2018, ഒക്‌ടോബർ 3, ബുധനാഴ്‌ച

ചോറ്റാനിക്കര അമ്മയുടെ ചരിത്രം?



ചോറ്റാനിക്കര അമ്മയുടെ ചരിത്രം?

എറണാകുളത്തു നിന്നും 15 കി.മി ദൂരത്തായാണ് ചോറ്റാനിക്കര ക്ഷേത്രം. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ കുരീക്കാട് (ചോറ്റാനിക്കര റോഡ്) ആണ്. ഏറ്റവും അടുത്തുള്ള വിമാനത്താവളം നെടുമ്പാശ്ശേരിയിലുള്ള കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളമാണ്. ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന പ്രദേശം പണ്ട് കൊടുംകാടായിരുന്നു. ഒരുപാട് മലയരയന്മാർ അവിടെ താമസിച്ചിരുന്നു. അവരുടെ തലവനായിരുന്ന കണ്ണപ്പൻ അതിക്രൂരനും നീചനുമായിരുന്നു. അടുത്തുള്ള ഗ്രാമങ്ങളിൽ നിന്ന് പശുക്കളെ മോഷ്ടിച്ചുകൊണ്ടുവന്ന് അവയിൽ ഏറ്റവും ലക്ഷണമൊത്ത പശുവിനെ കൊടുംകാളിയ്ക്ക് ബലികൊടുക്കുന്നതായിരുന്നു അയാളുടെ വിനോദം. കണ്ണപ്പന്റെ ഭാര്യ നേരത്തെത്തന്നെ മരിച്ചുപോയി. അയാൾക്ക് കൂട്ടായി ഒരു മകളും ഒരുപാട് അനുചരന്മാരുമാണ് ഉണ്ടായിരുന്നത്. ഒരുദിവസം കണ്ണപ്പന്റെ കുടിലിലേയ്ക്ക് ഒരു പശുക്കുട്ടി സ്വയമേവ കയറിവന്നു. അതീവ തേജോമയമായിരുന്നു അതിന്റെ മുഖം. കണ്ണപ്പന്റെ മകൾ ആ പശുക്കുട്ടിയെ സ്വന്തമാക്കി വളർത്താൻ തുടങ്ങി.അതിനിടയിൽ കണ്ണപ്പന് മറ്റുപശുക്കളെയൊന്നും കിട്ടാതായി. അയാൾ മകളുടെ പശുവിനെത്തന്നെ ബലികൊടുക്കാൻ തീരുമാനിച്ചു. ഇതറിഞ്ഞ മകൾ ആ ക്രൂരകൃത്യം തടഞ്ഞു. അങ്ങനെ കണ്ണപ്പൻ പശുബലി നിർത്തി. പിന്നീട് അയാൾ കായ്കനികൾ തേടലും കൃഷിയുമൊക്കെയായി കഴിഞ്ഞുകൂടി. എന്നാൽ അയാൾ മുമ്പ് ചെയ്ത പാപത്തിന്റെ ഫലം അനുഭവിച്ചു. ഒരുദിവസം അയാളുടെ മകൾ അകാലചരമം പ്രാപിച്ചു. അതോടെ അയാൾക്ക് ജീവിതത്തോട് വെറുപ്പായി. അപ്പോഴും മകളുടെ പശുക്കുട്ടിയെ പരിപാലിച്ച് അയാൾ ജീവിച്ചുപോന്നു. ഒരുദിവസം രാത്രി അയാൾ ഒരു സ്വപ്നം കണ്ടു. പശുക്കുട്ടി തൊഴുത്തിൽ കല്ലായിക്കിടക്കുന്നതായിരുന്നു ആ കാഴ്ച. തൊട്ടടുത്ത് ഒരു സന്യാസിയും. സന്യാസിയുടെ ചുണ്ടിൽ നാമമന്ത്രങ്ങളുണ്ട്. പിറ്റേദിവസം പുലർച്ചെ കണ്ണപ്പൻ ഉണർന്നുനോക്കിയപ്പോൾ സ്വപ്നം ഫലിച്ചുകിടക്കുന്നതായി കണ്ടു. ഒന്നും മനസ്സിലാകാതെ അയാൾ നിലവിളിച്ചു. അപ്പോൾ ഒരുപാട് ആൾക്കാർ അയാളുടെ അടുത്തേയ്ക്ക് ഓടിവന്നു. അക്കൂട്ടത്തിൽ ഒരു സന്യാസിയുമുണ്ടായിരുന്നു. അദ്ദേഹം കണ്ണപ്പനോട് പറഞ്ഞു: 'കണ്ണപ്പാ, നീയൊരു പുണ്യപുരുഷനാണ്. സാക്ഷാൽ ജഗദംബിക തന്നെയാണ് പശുവായി നിന്റെ തൊഴുത്തിൽ കഴിഞ്ഞുകൂടിയത്. തൊട്ടടുത്തുള്ള മറ്റൊരു ശില നോക്കൂ. അത് സാക്ഷാൽ വൈകുണ്ഠനാഥനാണ്. നീ ഉടനെത്തന്നെ ഇവിടെ ആരാധന തുടങ്ങണം. നിനക്ക് മോക്ഷം ലഭിയ്ക്കും.' ഇത്രയും പറഞ്ഞശേഷം സന്യാസി അപ്രത്യക്ഷനായി.
ആ സന്യാസി പരശുരാമനാണെന്ന് പറയപ്പെടുന്നു. തുടർന്ന് കണ്ണപ്പനും അനുചരന്മാരും തൊഴുത്ത് മുഴുവൻ വൃത്തിയാക്കി യഥാശക്തി പൂജകൾ ചെയ്തുകൊണ്ട് ശിഷ്ടകാലം കഴിച്ചുകൂട്ടി. അവസാനം അവർക്ക് ലക്ഷ്മീനാരായണദർശനം ലഭിച്ചു. ഭഗവാനും ഭഗവതിയും ഇങ്ങനെ അരുൾ ചെയ്തു: 'മക്കളേ, നിങ്ങൾ പുണ്യം ചെയ്തവരാണ്. നിങ്ങളുടെ ഈ തൊഴുത്തിന്റെ സ്ഥാനത്ത് കാലാന്തരത്തിൽ ഒരു മഹാക്ഷേത്രം ഉയർന്നുവരും. ഭക്തകോടികൾ കൺപാർക്കുന്ന ഒരു പുണ്യസങ്കേതമായി അതുമാറും. അന്ന് നിങ്ങളുടെ ഈ ജന്മത്തിലെ പുണ്യം മൂലം വീണ്ടും ഇവിടെ വന്നുചേരാൻ നിങ്ങൾക്ക് ഭാഗ്യമുണ്ടാകും.' ഇത്രയും പറഞ്ഞശേഷം ഇരുവരും അപ്രത്യക്ഷരായി. അവിടെയും രണ്ട് സ്വയംഭൂവിഗ്രഹങ്ങൾ ഉയർന്നുവന്നു. കുറച്ചുകാലം കഴിഞ്ഞപ്പോൾ കണ്ണപ്പൻ മരിച്ചു. അയാളുടെ മരണശേഷം മലയരയന്മാർ മറ്റുസ്ഥലങ്ങളിലേയ്ക്ക് കുടിയേറിപ്പാർത്തു. കാലം കുറേ കടന്നുപോയി. ഒരുദിവസം ഇവിടെ പുല്ലുചെത്താനായി കുറച്ച് പുലയസ്ത്രീകൾ വന്നു. അവരുടെ സംഘത്തിലെ ഒരുവൾ തന്റെ അരിവാളിന് മൂർച്ഛ കൂട്ടാനായി അടുത്തുള്ള കല്ലിൽ ഉരച്ചുനോക്കിയപ്പോൾ അവിടെ രക്തപ്രവാഹമുണ്ടായി. ഈ കാഴ്ച കണ്ട് അവൾ ഭയന്നുനിലവിളിച്ചു. ഉടനെത്തന്നെ സംഘത്തിലെ മറ്റുള്ളവർ അവിടുത്തെ നാട്ടുപ്രമാണിയും താന്ത്രികാചാര്യനുമായിരുന്ന എടാട്ട് നമ്പൂതിരിയെ ഈ വിവരം അറിയിച്ചു. അദ്ദേഹം ഉടനെത്തന്നെ മറ്റുപ്രമാണിമാർക്കൊപ്പമെത്തി. അവർക്കൊപ്പം വന്ന ജ്യോത്സ്യർ പ്രശ്നം വച്ചപ്പോൾ വർഷങ്ങൾക്കുമുമ്പ് കണ്ണപ്പൻ പൂജിച്ചിരുന്ന അതേ വിഗ്രഹങ്ങൾ തന്നെയാണ് അവയെന്ന് കണ്ടെത്തി. നമ്പൂതിരി ഉടനെത്തന്നെ ചിരട്ടയിൽ നിവേദ്യം സമർപ്പിച്ചു. ഇതുമൂലം ഇന്നും രാവിലത്തെ നിവേദ്യം ചിരട്ടയിലാണ് നൽകുന്നത്. അങ്ങനെ പഞ്ചപ്രാകാരങ്ങളോടുകൂടിയ ഒരു മഹാക്ഷേത്രം അവിടെ ഉയർന്നുവന്നു. ഒമ്പത് ഇല്ലക്കാർ അത് സ്വന്തമാക്കി. എടാട്ട് നമ്പൂതിരിയായിരുന്നു ശാന്തിക്കാരൻ. ആ ക്ഷേത്രമാണ് ഇന്ന് പ്രസിദ്ധമായ ചോറ്റാനിക്കര ഭഗവതിക്ഷേത്രം.
ആദിപരാശക്തിയായ" ജഗദംബിക മഹാവിഷ്ണുവിനോടൊപ്പം ഈ ക്ഷേത്രത്തിൽ കുടികൊള്ളുന്നു. മഹാമായയെ മൂന്നു രൂപങ്ങളിലാണ് ഈ ക്ഷേത്രത്തിൽ ആരാധിക്കുക. വെള്ളവസ്ത്രത്തിൽ പൊതിഞ്ഞ് വിദ്യാദേവിയായ സരസ്വതിയായി പ്രഭാതത്തിലും, ചുവന്ന വസ്ത്രത്തിൽ പൊതിഞ്ഞ് ശത്രുനാശിനിയായ ഭദ്രകാളിയായി ഉച്ചയ്ക്കും, നീലവസ്ത്രത്തിൽ പൊതിഞ്ഞ് ദുഃഖനാശിനിയായ ദുർഗ്ഗാദേവിയായി വൈകുന്നേരവും ആരാധിയ്ക്കുന്നു. മൂന്നു ഭാവങ്ങളുമുള്ളതിനാൽ ചോറ്റാനിക്കര അമ്മ "രാജരാജേശ്വരീ" സങ്കല്പത്തിലാണ് ആരാധിയ്ക്കപ്പെടുന്നത്. മാനസിക രോഗങ്ങളും സ്വഭാവ ദൂഷ്യങ്ങളും ചോറ്റാനിക്കരയമ്മ സുഖപ്പെടുത്തും എന്നാണ് വിശ്വാസം. അതിനാൽ മാനസികരോഗികൾ ധാരാളമായി ഇവിടെ വരാറുണ്ട്. കേരളത്തിലെ പ്രസിദ്ധമായ നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ചോറ്റാനിക്കര. ചോറ്റാനിക്കരയിൽ മേൽക്കാവ്, കീഴ്ക്കാവ് എന്നിങ്ങനെ രണ്ട് ക്ഷേത്രങ്ങളുണ്ട്. മേൽക്കാവാണ് പ്രധാന ക്ഷേത്രം. കീഴ്ക്കാവ് പ്രധാനക്ഷേത്രത്തിന്റെ താഴെയായി സ്ഥിതിചെയ്യുന്നു (തന്മൂലം കീഴ്ക്കാവ് എന്ന് അറിയപ്പെടുന്നു). കീഴ്ക്കാവിലേയ്ക്ക് പോകാനായി മേൽക്കാവിൽ നിന്ന് അനേകം പടികളുള്ള വഴിയുണ്ട്. ക്ഷേത്രത്തിലെ 'ഗുരുതി പൂജ' പ്രശസ്തമാണ്