ശബരിമല അയ്യപ്പ (ധർമ്മ ശാസ്ത) ക്ഷേത്രം (ഭാഗം മൂന്ന്)
മത്ത മാതംഗ ഗമനം കാരുണ്യാമൃത പൂരിതം
സർവ്വ വിഘ്ന ഹരം ദേവം ശാസ്താരം പ്രണമാമ്യഹം
സ്വാമിയേ ശരണമയ്യപ്പാ..................
സർവ്വ വിഘ്ന ഹരം ദേവം ശാസ്താരം പ്രണമാമ്യഹം
സ്വാമിയേ ശരണമയ്യപ്പാ..................
എരുമേലി വരെ വാഹനത്തിൽ വന്ന നമ്മൾ ഇനിയുള്ള യാത്ര കാനന പാതയിലൂടെയാണ്. എരുമേലി ധര്‍മ്മ ശാസ്താ ക്ഷേത്രം എന്ന പോസ്റ്റിൽ എരുമേലി ക്ഷേത്രങ്ങളെ കുറിച്ചും, പ്രായശ്ചിത്ത കർമ്മത്തെ കുറിച്ചും, പേട്ട കെട്ടിനെ കുറിച്ചും ചേർത്തിരിക്കുന്നത് കൊണ്ട് ആ ഭാഗം ഒഴിവാക്കുന്നു.
എരുമേലിയിൽ അമ്പലപ്പുഴ സംഘത്തിന്റെ പേട്ട കെട്ട്
അയ്യപ്പന്റെ ഉറ്റ മിത്രമായി ഐതിഹ്യത്തിൽ നിറഞ്ഞു നിൽക്കുന്ന വാവരുടെ പള്ളിയിൽ ദർശനം നടത്തിയ ശേഷം മാത്രമേ അയ്യപ്പ ഭക്തന്മാർ പതിനെട്ടാം പടി ചവിട്ടാവൂ എന്നൊരു വിശ്വാസമുണ്ട്. മത സൗഹാർദ്ദത്തിന്റെ ഉത്തമ ഉദാഹരണമായി വാവരുടെ പള്ളിയും അയ്യപ്പന്റെ ക്ഷേത്രങ്ങളും എരുമേലിയിൽ നില കൊള്ളുന്നു. അയ്യപ്പനുമായി ഏറ്റുമുട്ടി പരാജയപ്പെടുകയും പിന്നീട് ഉറ്റ സുഹൃത്തായി തീരുകയും ചെയ്തയാളാണ് വാവർ. ഭൂതനാഥോപാഖ്യാനത്തിൽ അംഗരക്ഷകന്റെ പേരായി പറയുന്നത് വാപരനെന്നാണ്. ബാവർ മാഹാത്മ്യം എന്ന ഗ്രന്ഥത്തിൽ മക്കം പുരയിൽ ഇസ്മയിൽ ഗോത്രത്തിൽ പാത്തുമ്മയുടെ പുത്രനായാണ് വാവർ ജനിച്ചതെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. മദാര്‍സാ, സിക്കന്തര്‍സാ, ഹലിയാർ, ബദുറുദ്ദീൻ എന്നിങ്ങനെ പല പേരുകളും വാവർക്ക് ഉണ്ടായിരുന്നതായും പറയുന്നു. വാവർ ജനിച്ചത് തകൃതിത്താൻ തോട്ടത്തിൽ (തുര്‍ക്കിസ്ഥാൻ) ആണെന്നാണ് വാവരങ്കത്തിൽ പാടുന്നത്. കയ്ല ബത്തുത്തിയ എന്ന അറബി ഗ്രന്ഥ പ്രകാരം അറേബ്യയിൽ നിന്ന് സുഗന്ധ ദ്രവ്യങ്ങൾ തേടി എത്തിയതാണ് ബാബർ, വാവരു പള്ളിയിലും ശബരിമല വാവരു നടയിലും പ്രസാദമായി കൊടുക്കുന്നത് കേരളത്തിന്റെ തനത് സുഗന്ധ ദ്രവ്യമായ കുരുമുളക് തന്നെയാണല്ലോ.
എരുമേലി കൊച്ചമ്പലം (പേട്ട ധർമ്മ ശാസ്താ ക്ഷേത്രം)
സന്ദർഭോചിതം അല്ലെങ്കിലും അർത്തുങ്കൽ പള്ളിയും അയ്യപ്പ സ്വാമിയുമായുള്ള ബന്ധത്തെ കുറിച്ച് എഴുതുന്നു. ആർത്തുങ്കൽ വെളുത്തച്ചനും അയ്യപ്പനുമായി ബന്ധപ്പെട്ട് ഒരു ഐതീഹ്യം മദ്ധ്യ കേരളത്തിൽ നിലവിലുണ്ട്. വെളുത്തച്ചൻ യൂറോപ്യനായ ഫാദർ ഫെനോഷ്യയാണെന്ന് കണക്കാക്കാം. ഈ വൈദിക ശ്രേഷ്ഠൻ കളരിപ്പയറ്റ് പഠിക്കുവാനായി ചീരപ്പൻ ചിറയിലെത്തി, അയ്യപ്പന്റെ ഗുരു കുലവും ചീരപ്പൻ ചിറയായിരുന്നു, അവിടെ ഇരുവരും സഹോദര തുല്യമായ സ്നേഹത്തോടെ താമസിച്ചു പഠിച്ചു, അയ്യപ്പന്റെ പടയൊരുക്കത്തിൽ കൊച്ചു തൊമ്മന്റെ നേതൃത്വത്തിൽ ഒരു സംഘം പടയാളികളെ അച്ചൻ അയച്ചു കൊടുത്തു. അയ്യപ്പന്റെ അവതാര കഥ നടന്നത് പതിനൊന്നാം നൂറ്റാണ്ടിലും അർത്തുങ്കൽ പള്ളി സ്ഥാപിച്ചത് പതിനഞ്ചാം നൂറ്റാണ്ടിലുമാണന്നുള്ളത് ഈ ഐതീഹ്യത്തിന്റെ പോരയ്മ്മയാണ്. ചിലപ്പോൾ പള്ളി സ്ഥാപിയ്ക്കുന്നതിന് മുമ്പ് അർത്തുങ്കലിൽ വന്ന യൂറോപ്പ്യൻ മിഷിണറിയായിരിക്കും വെളുത്തച്ചൻ. മല യാത്രയ്ക്ക് ശേഷം അർത്തുങ്കൽ പള്ളിയിൽ ചെന്നാണ് മാലയൂരേണ്ടത് എന്ന് ഒരു വിശ്വാസവും മദ്ധ്യ കേരളത്തിലുണ്ട്.
എരുമേലി മുതൽ പമ്പ വരെ ഗൂഗിൾ മാപ്പ്
എരുമേലി മുതൽ പമ്പ വരെ 46 കിലോ മീറ്ററാണ്. ആരോഗ്യമുള്ള ഒരാൾക്ക് ഒറ്റ ദിവസം കൊണ്ട് നടക്കാനുള്ള വഴി മാത്രമേയുള്ളൂയെങ്കിലും വന യാത്രയുടെ സുഖമനുഭവിച്ച് കർമ്മങ്ങൾ യഥാവിധി അനുഷ്ടിച്ച് പോകണമെങ്കിൽ അഴുതയിലും കരിയിലാം തോട്ടിലും രണ്ടു രാത്രി തങ്ങി (വിരി വച്ച്) മൂന്നാം ദിവസം വൈകുന്നേരത്തോടെ വേണം പമ്പയിൽ എത്താൻ. എരുമേലിയിൽ നിന്ന് ടാർ ചെയ്ത വഴിയിലൂടെ നാല് കിലോ മീറ്റർ നടന്നാൽ കോട്ടപ്പടി എന്ന സ്ഥലത്ത് എത്തും. ഉദയനന്റെ കോട്ടകൾ തുടങ്ങുന്ന പടിയാണ് അത്. കോട്ട പടിയിൽ നിന്ന് രണ്ടു കിലോമീറ്റർ നടന്നാൽ പേരൂർ തോടെത്തും നാടിനെയും കാടിനേയും വേർ തിരിക്കുന്നത് പേരൂർ തോടാണ്. പാലം കടക്കുമ്പോൾ തോട്ടിലെ മത്സ്യങ്ങൾക്ക് അരിയും മലരും ഇട്ടു കൊടുക്കണം. പേരൂർ തോട്ടിൽ നിന്ന് മൂന്ന് കിലോമീറ്റർ നടന്നാൽ ഇരുമ്പൂന്നിക്കരയിൽ എത്തും കഴിഞ്ഞാൽ. ഇവിടെ നിന്നാണ് സ്വാമിയുടെ പൂങ്കാവനം തുടങ്ങുന്നതെന്നും അയ്യപ്പന്മാർ മാത്രമേ ഇനി സഞ്ചരിക്കാൻ പാടോള്ളു എന്നുമാണ് പഴമക്കാരുടെ വിശ്വാസം (ഇന്നത്തെ കാലത്ത് അതൊന്നും നടക്കില്ലല്ലോ). ഇരുമ്പൂന്നിക്കരയിൽ നിന്ന് എട്ട് കിലോ മീറ്റർ നടന്നാൽ കാള ഘട്ടിയാകും (കാള കെട്ടി). മഹിഷി മർദ്ദന സമയത്ത് അച്ഛൻ ശിവൻ നന്ദിയെ ഇവിടെയുള്ള ആഞ്ഞലിയിൽ കെട്ടി മകന്റെ യുദ്ധം കണ്ടു എന്നാണ് ഐതീഹ്യം. “കാളകെട്ടിയാഞ്ഞലി ശരണം പൊന്നയ്യപ്പ” എന്ന ശരണ മന്ത്രം ഓർക്കുക. കാള കെട്ടിയിൽ വെടി വഴിപാട് നടത്താനും കർപ്പൂരം കത്തിക്കാനും തേങ്ങയടിക്കാനും സൗകര്യമുണ്ട്. അവിടെ നിന്ന് രണ്ട് കിലോ മീറ്റർ നടന്നാൽ അഴുതാ നദി അലസമായി ഒഴുകുന്നത് കാണുമാറാകും. അഴുതാ നദിക്കര അയ്യപ്പന്മാരുടെ സുപ്രധാന താവളമാണ്. വിരി വയ്ക്കാൻ താൽകാലിക ഷെഡുകൾ വാടകയ്ക്ക് കിട്ടും അല്ലെങ്കിൽ നദിയുടെ തീരത്ത് എവിടെയെങ്കിലും വിരി വെയ്ക്കാം. പുഴയുടെ നടുക്കുള്ള ചെറിയ തുരുത്തുകളിലോ, ആൾ സഞ്ചാരം കുറവുള്ളിടത്തോ വിരി വെയ്ക്കാതിരിയ്ക്കുന്നതാണ് നല്ലത്, ആന ശല്യം ഉണ്ടാകുവാൻ സാധ്യതയുണ്ട്. പിന്നെ കാനന ഭംഗി കണ്ടു കുളിച്ച് ഭക്ഷണം പാകം ചെയ്തു കഴിച്ചു ഭജനകൾ പാടി ഉറങ്ങി എണിക്കാം. പുലർച്ചെ എഴുന്നേറ്റ് അഴുതയിൽ മുങ്ങി ഒരു ചെറു കല്ലെടുത്ത് ഉടു വസ്ത്രത്തിൽ കെട്ടി വയ്ക്കണം കല്ലിടാം കുന്നിൽ എറിയാൻ ഉള്ളതാണ് ഈ കല്ല്. ശേഷം കുളിച്ചു തോർത്തി പ്രാതൽ കഴിഞ്ഞു പുഴ കടന്നു അഴുതാ മേട് കയറാൻ തുടങ്ങാം. ഉദ്ദേശം മൂന്ന് കിലോ മീറ്റർ ഉണ്ട് ചെങ്കുത്തായ കയറ്റം. പാപ പുണ്യങ്ങളുടെ ഏറ്റ കുറവ് അറിയാൻ പറ്റിയതാണ് അഴുതാ മേട് കയറ്റം എന്ന് പഴമക്കാർ. സ്വാമിയുടെ കൃപാ കടാക്ഷം ഉണ്ടെങ്കിൽ കയറ്റം അനായാസമാകും.
01. എരുമേലി, 02. പേരൂർ തോട്, 03. ഇരുമ്പൂന്നിക്കര, 04. അരശമുടി കോട്ട, 05. കാളകെട്ടി, 06. പോത്തൻ മല, 07. അഴുത നദി, 08. കല്ലിടും കുന്ന്, 09. ഇഞ്ചപ്പാറ കോട്ട, 10. മുക്കുഴി, 11. കരിയിലാം തോട്, 12. കരിമല, 13. വലിയാന വട്ടം, 14. ചെറിയാന വട്ടം, 15. പമ്പ
അഴുതാ മേട് കയറി ചെന്നാൽ ഒരു പാറ കാണാം അതാണ് കല്ലിടാം കുന്ന്. അഴുതയിൽ നിന്ന് മുങ്ങിയെടുത്ത കല്ല് അവിടെ നിക്ഷേപിക്കണം. മഹിഷി വധത്തിനു ശേഷം ഭഗവാന്റെ ഭൂത ഗണങ്ങൾ മഹിഷിയെ കല്ലിട്ടു മൂടിയ (സംസ്ക്കരിച്ച) സ്ഥലം ആണത്രേ അത്. പിന്നെ കുറച്ചു ദൂരം നിരപ്പായ സ്ഥലത്ത് കൂടി പോയാൽ ഇഞ്ച പാറ കോട്ടയിൽ എത്തും. ഉദയനന്റെ ആദ്യ കോട്ടയാണ് ഇഞ്ച പാറ, ഉദയനനെ തോൽപ്പിച്ച് അയ്യപ്പനും സംഘവും ഇഞ്ച പാറ കോട്ട ഇടിച്ചു നിരത്തി.
പമ്പ സ്നാനം
പെരിയാറും ഭാരത പുഴയും കഴിഞ്ഞാൽ കേരളത്തിലെ മൂന്നാമത്തെ നീളം കൂടിയ നദിയാണ് പമ്പാ നദി. ശബരി മലയുടെ സാന്നിധ്യം മൂലം പുണ്യ നദിയായി അറിയപ്പെടുന്ന പമ്പയെ ദക്ഷിണ ഗംഗയെന്നും വിളിക്കുന്നു. പമ്പാ നദിയുടെ ഉത്ഭവം സമുദ്രനിരപ്പിൽ നിന്നും 1650 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പീരുമേടിലെ പുളച്ചി മലയിലാണ്. പിന്നീടത് റാന്നി, പത്തനംതിട്ട, കോഴഞ്ചേരി, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കുട്ടനാട്, അമ്പലപ്പുഴ എന്നീ താലൂക്കുകളിലൂടെ 176 കിലോമീറ്റർ ഒഴുകി അവസാനം വേമ്പനാട്ട് കായലിൽ പതിക്കുന്നു. കുട്ടനാട്ടിലെ ഒരു പ്രധാന ജല സ്രോതസ്സ് പമ്പ നദിയാണ്. നീലക്കൊടുവേലി നിറഞ്ഞ കാട്ടിലൂടെ ഒഴുകി വരുന്ന പമ്പ സർവ രോഗ സംഹാരി കൂടിയാണ്. പമ്പയിൽ വിരി വച്ചു, കുളിച്ച്, വിളക്ക് ഒഴുക്കി, പമ്പ സദ്യ ഉണ്ടാക്കി കഴിച്ചു, ഭജന നടത്തി ഉറങ്ങി എഴുന്നേറ്റ് രാവിലത്തെ പ്രഭാത കർമ്മങ്ങൾ കഴിഞ്ഞു വേണം തുടർ യാത്ര. ഈ കാലഘട്ടത്തിൽ ഇതിനൊന്നും നിർബന്ധം പിടിക്കാൻ പറ്റില്ലല്ലോ. ചുരുങ്ങിയത് കുളിച്ചു എല്ലാ പിതൃക്കൾക്കുമായി ബലി തർപ്പണം എങ്കിലും നടത്തണം. പമ്പ തീരം സീസണിൽ ഇപ്പോൾ ഒരു നഗര പ്രതീതി ഉണർത്തും വളരെയധികം ഭക്ഷണ ശാലകൾ അവരെല്ലാം വിരി വയ്ക്കാൻ സൗകര്യം ഉണ്ടാക്കിയിട്ടുണ്ട്. അത് പോലെ അയ്യപ്പ സേവാ സംഘത്തിന്റെയും ദേവസ്വം ബോർഡിന്റെയും വനം വകുപ്പിന്റെയും ഗസ്റ്റ് ഹൗസുകളും ഉണ്ട്. ദിനചര്യകൾക്കായി ഒരു പാട് സൗകര്യം ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്.
പമ്പ കിഴക്കേ പാലം
വാഹനങ്ങളിൽ വരുന്ന അയ്യപ്പന്മാർ പമ്പയ്ക്ക് അക്കരെ ഇറങ്ങി പാലം കടന്നു വേണം എത്തേണ്ടത്. അങ്ങേയറ്റത്തും ഇങ്ങേയറ്റത്തും വലിയ പാലങ്ങൾ ഉണ്ട്. കെഎസ്ആർടിസി ബസ് സ്റ്റാന്റ് ചാലക്കയത്താണ് അവിടെ നിന്ന് രണ്ടു കിലോമീറ്റർ നടന്നു വേണം പമ്പയിൽ എത്താൻ. പമ്പയ്ക്ക് അക്കരെയുള്ള വിശാലമായ പാർക്കിംഗ് സ്ഥലത്ത് ചെറു വാഹനങ്ങൾ പാർക്ക് ചെയ്യാം. ബസ് പോലെയുള്ള വലിയ വാഹനങ്ങളിൽ വരുന്നവർ പമ്പയിൽ നിന്ന് 22 കിലോ മീറ്റർ അകലെയുള്ള നിലയ്ക്കലിലാണ് വാഹനം പാർക്ക് ചെയ്യേണ്ടത്. നിലയ്ക്കലിൽ നിന്ന് കെഎസ്ആർടിസി ചെറു ബസുകൾ പമ്പയ്ക്കും തിരിച്ചും ഓടിക്കുന്നു. തിരക്ക് കുറവുള്ള സമയങ്ങളിൽ ബസ് പമ്പയിൽ വന്നു അയ്യപ്പന്മാരെ ഇറക്കുവാൻസമ്മതിക്കും.
പമ്പ ബലി തർപ്പണം
ശബരിമല യാത്രയില്‍ പിതൃക്കളെ മറക്കരുത്. പമ്പയിലെ പുണ്യ സ്നാനം കഴിഞ്ഞ് പമ്പാ ത്രിവേണിയില്‍ ബലിയിടാം. ബലി തറയും കർമ്മികളും സീസണ്‍ മുഴുവന്‍ അവിടെ ഉണ്ടാവും (രാപകൽ ഭേദമന്യേ) മറവ പടയുമായുണ്ടായ യുദ്ധത്തില്‍ മരിച്ച സേനാംഗങ്ങള്‍ക്ക് അയ്യപ്പന്‍ ത്രിവേണിയില്‍ ബലിയിട്ടുവെന്നാണ് ഐതിഹ്യം. അത് പോലെ ശബരിയ്ക്ക് മോക്ഷം കൊടുത്ത ശേഷംരാമ ലക്ഷ്മണന്മാരും ദശരഥനും ശബരിയ്ക്കും വേണ്ടി പമ്പ തീരത്ത് ബലി തർപ്പണം നടത്തിയെന്നും ഐതീഹ്യമുണ്ട്. ശരണ പാതയിലുടെ ഇനിയുള്ള യാത്രയും ഭഗവത് ദർശനവും കന്നി ദർശനത്തിന് പോയ ഒരു കുട്ടിയാണ് വിവരിക്കുന്നത്.
മുദ്ര നിറയ്ക്കൽ
എന്റെ അച്ഛനും സഹപ്രവര്‍ത്തകരും എല്ലാ വര്‍ഷവും ശബരി മലക്ക് പോകും, ചെറുപ്പത്തിലെ തന്നെ എന്നെ കൊണ്ട് പോകുമോ എന്ന് ചോദിക്കുമായിരുന്നു, നാലാം ക്ലാസ്സില്‍ എത്തിയപ്പോൾ ഞാൻ ഭയങ്കരമായി ശാഠ്യം പിടിച്ചു, അമ്മയും എനിക്ക് അനുകൂലമായി പറഞ്ഞു, അച്ഛൻ സമ്മതിച്ചു. മകര വിളക്കിന് മൂന്നു ദിവസം മുമ്പ് ഞങ്ങൾ ഇരുമുടി കെട്ടുമായി പുറപ്പെട്ടു രാത്രി ഒരു മണിയായപ്പോൾ എരുമേലിയില്‍ എത്തി, രാവിലെ അഞ്ചു മണിയായപ്പോൾ നടന്നു തുടങ്ങി ഉച്ചക്ക് രണ്ടു മണിയാപ്പോഴേക്കും അഴുത എന്ന പുണ്യ സ്ഥലത്ത് എത്തി. അന്ന് അവിടെ വിശ്രമിക്കാം എന്ന് തിരുമാനിച്ചു. അഴുതാ നദിയുടെ അങ്ങേ കരയിലാണ് ക്ഷേത്രം, അതും കുത്തനെ കയറ്റം കയറണം. നദിയുടെ ഇരുകരകളിലുമായി ഈറ്റ കൊണ്ടുണ്ടാക്കിയ പുരകൾ ധാരാളം, വിരി എന്നാണ് പേര്, തീര്‍ത്ഥടകര്‍ക്ക് വിശ്രമിക്കാൻ ഉണ്ടാക്കിയിരിക്കുന്നതാണ്. അതില്‍ ഒരു വിരി ഞങ്ങൾ വാടകക്ക് എടുത്തു. ഞാൻ ഉടനെ തന്നെ ഉറക്കം തുടങ്ങി. അച്ഛൻ എനിക്ക് കാവലായ് ഇരുന്നു മറ്റുള്ളവർ കുളിച്ചു ഭക്ഷണം പാകം ചെയ്യാൻ തുടങ്ങി. അഞ്ചുമണിയായപ്പോൾ അച്ഛൻ എന്നെ ഉണര്‍ത്തി. ഞങ്ങൾ രണ്ടു പേരും കുളിച്ചു വന്നപ്പോഴേക്കും കഞ്ഞി റെഡി. ചൂട് കഞ്ഞിയും ചമ്മന്തി പൊടിയും കണ്ണി മാങ്ങ അച്ചാറും, വയർ നിറച്ചു കഞ്ഞി കുടിച്ചു, തലേ ദിവസത്തെ ഉറക്ക ബാക്കിയും പതിനാറു കിലോമിറ്റർ നടന്നതിന്റെ ക്ഷീണവും പിന്നെയും ഞാനുറങ്ങി പോയി. രാവിലെ ഏഴു മണിയായപ്പോൾ ഞങ്ങൾ അഴുതാ മേട് കയറി തുടങ്ങി കുത്തനെ ഉള്ള കയറ്റം. പിന്നെ അതേ പോലെ ഉള്ള ഇറക്കവും. ഉച്ച കഴിഞ്ഞു രണ്ടു മണിയായപ്പോൾ കരിമല തുടക്കത്തിലുള്ള കരിയിലാം തോട് എന്ന സ്ഥലത്ത് ചെന്നു. അന്നത്തെ വിശ്രമം അവിടെ. അഴുതയിലുള്ള പോലെ തന്നെ വിശ്രമ സങ്കേതങ്ങൾ കരിയിലാം തോട്ടിലും ഉണ്ട്. പക്ഷെ ഞങ്ങൾ തോടിന്റെ ഓരം ചേര്‍ന്ന് ഉൾ കാട്ടിലേക്ക് കയറി. ഉദ്ദേശം ഒരു കിലോ മിറ്റർ നടന്നപ്പോൾ ഒരു ചെറിയ വെള്ളച്ചാട്ടം, താഴെ ഒരു ചെറിയ തടാകം, അവിടെ നിന്ന് അരുവി പിന്നെയും ഒഴുകുന്നു. ചുറ്റും ഇടതൂർന്ന മരങ്ങൾ, കിളികളുടെ കലപിലാരവം നിര്‍ത്താതെ, ഇടയ്ക്കിടയ്ക്ക് മലമുഴക്കി പക്ഷിയുടെ ശബ്ദം അവിടെ ഞങ്ങൾ മാത്രം. അവാച്യം, അനിര്‍വചനീയം ശ്രീ അയ്യപ്പന്റെ പൂങ്കാവനം. ശരിക്കും ഇവിടമാണ് ഈശ്വര സന്നിധാനം. പക്ഷെ രസകരവും വേദനിപ്പിക്കുന്നതുമായ ഒരു കാര്യം തോട്ട പുഴു അല്ലെങ്കില്‍ അട്ടയാണ്, അതിനു നൂല് വണ്ണമേ ഉള്ളു, അറിയാതെ വന്ന് കടിക്കും, ചോര കുടിച്ചു പന്ത് പോലെ വീര്‍ക്കും, കടി വിട്ടു പോകും. ചോര ക്ലോട്ട് ചെയ്യാതിരിക്കുന്നത് കൊണ്ട് കടി വിട്ടാലും ഏറെ സമയം ചോര വാര്‍ന്നു കൊണ്ടേയിരിക്കും. ഇനി കടിക്കുന്ന സമയത്ത് അറിഞ്ഞാലും വലിച്ചു പറിച്ചാല്‍ അതിന്റെ പല്ല് ദേഹത്ത് തറഞ്ഞിരിക്കും ഇന്‍ഫക്ഷൻ ആകും, ആകെയുള്ള രക്ഷ തീപ്പെട്ടി കൊള്ളി ഉരച്ചു വയ്ക്കുകയോ, ചുണ്ണാമ്പ് പുരട്ടുകയോ ആണ്. ഇവൻ വരുന്നത് സൂക്ഷിച്ചു നോക്കിയാല്‍ കാണാം വാല്‍ ഭാഗം കുത്തി ചാടി ചാടിയാണ് വരവ്. കാനന ഭംഗി നോക്കിനിന്നാല്‍പറ്റുകയില്ലല്ലോ, കഞ്ഞി വയ്ക്കാനുള്ള തയാറെടുപ്പ് തുടങ്ങി, കുളി കഴിഞ്ഞു കഞ്ഞി കുടിച്ചു, അപ്പോഴേക്കും അഞ്ചു മണിയായി, തിരിച്ചു നടക്കാൻ തുടങ്ങി, നിമിഷ നേരം കൊണ്ട് ഇരുൾ വീണു മാത്രമല്ല ആനയുടെ ചിന്നം വിളി കേട്ട് തുടങ്ങി, എല്ലാവര്‍ക്കും പേടിയായി, അച്ഛൻ എന്നെ വാരി എടുത്തു കൊണ്ട് ഒരോട്ടം വച്ച് കൊടുത്തു, ഒരു വിധത്തില്‍ ഉൾ കാട്ടില്‍ നിന്ന് കരിയിലാം തോട്ടില്‍ എത്തി. അഴുതയിലെ പോലെ വിരി വാടകയ്ക്ക് എടുത്തു ഉറക്കവും തുടങ്ങി. രാവിലെ എട്ടു മണിയായപ്പോഴേക്കും ഞങ്ങൾ കരിമല കയറ്റം തുടങ്ങി. കരിമല കയറ്റം കഠിനം കഠിനം എന്ന് പറയുന്നുണ്ടങ്കിലും എനിക്ക് അത്ര കഠിനമായി തോന്നിയില്ല, ഞങ്ങൾ വളരെ പതിയെ ആണ് കയറിയത്, കരിമല എട്ടു സ്റ്റെപ്പായിട്ടാണ്. ഉച്ചയ്ക്ക് രണ്ടു മണി ആയപ്പോൾ കരിമല മുകളിലെത്തി. കരിമല മുകളിലെത്തിയപ്പോഴേക്കും പാത വിജനമായി തുടങ്ങി, മാത്രമല്ല വഴിയിലുള്ള കടക്കാരെല്ലാം ബാക്കി വന്നതെല്ലാം ഉപേക്ഷിച്ച്, വില പിടിച്ചത് മാത്രം എടുത്തു ധൃതിയില്‍ മലയിറങ്ങുന്നത് കണ്ടു. അതെന്താ കാര്യം എന്ന് അന്വേഷിച്ചപ്പോൾ ജ്യോതി കാണാൻ എല്ലാവരും ഇറങ്ങുന്നതാണെന്ന് മനസിലായി, മാത്രമല്ല പാത വിജനമായാല്‍ ആനയിറങ്ങും പിന്നെ അവിടെ തങ്ങുന്നത് പന്തിയല്ല. ഞങ്ങളും വേഗത്തില്‍ മലയിറങ്ങി തുടങ്ങി. കയറ്റം കഠിനമായി തോന്നിയില്ലങ്കിലും ഇറക്കം കുറച്ചു കഠിനം തന്നെ, വളഞ്ഞു പുളഞ്ഞു കുത്തനെ ഇറക്കവും പാറകളും. കരി മല ഇറങ്ങാൻ കയ്യില്‍ ഒരു വടി വേണ്ടത് അത്യാവിശ്യം, കാലില്‍ മാത്രം ബലം കൊടുത്തു ഇറങ്ങാൻ പ്രയാസം. വൈകുന്നേരം ആറു മണിയായപ്പോൾ വലിയാനവട്ടം എന്ന സ്ഥലത്ത് എത്തി മലയിറങ്ങി വന്നവരെല്ലാം അവിടെ തമ്പടിക്കുകയാണ്. ഇനി ഇറങ്ങിയാല്‍ മകര ജ്യോതിസ് കാണാൻ പറ്റുകയില്ല. ഞങ്ങളും സുരക്ഷിതമായി നിൽക്കാൻ ഇടം കണ്ടെത്തി. സമയം ആറര കഴിഞ്ഞു, അവിടെ നിന്ന ആയിരങ്ങളുടെ കണ്ഠത്തില്‍ നിന്ന് മുകളിലേക്ക് നോക്കി സ്വാമിയേ ശരണം അയ്യപ്പ എന്ന മന്ത്രാക്ഷരി കേട്ടു, അങ്ങ് ആകാശത്തില്‍ ഉത്രം നക്ഷത്രം ഉദിച്ചതാണത്, നോക്കി നോക്കി നില്‍ക്കുമ്പോൾ ഒന്നല്ല രണ്ടല്ല എണ്ണമറ്റ കൃഷണ പരുന്തുകൾ ആകാശത്ത് കാണാൻ തുടങ്ങി. എല്ലാവരും നീശബ്ദരായി പൊന്നമ്പലമേട് ലക്‌ഷ്യം വച്ച് ഉറ്റു നോക്കി നില്‍ക്കുകയാണ്. പെട്ടന്ന് അങ്ങകലെ മല മുകളില്‍ ഒരു ദീപ ജ്യോതി പ്രത്യക്ഷപ്പെടുന്നു, വലിയാന വട്ടം ശരണ മന്ത്രത്താല്‍ മുഖരിതമായി. ഉടൻ തന്നെ ജ്യോതി അണഞ്ഞു പിന്നെ രണ്ടു തവണ കൂടി ദീപ ജ്യോതി പ്രത്യക്ഷപ്പെട്ടു.
മകര ജ്യോതി
ഞാൻ ഒന്ന് പറഞ്ഞോട്ടെ ഇവിടെ യുക്തി വേണ്ട നിറഞ്ഞ ഭക്തി മതി, വലിയാനവട്ടം മാത്രമല്ല പമ്പ ഹില്‍ടോപ്, സന്നിധാനം, പുല്‍മേട് ഇവിടങ്ങളിൽ എല്ലാം ലക്ഷകണക്കിന് അയ്യപ്പ ഭക്തന്മാരാണ് മകര വിളക്ക് കണ്ടു സായുജ്യം അണയുന്നത്. മാത്രമല്ല കോടി കണക്കിന് ആളുകൾ ലൈവ് ടെലികാസ്റ്റിലൂടെയും, അവര്‍ക്കൊന്നും ജ്യോതിയുടെ ഉറവിടം അറിയേണ്ടാ, നിറഞ്ഞ ഭക്തി മാത്രമേ ഉള്ളു.
മകര ജ്യോതി കാണാൻ സന്നിധാനത്ത് ഭക്ത സാഗരം
മകര ജ്യോതിസ് കണ്ടു കഴിഞ്ഞതിനു ശേഷം വലിയാന വട്ടത്ത് നിന്ന് പമ്പയിലേക്ക് ജനം ഒഴുകി തുടങ്ങി, ഞങ്ങളും അതില്‍ ചേര്‍ന്ന് എട്ടു മണി ആയപ്പോഴേക്കും പമ്പയില്‍ എത്തി. സന്നിധാനത്ത് നിന്ന് പമ്പയിലേക്ക് ജന സാഗരം ഒഴുകുന്ന കാഴ്ച കണ്ടു, മല കയറാൻ വളരെ കുറച്ചു ആളുകളും. ഇത് തന്നെ പറ്റിയ സമയം എന്ന് കരുതി പെട്ടന്ന് കുളിച്ചു, ബലി തര്‍പ്പണങ്ങൾ നടത്തി, പമ്പ ഗണപതിയെയും മറ്റു ദേവി ദേവമാരെ വന്ദിച്ച് ഞങ്ങളും മല കയറി തുടങ്ങി. ഒരു മണിയായപ്പോൾ ശബരി മലയില്‍ ചെന്നു. അപ്പോഴേക്കും ദിവസങ്ങളോളം മകര വിളക്ക് കാണാൻ ശബരി മലയില്‍ തമ്പടിച്ചിരുന്ന ഭക്ത ലക്ഷങ്ങളെല്ലാം ശ്രീ അയ്യപ്പനോട് വിട വാങ്ങി കഴിഞ്ഞിരുന്നു. ഈ പറഞ്ഞത് കൊണ്ട് ശബരിമല വിജനമായി എന്ന് കരുതരുതേ, ഞങ്ങളുടെ കൂടെ വന്നവരും, പമ്പ ഹില്‍ ടോപ്പില്‍ നിന്ന് ഇറങ്ങിയവരും, പുല്‍മേട്ടില്‍ നിന്ന് പാണ്ടി താവളം വഴി ഇറങ്ങിയവരുമായി പതിനായിരകണക്കിനാളുകൾ അപ്പോഴും ശബരിമലയില്‍ ഉണ്ട്.
ശ്രീ അയ്യപ്പൻ റോഡ്
പമ്പയില്‍ നിന്ന് ശബരിമലയ്ക്ക് രണ്ടു വഴികൾ ഉണ്ട്, ഒന്ന് പരമ്പരാഗതമായ പാത, മറ്റൊന്ന് ശ്രീ അയ്യപ്പൻ സിനിമ നിര്‍മ്മിച്ച മേരിലാന്‍ഡ് സുബ്രമണ്യം, സിനിമയില്‍ നിന്ന് കിട്ടിയ ലാഭം കൊണ്ട് 35 വര്‍ഷം മുന്‍പ് നിര്‍മ്മിച്ച ശ്രീ സുബ്രമണ്യം റിലീജിയസ് ട്രസ്റ്റിന്റെ ശ്രീ അയ്യപ്പൻ റോഡ്. പമ്പ ക്ഷേത്ര സമുച്ചയങ്ങളില്‍ നിന്ന് കുറച്ചു കയറിയാലാണ് ഈ പാതകൾ പിരിയുന്നത്. ശ്രീ അയ്യപ്പൻ റോഡ് ജീപ്പുകൾ കയറാൻ പാകത്തിനുള്ളതാണ്. നീലിമല, അപ്പാച്ചിമേട്, ശബരി പീഠം, ശരം കുത്തി വഴി പരമ്പരാഗത പാത ശബരി മലയില്‍ എത്തും. ശ്രീ അയ്യപ്പൻ റോഡ് ശബരി പീഠം കഴിഞ്ഞ് പരമ്പരാഗത പാത ക്രോസ് ശബരിമലയില്‍ എത്തും. സാധാരണ പരമ്പരാഗത പാത മല കയറുവാനും, അയ്യപ്പൻ റോഡ് ഇറങ്ങുവാനും ഉപയോഗിക്കുന്നു. അയ്യപ്പൻ റോഡ് വഴിയാണ് കഴുത പുറത്തു സാധനങ്ങൾ കൊണ്ട് പോകുന്നത്. ഈ രണ്ടു പാതകളും ശബരിമലയ്ക്ക് താഴെ വച്ച് സംഗമിക്കും. അവിടെ നിന്ന് നട പന്തല്‍ ആരംഭിക്കും. ദർശനം കഴിഞ്ഞ് ഇറങ്ങുവാൻ ഇന്ത്യൻ ആർമി നിർമ്മിച്ചിരിയ്ക്കുന്ന താൽക്കാലിക പാത ഭസ്മ കുളത്തിനരുകിൽ (സന്നിധാനത്തിന് പുറകിൽ) നിന്ന് തുടങ്ങി ഈ പാതകൾ യോജിക്കുന്നതിന് തൊട്ട് മുമ്പ് ശ്രീ അയ്യപ്പൻ റോഡിൽ ചേരുന്നു.
ശബരിമലയിൽ ഇന്ത്യൻ ആർമി നിർമ്മിച്ചിരിയ്ക്കുന്ന താൽക്കാലിക പാത
ഞങ്ങൾ ഒരു മണിക്കുറോളം എടുത്തു നട പന്തല്‍ വഴി പതിനെട്ടാം പടിയ്ക്ക് താഴെ ചെല്ലാൻ. ഇത് വളരെ കുറഞ്ഞ സമയമാണ്, സാധാരണ അഞ്ചും ആറും മണിക്കൂർ എടുക്കും. തിരക്കുള്ളപ്പോൾ ചിലപ്പോൾ ഒരു ദിവസത്തോളമെടുക്കും. ക്യൂ തുടങ്ങുന്നത് ചിലപ്പോൾ ശരം കുത്തിയിൽ നിന്നാകും, ചിലപ്പോൾ ശബരി പീഠം കഴിഞ്ഞുള്ള മര കൂട്ടത്തിൽ നിന്നാകും, ചിലപ്പോഴോ പമ്പയിൽ നിന്ന് തന്നെ ക്യൂ തുടങ്ങാം. വിശാലമായ നടപന്തലിന്റെ കിഴക്ക് വശം കുറച്ച് ഭാഗം തിരക്ക് ഇല്ലാത്തപ്പോൾ ദർശനം കഴിഞ്ഞ് ഇറങ്ങാനുള്ളതാണ്. അപ്പോൾ അവിടെ വിരി വയ്ക്കാനും അനുവദിയ്ക്കും, പന്തലിന്റെ കിഴക്ക് വശത്ത് നിരയായി കടകളുമുണ്ട്. കടകൾക്ക് താഴെയാണ് വെടി വഴിപാടിനുള്ള സ്ഥലം. നട പന്തലിന്റെ പടിഞ്ഞാറ് എട്ട് നിരകളായ് കമ്പി അഴികൾ ഇട്ടു തിരിച്ചിരിക്കുന്നു. അതിൽ കിഴക്ക് വശത്തുള്ള രണ്ട് നിരകൾ ഓണ്‍ ലൈനിൽ ബുക്ക് ചെയ്ത് വരുന്നവർക്കാണ്. കേരള പോലിസാണ് വിർച്ചുൽ ക്യൂ എന്ന ഈ ഓണ്‍ ലൈൻ സംവിധാനം ഒരുക്കിയിരിയ്ക്കുന്നത്. പടിഞ്ഞാറ് വശത്തേ ആറ് നിരകൾ ബുക്ക് ചെയ്യാതെ വരുന്നവർക്ക് വേണ്ടിയാണ്. ബാച്ച് ആയാണ് നടപന്തൽ വഴി ആളുകളെ പോലിസയ്യപ്പന്മാർ വിടുന്നത്.
നട പന്തൽ
തിരക്കുള്ളപ്പോൾ നട പന്തൽ നിറച്ചു ആളുകളുണ്ടാവുമെങ്കിലും തിരക്ക് കുറവുള്ളപ്പോൾ ഒരു ബാച്ച് കഴിഞ്ഞ് അടുത്ത ബാച്ച് ഓടുന്നത് കാണാൻ രസമാണ്, നേരിട്ട് കണ്ടാലേ അതിന്റെ രസം മനസിലാവുകയോള്ളൂ. നട പന്തൽ കഴിഞ്ഞ് കുറച്ച് പടികൾ കയറി ചെന്നാൽ വിശാലമായ തിരുമുറ്റത്ത് എത്തും. വടക്ക് ഭാഗത്ത് കർപ്പൂരാഴി, ആൽ, വഴിപാട് കൗണ്ടർ എന്നിവ കാണാം. തെക്ക് ഭാഗത്ത് തിരു മുറ്റം മാളികപ്പുറം ചുറ്റി പാണ്ടി താവളത്തിലേയ്ക്ക് പോകാൻ കയറുന്ന പടികൾ വരെ നീളുന്നു. തിരു മുറ്റത്തിന്റെ തെക്ക് കിഴക്ക് ഭാഗത്ത് നിന്ന് ആരംഭിക്കുന്ന ഫ്ലൈ ഓവർ നട പന്തലിലെ കടകൾക്ക് മുകളിൽ കൂടെ നടപന്തൽ തുടങ്ങുന്നിടത്ത് അവസാനിക്കുന്നു. തിരക്കുള്ളപ്പോൾ ദർശനം കഴിഞ്ഞ് ഇറങ്ങുന്നവരെ ഈ ഫ്ലൈ ഓവർ വഴിയും ആർമി നിർമ്മിച്ച പാതയിലൂടെയും മാത്രമേ വിടൂ.
ഫ്ലൈ ഓവറിലെ തിരക്ക്
പതിനെട്ടാം പടിക്ക് താഴെ തേങ്ങ അടിച്ച് പടി കയറാനുള്ള തയാറെടുപ്പിലായി. പതിനെട്ടാം പടിക്ക് താഴെ തെക്ക് വശത്ത് വലിയ കടുത്ത സ്വാമിയുടെയും വടക്ക് വശത്ത് കറുപ്പ സ്വാമിയുടെയും, കറുപ്പായി അമ്മയുടെയും കോവിലുകൾ ഉണ്ട്. ഈ കോവിലുകൾക്കും പതിനെട്ടാം പടിയ്ക്കും ഇടയിലുള്ള സ്ഥലത്താണ് തേങ്ങ ഉടയ്ക്കേണ്ടത്. പതിനെട്ടാം പടിയുടെ ഓരോ പടിക്കും രണ്ടു വശത്തുമായി രണ്ടു പോലിസയ്യപ്പന്മാർ വീതം നില്‍ക്കുന്നുണ്ട്. അവരെ സമ്മതിക്കണം, പോലിസിനെ പറ്റി എന്തൊക്കെ ആക്ഷേപങ്ങളുണ്ടെങ്കിലും ശബരി മലയില്‍ അവരുടെ സേവനം മഹനീയമാണ്. പക്ഷെ എനിക്ക് അവരുടെ സേവനം ഇഷ്ടമായില്ല, കാര്യം ഒരു പടിയും തൊടാൻ അവർ എന്നെ സമ്മതിച്ചില്ല. ഓരോരുത്തർ കൈമാറി കൈമാറി മുകളില്‍ എത്തിച്ചു. പതിനെട്ടാം പടിയുടെ മുകളില്‍ നിന്ന് മേൽ പാലം വഴി കറങ്ങി അയ്യപ്പ സ്വാമിയേ തൊഴുത്, മാളിക പുറത്തമ്മയെ തൊഴുത് താഴെ ഇറങ്ങി പോലിസ് ബാരക്കിനോടുള്ള ചേര്‍ന്നുള്ള ഒരു വിരി വാടകയ്ക്ക് എടുത്ത് ഉറക്കം തുടങ്ങി. ഞാൻ മാത്രമേ ഉറങ്ങിയോള്ളൂട്ടോ മറ്റുള്ളവര്‍ക്കെല്ലാം പിടിപ്പതുപണിയുണ്ടായിരുന്നു നൈയ്യഭിഷേകം കഴിക്കണം, അപ്പം അരവണ വാങ്ങണം എന്നിത്യാതി. എതായാലും ഞാൻ പത്ത് മണി വരെ ഉറങ്ങി, എന്നെ ആരും ശല്യപെടുത്തിയില്ല, ആരെങ്കിലും ഒരാൾ എനിക്ക് കാവലിരിക്കും, മറ്റുള്ളവർ ബാക്കി കാര്യങ്ങൾ ചെയ്യും. അച്ഛൻ എന്നെ കൊണ്ട് പോയി പ്രഭാതകൃത്യങ്ങൾ ചെയ്യിപ്പിച്ചു കുളിപ്പിച്ച് വന്നപ്പോഴെക്കും എല്ലാവരും തിരികെ പോകാൻ റെഡിയായി. അയ്യപ്പ സ്വാമി, മാളികപുറത്തമ്മ, നാഗ ദൈവങ്ങൾ, കൊച്ചു കടുത്ത, വലിയ കടുത്ത, വാവര്, കറുപ്പ സ്വാമി, കറുപ്പായി അമ്മ എന്നിവരെ കണ്ടു വിട പറഞ്ഞു, മണി മണ്ഡപം ദര്‍ശിച്ചു, ഭസ്മകുളം ദര്‍ശിച്ചു, ഉരക്കുഴി ചുറ്റി പാണ്ടി താവളം വഴി പുല്‍മേട് കയറാൻ തുടങ്ങി.
പുല്‍മേട്
പണ്ടു കാലം മുതല്‍ തമിഴ് നാട്ടുകാര്‍ക്ക് ശബരി മലയില്‍ എത്താനുള്ള എളുപ്പ വഴി കുമളിയില്‍ നിന്ന് പുല്‍മേട് കയറിയിറങ്ങിയാണ്, ആ വഴി 45 കിലോ മീറ്ററോളം വരും. പാണ്ടി താവളത്തില്‍ നിന്ന് 10 കിലോ മീറ്റർ കയറിയാല്‍ (ഇടതൂർന്ന കാടാണ് ചുറ്റും, ഒരു ഭാഗം വല്യ കൊല്ലിയും) പുല്‍മേട്ടില്‍ എത്താം. പുല്‍മേട്ടില്‍ എത്തുന്നതിനു തൊട്ടു മുന്‍പ് താഴോട്ടു നോക്കിയാല്‍ വളരെ താഴെ ചെറുതായി സന്നിധാനം കാണാം. മുകളിലെത്തിയാല്‍ അവിടെ വൻവൃഷങ്ങൾ ഒന്നും തന്നെ ഇല്ല, പുല്‍ തൈലം വാറ്റുന്ന പുല്ല് മാത്രമേ കാണു, മാത്രമല്ല നല്ല കാറ്റുമാണവിടെ പുല്‍മേടു കയറി ഇറങ്ങല്‍ എട്ട് കിലോ മീറ്റർ കാണും. പുൽ മേട് ഇറങ്ങി ചെല്ലുന്ന സ്ഥലത്തിനു ഉപ്പുപാറ താവളം എന്ന് പറയും. അവിടെ നിന്ന് കെഎസ്ആർടിസി ബസ്സില്‍ വണ്ടി പെരിയാറില്‍ എത്തി.