2018, ഒക്‌ടോബർ 3, ബുധനാഴ്‌ച

അയ്യോ ചൊവ്വാദോഷം!




അയ്യോ ചൊവ്വാദോഷം!

ചൊവ്വയില്‍ നിന്നും സ്പിരിറ്റും ഓപ്പര്‍ച്യുണിറ്റിയും ചൊവ്വയ്ക്കു ചുറ്റും ഇന്ത്യയുടെ മോം വരെയും ചൊവ്വയെക്കുറിച്ചു പഠിച്ചോണ്ടിരിക്കുന്നു. ഒരു ബഹിരാകാശക്കമ്പനിയാണേല്‍ ആളുകളെ ചൊവ്വേലെത്തിക്കാനുള്ള തിരക്കിലും. രണ്ടു മലയാളികളും അവരുടെ ലിസ്റ്റിലുണ്ടെന്നാ കേള്‍വി. ആ ധൈര്യശാലികളെപ്പോലും ചൊവ്വാദോഷം എന്നു പറഞ്ഞു പേടിപ്പിക്കാന്‍ നമ്മുടെ ജ്യോതിഷികള്‍ക്കറിയാം. അല്ലാ അപ്പോ എന്താ ചൊവ്വാദോഷം? ചൊവ്വേല്‍പ്പോയാല്‍ ഈ പ്രശ്നം മാറിക്കിട്വോ? പ്രാചീനജ്യോതിശ്ശാസ്ത്രവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു സംഭവമാണീ ചൊവ്വാദോഷം. നമ്മുടെ കയ്യൊക്കനോക്കി പ്രവചനം നടത്തുന്ന പോലൊരു സംഗതി! എന്തു ചെയ്യാം, അതിനായി ഉപയോഗിക്കുന്നത് ഈ രാശിചക്രം ആണെന്നു മാത്രം! ലഗ്നം എന്നൊരു സംഗതി നമ്മള്‍ നേരത്തേ കണ്ടതാണല്ലോ. അതിനെ ഒന്നാംഭാവം എന്നു വിളിക്കും. അതില്‍ത്തൊട്ട് എണ്ണിയെണ്ണി ഏഴാംഭാവത്തിലെത്തുക. ആ കള്ളിയില്‍ എങ്ങാനും 'കു' എന്നു കണ്ടാല്‍ ജാതകോം കൊണ്ടുചെല്ലുന്നയാളുടെ മുഖത്തേക്ക് ജ്യോത്സ്യന്‍ ഒരു പതിമൂന്നാംഭാവത്തില്‍ ഒരു നോക്കുനോക്കിക്കളയും! ഇത് പുരുഷന്റെ കാര്യം. സ്ത്രീയുടെ കാര്യത്തില്‍ കൂടുതല്‍ ഉദാരമായിത്തന്നെ ചൊവ്വാദോഷം കൊടുക്കാന്‍ ജ്യോത്സ്യം റെഡിയാണ്. സ്ത്രീജാതകത്തില്‍ എഴാംഭാവത്തില്‍ 'കു' കണ്ടാലും എട്ടാംഭാവത്തില്‍ 'കു' കണ്ടാലും ജ്യോത്സ്യര്‍ ഒരു നോട്ടം നോക്കൂം. നിന്റെ കാര്യം പോക്കാ, ചൊവ്വാദോഷം ചൊവ്വാദോഷം എന്നൊരു നോട്ടം! ജ്യോത്സ്യസംബന്ധമായി ശരിക്കും ഇത്രേയുള്ളൂ ഈ 'ചൊവ്വാദോഷം' തമാശ! പാവം ചൊവ്വ. പന്ത്രണ്ടു കളങ്ങളില്‍ ഏതെങ്കിലും ഒരു കളത്തില്‍ ചൊവ്വയ്ക്കു പോയി നിന്നേ പറ്റൂ. സ്ത്രീകളെ സംബന്ധിച്ച് ചൊവ്വ ഇതില്‍ രണ്ടു കളങ്ങളില്‍ നിന്നാലും ചൊവ്വാദോഷം. പുരുഷന്മാരെ സംബന്ധിച്ചിടത്തോളം പന്ത്രണ്ടില്‍ ഒന്നിലും. ചുരുക്കത്തില്‍ ഭൂമിയില്‍ ജനിക്കുന്ന പന്ത്രണ്ടിലൊരു പുരുഷനും ആറിലൊന്നു സ്ത്രീക്കും ജ്യോത്സ്യം 'പണി' കൊടുക്കുമെന്നര്‍ത്ഥം. (ചുരുക്കം വരുന്ന മൂന്നാംലിംഗക്കാരുടെ കാര്യം എന്തായാലും ഇക്കാര്യത്തില്‍ രക്ഷപ്പെട്ടു!) ചൊവ്വാദോഷമുണ്ടേല്‍ ഭര്‍ത്താവ് തട്ടിപ്പോകും എന്നാണു വയ്പ്പ്. അല്ലെങ്കിലോ ചൊവ്വാദോഷമുള്ള ആളെത്തന്നെ കല്യാണം കഴിച്ചോളണം. കല്യാണം കഴിഞ്ഞ ഭര്‍ത്താവിനെ ആരെങ്കിലും കുത്തിക്കൊന്നാലും കുറ്റം ഭാര്യയ്ക്കു തന്നെ! ഓരോരോ നിയമങ്ങളേ. 700 കോടി ജനങ്ങള്‍ ഭൂമുഖത്തുണ്ടിപ്പോള്‍. അതില്‍ ഏകദേശം 350 കോടി സ്ത്രീകളും 350 കോടി പുരുഷന്മാരും. ജ്യോത്സ്യപ്രകാരം 350 കോടി സ്ത്രീകളില്‍ ആറിലൊന്നു പേര്‍ക്കും ചൊവ്വാദോഷം ഉണ്ടാവും. അതായത് ഏതാണ്ട് 58 കോടി ചൊവ്വാദോഷിണികള്‍! ഇവര്‍ക്കു കല്യാണം കഴിക്കണോങ്കി ചൊവ്വാദോഷമുള്ള പുരുഷന്മാര്‍ വേണമല്ലോ. 350 കോടി പുരുഷന്മാരില്‍ പന്ത്രണ്ടിലൊരാള്‍ക്കുണ്ടാകും ഈ 'ജ്യോത്സ്യാസുഖം' അതായത് ഏകദേശം 29 കോടി പുരുഷന്മാര്‍ക്ക്. 58 കോടി സ്ത്രീകളില്‍ പകുതിപ്പേര്‍ക്കും ചുരുക്കത്തില്‍ കല്യാണമേ കഴിക്കാന്‍ പറ്റില്ല. അല്ലെങ്കില്‍ രണ്ടു സ്ത്രീകള്‍ വീതം ഒരു പുരുഷനെ കല്യാണം കഴിക്കേണ്ടിവരും. ജ്യോത്സ്യമുണ്ടാക്കീത് പുരുഷന്മാരാണ് എന്നതിന് ഇതില്‍പ്പരം എന്തു തെളിവുവേണം! ഈ ജ്യോത്സ്യത്തിന്റെ ഓരോരോ തമാശകളേ! പിന്നെ ഒരു കാര്യം. ജ്യോതിഷവിശ്വാസികളായവരെ മാത്രമേ ഇത്തരത്തില്‍ പാവം 'ചൊവ്വ' ആക്രമിക്കൂ എന്നൊരു ഗുണമുണ്ട്. അല്ലാത്തവര്‍ സുഖമായി ജീവിച്ചോളും. വേണേല്‍ റോക്കറ്റീക്കയറി ചൊവ്വേലും പോകും. അത്രതന്നെ. 

ശനി വരുത്തുന്ന, സോറി, ജ്യോത്സ്യം വരുത്തുന്ന വിന! ഏഴരശനീം കണ്ടകശനീം

വളരെ അകലെ സൂര്യനെ ചുറ്റുന്ന, എന്നാല്‍ നല്ല വലിപ്പമുള്ള ഒരു ഗ്രഹം. അതാണ് ശരിക്കും ശനി. ഏതാണ്ടൊരു വല്യ വാതകഗോളം! ജ്യോത്സ്യര്‍ക്കു സന്തോഷോം ജാതകര്‍ക്കു കുഴപ്പോം വരുത്തുന്ന ഒരു ഗ്രഹം. പേരോ മന്ദന്‍ എന്നും. മുപ്പതുവര്‍ഷം വേണമല്ലോ ഈ ചങ്ങാതിക്ക് രാശിചക്രത്തിലൂടെ ഒന്നു ചുറ്റിവരാന്‍. ഓരോ രാശീലും രണ്ടരവര്‍ഷമുണ്ടാകുകേം ചെയ്യും. ഏഴരശനീം കണ്ടകശനീം ചൊവ്വാദോഷം പോലെ മറ്റൊരു തമാശയാണ്. അതങ്ങനെ തിരഞ്ഞെടുക്കപ്പെട്ട ആളുകള്‍ക്കു മാത്രം ഉള്ള സംഗതിയല്ല! ലോകത്തെ എല്ലാവര്‍ക്കും ഏഴരശനീം കണ്ടകശനീം അനുഭവിച്ചേ മതിയാകൂ! ജ്യോത്സ്യനു പോലും അതീന്നു രക്ഷയില്ല! ഈ സംഗതി ഓരോരുത്തര്‍ക്കും ഓരോ സമയത്തായിരിക്കും എന്നു മാത്രം. ജാതകത്തില്‍ 'ല' എന്നെഴുതിയ കോളം (രാശി) നോക്കുക. അതിലും അതിനു തൊട്ടുമുന്‍പും പിന്‍പുമുള്ള രാശികളിലൂടെയും ശനി മുപ്പതുവര്‍ഷത്തിലൊരിക്കല്‍ കടന്നുപൊയ്ക്കൊണ്ടിരിക്കും. മൂന്നു രാശികളിലൂടെയും കടന്നുപോകാന്‍ ഏഴര വര്‍ഷമെടുക്കും. ഈ കാലമാണത്രേ ഏഴരശനി! ലഗ്നാല്‍ 12, 1, 2 എന്നീ ഭാവങ്ങളില്‍ ശനിയുള്ളപ്പോള്‍ എന്ന് ജ്യോത്സ്യഭാഷേല്‍ പറയാം! കണ്ടകശനീം ഏഴരവര്‍ഷം തന്നെ. പക്ഷേ തുടര്‍ച്ചയായ ഏഴരവര്‍ഷം അല്ലെന്നു മാത്രം. കണ്ടകശനിയുടെ സമയത്തെ നിശ്ചയിക്കുന്നത് ചന്ദ്രനാണ്. ജാതകത്തില്‍ 'ച' എന്നെഴുതിയ രാശി! ചന്ദ്രനുള്ള രാശി മുതല്‍ എണ്ണിയാല്‍ 4, 7, 10 എന്നീ രാശികളില്‍ ശനി വരുന്ന സമയമെല്ലാം കണ്ടകശനിയാണത്രേ! (ചന്ദ്രാല്‍ 4, 7 10 എന്ന് ജ്യോതിഷഭാഷ) അങ്ങനെ ഏഴരശനീം കണ്ടകശനീം കൂടി 15 വര്‍ഷങ്ങള്‍! ബല്യ കുഴപ്പം പിടിച്ച കാലമാണ് ഈ വര്‍ഷങ്ങള്‍. ജീവിതം മുഴുവന്‍ പ്രശ്നങ്ങളായിരിക്കുമത്രേ! ചിലര്‍ക്ക് ഏഴരശനീം കണ്ടകശനീം ഒരുമിച്ചു വരും. ആ രണ്ടരവര്‍ഷക്കാലം ആകെ നാശകോശമാകുമെന്നു പറയേണ്ടതില്ലല്ലോ. ഒരാശ്വാസമുണ്ട്. ഓരോ മുപ്പതു വയസ്സിലും പന്ത്രണ്ടര വര്‍ഷമേ കുഴപ്പം പിടിച്ചതാകൂ! തമാശയെന്തെന്നാല്‍ ഓരോ 30 വര്‍ഷത്തിലും ശനി രാശിചക്രത്തിലൂടെ വീണ്ടും വീണ്ടും കറങ്ങിക്കൊണ്ടിരിക്കും. അപ്പോഴോ വീണ്ടും കണ്ടശനീം ഏഴരശനീം വന്നുകൊണ്ടും ഇരിക്കും. ചുരുക്കത്തില്‍ ജീവിതകാലത്തിന്റെ പകുതീം എവിടെയോ നില്‍ക്കുന്ന 'ശനി' ജ്യോത്സ്യം മൂലം പഴി കേട്ടുകൊണ്ടിരിക്കും.