പാണവള്ളി നാല്പത്തെണ്ണീശ്വരം മഹാദേവക്ഷേത്രം...
വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമന്‍ പ്രതിഷ്ഠ നടത്തിയത് എന്ന് ഐതിഹ്യമുള്ള പുരാതന ശിവക്ഷേത്രമാണ് നാല്പത്തെണ്ണീശ്വരം ശിവക്ഷേത്രം.
ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ പാണവള്ളിയിൽ സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ് നാല്പത്തെണ്ണീശ്വരം ശിവക്ഷേത്രം. നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ രണ്ടു ചേർത്തല-കളെപ്പറ്റി പരാമർശിക്കുന്നുണ്ട്. അതിലൊന്നാണ് നാല്പത്തെണ്ണീശ്വരം ക്ഷേത്രം. രണ്ടാമത്തേത് വേളോർവട്ടം മഹാദേവക്ഷേത്രമാണ്.
കഥകളിയ്ക്കു പ്രസിദ്ധിയാർജ്ജിച്ച ക്ഷേത്രം കൂടിയാണ് നാല്പത്തെണ്ണീശ്വരം. വർഷത്തിൽ മിക്ക ദിവസങ്ങളിലും നാല്പത്തെണ്ണീശ്വരന്‍റെ തിരുമുമ്പിൽ കഥകളി വഴിപാട് നടത്താറുണ്ട്.
കിഴക്കു ദർശനമായുള്ള ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ പരമശിവൻ ആണ്.
പരശുരാമ പ്രതിഷ്ഠിതമായ നാല്പത്തെണ്ണീശ്വരത്തപ്പൻ ഇവിടെ കിരാതമൂർത്തിയായി കുടികൊള്ളുന്നു എന്നാണ് വിശ്വാസം.പരശുരാമ പ്രാതിഷ്ഠിതമെന്നു കരുതുമ്പോഴും ഖരമഹർഷിയാണ് പ്രതിഷ്ഠ നടത്തിയത് എന്നാണ് മറ്റൊരു ഐതിഹ്യം.
പാണ്ഡവരുടെ വനവാസക്കാലത്ത് കൂടുതൽ ആയോധന വിദ്യകളും ശക്തിയും കൈവരാനായി പശുപതിയെ മനസ്സിൽ ധ്യാനിച്ച് തപസ്സാരംഭിച്ചുവെന്നു മഹാഭാരതം. അർജ്ജുനനിൽ സംപ്രീതനായ ഭഗവാൻ, ദേവീസമേതം കാട്ടാളവേഷത്തിൽ അർജ്ജുനനെ പരീക്ഷിക്കുകയും തുടർന്ന് കിരീടിക്ക് പാശുപതാസ്ത്രം സമ്മാനിച്ച് അനുഗ്രഹിക്കുകയും ചെയ്തു. അർജ്ജുനന് പാശുപതം കൊടുത്ത് അനുഗ്രഹിച്ച കിരാതമൂർത്തി സങ്കല്പമാണ് പാണാവള്ളി നാല്പത്തെണ്ണീശ്വരത്തെന്നു ഐതിഹ്യം.
പാണ്ഡവർ ദേശാടനത്തിനിടയിൽ ഇവിടെ വരികയുണ്ടായന്നും വളരെ നാൾ ഇവിടെ താമസിച്ചിരുന്നുവെന്നും അങ്ങനെ 'പാണ്ഡവർ വെളിയായി' അന്ന് അറിയപ്പെട്ട ഈ ദേശം പിന്നീട് പാണാവള്ളിയായി എന്നാണ് ഐതിഹ്യം. അർജ്ജുനന് പാശുപതാസ്ത്രം നൽകി അനുഗ്രഹിച്ച കിരാതമൂർത്തിയുടെ ഇവിടുത്തെ സാന്നിധ്യം മനസ്സിലാക്കിയ ഖരമഹർഷി, കിരാതമൂർത്തീ സങ്കല്പത്തിൽ ശിവപ്രതിഷ്ഠ നടത്തി നാല്പത്തെണ്ണീശ്വരത്തപ്പനെ പൂജിച്ചിരുന്നുവത്രേ.
പാണാവള്ളി നല്പത്തെണ്ണീശ്വരം ക്ഷേത്രം നാല്പത്തിഎട്ടു ഇല്ലാക്കാരുടെ വക ആയിരുന്നു. നാല്പത്തെട്ട് ഇല്ലക്കാർക്ക് അധികാരസ്ഥാനം ഉണ്ടായിരുന്നതിൽ ക്ഷേത്രം നാല്പത്തെണ്ണീശ്വരം എന്നും ക്ഷേത്രേശൻ നാല്പത്തെണ്ണീശ്വരത്തപ്പൻ എന്നും അറിയപ്പെട്ടു പോന്നു. ഈ നാല്പത്തെട്ട് ഊരളർമാർ ആരൊക്കെയായിരുന്നെന്നും അവരുടെ മന ഏതൊക്കെയായിരുന്നു എന്നും കണ്ടത്തേണ്ടിരിക്കുന്നു. ഇതിൽ പല ബ്രാഹ്മണ കുടുംബങ്ങളും അന്യം നിന്ന് പോയിരിക്കുന്നു. തുടർന്ന് വടക്കുംകൂർ-കൊച്ചി രാജാധികാരങ്ങൾ ക്ഷേത്രഭരണം കൈയ്യാളുകയും പിന്നീട് അഞ്ചുകൈമൾക്ക് ക്ഷേത്ര കൈമൾ സ്ഥാനം കിട്ടുകയും ചെയ്തു.
വേമ്പനാട്ടുകായലിനു പടിഞ്ഞാറുഭാഗത്തായി ചേർത്തല പാണാവള്ളിയിലാണ് നാല്പത്തെണ്ണീശ്വരം ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പണ്ട് മഹാക്ഷേത്രമായി പരിലസിച്ചിരുന്നു വെന്ന് ഇവിടുത്തെ ക്ഷേത്ര നിർമ്മാണം കണ്ടാൽ മനസ്സിലാക്കാം. ഏകദേശം 1500 വർഷങ്ങൾക്ക് മുൻപുതന്നെ മഹാക്ഷേത്രമായി പരിലസിച്ചിരുന്നുവത്രെ. അങ്ങനെ നോക്കുമ്പോൾ രണ്ടാം ചേരസാമ്രാജ്യത്തിന്‍റെ സംഭാവനയാവാം ക്ഷേത്ര സമുച്ചയം. എന്തായാലും ക്ഷേത്ര പ്രശസ്തിക്ക് ഉതകുന്നവണ്ണമുള്ള നിർമ്മാണ ശൈലിയും ഗാംഭീരവും ക്ഷേത്രത്തിനു ഇന്നുമുണ്ട്.
കിഴക്കേനടയിൽ വലിപ്പമേറിയ ആനക്കൊട്ടിൽ ഗതകാലസ്മരണകൾ അയവിറക്കി നിലകൊള്ളുന്നു. വലിപ്പമേറിയ ഉരുളൻ തൂണുകളാൽ സമ്പന്നമാണ് നാല്പത്തെണ്ണീശ്വരത്തെ ആനക്കൊട്ടിൽ. കുംഭമാസത്തിലെ രോഹിണിനാളിൽ ദേശനാഥനെ കണ്ടു വണങ്ങാൻ എത്തുന്ന മറ്റുദേവി-ദേവന്മാരുമായി കൂടിയെഴുന്നള്ളത്ത് നടക്കുന്നത് ഈ ആനക്കൊട്ടിലിലാണ്.
സർവ്വാഭിഷ്ട ദ്ദയകനായി കിരാതമൂർത്തിയായി സങ്കല്പത്തിലുള്ള ചുരുക്കം ചില മഹാദേവ ക്ഷേത്രങ്ങളിലൊന്നാണ് പാണാവള്ളി നാല്പത്തെണ്ണീശ്വരം. പൃഥയുടെ പുത്രനായ പാർത്ഥന് പാശുപതം കൊടുത്തനുഗ്രഹിച്ചതുപോലെ പ്ര്യഥിയുടെ പുത്രന്മാരായ നമ്മളേയും കിരാത മൂർത്തി അനുഗ്രഹിക്കുമെന്നാണ് ഇവിടുത്തെ വിശ്വാസം.
ഉപദേവന്മാർ:-
ഗണപതി,ദുർഗ്ഗ ദേവി,ചൊവ്വാഭഗവതി,വരാഹമൂർത്തി,അയ്യപ്പൻ,നാഗരാജാവ്,
നാഗയക്ഷി,രക്ഷസ്സ്
പഞ്ചപൂജാവിധികളും മൂന്നുശീവേലികളും പടിത്തരമായുള്ള മഹാക്ഷേത്രമാണ് നാല്പത്തെണ്ണീശ്വരം.
നാല്പത്തെണ്ണീശ്വരന്‍റെ പ്രധാന ഇഷ്ട വഴിപാട് കഥകളി ആണ്. വഴിപാടായി കഥകളി നടത്താറുള്ള കേരളത്തിലെ രണ്ടു ക്ഷേത്രങ്ങളിൽ ഒന്നാണിത്. രണ്ടാമത്തേത് തിരുവല്ല ശ്രീവല്ലഭ ക്ഷേത്രമാണ്. ക്ഷേത്രത്തിൽ കഥകളി നടത്തുന്നത് കിഴക്കേ ആനക്കൊട്ടിലിലാണ്. പ്രധാനമായും ദക്ഷയാഗമോ, കിരാതം കഥയോ ആണ് നടത്താറുള്ളത്. ഉത്സവ കാലങ്ങളിൽ ഈ കഥകൾ നിർബന്ധമായ പടിത്തരവുമാണ്.
തിരുവുത്സവം കുംഭമാസത്തിൽ (ഫെബ്രുവരി - മാർച്ച്) തിരുവാതിര നക്ഷത്രം ആറാട്ടായി വരത്തക്കവിധം എട്ട് ദിവസം കൊണ്ടാടുന്നു. ഒന്നാം ദിവസം ഉത്തൃട്ടാതി നക്ഷത്രത്തിൽ മഹാദേവക്ഷേത്ര നടയിൽ തൃക്കൊടിയേറി ആരംഭിക്കുന്ന തിരുവുത്സവം എട്ടാംദിവസം ആറാട്ടോടുകൂടി സമാപിക്കുന്നു.
പ്രസിദ്ധമായ രോഹിണിനാളിലെ കൂടിയെഴുന്നള്ളത്ത് ആറാം ഉത്സവ ദിവസം ആണ് നടത്തുന്നത്. ദേശനാഥനെ കണ്ടു വണങ്ങാൻ ഊരാളിപറമ്പത്ത് ശാസ്താവു തുടങ്ങി നിരവധി ദേവി-ദേവന്മാർ നാല്പത്തെണ്ണീശ്വര സന്നിധിയിൽ എത്തിച്ചേരും. തുടർന്നുള്ള കൂടിയെഴുന്നള്ളത്തും യാത്രാമൊഴിയും, ആതിഥേയാനായ നെല്പത്തെണ്ണീശ്വരൻ പാർവ്വതീ സമേതനായി അനുവാദം കൊടുക്കുന്നതും കണ്ടുതൊഴാൻ ഭക്തജന സഹസ്രം സാക്ഷിയാകും.
കുംഭമാസത്തിലെ തിരുവോണനാളിലാണ് ശിവരാത്രി ആഘോഷിക്കുന്നത്. ശിവരാത്രിയോട് അനുബന്ധിച്ച് ക്ഷേത്രത്തിൽ പന്ത്രണ്ടു കളഭവും നടത്താറു പതിവുണ്ട്. ഈ പന്ത്രണ്ടു ദിനങ്ങളും ക്ഷേത്രം ഭക്തരാൽ നിബിഡമായിരിക്കും. അതുപോലെതന്നെ ശിവരാത്രി നാളിൽ രാത്രിശീവേലി കാളപ്പുറത്താണ് (ഋഷഭ വാഹനം) എഴുന്നള്ളിക്കുന്നത്.
ചേർത്തല പാണാവള്ളിയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ചേർത്തലയിൽ നിന്നും തൈക്കാട്ടുശ്ശേരി വഴി അരൂരിനുള്ള യാത്രാ മദ്ധ്യേയാണ് പാണാവള്ളി. പാണാവള്ളിയിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ പടിഞ്ഞാറു മാറി ക്ഷേത്രം സ്ഥിതിചെയ്യുന്നു.