട്. ഉത്രം അയ്യപ്പന്റെ ജന്മ നാളാണ്, അയ്യപ്പൻ ശനീശ്വരനുമാണ്. തുളസി മാലയോ രുദ്രാക്ഷ മാലയോ ആണ് കൂടുതലായി ഉപയോഗിക്കുക. രാവിലെ കുളിച്ചു ശുദ്ധമായി മനസ്സ് പരിപാവനമാക്കി ഏതെങ്കിലും ക്ഷേത്ര നടയിൽ ചെന്ന് ഗുരു സ്വാമിയുടെ കൈയ്യിൽ നിന്ന് മാല വാങ്ങി ധരിക്കുകയാണ് വേണ്ടത്. ഗുരു സ്വാമിയെ കിട്ടിയില്ലെങ്കിൽ പിതാവിന്റെയോ മാതാവിന്റെയോ തന്നെക്കാൾ പ്രായമുള്ള ആരെങ്കിലിലും നിന്നോ മാല വാങ്ങി ധരിക്കാം. മാലയിട്ടാൽ പിന്നെ അയ്യപ്പനോ മളികപ്പുറമോ ആണ്. മറ്റുള്ളവർ കാണേണ്ടതും പെരുമാറേണ്ടതും അങ്ങിനെയാണ്. മാലയിടുമ്പോൾ ഗുരു ഇങ്ങിനെ മന്ത്രം ചൊല്ലിക്കൊടുക്കണം.
ജ്ഞാനമുദ്രാം ശാസ്ത്രമുദ്രാം ഗുരുമുദ്രാം നമാമ്യഹം
വനമുദ്രാം ശുദ്ധമുദ്രാം രുദ്രമുദ്രാം നമാമ്യഹം
ശാന്മുദ്രാം സത്യമുദ്രാം വ്രതമുദ്രാം നമാമ്യഹം
ശബര്യാശ്രമ സത്യേന മുദ്രാംപാതു സദാപിമേം
ഗുരുദക്ഷിണയാപൂര്‍വ്വം തസ്യാനുഗ്രഹകാരണേ
ശരണാഗതമുദ്രാഖ്യാം തന്മുദ്രം ധാരയാമ്യഹം
ശബര്യാചല മുദ്രായൈ നമസ്തുഭ്യം നമോ നമഃ

ശരണം വിളി - സ്വാമി ശരണം അയ്യപ്പ ശരണംസ്വാമിയെ ശരണം അയ്യപ്പ തുടങ്ങിയ പ്രാര്‍ഥനാ നിര്‍ഭരമായ മുദ്രാവാക്യങ്ങൾ ശാസ്താരാധനക്ക് കീര്‍ത്തിതമാണെന്ന് ഋഷിമാരും ഗുരുക്കന്മാരും നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാവിലെയും വൈകിട്ടും അടുത്തുള്ള ക്ഷേത്രങ്ങളിൽ പോയി ശരണം വിളിക്കേണ്ടതാണ്. ക്ഷേത്രങ്ങളിൽ പോകാൻ പറ്റിയില്ലെങ്കിൽ വീട്ടിൽ വച്ചും ശരണം വിളിക്കാം. വൈകുന്നേരങ്ങളിൽ സംഘമായി ചേർന്ന് അമ്പലങ്ങളിൽ വച്ചോ വീട്ടിൽ വച്ചോ ശരണം വിളിയും ഭജനയും നടത്തുന്നത് ഉത്തമം. അമ്പലങ്ങളിൽ വച്ചോ വീട്ടിൽ വച്ചോ നടത്തുന്ന ആഴി പൂജയിൽ പങ്കെടുക്കുകയും ശരണം വിളിക്കുകയും ഭജന പാടുകയും ചെയ്യുന്നത് അത്യുത്തമം.

ഋഷിപ്രോക്തം തു പൂര്‍വ്വാണം മഹാത്മാനാം ഗുരോര്‍മതം
സ്വാമിശരണമിത്യേവം മുദ്രാവാക്യം പ്രകീര്‍ത്തനം

ഇതാണ് സ്വാമി മന്ത്രത്തിന്റെ പൊരുള്‍. കാട്ടിലൂടെയും മലയിലൂടെയും ശരണം വിളിച്ച് നടക്കുന്നത് ഭക്തന് അനിര്‍വചനീയമായ സന്തോഷവും ഊര്‍ജ്ജവും നൽകുന്നു, മല കറ്റം ആയാസം ഇല്ലാത്തതുമാക്കുന്നു.ഉറക്കെ ശരണം വിളിച്ച് കൂടുതല്‍ വായു ഉള്ളിലേക്ക് വലിച്ചു കയറ്റുന്നത് വലിയ ഉന്മേഷമുണ്ടാക്കും. ഉള്ളിലെ വായുവിനെ ക്ഷോഭിപ്പിക്കുന്നതും വായുവിന്റെ സ്വതന്ത്രമായ പോക്കു വരവിനെ തടയുന്നതുമായ ദോഷങ്ങളെ ശരണം വിളി ഇല്ലായ്മ ചെയ്യും, മാലിന്യങ്ങള്‍ സംസ്‌കരിക്കപ്പെടും. കൂട്ടത്തോടെ ശരണം വിളിക്കുന്നതുകൊണ്ട് അന്തരീക്ഷത്തില്‍ സവിശേഷമായ ആത്മീയ ശബ്ദ പ്രപഞ്ചം സംഭവിക്കുകയും ചെയ്യും. അത് നാദ ബ്രഹ്മത്തിൽ ഉണ്ടാക്കുന്ന ചലനം സവിശേഷമായിട്ടുള്ളത് ആണ്. ശരണത്തിലെ 'എന്ന അക്ഷരം ശത്രു  ദോഷങ്ങളെ ഇല്ലാതാക്കുന്നു ന്ന് പ്രമാണം. 'അറിവിന്റെ അഗ്നിയെ ഉണര്‍ത്തുന്നു. 'ശാന്തിയെ പ്രദാനം ചെയ്യുന്നു. ശരണം വിളി കാട്ടില്‍ ദുഷ്ട മൃഗങ്ങളെ അകറ്റുന്നതു പോലെ മനസ്സിലെ ദുഷ്ട ചിന്തകളേയും അകറ്റുന്നു.

ജിവിത ചര്യകൾ - മാലിയിട്ടു കഴിഞ്ഞാൽ കറുപ്പ് വസ്ത്രമാണ് ധരിക്കേണ്ടത്കാവിയോ നീലയോ ധരിക്കുന്നത് തെറ്റല്ലെങ്കിലും അയ്യപ്പന് ഏറെ ഇഷ്ടം കറുപ്പാണ്. ശബരിമല തീര്‍ഥാടകൻ അനുഷ്ഠിക്കേണ്ട പ്രധാന കര്‍മ്മം ബ്രഹ്മചര്യമാണ്. ശരീരത്തേയും മനസ്സിനേയും ഈശ്വരാഭിമുഖമാക്കി നിര്‍ത്തുകയാണത്. വാക്കോ ചിന്തയോ പ്രവൃത്തിയോ കൊണ്ട് ഒരു ജീവിയേയും വേദനിപ്പിക്കാതിരിക്കണം. എല്ലാവര്‍ക്കും ആവശ്യമായ സേവനം നൽകാൻ സദാ സന്നദ്ധനായിരിക്കണം. ലളിത ജീവിതമാണ് നയിക്കേണ്ടത്. ആഡംബരവും അലങ്കാരവും ഉപേക്ഷിക്കണം. സസ്യാഹാരം മാത്രമെ പാടുള്ളൂ. വ്രതം തീരും വരെ താടിയും മുടിയും വളര്‍ത്തണം. പറ്റുമെങ്കിൽ പാദുകങ്ങളും ഒഴിവാക്കണം കല്ലും മുള്ളും കാലിനു മെത്ത എന്ന ശരണം വിളി ഓർക്കുക. മല യാത്രക്ക് തയ്യാറാവുന്നവർ യാത്ര പുറപ്പെടുന്നതിനു മുമ്പ് വീട്ടിലെത്തുന്നവര്‍ക്ക് കഞ്ഞി വച്ച് നല്‍കുന്ന ഒരു ചടങ്ങുണ്ട്. കന്നി അയ്യപ്പന്‍മാർ ശബരിമല യാത്രക്ക് മുമ്പ് തീര്‍ച്ചയായും ചെയ്യേണ്ട ചടങ്ങാണെന്ന് പഴമക്കാർ പറയുന്നു.

അയ്യപ്പൻ വിളക്ക് - മണ്ഡല കാലത്ത് സാധാരണയായി ക്ഷേത്രങ്ങളിലും വഴിപാടായി ഗ്രഹത്തിലും വച്ച് നടത്തുന്ന ചടങ്ങാണിത്. അമ്പലങ്ങൾ തീര്‍ത്താണ് വിളക്ക് നടത്തുക. വിപുലമായി നടത്തുന്ന അയ്യപ്പൻ വിളക്കിന് അഞ്ച് അമ്പലങ്ങളാണ് തീർക്കുക. വാഴ പിണ്ടിയാണ് അമ്പലം തീര്‍ക്കാൻ ഉപയോഗിക്കുക. അഞ്ച് അമ്പലത്തിന് വേണ്ടി 41 വാഴപ്പിണ്ടികൾ വേണം. ഓരോ അമ്പലത്തിലും 41 കുരുത്തോലകൾ അലങ്കാരത്തിന് വേണം. ഈ കുരുത്തോല അലങ്കാരത്തിന് കദളി വെട്ടെന്നും പറഞ്ഞു കേൾക്കുന്നുണ്ട്. ഈ അമ്പലങ്ങളിൽ മധ്യത്തായി അയ്യപ്പൻ ഇടതു ഭാഗത്തായി ശിവന്‍, ഭഗവതി (മാളികപ്പുറത്തമ്മ), വലതു ഭാഗത്തായി ഗണപതി, സുബ്രഹ്മണ്യന്‍ എന്നിങ്ങനെയാണ് ക്രമീകരണം. അയ്യപ്പന്റെ അമ്പലം ക്ഷേത്ര മാതൃകയിൽ തന്നെയായിരിക്കും. മുമ്പിൽ പതിനെട്ട് പടികളും വഴപിണ്ടി കൊണ്ട് ഉണ്ടാക്കും. വിഗ്രഹങ്ങളോ, ഫോട്ടോകളോ ആയിരിക്കും അമ്പലങ്ങളിൽ വയ്ക്കുന്നത്. 21 മാല വിളക്കുകളും 13 നിലവിളക്കുകളുമാണ്‌ വേണ്ടത്. രാവിലെ മുതല്‍ പിറ്റേന്ന് രാവിലെ വരെയാണ് വിളക്ക് നടത്തിപ്പ്. ആദ്യം ഗണപതി ഹോമം, ക്ഷേത്ര സങ്കല്പമുണ്ടാക്കൽ, ഉച്ച പൂജസദ്യ. വൈകുന്നേരം നാല് മണിയോടെ ഭഗവതിയെ ആവാഹിച്ചു കൊണ്ടു വരുന്ന പാല കൊമ്പ് എഴുന്നുളളത്ത് നടക്കും. ഭഗവതിയുടെ വൃക്ഷമായ പാലയുടെ കൊമ്പ് മുറിച്ച് അടുത്തുള്ള ക്ഷേത്ര പരിസരത്ത് നേരത്തെ തന്നെ കുഴിച്ചിടും. വിളക്കു നടത്തുന്ന സ്ഥലത്ത് നിന്ന് കൊട്ടും വാദ്യവും ആരവങ്ങളുമില്ലാതെ പാല കൊമ്പ് കുഴിച്ചിട്ട ക്ഷേത്ര സന്നിധിയിലേക്ക് യാത്ര പുറപ്പെടും. പിന്നെ വെളിച്ചപ്പാടിന്റെ അരുൾ പാടുകളും തോറ്റം ചൊല്ലലും. ഈ സമയത്ത് ചെണ്ടയും വാദ്യാഘോഷങ്ങളും അയ്യപ്പ തിന്തകതോം തോം എന്ന ചുവടു വെയ്പുകളും ഉണ്ടാക്കിയിരിക്കും. പാല കൊമ്പില്‍ ചുവന്ന പട്ട് ചുറ്റി ഭഗവതിയെ സങ്കല്പിച്ച്ശോഭ യാത്രയായി അത് പന്തലിലേക്കു കൊണ്ടു വരികയാണ് അടുത്ത ചടങ്ങ്. അയ്യപ്പനെ സങ്കല്പിച്ച് ചുരികസുബ്രഹ്മണ്യനെ സങ്കല്പിച്ച് ശൂലംശിവനെ സങ്കല്പിച്ച് ചിലമ്പ് എന്നിവയും എഴുന്നള്ളിക്കും.

സാമ്പത്തിക ചുറ്റുപാട് അനുസരിച്ച് അര വിളക്ക്കാൽ വിളക്ക് എന്ന മട്ടിലും അയ്യപ്പൻ വിളക്ക് നടത്താറുണ്ട്‌. സാധാരണയായി അര വിളക്കാണ് നടത്തുക, അതിന് അയ്യപ്പന്റെയും ഗണപതിയുടെയും ഭഗവതിയുടെയും മൂന്ന് അമ്പലങ്ങൾചടങ്ങുകൾ ആഴി പൂജ വരെ മാത്രം. കാൽ വിളക്കിന് അയ്യപ്പന്റെ അമ്പലം മാത്രം ചടങ്ങുകൾ ശാസ്താം പാട്ട് വരെ. ചില സ്ഥലങ്ങളിൽ പാനക പൂജ എന്നാണ് ഈ ചടങ്ങുകൾ അറിയപ്പെടുന്നത്. ശർക്കര വെള്ളം തിളപ്പിച്ച്‌ പ്രസാദമായി കൊടുക്കുന്നത് (പാനി) കൊണ്ടാകാം പാനക പൂജ എന്ന് പേര് വന്നത്.

രാത്രി എട്ട് മണി മുതൽ പിറ്റേന്ന്‌ പുലരും വരെയുള്ള സമയത്താണ്‌ വിളക്ക്‌ നടത്തുക. പൂജാദി കർമ്മങ്ങൾക്ക് ശേഷം ശാസ്താം പാട്ട് തുടങ്ങും അതിനു ശേഷം താലം വരവ്രാത്രി രണ്ട് മണിയോടെ പാൽ കിണ്ടി എഴുന്നെള്ളിച്ച് കോമരം വിളക്കിനെ വലം വെക്കുംപിന്നെ ആഴി പൂജകനലാട്ടം. രാവിലെ നാല് മണിയോടെ രണ്ടു പേര്‍ വേഷം കെട്ടി അയ്യപ്പനും വാവരും തമ്മിലുള്ള യുദ്ധം അഭിനയിക്കും. ഇതു കഴിയുമ്പോൾ അലങ്കാരങ്ങളും പന്തലും യുദ്ധം കഴിഞ്ഞാലെന്ന മട്ടില്‍ അലങ്കോലപ്പെട്ടിരിക്കും. പുലർച്ചെ ചടങ്ങുകളെല്ലാം അവസാനിക്കും. അയ്യപ്പന്‍ വിളക്കിന്റെ അവസാന ചടങ്ങ് തിരിയുഴിച്ചിലാണ്. ദേഹത്ത് എണ്ണ പുരട്ടി കത്തിച്ച തിരി കൊണ്ട് ഉഴിച്ചില്‍ നടത്തുന്നു. അഭ്യാസ പ്രധാനമായ പ്രകടനമാണിത്.


ആഴി പൂജ
ദൈവിക പ്രീതിയ്ക്ക് വേണ്ടി ആത്മ പീഡനമേൽക്കുന്ന രീതി ലോകത്ത് പല സ്ഥലങ്ങളിലും ഉണ്ട്,അയ്യപ്പൻ വിളക്കിൽ അപ്രകാരമുള്ള ചടങ്ങാണ് ആഴി പൂജയ്ക്ക് ശേഷമുള്ള കനലാട്ടം. തീകുണ്ഡമുണ്ടാക്കി അയ്യപ്പന്മാർ ശരണം വിളിച്ചു കൊണ്ട് ചുറ്റും നടക്കുകയുംശരണം വിളിയുടെ ഉച്ച സ്ഥായിയിൽ ആഴിയിൽഇറങ്ങി കനലുകൾ ചവിട്ടി കെടുത്തുകയും ചെയ്യുന്ന ചടങ്ങാണിത്‌. അയ്യപ്പനും വാവരും തമ്മിലുള്ള യുദ്ധാവിഷ്ക്കാരം പൊന്തിയും പരിചയുംവാവരങ്കം ന്നീ പേരുകളിലും അറിയപ്പെടുന്നു. അരമണിയും ചുരികയും ചിലമ്പുമണിഞ്ഞ് അയ്യപ്പ വേഷ ധാരിയുംലുങ്കിലും ബെല്‍റ്റും പച്ച തൊപ്പിയുമണിഞ്ഞ് വാവർ വേഷ ധാരിയും തമ്മിലുള്ള യുദ്ധവും തുടര്‍ന്ന് സന്ധിചെയ്യലുമാണ് ഇതി വൃത്തം. കപ്പലോട്ടക്കാരനായ വാവചുങ്കം നല്‍കാത്തതിൽ കുപിതനായ അയ്യപ്പ ആലപ്പുഴ പുറക്കാട്ട്‌ കടലിൽ വച്ച് നടന്ന യുദ്ധത്തികപ്പലിന്‍െറ പാമരം മുറിച്ചു കളയുന്നതായും ഇതേ തുടര്‍ന്ന്‌ വാവ കൈവള ഊരി കപ്പമായി നല്‍കി സുഹൃത്‌ ബന്ധം സ്ഥാപിക്കുന്നതും ഒക്കെ അഭിനയിച്ച് ഫലിപ്പിക്കാറുണ്ട്.

കനലാട്ടം
ശാസ്താം പാട്ട് - അയ്യപ്പൻ വിളക്കിന്റെ അവിഭാജ്യ ഘടകമാണിത്. ഉടുക്ക് എന്ന ഗ്രാമീണ സംഗീത ഉപകരണം മാത്രം ഉപയോഗിക്കുന്നത് കൊണ്ട് ഉടുക്ക് പാട്ടെന്നും അറിയപ്പെടുന്നു. പഴയ കാലത്ത് കണിയാരെന്ന വിഭാഗമാണ്‌ ഉടുക്ക് കൊട്ടി ശാസ്താം പാട്ട് പാടികൊണ്ടിരുന്നത്. അന്നൊക്കെ ഉടുക്ക് പാട്ട്പഠനത്തെ കുറിച്ച് രസകരമായ ചൊല്ലുകൾ കേൾക്കാമായിരുന്നു. "ഉടുക്കൊട്ടും പാട്ടും പഠിപ്പിച്ച ആശാന് എന്തടോ ദക്ഷിണമുരുക്കും പത്തല് മുള്ള് കളയാതെ വായിലേയ്ക്ക് അങ്ങ് തള്ളടോ" "ഉടുക്കൊട്ടും പാട്ടും പഠിപ്പിച്ച ആശാന്റെ തലക്കിട്ട് രണ്ടു കൊടുക്കടോ" എന്നൊക്കെ ഉടുക്ക് പാട്ടിന്റെ ശീലിൽ തന്നെ കുട്ടികൾ ഗ്രാമങ്ങളിൽ പാടി കൊണ്ട് നടക്കുമായിരുന്നു. എന്നാൽ മറ്റ് ഏതൊരു സംഗീത ശാഖയെ പോലെയും ദീർഘ കാലത്തെ കർശനമായ പഠനവും കൊണ്ടേ ഉടുക്ക് പാട്ടിലും പ്രാവീണ്യം നേടാൻ പറ്റൂ.
ഉടുക്ക് പാട്ട്
അയ്യപ്പന്റെ അവതാര, അപദാന കഥകളാണ് ഉടുക്ക് കൊട്ടി പാടുന്നത്. ആറു പേരുടെ സംഘമാണ് അയ്യപ്പൻ പാട്ട് നയിക്കുക. സംഘ തലവൻ പാട്ടിന് തുടക്കമിടുംപിന്നീട് ഓരോരുത്തരായി പാടുകയും മറ്റുള്ളവർ ഏറ്റു പാടുകയും ചെയ്യും. മഥനം പാട്ട്സൂര്‍പം പാട്ട് എന്നിങ്ങനെ രണ്ട് തരം പാട്ടുണ്ട്. മഥനം പാട്ട് ഗണപതിസരസ്വതി വന്ദനത്തിനും ശേഷം പാലാഴി മഥനം മുതൽ പാടി ധർമ്മ ശാസ്ത അവതാരത്തിൽ അവസാനിക്കുന്നു. ഒമ്പത് പാട്ടുകളാണ് ഇതിലുള്ളത്അഞ്ച് മണിക്കൂറിലേറെ സമയമെടുക്കും. അയ്യപ്പൻ വിളക്കിനോട് അനുബന്ധിച്ച് മഥനം പാട്ടാണ് പാടാറുള്ളത്അവതാരം പാടി തീരുമ്പോൾ കൂട്ട ശരണം വിളിയോടെ അയ്യപ്പന്മാർ ആഴി വലം വച്ച് തുടങ്ങും (താലം വരവുംകിണ്ടി എഴുന്നെള്ളത്തുംആഴി പൂജയും ഈ സമയം കൊണ്ട് കഴിഞ്ഞിരിക്കും)സൂര്‍പം പാട്ടിൽ പതിനെട്ട് പാട്ടുകളാണ്ഒരു പകലും രാവും വരെ നീണ്ട് നില്‍ക്കും. ഇഷ്ട ദേവതകളെ സ്തുതിച്ചു പാടിയ ശേഷം പാലാഴി മഥനം, ശാസ്താവിന്റെ ജനനം, ശൂര്‍പകന്റെ തപസ്സ്, ശൂര്‍പകാസുര വധം, ശൂര പത്മാസുര കഥമഹിഷീ മര്‍ദനംസേവ്യം തുടങ്ങിയ പാട്ടുകളാണ് പാടുന്നത്സേവ്യംസേവുകംശേവുകം എന്നീ പേരുകളിൽ അറിയപ്പെടുന്നത് മഥനം പാട്ടിലുംസൂര്‍പം പാട്ടിലുമുള്ള ഉപ വിഭാഗമാണ്‌. പാണ്ടി സേവ്യംപന്തള സേവ്യംപുലി സേവ്യംഈഴ സേവ്യംഇളവ സേവ്യംവെളി സേവ്യംവേളാർ സേവ്യം എന്നിങ്ങനെ ഏഴ് സേവ്യ പാട്ടുകൾ ഉണ്ട്.

നന്ദുണി പാട്ട്
നന്ദുണി പാട്ട് - അയ്യപ്പൻ കാവുകളിലും, ഭഗവതി കാവുകളിലും കളം എഴുത്തും പാട്ടും നടത്തുന്ന തെയ്യം പാടികൾ (ദൈവം പാടികൾ) എന്ന വിഭാഗത്തിലുള്ള ആളുകൾ നന്ദുണിയും കൈമണിയും ഉപയോഗിച്ച് പാടുന്ന പാട്ടാണിത്. ഇതും ഒരു തരം അയ്യപ്പൻ പാട്ടാണ്.

ഉച്ച പാട്ട് – ഉച്ച പൂജ കഴിഞ്ഞ് കാവിൽ നടത്തുന്ന പാട്ട്. കുരുത്തോല, വെറ്റില, പട്ട്, വെള്ള വസ്ത്രം എന്നിവയാൽ അലങ്കരിച്ച പന്തലിൽ വച്ചോ, അല്ലെങ്കിൽ പാട്ട് കൊട്ടിലിൽ വെച്ചോ ആണ്‌ ഉച്ചപ്പാട്ട് നടത്തുന്നത്.

തീയാടി രാമൻ നമ്പ്യാർ അയ്യപ്പൻ തീയാട്ടിൽ
തീയാടി രാമൻ നമ്പ്യാരെ കുറിച്ചറിയാൻ
ഈ വീഡിയോ കാണുക
http://video.webindia123.com/p_interviews/dancers/other_genres/theeyadiramannambiar/
അയ്യപ്പൻ തീയാട്ട് - കാളി തീയാട്ട്, അയ്യപ്പൻ തീയാട്ട് എന്നിങ്ങനെ രണ്ട് വിധം തീയാട്ടുകൾ ഉണ്ട്. കാളി തീയാട്ട് നടത്തുന്നത് അമ്പല വാസി വിഭാഗത്തിലെ ഉണ്ണികളാണ്. അയ്യപ്പൻ തീയാട്ട് നടത്തുന്നത് അമ്പല വാസി വിഭാഗത്തിലെ നമ്പ്യാന്മാരാണ്. തീയാട്ടുണ്ണിയെന്നും തീയാട്ട് നമ്പ്യാരെന്നും അവരെ വിളിക്കുന്നു, രണ്ടു കൂട്ടരെയും പൊതുവെ തീയടികൾ എന്നും വിളിക്കുന്നുണ്ട്. ശാസ്താ പ്രീതിക്ക് വേണ്ടി അയ്യപ്പൻ കാവുകളിൽ നടത്തുന്നതാണ്‌ അയ്യപ്പൻ തീയാട്ട്. ഉത്തര കേരളത്തിൽ ഇതിനെ അയ്യപ്പൻ കൂത്തെന്നും അറിയപ്പെടുന്നു.

കളം പാട്ട്‌ - കളം പൂജക്ക് ശേഷം പാടുന്ന പാട്ടുകളാണ് ഇത്. കളം പൂജക്ക് കളം എഴുതുന്നു (അയ്യപ്പന്റെ വിവിധ രൂപങ്ങൾ പഞ്ച വര്‍ണ്ണ പെടി കൊണ്ട് വരയ്ക്കുന്നു). ഈ കളമെഴുത്ത് അയ്യപ്പന്‍ തീയാട്ടിന്റെ ഭാഗം തന്നെയാണ്.

കളത്തിലാട്ടം‌ - ഇത് ഒരു തരം നൃത്തകലയാണ്, അയ്യപ്പൻ കൂത്തിന്റെ മുഖ്യമായ ഭാഗമാണ്‌ ഈ കളത്തിലാട്ടം.

വലിയ പാട്ട്‌‌ - ഇതും തീയാടികൾ തന്നെ പാടുന്ന കഥാ ഗാനങ്ങളാണ്. വളരെ ദൈര്‍ഘ്യമേറിയ ഗാനങ്ങളായതിനാൽ വലിയ പാട്ടെന്ന് അറിയപ്പെടുന്നു. അയ്യപ്പന്റെ ജനനവും, അതിനു ഹേതുവായ സംഭവങ്ങളും ഈ പാട്ടിലൂടെ ആഖ്യാനം ചെയ്യുന്നുണ്ടത്രേ.

തോറ്റം പാട്ട്‌ - താളത്തോട് കൂടി ഗദ്യ രൂപത്തിൽ അയ്യപ്പന്റെയും ദേവിയുടെയും കഥകൾ പറയുന്നതാണിത്. അയ്യപ്പന്റെ ജനനവും, വേദ പരീക്ഷയുമെല്ലാം പന്ത്രണ്ടു ഖണ്ഡങ്ങളായി പറയുന്നു. വേഷ ഭൂഷാദികളോടെ അവതരിപ്പിക്കുന്ന കൂത്തിലെ കഥ തന്നെയാണ്‌ ഇതിലെയും ഉള്ളടക്കം.

ഉദയാസ്തമന കൂത്ത് - അയ്യപ്പൻ തീയാട്ടിന്റെ മുദ്രാ (കഥകളിയിലെ പോലെ) രൂപമാണ്‌ ഉദയാസ്തമന കൂത്ത്. ശാസ്താവ് ജന്മ രഹസ്യം ആരാഞ്ഞപ്പോൾ, പരമ ശിവ നിർദ്ദേശ പ്രകാരം നന്ദികേശൻ കൈമുദ്രയാൽ ശാസ്തോല്‍പത്തി ആടി കാണിക്കുന്നതാണ്‌ കൂത്തിന്റെ പശ്ചാത്തലം. ദുര്‍വ്വാസാവിന്റെ ശാപവും, പാലാഴി മഥനവും, മോഹിനിയിൽ ശിവന്റെ പുത്രനായി ശാസ്താവ് ജനിച്ചതും എല്ലാം ഇതിൽ പ്രതിപാദിക്കുന്നു. എന്നാൽ കൈലാസത്തിൽ വളരുന്ന ശാസ്താ ഭൃഗു മഹർഷിയിൽ നിന്ന് സകല വേദങ്ങളും സ്വായത്തമാക്കുന്നതും, ഇന്ദ്രനെ വേദ പരീക്ഷയിൽ പരാജിതനാക്കുന്നതും, ശിവന്റെ നിര്‍ദ്ദേശ പ്രകാരം മല നാട്ടിൽ കുല ദൈവമായി വരുന്നതുമെല്ലാം തീയാട്ടിൽ ആടുന്നുണ്ട്.

കെട്ടുനിറ
കെട്ടുനിറ - നാല്പത്തൊന്ന് ദിവസമോ അല്ലെങ്കിൽ എടുക്കാൻ പറ്റുന്നിടത്തോളം ദിവസമോ വൃതമെടുത്ത് കെട്ട് നിറയ്ക്ക് തയ്യാറാകണം. സ്വന്തം ഭവനത്തിലോ ക്ഷേത്രത്തിലോ വച്ച് കെട്ട് നിറയ്ക്കാം. കെട്ട് നിറയ്ക്കാൻ ഗുരു സ്വാമിയെ കിട്ടിയില്ലെങ്കിൽ അമ്പലത്തിൽ വച്ച് നിറയ്ക്കുകയാണ് വേണ്ടത്. അമ്പലത്തിൽ ഏതെങ്കിലും ഗുരു ഭൂതന്മാരുടെ സഹായം കിട്ടുമല്ലോ. വീട്ടിൽ വച്ച് കെട്ട് നിറക്കുകയാണെങ്കിൽ ഗണപതി സുബ്രമണ്യൻ ശാസ്താവ് എന്നിവരെ സങ്കൽപ്പിച്ചു പീഠം വച്ച് കർപ്പൂര ആരാധന നടത്തിയാണ് കെട്ട് നിറ തുടങ്ങേണ്ടത്. കെട്ട് നിറയ്ക്ക് ഏറ്റവും ചുരുങ്ങിയതായി വേണ്ടത് ഒരു ഇരു മുടി (പൂജ സാധനങ്ങൾ വിൽക്കുന്ന കടയിൽ ഇരു മുടി വാങ്ങുവാൻ കിട്ടും, കിട്ടിയില്ലങ്കിൽ വലിയ നേരിയ ഇഴയടുപ്പമുള്ള തോർത്ത് വാങ്ങി രണ്ടായി മടക്കി തയ്ച്ചു നീള ഭാഗത്ത് നടുക്ക് ഒരടി വലുപ്പത്തിൽ തയ്ക്കാതിരുന്നാൽ ഇരു മുടിയാക്കാം), നാളികേരം ഇടുവാൻ പാകത്തിനുള്ള ഒരു സഞ്ചി, ഒരു പുതപ്പ്, മുദ്ര നിറയ്ക്കാൻ ഒരു തേങ്ങനിറച്ച് ഇറങ്ങുമ്പോഴും പതിനെട്ടാം പടിയുടെ താഴെ ചെന്നും ഉടയ്ക്കാൻ വേണ്ടി രണ്ട് നാളികേരംഉരി (ഏകദേശം 75 ഗ്രാം) ശുദ്ധമായ പശുവിൻ നെയ്യ്രണ്ടര നാഴി (ഏകദേശം ഒരു കിലോ) ഉണക്കലരിമൂന്ന് വെറ്റിലഒരു അടയ്ക്കഒരു ചെറിയ പാക്കറ്റ് കര്‍പ്പൂരം, ഒരു കോർക്ക്സ്വൽപ്പം കോലരക്ക്ചെറിയ കഷ്ണം പട്ട്ചെറിയ പാക്കറ്റ് മഞ്ഞപ്പൊടികാൽ കിലോ ശർക്കര. നല്ലപോലെ വിളഞ്ഞതും താരതമ്യേനെ ചെറുതുമായ തേങ്ങകൾ പുറത്ത് നീണ്ടു നിൽക്കുന്ന ചകിരി നൂലുകൾ ചിരണ്ടി കളഞ്ഞു വൃത്തിയാക്കി എടുക്കണം. അതിൽ ഒരു തേങ്ങാ തുളച്ചു വെള്ളം കളഞ്ഞു വെയിലത്ത് വച്ച് ചെറുതായൊന്നു ഉണക്കി എടുക്കണം (മുദ്ര നിറയ്ക്കുവാൻ വേണ്ടി). കന്നി അയ്യപ്പന്മാർ കൂടെ ഉണ്ടെങ്കിൽ അവർക്ക് വേണ്ടി ചുവന്ന നിറമുള്ള ഇരുമുടി വാങ്ങണം.

മുദ്ര നിറയ്ക്കുന്നത്
ഗുരുവിന്റെ ആജ്ഞയോടെയും സഹായത്തോടെയും മാതാ പിതാ ബന്ധു മിത്രാദികളുടെ സമീപത്തിരുന്നുമാണ് കെട്ട് നിറയ്ക്കേണ്ടത്‌. കെട്ട് നിറയ്ക്കാൻ ഇരിക്കുന്നതിനു മുമ്പ് ദേവതമാരെ തൊഴുത് ശബരി മല യാത്ര ശുഭമാക്കുവാൻ പ്രാർഥിക്കണം, മാതാ പിതാക്കൾക്കും ഗുരുവിനും പ്രായമുള്ള ബന്ധു ജനങ്ങൾക്കും ദക്ഷിണ നൽകി കാൽ തൊട്ടു വന്ദിക്കണം. കെട്ട് നിറക്കുന്ന സ്ഥലത്ത് ഇരുന്ന് രണ്ടു വെറ്റിലയും അടക്കയും ആദ്യം തന്നെ മുൻ കെട്ടിൽ നിക്ഷേപിക്കണം ഭഗവാനെ മനസ്സിൽ കരുതി നേരെത്തെ ഉരുക്കി വച്ച നെയ്യ് ഒരു ഗ്ലാസ്സിൽ എടുത്ത് ഗുരുവിനോട് മുദ്ര നിറയ്ക്കാനുള്ള നാളികേരം വാങ്ങി നെയ്യ് അതിനകത്തെയ്ക്ക് പതുക്കെ ഒഴിക്കണം. ഒഴിക്കുന്ന സമയത്ത് സ്വാമിയേ ശരണം അയ്യപ്പാ എന്ന ശരണ മന്ത്രം ഉരുവിട്ട് കൊണ്ടേയിരിക്കണം. നാളികേരത്തിൽ നെയ്യ് നിറഞ്ഞാൽ കോർക്ക് കൊണ്ട് അടച്ച് കോലരക്ക് ഉരുക്കി സീൽ ചെയ്യണം (ചില സ്ഥലങ്ങളിൽ മര കഷ്ണം ചെത്തിയെടുത്തു അടയ്ക്കുകയും പപ്പടം നനച്ചു സീൽ ചെയ്യുന്നതും കണ്ടിട്ടുണ്ട്). എന്നിട്ട് ശരണം വിളിയോടെ സഞ്ചിയിൽ ഇട്ട്,ഇരുമുടിയുടെ മുൻ കെട്ടിൽ നിക്ഷേപിക്കണം. ഒരു രൂപ നാണയം വെറ്റിലയിൽ പൊതിഞ്ഞു നൂൽ കെട്ടി കാണി പൊന്നായി മുൻ കെട്ടിൽ നിക്ഷേപിക്കണം. അതിനു ശേഷം അയ്യപ്പ സ്വാമിക്ക് ഏറ്റം പ്രിയങ്കരമായ കര്‍പ്പൂര ആരാധനയ്ക്ക് വേണ്ടിയുള്ള കര്‍പ്പൂരം മുൻ കെട്ടിൽ നിക്ഷേപിക്കണം. മൂന്ന് കൈ കുടന്ന ഉണക്കലരി മുൻ കെട്ടിൽ നിക്ഷേപിക്കണം അതിനു ശേഷം ബന്ധു മിത്രാദികൾ മൂന്ന് മുഷ്ടി വീതം ഉണക്കലരി മുൻ കെട്ടിൽ നിക്ഷേപിക്കണം. മാളികപ്പുറത്തമ്മയ്ക്ക് വേണ്ടി പട്ട്മഞ്ഞപ്പൊടിശർക്കര എന്നിവ മുൻകെട്ടിൽ നിക്ഷേപിക്കണം ഇത്രയുമായാൽ മുൻ കെട്ട് കെട്ടാം. താൽപര്യമുണ്ടെങ്കിൽ ഭഗവാനും ദേവിയ്ക്കും നിവേദിക്കാൻ വേണ്ടി കദളി പഴംമലർ പൊടി, ചന്ദനത്തിരി തുടങ്ങി പൂജാ സാധനങ്ങളും മുൻ കെട്ടിൽ നിറയ്ക്കാം നിർബന്ധമില്ല. പിൻ കെട്ട് ഭക്ഷണം ഉണ്ടാക്കാനുള്ള സാധനങ്ങൾ നിറയ്ക്കാനുള്ളതാണ്‌. ഇന്നത്തെ കാലത്ത് വഴി നിറയെ ഭക്ഷണ ശാലകൾ ഉള്ളത് കൊണ്ട് അവയൊക്കെ കരുതുന്നത് ബുദ്ധിമുട്ട് ആയിരിക്കുമല്ലോ അതുകൊണ്ട് പതിനെട്ടാം പടിയുടെ താഴെ അടിക്കാനുള്ള നാളികേരം മാത്രം നിക്ഷേപിച്ചാലും മതിയാകും. എങ്കിലും കുറച്ചു അരിയും  (ഉണക്കലരി ബാക്കി ണ്ടെങ്കിൽ അതായാലും മതി) ലേശം പച്ചക്കറികളും മാളികപ്പുറത്ത് ഉരുട്ടുവാൻ വേണ്ടി ഒരു നാളികേരം കൂടിയും കരുതുന്നത് നല്ലതാണ്. ഇനി ഭദ്രമായി ഇരു മുടി കെട്ടണം അതിനു ഗുരുവിന്റെ സഹായം വേണ്ടതാണ് പരിചയമുള്ളവർ കെട്ടിയാൽ തലയ്ക്കു വേദന തോന്നാതെ, ചെറിയ അനക്കം കൊണ്ട് കെട്ട് താഴെ വീഴാതെ തലയിൽ തന്നെ ഇരുന്നു കൊള്ളും, എപ്പോഴും കൈ കൊണ്ടു പിടിക്കേണ്ട ആവിശ്യം ഇല്ല. കൂടെ വരുന്ന എല്ലാവരും കെട്ട് മുറുക്കി കഴിഞ്ഞാൽ ബന്ധു മിത്രാദികളോട് യാത്ര പറഞ്ഞ് ഉച്ചത്തിൽ ശരണം വിളിച്ചു കൊണ്ട് ഗുരുവരൻ എടുത്തു തരുന്ന ഇരുമുടി കെട്ട് ഭക്ത്യാദര പൂർവ്വം തലയിൽ വയ്ക്കണം. കെട്ടിന്  മുകളിൽ  എട്ടായി മടക്കിയ പുതപ്പ് ഇടണം (കെട്ട് താങ്ങുന്നതിനു മുമ്പ് രണ്ടായി മടക്കിയ ഒരു തോർത്ത് തലയിൽ കെട്ടുന്നത് നന്നായിരിക്കും).
മല യാത്രയ്ക്ക് വരുന്ന എല്ലാവരും വരിയായി കെട്ട് നിറച്ച സ്ഥലം മൂന്നു തവണ വലം വച്ച് നാളികേരംഉടയ്ക്കാൻ തയാറാക്കിയ കല്ലിലോ, സ്ഥലത്തോ തേങ്ങ അടിച്ചു തിരിഞ്ഞു നോക്കാതെ യാത്ര തിരിക്കണം. വീട്ടിൽ വച്ചാണ് കെട്ട് നിറയ്ക്കുന്നതെങ്കിൽ നാളികേരം അടിക്കുന്ന കല്ല്‌  കുട്ടയോ അതു പോലെ എന്തെങ്കിലും വച്ച് മൂടിയിടണം. മല യാത്ര കഴിഞ്ഞു തിരിച്ചു വന്ന് തേങ്ങ അടിക്കുന്ന വരെ കല്ല്‌ ശുദ്ധമായി സൂക്ഷിക്കേണ്ടത് വീട്ടിലുള്ളവരുടെ കടമയാണ്.
മുന്‍ കെട്ടില്‍ ഈ ജന്മം ആര്‍ജ്ജിക്കേണ്ട പുണ്യങ്ങളും പിന്‍ കെട്ടില്‍ ഉപേക്ഷിക്കണ്ട പാപങ്ങളുമാണ്. യാത്രയില്‍ ഉടനീളം കുറേശ്ശെയായി പാപങ്ങള്‍ ഉപേക്ഷിച്ചു പതിനെട്ടാം പടിയ്ക്ക് താഴെ ചെല്ലുമ്പോഴേക്കും പിന്‍ കെട്ടില്‍ അവസാനമായുള്ള നാളികേരം അടിച്ചു ശൂന്യമായ പാപങ്ങളും നേടാനുള്ള പുണ്യവുമായി പടി കയറണം. സ്വാമിയെ ശരണമയ്യപ്പ.......