2018, ഒക്‌ടോബർ 3, ബുധനാഴ്‌ച

ഞാറ്റുവേല -- ജ്യോതിഷം, ജ്യോതിശ്ശാസ്ത്രം




ഞാറ്റുവേല

ജ്യോതിഷം, ജ്യോതിശ്ശാസ്ത്രം

ആകാശം നോക്കാത്തവരായി ആരെങ്കിലും ഉണ്ടോ? പ്രത്യേകിച്ചും രാത്രിയാകാശം! ഉണ്ടെങ്കില്‍ അത്രേം അരസികര്‍ വേറെ കാണില്ല. പകലാകാശം തന്നെ ആദ്യം നോക്കാം. സൂര്യന്‍ തന്നെയാണ് അപ്പോഴത്തെ താരം, താരകവും! സൂര്യന്റെ ചലനം നമുക്കറിയാം. രാവിലെ കിഴക്ക് വന്നുദിക്കും. എന്നിട്ടോ, പതിയെപ്പതിയെ മുകളിലോട്ടുപോയി ഉച്ചനേരത്ത് തലയ്ക്കു മുകളിലെത്തും. എന്നിട്ട് പതിയെപ്പതിയെ താഴേക്കുവന്ന് അവസാനം പടിഞ്ഞാറ് അസ്തമിക്കും. രാത്രിയാകാശത്ത് ചന്ദ്രനും ഇതേ പരിപാടി തന്നെ നടത്തുന്നതു കാണാം. ( ഉദയമോ അസ്തമയമോ ഏതെങ്കിലുമൊന്ന് പലപ്പോഴും പകല്‍ തന്നെയാണെന്നതിനാല്‍ രാത്രിയില്‍ മിക്കവാറും അസ്തമയമോ ഉദയമോ ഏതെങ്കിലും ഒന്നേ കാണാന്‍ കഴിയൂ എന്നു മാത്രം. ) ഈ കാഴ്ച സ്ഥിരമായി കണ്ടുകണ്ട് പണ്ടുള്ളവര്‍ കരുതിയിരുന്നത് ചന്ദ്രനും സൂര്യനും ഭൂമിക്കു ചുറ്റും സഞ്ചരിക്കയാണെന്നാണ്. തത്ക്കാലം നമുക്കും അങ്ങനെ തന്നെ കരുതാം! ചന്ദ്രന്റേം സൂര്യന്റേം ഭൂമിക്കു ചുറ്റുമുള്ള(!) ഈ സഞ്ചാരപാത ഏതാണ്ട് ഒന്നു തന്നെയാണുതാനും! ഏതാണ്ട് ഒരേ വഴിക്കാണ് രണ്ടുപേരും ആകാശത്തൂടെ സഞ്ചരിക്കുന്നതെന്നു ചുരുക്കം. ഇനി നമുക്ക് ചന്ദ്രനേം സൂര്യനേം തത്ക്കാലം മാറ്റിനിര്‍ത്താം. എന്നിട്ട് നക്ഷത്രങ്ങളെപ്പിടിക്കാം. രാത്രിയാകാശം സ്ഥിരമായി വീക്ഷിച്ചാല്‍ രസകരമായ പല കാര്യങ്ങളും കണ്ടെത്താനാവും. നക്ഷത്രങ്ങള്‍ സ്ഥിരമായി നില്‍ക്കുകയേ അല്ല. മറിച്ച് ഇവയും കിഴക്കുദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്നതു കാണാം. (തെക്കും വടക്കുമുള്ള നക്ഷത്രങ്ങളുടെ സഞ്ചാരം തത്ക്കാലം പിന്നെ പരിഗണിക്കാം) അങ്ങനെ മാനം നോക്കി മാനം നോക്കി പണ്ടുള്ളവര്‍ രസകരമായ മറ്റൊരു കണ്ടെത്തലും നടത്തി. നക്ഷത്രങ്ങള്‍ തമ്മിലുള്ള അകലം എപ്പോഴും ഒരു പോലെ തന്നെ ഇരിക്കും. ഒരിക്കലും അവ തമ്മില്‍ അകന്നുപോവുകയോ അടുത്തുവരുകയോ ചെയ്യുന്നതേയില്ല! ശ്ശെടാ, കടലാസില്‍ വീണ മഷിത്തുള്ളികള്‍പോലെ ഒരേയിരിപ്പ്. ഇതുകൊണ്ട് ഒരു ഗുണമുണ്ടായി. നക്ഷത്രങ്ങളെ തിരിച്ചറിയാന്‍ ഉപയോഗിക്കാം. അതിനായി അവര്‍ സൂത്രം കണ്ടെത്തി. കുറച്ചു നക്ഷത്രങ്ങളെ കൂട്ടിച്ചേര്‍ത്ത് കുറെ വരകള്‍ വരയ്ക്കുക. അപ്പോള്‍ ഒരു ചിത്രം കിട്ടും. പക്ഷിയും അടുപ്പും മീനും തേളും...അങ്ങനെ അങ്ങനെ നിരവധി ചിത്രങ്ങള്‍. പണ്ടത്തെ മാനംനോക്കികള്‍ മാനം മുഴുവന്‍ ഇങ്ങനെ ചിത്രങ്ങള്‍ വരച്ചുകൂട്ടി. ഇന്ത്യക്കാരും ഗ്രീക്കുകാരും അറേബ്യക്കാരും എല്ലാം ഇങ്ങനെ ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. ഇന്ത്യാക്കാര്‍ക്ക് മാനം മുഴുവനുള്ള ചിത്രങ്ങളോട് അത്ര വലിയ പ്രതിപത്തി ഉണ്ടായിരുന്നില്ല! സൂര്യന്റേം ചന്ദ്രന്റേം പുറകേയായിരുന്നു ഇന്ത്യാക്കാര്‍. അതുകൊണ്ടാകണം ചന്ദ്രന്റേം സൂര്യന്റേം സഞ്ചാരപാതയിലുള്ള നക്ഷത്രങ്ങളോടായിരുന്നു നമ്മുടെ പ്രാചീനരുടെ കൂട്ട്. ഈ പാതയിലുള്ള നക്ഷത്രങ്ങളെ വച്ച് അവര്‍ പന്ത്രണ്ടു ചിത്രങ്ങളാണ് വരച്ചുകൂട്ടിയത്. സിംഹം, യുവതി, തുലാസ്, തേള്‍, വില്ല്, മകരമത്സ്യം, കുടം, മീന്‍, ആട്, കാള, പ്രണയിനികള്‍, ഞണ്ട് എന്നിങ്ങനെ കൗതുകകരമായ പന്ത്രണ്ടുചിത്രങ്ങള്‍* നക്ഷത്രങ്ങള്‍ തമ്മിലുള്ള അകലം ഒരിക്കലും മാറ്റമില്ലാതെ തുടരുന്നുണ്ട്. പക്ഷേ ഈ നിയമം അനുസരിക്കാത്ത ചില കൂട്ടരെയും നമ്മുടെ മാനംനോക്കികള്‍ കണ്ടെത്തി. നക്ഷത്രങ്ങള്‍ക്കിടയിലൂടെ അവയങ്ങനെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അഞ്ചു പേരാണ് അനുസരണയില്ലാതെ നക്ഷത്രങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കുന്നവര്‍. കാലമേറെക്കഴിഞ്ഞ് അഞ്ചുപേര്‍ക്കും പേരൊക്കെ കിട്ടി. ശുക്രന്‍, വ്യാഴം, ശനി, ചൊവ്വ, ബുധന്‍! അതെ നമ്മുടെ ഗ്രഹങ്ങള്‍ തന്നെ! നിരീക്ഷണത്തില്‍ ഒരു കാര്യം കൂടി പിടികിട്ടി. ഈ ഗ്രഹങ്ങളും സഞ്ചരിക്കുന്നത് നമ്മുടെ സൂര്യനും ചന്ദ്രനും സഞ്ചരിക്കുന്ന പാതയ്ക്കരികില്‍ക്കൂടിത്തന്നെ! അങ്ങനെ ആകാശത്തിന്റെ ഒരു പ്രത്യേകഭാഗത്തുകൂടി സഞ്ചരിക്കുന്നവരുടെ എണ്ണം ഏഴായി. സൂര്യന്‍, ചന്ദ്രന്‍, ശുക്രന്‍, വ്യാഴം, ശനി, ചൊവ്വ, ബുധന്‍! നേരത്തേ നമ്മളൊരു കാര്യംപറഞ്ഞതോര്‍ക്കുന്നോ? ആകാശത്തു വരച്ച പന്ത്രണ്ടുചിത്രങ്ങള്‍. ഭൂമിക്കുചുറ്റുമായിട്ടാണ് ഈ പന്ത്രണ്ടുചിത്രങ്ങളുടെയും കിടപ്പ്. ഏതാണ്ടു ഭൂമധ്യരേഖയ്ക്കു മുകളിലൂടെ എന്നും പറയാം. 360 ഡിഗ്രിയില്‍ ഏതാണ്ട് തുല്യമായി ഭാഗച്ചിരിക്കുന്ന പന്ത്രണ്ടുചിത്രങ്ങള്‍! ഓരോ ചിത്രവും ഏതാണ്ടു 30 ഡിഗ്രി വരും. ഭൂമിയ്ക്കു ചുറ്റുമുള്ള ഈ ചിത്രങ്ങള്‍ക്ക് രാശികള്‍ എന്നാണ് പേരുകൊടുത്തിരിക്കുന്നത്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം. സിംഹം, യുവതി, തുലാസ്, തേള്‍, വില്ല്, മകരമത്സ്യം, കുടം, മീന്‍, ആട്, കാള, പ്രണയിനികള്‍, ഞണ്ട് എന്നീ ആകൃതിക്കനുസരിച്ചുള്ള പേരുകള്‍!!! ഇനി നമ്മുടെ ആദ്യചിത്രത്തിലേക്കു വരാം. ജ്യോത്സ്യരുടെ കയ്യിലിരിക്കുന്ന ചിത്രം! മിക്ക കലണ്ടറുകളിലും നോക്കിയാല്‍ കാണാവുന്ന ചിത്രം. ഭൂമിക്കു ചുറ്റുമുള്ള പന്ത്രണ്ടുരാശികളെ ചിത്രീകരിച്ചിരിക്കുന്ന ഒരു ചിത്രം മാത്രമാണിത്. രസകരമായ ഒരു ചിത്രം. ചില നാടുകളില്‍ ഇത് വട്ടത്തിലാണ്. പക്ഷേ കേരളത്തില്‍ അതിനെ ചതുരത്തിലാക്കി എന്നു മാത്രം. ഓരോ രാശിയുടെയും സ്ഥാനം കൊടുത്തിരിക്കുന്നതു നോക്കൂ. ആദ്യ രാശിയായി എടുത്തിരിക്കുന്നത് മേടമാണ്. അതിന്റെ സ്ഥാനം നോക്കി മനസ്സിലാക്കിയേക്കൂ! ഈ പന്ത്രണ്ടു രാശികളിലൂടെയാണ് നമ്മുടെ ഏഴു 'ഗ്രഹ'(!)ങ്ങളും സഞ്ചരിക്കുന്നത്. തമാശയെന്തെന്നാല്‍ സൂര്യനും ചന്ദ്രനും പ്രാചീനര്‍ക്ക് ഗ്രഹങ്ങളായിരുന്നു! രാശിചക്രം എന്ന ഈ ചതുരത്തില്‍ ഗ്രഹങ്ങളുടെ സ്ഥാനം അടയാളപ്പെടുത്തി വയ്ക്കാന്‍ ഏറെ എളുപ്പമാണ്. ഒരു ദിവസം ഓരോ ഗ്രഹങ്ങളും ഏതേതു രാശികളിലാണെന്ന് ആകാശത്തുനോക്കി മനസ്സിലാക്കി അവയെ അതാതു കോളത്തില്‍ എഴുതിവച്ചാല്‍ മതിയല്ലോ. വര്‍ഷങ്ങളുടെ നിരീക്ഷണപാടവമുള്ളവര്‍ക്ക് ഇത് എളുപ്പം സാധിക്കുകയും ചെയ്യും. ഈ ഗ്രഹങ്ങള്‍ക്ക് പ്രാചീനജ്യോതിശാസ്ത്രജ്ഞര്‍ ഓരോ പേരുകള്‍ നല്‍കിയിട്ടുണ്ട്. സൂര്യനെ രവി എന്നാണു വിളിക്കുക. 'ര' എന്ന് എവിടെയെങ്കിലും കണ്ടാല്‍ അത് സൂര്യനാണെന്നു മനസ്സിലാക്കാം. ചന്ദ്രനെ 'ച' എന്ന അക്ഷരം കൊണ്ടും ശുക്രനെ 'ശു' കൊണ്ടും ബുധനെ 'ബു' കൊണ്ടും സൂചിപ്പിച്ചു. വ്യാഴത്തിന് മറ്റൊരു പേരാണു നല്‍കിയത്. 'ഗുരു' എവിടെയും 'ഗു' എന്ന അക്ഷരം കണ്ടാല്‍ അത് വ്യാഴമാണെന്നു മനസ്സിലാക്കിക്കോളണം. ചൊവ്വയ്ക്ക് 'കുജന്‍' എന്ന പേരിന്റെ ആദ്യാക്ഷരം 'കു' കൊടുത്തു. ശനിയുടെ പേരാണ് ഏറ്റവും രസകരം. 'മന്ദന്‍'! പേര് അക്ഷരാര്‍ത്ഥത്തില്‍ ശരി തന്നെ. കാരണം സൂര്യനു ചുറ്റും ശനിക്ക് ഒരു തവണ ഒന്നു സഞ്ചരിക്കണമെങ്കില്‍ 30 കൊല്ലം വേണം! രാശചക്രത്തിലൂടെ ഏറ്റവും പതിയെ സഞ്ചരിക്കുന്നയാളാണ് മന്ദന്‍! (പ്രാചീനര്‍ യുറാനസിനെയും നെപ്റ്റ്യൂണിനെയുമൊന്നും കാണാത്തതു നന്നായി. അല്ലെങ്കില്‍ മന്ദന്‍ എന്ന പേര് അവര്‍ക്കാര്‍ക്കെങ്കിലും കൊടുക്കേണ്ടി വന്നേനെ!!!) ഇങ്ങനെ എഴുതി വയ്ക്കുന്നത് എന്തിനായിരിക്കും എന്നു ചിന്തിച്ചിട്ടുണ്ടോ? ആളുകളുടെ ഭൂതവും ഭാവിയും വര്‍ത്തമാനവും ഒന്നും പറയാനായിട്ടായിരുന്നില്ല ഇപ്പണി ചെയ്തത്. നല്ലൊന്നാന്തരം ഒരു ക്ലോക്കാണ് അവര്‍ ഈ എഴുതി വച്ചിരിക്കുന്നത്. രാശിചക്രത്തിലൂടെ ഓരോ 'ഗ്രഹ'ത്തിനും ഒരു തവണ കറങ്ങി വരാന്‍ നിശ്ചിതസമയം വേണം. ചന്ദ്രന് 27 ദിവസം മതി പന്ത്രണ്ടു രാശികളിലൂടെയും കറങ്ങി വരാന്‍! സൂര്യന് കൃത്യം ഒരു വര്‍ഷം വേണം! ബുധനും ശുക്രനും ഒരു വര്‍ഷം തന്നെ. ചൊവ്വ ഒന്നര വര്‍ഷമെടുക്കും. വ്യാഴത്തിന് പന്ത്രണ്ടു വര്‍ഷം വേണം. 'വ്യാഴവട്ടം' എന്നു കേട്ടിട്ടില്ലേ, അതു തന്നെ സംഗതി! ശനിക്കാണെങ്കിലോ, മുപ്പതു വര്‍ഷം വേണം!!! ശരിക്കും മന്ദന്‍! ഒരാളുടെ പ്രായം കണക്കാക്കാന്‍ നല്ലൊരു വിദ്യയാണ് ഈ രാശിചക്രം! ഒരു കുട്ടി ജനിക്കുമ്പോള്‍ രാശിചക്രത്തില്‍ ഓരോ ഗ്രഹങ്ങളുടെയും സ്ഥാനം രേഖപ്പെടുത്തി വയ്ക്കുക. കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞ് കുട്ടിയുടെ പ്രായമറിയണമെങ്കില്‍ അപ്പോഴത്തെ ഗ്രഹനിലയും കുട്ടി ജനിച്ചപ്പോള്‍ രേഖപ്പെടുത്തിയ ഗ്രഹനിലയും തമ്മില്‍ ഒന്നു താരതമ്യപ്പെടുത്തിയാല്‍ മതി. കുട്ടി ജനിക്കുമ്പോള്‍ മേടത്തില്‍ നിന്ന ശനി ഇപ്പോള്‍ മിഥുനത്തില്‍ എത്തി എന്നിരിക്കട്ടെ. ഏതാണ്ട് ഏഴര വര്‍ഷം കഴിഞ്ഞു എന്നൂഹിക്കാം! (രണ്ടര വര്‍ഷത്തെ വ്യത്യാസം ഉണ്ടാകാം!) ഇതുപോലെ മറ്റു ഗ്രഹങ്ങളെക്കൂടി പ്രയോജനപ്പെടുത്തിയാല്‍ ഏതാണ്ട് ദിവസങ്ങളുടെ വ്യത്യാസത്തില്‍ പ്രായമറിയാന്‍ കഴിയും!! കാരണം ചന്ദ്രന്‍ ഒരു രാശിയില്‍ക്കൂടി സഞ്ചരിക്കാനെടുക്കുന്ന സമയം രണ്ടേകാല്‍ ദിവസമാണ്. ഗ്രഹനില അടയാളപ്പെടുത്തുന്നതില്‍ മറ്റു രണ്ടു 'ഗ്രഹ'ങ്ങള്‍ കൂടി ഉണ്ട്. രാഹുവും കേതുവും ആണ് ഈ ചങ്ങാതിമാര്‍. 'സ' എന്നും 'ശി' എന്നും ആണ് ഗ്രഹനിലയില്‍ ഇവരെ അടയാളപ്പെടുത്തുക. അതും എപ്പോഴും കൃത്യം എതിര്‍വശത്തും! പേരുകള്‍ സര്‍പ്പം, ശിഖി! തമാശയെന്തെന്നാല്‍ സത്യത്തില്‍ അങ്ങനെ രണ്ടു ഗ്രഹങ്ങളേ ഇല്ല! ങേ!, അതേ, സൗരയൂഥം മുഴുവന്‍ തിരഞ്ഞാലും അങ്ങനെ രണ്ടുപേരെ കണ്ടെത്താന്‍ പറ്റില്ല. എന്നാല്‍ ജ്യോതിശ്ശാസ്ത്രപരമായി ഇവര്‍ക്കു പ്രാധാന്യമുണ്ടുതാനും. സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും മുന്‍കൂട്ടിയറിയുന്നതില്‍ ഇവയ്ക്കുള്ള പ്രാധാന്യം രാശിചക്രത്തില്‍ വളരെ വലുതാണ്. ഭൂമിക്കുചുറ്റും! ചന്ദ്രനും സൂര്യനും സഞ്ചരിക്കുന്നു എന്നു തോന്നിക്കുന്ന രണ്ടുപാതകളുണ്ടല്ലോ. രണ്ടും ഏതാണ്ട് ഒരേ ഭാഗത്തുകൂടിയാണ് കടന്നുപോകുന്നത് എന്നേയുള്ളൂ. എന്നാല്‍ രണ്ടും കൃത്യമായിപ്പറഞ്ഞാല്‍ ഒന്നല്ല! ഈ രണ്ടുപാതകളും കൂട്ടിമുട്ടുന്നു എന്നു തോന്നുന്ന രണ്ടു സ്ഥാനങ്ങളുണ്ട് ആകാശത്തില്‍. അതിലൊന്നിനെ രാഹു എന്നും അടുത്തതിനെ കേതു എന്നും വിളിക്കും. സൂര്യനും ചന്ദ്രനും ഒരുമിച്ച് രാഹുവില്‍ എത്തിയാല്‍ അന്ന് സൂര്യഗ്രഹണമാണ്. കേതുവില്‍ എത്തിയാലും സൂര്യഗ്രഹണം തന്നെ! എന്നാല്‍ സൂര്യന്‍ രാഹുവിലും ചന്ദ്രന്‍ കേതുവിലും വന്നാല്‍ അന്ന് ചന്ദ്രഗ്രഹണമായിരിക്കും നടക്കുക. തിരിച്ചായാലും ചന്ദ്രഗ്രഹണം തന്നെ! 

നവഗ്രഹങ്ങള്‍!

"അതിന് പ്ലൂട്ടോയെ പുറത്താക്കിയില്ലേ, ഇനി അഷ്ടഗ്രഹങ്ങള്‍ എന്നല്ലേ പറയാന്‍ പറ്റൂ?" ഇങ്ങനെ ചോദിക്കുന്ന ഒത്തിരിപ്പേരെ കണ്ടേക്കാം. ശരിക്കും അങ്ങനെയാണോ? നോക്കിക്കളയാം. ഒന്‍പതുഗ്രഹങ്ങളാണ് പ്രാചീനജ്യോതിശ്ശാസ്ത്രമായ ജ്യോതിഷത്തില്‍ ഉള്ളത്. നവഗ്രഹങ്ങള്‍ എന്നാണു പേര്! കുറെക്കാലം മുന്‍പു വരെ പ്ലൂട്ടോയടക്കം ഒന്‍പതു ഗ്രഹങ്ങള്‍ ആധുനികജ്യോതിശ്ശാസ്ത്രവും കണ്ടെത്തിയിരുന്നു. ഇതുരണ്ടും ഒന്നാണെന്നായിരുന്നു കേരളത്തിലെ ഭൂരിപക്ഷം ആളുകളുടെയും വിശ്വാസം. പ്രാചീനജ്യോതിശ്ശാസ്ത്രം പഠിക്കാത്തവര്‍ ഇങ്ങനെ വിശ്വസിച്ചുപോകുന്നതില്‍ അത്ഭുതവുമില്ല. പല ജ്യോത്സ്യരും ഇക്കാര്യം പറഞ്ഞ് ആളുകളെ പറ്റിച്ചിട്ടുമുണ്ട്. എന്തിനാറെ, ചില ജ്യോതിഷികള്‍ പോലും അങ്ങനെ തന്നെ വിശ്വസിച്ചിട്ടുമുണ്ടാവും! ഗ്രഹസ്ഥാനത്തു നിന്നും ആധുനികജ്യോതിശ്ശാസ്ത്രം പ്ലൂട്ടോയെ പുറത്താക്കിയപ്പോള്‍ ഇനി ജ്യോതിഷപ്രവചനം തെറ്റില്ലേ എന്ന് ജ്യോത്സ്യരോടു ചോദിച്ച ആളുകളും നമുക്കിടയിലുണ്ട്!! പക്ഷേ എന്തു ചെയ്യാം, പ്രാചീനരുടെ നവഗ്രഹങ്ങളും ആധുനികഗ്രഹങ്ങളും തമ്മില്‍ വലിയ ബന്ധമൊന്നുമില്ല എന്നുള്ളതാണ് സത്യം! പ്രാചീനജ്യോതിശ്ശാസ്ത്രത്തില്‍ ആധുനികജ്യോതിശ്ശാസ്ത്രത്തില്‍ പറയുന്ന ഗ്രഹങ്ങള്‍ വെറും അഞ്ചേയുള്ളു. നഗ്നനേത്രങ്ങള്‍ കൊണ്ടു കാണാന്‍ കഴിയുന്ന അഞ്ചുഗ്രഹങ്ങള്‍ മാത്രം! ശുക്രന്‍, വ്യാഴം, ശനി, ചൊവ്വ, ബുധന്‍ എന്നിവ. സൂര്യനും ചന്ദ്രനും പ്രാചീനര്‍ക്ക് ഗ്രഹങ്ങളായിരുന്നു. അതും പോരാഞ്ഞ് യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത രണ്ടുഗ്രഹങ്ങള്‍, രാഹുവും കേതുവും പ്രാചീനര്‍ക്ക് ഗ്രഹങ്ങളായിരുന്നു. ഇവയാണ് ജ്യോതിഷത്തില്‍പ്പറയുന്ന നവഗ്രഹങ്ങളിലെ അംഗങ്ങള്‍! ( ജ്യോതിഷപ്രവചനസംബന്ധമായ കാര്യങ്ങള്‍ പിന്നീടൊരു പോസ്റ്റില്‍ ) 

കലണ്ടറുകള്‍

സമയം കണക്കാക്കാന്‍ പ്രാചീനജ്യോതിശ്ശാസ്ത്രജ്ഞര്‍ നടത്തിയ പലപല വേലകളാണ് ശരിക്കും ഈ നാളിനും രാശിചക്രത്തിനും ഒക്കെ വഴിവച്ചത്. ചന്ദ്രനും സൂര്യനുമാണല്ലോ എപ്പോഴും ആകാശത്തു കാണാവുന്ന രണ്ടു വസ്തുക്കള്‍. അമ്പിളിമാമനെക്കാട്ടി പിള്ളാര്‍ക്ക് ചോറുകഴിപ്പിക്കാന്‍ മാത്രമല്ല അങ്ങേരെ വച്ച് സമയം കണക്കാക്കാമെന്നും പ്രാചീനര്‍ കണ്ടെത്തി. ചന്ദ്രനെ അടിസ്ഥാനപ്പെടുത്തി കലണ്ടറുകള്‍ തന്നെ പലത് അവരുണ്ടാക്കിയിരുന്നു. മരുഭൂമികളില്‍ വസിച്ചവരാണ് കൂടുതലും ചന്ദ്രനോടു കൂട്ടുകൂടിയ ആളുകള്‍. കൃത്യമായ കാലഗണന ആവശ്യമില്ലാത്തവരായിരുന്നു അവര്‍. അമാവാസി മുതല്‍ അടുത്ത അമാവാസി വരെയോ പൗര്‍ണമി മുതല്‍ അടുത്ത പൗര്‍ണമി വരെയോ ഒക്കെയായിരുന്നു അവരുടെ മാസങ്ങള്‍. പാവം സൂര്യന്‍! സൂര്യനെ അവര്‍ പരിഗണിച്ചുകൂടിയില്ല! എങ്ങനെ പരിഗണിക്കും, പകല്‍ പുറത്തിറങ്ങിയാല്‍ തങ്ങളെ ചൂടേല്‍പ്പിച്ച് ഓടിക്കുന്ന ഒരു ചങ്ങാതിയായിരുന്നല്ലോ സൂര്യന്‍! പക്ഷേ സൂര്യനെ ആവശ്യമുള്ളവരും ഉണ്ടായിരുന്നു. കൃഷിയെ ആസ്പദമാക്കി വളര്‍ന്ന എല്ലാ സംസ്കാരങ്ങള്‍ക്കും സൂര്യന്‍ വല്യ സംഭവം ആയിരുന്നു. കൃത്യമായ കാലഗണന ആവശ്യമുള്ളവരായിരുന്നു കൃഷി ചെയ്തിരുന്നവര്‍. ഭൂമിക്കു ചുറ്റുമുള്ള(!) സൂര്യന്റെ ചലനത്തെ ആസ്പദമാക്കിയാണ് ഋതുക്കള്‍ ആവര്‍ത്തിക്കുന്നതെന്നുള്ള കണ്ടെത്തല്‍ കൃഷി ചെയ്തിരുന്നവരുടെ കണ്ടുപിടുത്തമായിരുന്നു. ക്ലോക്കും വാച്ചുമൊന്നുമില്ലാതിരുന്ന കാലത്ത് കൃഷി ചെയ്തു ജീവക്കാന്‍ നോക്കിയാല്‍ ആരും ഇതു കണ്ടെത്തിപ്പോകും!!! അങ്ങനെ അവര്‍ സൂര്യന്റെ ചലനത്തെ ആസ്പദമാക്കി കലണ്ടറുണ്ടാക്കി! കലണ്ടറിന്റെ കാര്യം പറയുമ്പോള്‍ പറയാതിരിക്കാന്‍ കഴിയാത്ത രണ്ടു കാര്യങ്ങളുണ്ട്. ഒന്ന് നാളും മറ്റൊന്ന് ഞാറ്റുവേലയും! 

നാള്‍!

നിന്റെ നാളെന്താ? കേരളത്തിലെ ഏതാണ്ട് നൂറുശതമാനം പേരും ഒരിക്കലെങ്കിലും അഭിമുഖീകരിച്ചിട്ടുള്ള ഒരു ചോദ്യമാണ്. വളരെ അഭിമാനത്തോടെ ശിരസ്സുയര്‍ത്തിപ്പിടിച്ച് ഉത്തരം കൊടുക്കും. ചോതി, രോഹിണി. അശ്വതി..... അങ്ങനെ! ജ്യോതിഷികളും ആദ്യം ചോദിക്കുന്ന ചോദ്യം ഇതു തന്നെ! വാരികകളിലെ ആഴ്ചഫലം എഴുതുന്നതും ഈ നാളുവച്ചു തന്നെ. ഈയാഴ്ച രോഹിണിക്കു കൊടുത്തത് അടുത്തയാഴ്ച അശ്വതിക്കും അശ്വതിക്കു കൊടുത്തത് മകയിരത്തിനും മകയിരത്തിനു കൊടുത്തത് ചോതിക്കും കൊടുത്തോളൂ എന്നു പറഞ്ഞ് ബാലചന്ദ്രമേനോന്‍ ആഴ്ചഫലത്തിന്റെ കള്ളക്കളികള്‍ ഒരു സിനിമയില്‍ പൊളിച്ചുതന്നിട്ടുമുണ്ട്. അങ്ങനെ പറഞ്ഞും കേട്ടും ഈ നാളെന്നു പറഞ്ഞാല്‍ നമുക്കെന്തോ വല്യ സംഭവമായി മാറി. ഇനിയീ സംഗതി, നാള്‍, എന്താണ് എന്നു നോക്കാം. നേരത്തേ പറഞ്ഞ രാശിചക്രത്തെ ഒന്നുകൂടി എടുത്തുവയ്ക്കാം. ചന്ദ്രന്‍ ഈ രാശിചക്രത്തില്‍ക്കൂടി 27 ദിവസം കൊണ്ട് ഒന്നു ചുറ്റിവരും! ഭൂമിക്കു ചുറ്റും ചന്ദ്രനു കറങ്ങാന്‍ വേണ്ട സമയം തന്നെ. ചന്ദ്രന്‍ ഓരോ ദിവസവും അപ്പോള്‍ ആകാശത്തിന്റെ ഓരോ സ്ഥലത്തു കാണപ്പെടും എന്നു വ്യക്തമാണ്. ചന്ദ്രന്‍ നില്‍ക്കുന്നതിനടുത്തായി ഏതെങ്കിലും നക്ഷത്രവും കാണും. ആ നക്ഷത്രത്തിന്റെ പേര് ആ സ്ഥലത്തിനങ്ങു പതിച്ചു നല്‍കി നമ്മുടെ പ്രാചീനര്‍. അതാണ് നാള്‍! നാളുകളുടെ എണ്ണം നോക്കൂ. കൃത്യം ഇരുപത്തേഴ്! രോഹിണിനക്ഷത്രത്തിന്റെ അടുത്താണ് (ശരിക്കും അടുത്തൊന്നുമല്ലേ, നമ്മുടെ തോന്നല്‍ മാത്രം!) ചന്ദ്രന്‍ നില്‍ക്കുന്നതെങ്കില്‍ അന്ന് രോഹിണിനാള്‍. തൃക്കേട്ട നക്ഷത്രത്തിന്റെ അടുത്താണ് ചന്ദ്രന്‍ നില്‍ക്കുന്നതെങ്കില്‍ അന്ന് തൃക്കേട്ടനാള്‍. അത്രയേ ഉള്ളൂ ഈ നാള്‍ എന്ന സംഭവം! ഇത് കൃത്യം ഒരു നക്ഷത്രം തന്നെ ആകണമെന്നില്ല കേട്ടോ. ഉദാഹരണം മകീര്യം! മൂന്നോളം നക്ഷത്രങ്ങളെ ചേര്‍ത്താണ് മകീര്യം എന്നു വിളിക്കുന്നത്. കാര്‍ത്തിക എന്നത് ഒന്നല്ല, നൂറുകണക്കിനു നക്ഷത്രങ്ങളുടെ ഒരു കൂട്ടമാണ്. നോക്കുമ്പോള്‍ എല്ലാംകൂടിച്ചേര്‍ന്ന് വളരെ അടുത്തായിട്ടുതോന്നുന്നു എന്നു മാത്രം. നഗ്നനേത്രങ്ങള്‍ കൊണ്ട് ശരിക്കും നോക്കിയാല്‍ അഞ്ചോ ആറോ നക്ഷത്രങ്ങള്‍ കാണാം. 

ഞാറ്റുവേല!

ഈ നാളുകളിലൂടെ ചന്ദ്രന്‍ മാത്രമല്ല സഞ്ചരിക്കുന്നത്. സൂര്യനും ആ വഴി തന്നെ പോകും! പക്ഷേ 365 ദിവസം കൊണ്ടാണ് ഈ സഞ്ചാരം എന്നു മാത്രം. അതായത് ഏതാണ്ട് രണ്ടാഴ്ച ഒരു നാളില്‍ ഉണ്ടാകും എന്നു സാരം! ഈ രണ്ടാഴ്ചക്കാലത്തെ പ്രാചീനര്‍ നല്ലൊരു പേരിട്ടു വിളിച്ചു. ഞാറ്റുവേല! സൂര്യന്‍ തിരുവാതിര നാളില്‍ ഉണ്ടാകുന്ന രണ്ടാഴ്ചക്കാലം തിരുവാതിരഞാറ്റുവേലയാണ്. അശ്വതിനാളിലാണെങ്കില്‍ അശ്വതിഞാറ്റുവേല! (സൂര്യന് ഞായര്‍ എന്നൊരു പേരുണ്ടല്ലോ. ഞായര്‍വേള എന്നാല്‍ സൂര്യന്റെ വേള അഥവാ കാലം എന്നര്‍ത്ഥം. ഈ പദത്തിന് മാറ്റം വന്നാണത്രേ ഞാറ്റുവേല ഉണ്ടാകുന്നത്. ) പൂര്‍ണമായും സൂര്യനെ ആസ്പദമാക്കിയുള്ള ഒരു കാലഗണനാസമ്പ്രദായമാണ് ഈ ഞാറ്റുവേല. ഋതുക്കള്‍ കൃത്യമായി പ്രവചിക്കാന്‍ ഞാറ്റുവേലയുപയോഗിച്ചു കഴിയും എന്നതാണ് ഈ സമ്പ്രദായത്തിന്റെ ഏറ്റവും വലിയ മേന്മ. കൃഷിക്കു പറ്റിയ ഏറ്റവും മികച്ചൊരു കാലഗണനാസമ്പ്രദായമായി പിന്നീട് ഞാറ്റുവേല മാറി. രോഹിണിഞാറ്റുവേലയിലാണ് കേരളത്തിലെ കാലവര്‍ഷം. തിരുവാതിരഞാറ്റുവേലയ്ക്ക് തിരിമുറിയാതെ മഴപെയ്യും എന്നൊരു ചൊല്ലുപോലുമുണ്ട്. 
എപ്പോഴും പ്രാചീനജ്യോതിശ്ശാസ്ത്രം പറഞ്ഞോണ്ടിരുന്നാലെങ്ങനാ, ഇനിയല്പം ജ്യോത്സ്യസംബന്ധമായ കാര്യങ്ങളാകാം.