2018, ഒക്‌ടോബർ 3, ബുധനാഴ്‌ച

പൂജാപുഷ്പങ്ങള്‍ സമര്‍പ്പിക്കുന്ന സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...





പൂജാപുഷ്പങ്ങള്‍ സമര്‍പ്പിക്കുന്ന സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍... 


ശങ്കരനാരായണ മൂര്‍ത്തിക്ക് വൈഷ്ണവവും ശൈവവുമായ പുഷ്പങ്ങളും ശാസ്താവ്, സുബ്രഹ്മണ്യന്‍, ഗണപതി തുടങ്ങിയവര്‍ക്ക് ശൈവവും ശാക്‌തേയവുമായ പുഷ്പങ്ങളും ദുര്‍ണ്മയ്ക്ക് ശാക്‌തേയമായ പുഷ്പങ്ങളും സമര്‍പ്പിക്കാവുന്നതാണ്. 

ക്ഷേത്ര ദര്‍ശനത്തിന് പോകുന്ന വേളകളില്‍ കൈയില്‍ പൂജാപുഷ്പങ്ങള്‍ കരുതുന്നത് നന്നായിരിക്കും. അത് സ്വഗൃഹത്തിലെ പൂന്തോട്ടത്തിലെ ചെടികളില്‍ നിന്നായാല്‍ ഉത്തമം. 

ഇന്ന് ക്ഷേത്രങ്ങളിലെ വഴിപാട് നിരക്കുകളില്‍ പലതും സാധാരണക്കാരന് അപ്രാപ്യമാണ്. കടം വാങ്ങിയോ, കടം പറഞ്ഞോ ഉള്ള വഴിപാടുകള്‍ നടത്തല്‍ യാതൊരു ഫലപ്രാപ്തിയേയും പ്രദാനം ചെയ്യില്ല എന്ന സത്യം കണ്‍മുമ്പിലുണ്ടായിരിക്കെ പൂജാപുഷ്പങ്ങളുടെ സമര്‍പ്പണം ശുഭകരമായ ഫലങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. 

സമ്പന്നനെന്നോ ദരിദ്രനെന്നോ ഉള്ള വ്യത്യാസമില്ലാതെ ക്ഷേത്രങ്ങളില്‍ ആര്‍ക്കും പൂജാപുഷ്പങ്ങള്‍ സമര്‍പ്പിക്കാവുന്നതാണ്. നിര്‍മ്മലമായ പുഷ്പങ്ങളും നിര്‍മലമായ മനസ്സും ഈശ്വരസന്നിധിയിലെന്നും വിലപ്പെട്ടതാണ്. 

വൈഷ്ണവം, ശൈവം, ശാക്‌തേയം എന്നിങ്ങനെയുള്ള ആരാധനാ സമ്പ്രദായത്തില്‍ അനുഗൃഹീതമാണ് ക്ഷേത്രങ്ങളും ക്ഷേത്ര നഗരികളും. ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളിലെല്ലാം ദര്‍ശനം നടത്തുകയും യഥാവിധി വഴിപാടുകള്‍ നടത്തുകയും ചെയ്യുക എന്നത് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിപ്പോയി. അതിനൊപ്പം ഇഷ്ട ദൈവങ്ങള്‍ക്ക് ഇഷ്ടപുഷ്പങ്ങള്‍ കൂടി സമര്‍പ്പിച്ചാലോ? 

വൈഷ്ണവ ക്ഷേത്രങ്ങളില്‍ പോകുമ്പോള്‍ കൃഷ്ണതുളസി, രാമതുളസി, നീലത്താമര, വെള്ളത്താമര, ചെന്താമര, ചെമ്പകം, കാട്ടുചെമ്പകം, നന്ത്യാര്‍വട്ടം, പിച്ചകം, ജമന്തി, പുതുമുല്ല, ചുവന്നമുല്ല, മുല്ല, കുരുക്കുത്തിമുല്ല, മല്ലിക മുതലായ പുഷ്പങ്ങള്‍ കരുതുക. കാരണം വൈഷ്ണവ പ്രീതികരമായ കാര്യങ്ങള്‍ക്കും വിഷ്ണുപൂജയ്ക്കും അത്യു 
ത്തമങ്ങളായ പുഷ്പങ്ങളാണിവ. 

എരിക്കിന്‍ പൂവ്, ചുവന്ന മന്ദാരം, വെള്ളത്താമര, അശോകം, വലിയ കര്‍പ്പൂര തുളസി, നന്ത്യാര്‍വട്ടം, മന്ദാരം, നീര്‍മാതളം, കരിങ്കൂവളം, കൂവളം മുതലായ പുഷ്പങ്ങള്‍ ശൈവ പ്രധാനമായതും ശിവപൂജയ്ക്ക് ഉത്തമവുമാകുന്നു. 

വിഷ്ണുവിന് തുളസിയും ശിവന് കൂവളത്തിന്റെ ഇലയും ഭദ്രകാളിക്ക് കുങ്കുമപ്പൂവും പ്രധാനമാകുന്നു. ഇഷ്ട ദൈവങ്ങളെ അറിയുക. ഇഷ്ടപുഷ്പങ്ങള്‍ ഏതാണെന്ന് വ്യക്തമായും മനസ്സിലാക്കുക. പൂജാപുഷ്പങ്ങള്‍ സമര്‍പ്പിക്കുന്ന സമയത്ത് ഒരുകാര്യം ഓര്‍ക്കുക. 

നിലത്തു വീണ പുഷ്പങ്ങള്‍ ഒരു തവണ ഉപയോഗിച്ച പുഷ്പങ്ങള്‍, ഇതള്‍ നഷ്ടപ്പെട്ട പുഷ്പങ്ങള്‍, ദ്വാരമുള്ള പുഷ്പങ്ങള്‍, വിരിയാത്ത പുഷ്പങ്ങള്‍, തലമുടി വീണ 
പുഷ്പങ്ങള്‍ മുതലായവ യാതൊരു കാരണവശാലും സമര്‍പ്പിക്കാതിരിക്കുക. കാരണം അവ തിക്ത ഫലങ്ങളെ ക്ഷണിച്ചുവരുത്തും. 

നവഗ്രഹങ്ങളും പുഷ്പങ്ങളും 

സൂര്യന്‍ - കൂവളത്തില, 
ചന്ദ്രന്‍- വെള്ളത്താമര 
ചൊവ്വ - ചുവന്ന പുഷ്പങ്ങള്‍, 
ബുധന്‍ - തുളസി 
വ്യാഴം - ചെമ്പകം, 
ശുക്രന്‍-മുല്ല, 
ശനി- കരിങ്കൂവളം 
ഗ്രഹങ്ങള്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അനിഷ്ടത്തെ പ്രദാനം ചെയ്യുന്നുവെന്നാണ് വിശ്വാസം. ആ അനിഷ്ടത്തേയും അനുഗ്രഹമാക്കി യഥാവിധിയുള്ള പൂക്കളുടെ സമര്‍പ്പണം മൂലം മാറ്റാന്‍ കഴിയുമെന്നതാണ് യാഥാര്‍ത്ഥ്യം. 

ആ പുഷ്പങ്ങളാല്‍ ചെയ്യപ്പെടുന്ന അര്‍ച്ചന. അതിന്റെ ഫലപ്രാപ്തി വളരെ വലുതാണ്. ശങ്കരനാരായണ മൂര്‍ത്തിക്ക് വൈഷ്ണവവും ശൈവവുമായ പുഷ്പങ്ങളും ശാസ്താവ്, സുബ്രഹ്മണ്യന്‍, ഗണപതി തുടങ്ങിയവര്‍ക്ക് ശൈവവും ശാക്‌തേയവുമായ പുഷ്പങ്ങളും ദുര്‍ഗ്ഗയ്ക്ക് ശാക്‌തേയമായ പുഷ്പങ്ങളും സമര്‍പ്പിക്കാവുന്നതാണ്. 

ചെടികളില്ലാത്ത വീടുകളുമില്ല. ഫലങ്ങള്‍ തരാത്ത ദൈവങ്ങളുമില്ല. ഓടി നടന്ന് പണച്ചെലവുകളുള്ള വഴിപാടുകള്‍ നടത്തുന്നതിലും എത്രയും മഹത്തരമാണ് ഒരു പിടി പൂജാപുഷ്പങ്ങളുടെ സമര്‍പ്പണം; മനസ്സറിഞ്ഞുള്ള പ്രാര്‍ത്ഥന. 

ഇനി ക്ഷേത്രത്തിലേക്ക് പോകുമ്പോള്‍ എന്ത് സമര്‍പ്പിക്കും എന്നതിനെക്കുറിച്ചോര്‍ത്ത് വ്യാകുലചിത്തരാകേണ്ടതില്ല. സ്വന്തം വീട്ടുമുറ്റത്തു നിന്നുമിറുത്തെടുത്ത ഒരു പിടി പുഷ്പങ്ങളാകട്ടെ, ഇഷ്ട ദൈവത്തിനുവേണ്ടിയുള്ള കാണിക്ക സമര്‍പ്പണം.