2018, ഒക്‌ടോബർ 3, ബുധനാഴ്‌ച

മഹാഭാരതം പറയുന്നു;

മഹാഭാരതം പറയുന്നു;
=======================
കഥം പ്രാപ്തം മഹാരാജ ക്ഷത്രിയേണ മഹാത്മനാ
വിശ്വാമിത്രേണ ധർമാത്മൻ ബ്രാഹ്മണത്വം നരശർഷഭ II
(മഹാഭാരതം അനുശാസനപർവ്വം 3 -1 -2 )
ക്ഷത്രിയകുലജാതനെങ്കിലും മഹാത്മാവായ വിശ്വാമിത്രൻ എങ്ങനെ
ബ്രാഹ്മണ്യം നേടി ?
സ്ഥാനേ മതംഗോ ബ്രാഹ്മണ്യം ആലഭദ് ഭരതർഷഭ
ചണ്ഡാലയോനൗ ജാതോ ഹി കഥം ബ്രാഹ്മണ്യമാപ്തവാൻ II
( മഹാഭാരതം അനുശാസനപർവ്വം 3 19 )
ചണ്ഡാലയോനിയിൽ പിറന്ന മതംഗൻ എങ്ങനെ ബ്രാഹ്മണ്യം നേടി ?
ഒട്ടനവധി ഉദാഹരണങ്ങൾ ഇതിഹാസങ്ങളിൽ ചൂണ്ടിക്കാണിക്കാൻ സാധിക്കും.
സർവ്വ വർണ്ണികരാലും പൂജിക്കപ്പെടുന്ന ശ്രീരാമനും ശ്രീകൃഷ്ണനും ബ്രാഹ്മണരായിരുന്നില്ല.രാമൻ ക്ഷത്രിയകുലജാതനായിരുന്നെങ്കിൽ കൃഷ്ണൻ യാദവ കുലജാതനായിരുന്നു.ബ്രാഹ്മണ കുലജാതനായ ദ്രോണൻ ക്ഷത്രിയനായിത്തീർന്നു.
അന്വേഷിക്കുന്നവർക്ക് ഇനിയും നിരവധി ഉദാഹരണങ്ങൾ കാണാൻ സാധിക്കും. ജാതിയുടെ ഉച്ഛനീചത്വങ്ങളൊന്നും പൗരാണിക ഭാരതത്തിൽ ഉണ്ടായിട്ടില്ലാ എന്നതിന് ഇവ മതിയായ തെളിവുകൾ തന്നെ.
# ഇനി ചാതുർവർണ്ണ്യ വ്യവസ്ഥയുമായി ബന്ധപ്പെട്ട് സ്ഥിരം ചോദിക്കപ്പെടുന്ന ചില ചോദ്യങ്ങൾ നമുക്ക് ഒന്ന് പരിശോധിക്കാം....
ചോദ്യം 1. വേദപഠനം ശൂദ്രന് നിഷിദ്ധമാണോ ?
ഉത്തരം : ഒരിക്കലും അല്ല. എന്തുകൊണ്ടെന്നാൽ ബ്രാഹ്മണനും, ക്ഷത്രിയനും ,വൈശ്യനും ,ശൂദ്രനും ഒരു പോലെ വേദാധികാരം ഉണ്ട് എന്ന് വേദം തന്നെ പറയുന്നത് കൊണ്ട്...
യജുർവേദം പറയുന്നത് കാണുക ;
യഥേമാം വാചം കല്യാണീമാവദാനി ജനേഭ്യ
ബ്രഹ്മ രാജന്യാഭ്യാം ശൂദ്രായ
ചാര്യയായ ച സ്വായ ചാരണായ (യജുർവേദം 26 - 2 )
ഈ മംഗളകരമായ വേദവാണിയെ ബ്രാഹ്മണനും ,ക്ഷത്രിയനും ,വൈശ്യനും ,ശൂദ്രനും ,ഒപ്പം ചരിക്കുന്ന സർവർക്കും ഉപദേശിച്ചാലും.
ഇതിൽപ്പരം ഇനിയെന്തെങ്കിലും തെളിവ് വേണോ..?
വേദം സർവ്വ പ്രപഞ്ചത്തിനും അവകാശപ്പെട്ടതാണ്.കേവലം ബ്രാഹ്മണന് മാത്രം അവകാശപ്പെട്ടതല്ല...
ചോദ്യം 2 : പൗരാണിക ഭാരതത്തിലെ സാമൂഹിക വ്യവസ്ഥയിൽ ശൂദ്രൻ
പാർശ്വവത്ക്കരിക്കപ്പെട്ടിരുന്നോ ?
ഉത്തരം : ഇല്ലാ എന്ന് തന്നെയാണ്. മഹാഭാരതത്തിൽ ശാന്തിപർവ്വത്തിൽ , രാജാവിന്റെ രാജഭരണം എങ്ങനെ ഉള്ളതായിരിക്കണം എന്ന് വിശദമായി പറയുന്നു. രാജാവിന് 8 മന്ത്രിമാർ ഉണ്ടാകണം. രാജാവിനെ ഉപദേശിക്കാൻ 2 അമാത്യ സഭ ( ഉപദേശക സമിതി) ഉണ്ടായിരിക്കണം.
ഈ ഉപദേശക സമിതിയിൽ ഓരോന്നിലും 21 വൈശ്യന്മാർ , 18 ക്ഷത്രിയന്മാർ , 4 ബ്രാഹ്മണന്മാർ , 3 ശൂദ്രന്മാർ എന്നിവർ അവശ്യം ഉണ്ടാകണം എന്ന് പറയുന്നു.
( ശാന്തിപർവം 85 -7 - 6 - 11 ).
യുധിഷ്ടരന്റെ സഭയിലും ഇപ്രകാരമായിരുന്നു അമാത്യസഭയുടെ ഘടന. പാർശ്വവത്ക്കരിക്കപ്പെട്ട , വിദ്യാരഹിതനായ ശൂദ്രൻ എങ്ങനെ രാജാവിനെ ഉപദേശിക്കും ? തൊട്ടു കൂടായ്‌മയും തീണ്ടിക്കൂടായ്‌മയും ശൂദ്രന് ഉണ്ടായിരുന്നെങ്കിൽ അവൻ രാജ്യസഭ സ്വപ്നം കാണുകയെങ്കിലും സാധ്യമാണോ ? ചിന്തിക്കുക...
ചോദ്യം 3 : ഈശ്വരന്റെ പാദങ്ങളിൽ നിന്ന് ആണോ ശൂദ്രൻ ജനിച്ചത് ?
ഉത്തരം : അല്ല എന്ന് തന്നെ.
എന്ത് കൊണ്ട് ? ഈശ്വരന് പാദങ്ങൾ ഇല്ലാ എന്നത് കൊണ്ട് തന്നെ.
ഈശ്വരനെ അകായം എന്ന് വേദം വിശേഷിപ്പിക്കുന്നു.
അകായം എന്നാൽ ശരീരരഹിതമായതു.
ശരീരരഹിതമായ ഈശ്വരന്റെ പാദങ്ങളിൽ നിന്നു ശൂദ്രൻ എങ്ങനെ ജനിക്കാൻ ? അപ്പോൾ പുരുഷ സൂക്തത്തിൽ ഈശ്വരന്റെ പാദങ്ങളിൽ നിന്ന് ശൂദ്രൻ ജനിച്ചു എന്ന് പറയുന്നതോ ?
പുരിയിൽ ശയിക്കുന്നവൻ ആരോ അവൻ പുരുഷൻ.
സർവ്വതിലും വ്യാപിച്ചു ഈശ്വരൻ നിലകൊള്ളുന്നു.ആയതിനാൽ പ്രപഞ്ചം എന്ന പുരിയിൽ ശയിക്കുന്ന ഈശ്വരനെ പുരുഷൻ എന്ന് വിളിച്ചു. ഈ പ്രപഞ്ചത്തെ ഈശ്വരന്റെ ശരീരമായി കൽപ്പിച്ച്‌, ബ്രാഹ്മണനെ അവന്റെ മുഖമായും, ക്ഷത്രിയനെ അവന്റെ ബാഹുക്കളായും , വൈശ്യനെ അവന്റെ തുടകളായും , ശൂദ്രനെ അവന്റെ പാദങ്ങളായും കൽപിച്ചിരിക്കുന്നു.
നാല് വർണ്ണങ്ങളുടെയും പാരസ്പ്പര്യത്തെയാണ് ഇവിടെ എടുത്തു കാണിക്കുന്നത്.ഒരു ശരീരാങ്ഗം നഷ്ടപ്പെട്ടാൽ നാം എങ്ങനെ അപൂർണ്ണനാവുന്നുവോ അപ്രകാരം ഏതെങ്കിലും ഒരു വർണത്തിന്റെ അഭാവത്തിൽ സമൂഹവും അപൂർണ്ണമാകുന്നു.
ചില ദോഷൈകദൃക്കുകൾ ഇപ്രകാരം പറഞ്ഞു കേട്ടിട്ടുണ്ട് ; ശൂദ്രൻ പാദത്തിൽ നിന്ന് ജനിച്ചതിനാൽ നികൃഷ്ടനാണ്. അത്തരക്കാർക്കു തങ്ങളുടെ പാദങ്ങൾ നികൃഷ്ട്ടമായി തോന്നുന്നുണ്ടാവും അതുകൊണ്ടാകും ഇപ്രകാരം പറയുന്നത് എന്നേ മനസ്സിലാക്കാൻ സാധിക്കൂ.
ഒരു കാര്യം ഓർക്കുക നാം ഗുരുവിന്റെയും മാതാവിന്റെയും പിതാവിന്റെയും പാദങ്ങളെ തൊട്ടു വന്ദിക്കുന്നവരാണ് ; ഈശ്വരന്റെ പാദാരവിന്ദങ്ങളെ നമസ്ക്കരിക്കുന്നവരാണ്.നാം അനുഗ്രഹത്തിനായി ആരുടേയും തലയിലേക്ക് ചാടി വീഴാറില്ല.ആ നമുക്ക് ഈശ്വരന്റെ പാദങ്ങൾ നിന്ദ്യമാണോ എന്ന് സ്വയം വിലയിരുത്തുക.
ചോദ്യം 4 : മനുസ്‌മൃതിയിൽ ശൂദ്ര വിരുദ്ധമായ പരാമർശങ്ങൾ ഉണ്ടോ ?
ഉത്തരം : അതെ, ഉണ്ട് എന്ന് തന്നെ ആണ് മറുപടി. മനുവിനാൽ രചിക്കപ്പെട്ട സ്‌മൃതി ഒരു നിയമ സംഹിതയാണ്. ഇത് സർവ്വകാലത്തിനും സർവ്വദേശത്തിനും വേണ്ടി എഴുതി വച്ച ഒരു ഗ്രൻഥമല്ല.
സ്‌മൃതി ദേശകാലങ്ങൾക്കനുസരിച്ചു മാറ്റം വരുത്തേണ്ടവയാകുന്നു.ആയതിനാൽ തന്നെ മനുസ്‌മൃതിയിലെ പല ആശയങ്ങളും ഈ കാലഘട്ടത്തിനു യോജിച്ചതല്ല.
എന്നാൽ ഒന്ന് മനസ്സിലാക്കുക മനുസ്‌മൃതിയിലെ ശൂദ്ര ,സ്ത്രീ വിരുദ്ധ ശ്ലോകങ്ങൾ ഒന്നും മനു എഴുതിയതല്ല.മനു മഹാനായ ഒരു ഋഷിയാണ് ,അദ്ദേഹത്തിന്റെ നാവിൽ നിന്ന് വേദവിരുദ്ധമായ ഒരു ഉപദേശവും വരില്ല.
മനുസ്‌മൃതിയിലെ ശൂദ്ര ,സ്ത്രീ വിരുദ്ധ ശ്ലോകങ്ങൾ എല്ലാം തന്നെ പിൽക്കാല പ്രക്ഷിപ്തങ്ങൾ ആണ്. ശ്രദ്ധയോടെ മനുസ്‌മൃതിയിലൂടെ കടന്നു പോകുന്നവർക്ക് അതിലെ നെല്ലും പതിരും തിരിച്ചറിയാൻ സാധിക്കും.
പ്രഥമ പ്രമാണം വേദമാണ്.മനു തന്നെ പറയുന്നു ;
വേദോഖിലോ ധർമ്മ മൂലം ( മനുസ്‌മൃതി 2 - 6 )
വേദമാകുന്നു അഖില ധർമ്മത്തിന്റെയും അടിസ്ഥാനം.
ആയതിനാൽ വേദവിരുദ്ധമായതെല്ലാം അസ്വീകാര്യമാണ്.
സ്‌മൃതിയിലെ നന്മയെ മാത്രം സ്വീകരിച്ചു അല്ലാത്തതിനെ ഉപേക്ഷിക്കുക.
യുക്തിയുക്തമുപാദേയം വചനം ബാലകാദപി
അന്യത് തൃണമിവ ത്യാജ്യം അപ്‍യുക്തം പത്മജനാന
യുക്തിയുക്തമായ കാര്യങ്ങൾ ബാലകനിൽ നിന്നും സ്വീകരിക്കണം ,യുക്തിരഹിതമായതു ബ്രഹ്‌മാവ്‌ പറഞ്ഞാലും പുല്ലു പോലെ ഉപേക്ഷിക്കണം.
ചോദ്യം 5 : ഗുണകർമ്മത്തിന്റെ അടിസ്ഥാനത്തിൽ നിശ്ചയിക്കപ്പെടുന്ന ശാസ്ത്രീയമായ വർണ്ണ വ്യവസ്ഥ അശാസ്ത്രീയമായ ജന്മാധിഷ്ഠിതമായ ജാതി വ്യവസ്ഥയായി അധപ്പതിച്ചത് എങ്ങനെ ? എപ്പോൾ ?
ഉത്തരം : അശാസ്ത്രീയമായ ജന്മാധിഷ്ഠിതമായ ജാതി വ്യവസ്ഥയായി അധപ്പതിച്ചത്.
വേദ പഠനം ലോപിച്ചത് കൊണ്ടും വേദത്തിന്റെ അന്തസത്ത കൈമോശം വന്നത് കൊണ്ടും തന്നെ..
സത്യയുഗ സമൂഹവും ത്രേതായുഗ സമൂഹവും വേദപ്രതിപാദിതമായ വർണ്ണ വ്യവസ്ഥയിൽ അധിഷ്ഠിതമായിരുന്നു.
ജാതീയതയുടെ ഒരു സൂചനയും വേദത്തിലോ രാമായണത്തിലോ നമുക്ക് കാണാൻ സാധിക്കില്ല.
ജാതീയതയുടെ ഭ്രൂണാവസ്ഥ കാണുന്നത് മഹാഭാരതത്തിൽ ആണ്.സൂത പുത്രനായി ജനിച്ചു എന്ന കാരണത്താൽ പാണ്ഡവരുടെ പരിഹാസത്തിനു വിധേയനാകുന്ന കർണ്ണനെ മഹാഭാരതത്തിൽ കാണുന്നു.
എങ്കിൽപ്പോലും പിൽക്കാലത്തു ഭാരതത്തിൽ നിലവിൽ വന്ന സങ്കുചിതമായ ജാതി വ്യവസ്ഥ അപ്പോഴും നിലവിൽ ഉണ്ടായിരുന്നില്ല.ആയിരുന്നെങ്കിൽ സൂതപുത്രനായ കര്ണ്ണന് അംഗ രാജ്യത്തിന്റെ രാജാവാകാൻ സാധിക്കുമായിരുന്നില്ല.
എന്നാൽ ഓർക്കുക രാമായണത്തിൽ ദശരഥന്റെ മന്ത്രിയായിരുന്ന സുമന്ത്രരെ , രാജകാര്യങ്ങളിൽ വ്യാപാരിക്കുമ്പോൾ സുമന്ത്രാ എന്നും തേരാളിയായി കർമ്മം ചെയ്യുമ്പോൾ സൂതാ എന്നും ദശരഥനും ശ്രീരാമനും അഭിസംബോധന ചെയ്യുന്നതായിക്കാണാം സൂതൻ എന്നത് രാമായണ കാലഘട്ടത്തിൽ ഒരു സമുദായമോ കുലമോ ആയിരുന്നില്ല എന്ന് ഇതിൽ നിന്നും വ്യക്തമാകുന്നു
പില്ക്കാല ഭാരതത്തിൽ ശൂദ്ര കുലജാതനായ ചന്ദ്രഗുപ്ത മൗര്യൻ , ചാണക്യൻ എന്ന ബ്രാഹ്മണന്റെ സഹായത്തോടെ മൗര്യ സാമ്രാജ്യം പടുത്തുയർത്തി എന്ന് ചരിത്രം.
അപ്പോൾ ഈ കാലഘട്ടത്തിലും ജന്മാധിഷ്ഠിതമായ ജാതീ വ്യവസ്ഥ നിലവിൽ വന്നിട്ടില്ല എന്ന് തന്നെ മനസിലാക്കണം.
കേരളത്തിന്റെ ചരിത്രം പരിശോധിച്ചാൽ നമുക്ക് കാണാൻ സാധിക്കും , ഇവിടെ ചേകവന്മാരെ അന്നും ഇന്നും ക്ഷത്രിയരായി തന്നെയാണ് ഗണിക്കുന്നത്. ചേകവന്മാർ ഈഴവ,തീയ്യ സമുദായത്തിലെ പോരാളികൾ ആയിരുന്നു.
വടക്കൻ പാട്ടിലെ വീര നായിക ഉണ്ണിയാർച്ചയും, ആരോമൽ ചേകവരും , ചന്തുവും ഇവർ തന്നെ. കടത്തനാട്ടിൽ പതിനേഴാം നൂറ്റാണ്ടിന്റെ അവസാനം വരെ ചേകവന്മാർ രാജാക്കന്മാർക്ക് വേണ്ടി പോരാടിയിട്ടുണ്ട് എന്ന് ചരിത്രം പറയുന്നു.
എന്നാൽ പിൽക്കാല അവസ്ഥ കേരളത്തിൽ എന്തായിരുന്നു എന്ന് ചിന്തിക്കുക.
നാല് വർണ്ണികർ , വർണ്ണബാഹ്യനായ ചണ്ഡാലൻ , ഈ അഞ്ചു പേരെ കുറിച്ച് മാത്രമേ വേദം പറയുന്നുള്ളു.എന്നാൽ ഇന്ന് ഭാരതത്തിൽ എത്ര സമുദായങ്ങൾ ഉണ്ട് ?ആർക്കെങ്കിലും എണ്ണിത്തിട്ടപ്പെടുത്താൻ സാധിക്കുമോ?
ഇവയിൽ അധികവും മുസ്ലിം / കൊളോണിയൽ ഭരണകാലഘട്ടങ്ങളിൽ രൂപപ്പെട്ടുവന്നവയാണ്.
ഇന്ന് സമുദായമായി അംഗീകരിക്കുന്നവയിൽ പലതും മുന്‍ കാലങ്ങളിൽ അങ്ങനെയല്ലായിരുന്നു എന്ന് കാണാൻ സാധിക്കും.ഇതിനു ഏറ്റവും നല്ല ഉദാഹരണം രജപുത്രന്മാർ തന്നെ.
ആധുനിക ചരിത്ര ഗവേഷകന്മാർ അഭിപ്രായപ്പെടുന്നത്, ഇന്ന് കാണുന്ന ജാതി വ്യവസ്ഥ ( തൊട്ടു കൂടായ്‌മയും തീണ്ടിക്കൂടായ്മയും ഉള്ള ) രൂഢമൂലമാവുന്നതു പതിനേഴാം നൂറ്റാണ്ടിന്റെ അവസാന കാലങ്ങളിൽ ആണ് എന്നാകുന്നു.
CAMBRIDGE സർവ്വകലാശാല പ്രസിദ്ധീകരിച്ച THE NEW CAMBRIDGE HISTORY OF INDIA സീരീസിൽ , ചരിത്രകാരി SUSAN BAYLY രചിച്ച
CASTE ,SOCIETY AND POLITICS IN INDIA എന്ന പുസ്തകത്തിൽ ഈ വിഷയം വ്യക്തമായി പ്രതിപാദിക്കുന്നു.ജാതീയത ഭാരത സമൂഹത്തിന്റെ സഹജമായ ഒരു സ്വഭാവം അല്ലായിരുന്നുവെന്നും , 17 ആം നൂറ്റാണ്ടിന്റെ അന്ത്യ കാലഘട്ടങ്ങളിൽ ആണ് ഇവ വ്യവസ്ഥാപിതമാകുന്നത് എന്നും ഗവേഷക അഭിപ്രായപ്പെടുന്നു.
ഏതൊരു ആചരണത്തിന്റെ പിന്നിലും ഒരറിവുണ്ട്.അറിഞ്ഞു ചെയ്യുമ്പോൾ ആണ് ആചാരമാകുന്നത് , അല്ലാത്തപക്ഷം അത് അനാചാരമോ ദുരാചാരമോ ആയി മാറിത്തീരും. ജാതീയതയും ഇപ്രകാരം നമ്മെ ബാധിച്ച ഒരു ദുരാചാരം തന്നെ.
ഇതിനെ ഉന്മൂലനം ചെയ്യാനുള്ള ഏക പോംവഴി ശരിയായ അറിവ് സമൂഹത്തിൽ പ്രചരിപ്പിക്കുക എന്നതാകുന്നു.
ശ്രീ നാരായണ ഗുരുദേവനും , ചട്ടമ്പി സ്വാമികളും , ആര്യ സമാജ സ്ഥാപകൻ മഹർഷി ദയാനന്ദ സരസ്വതിയും , ശ്രീ രാജാ രാം മോഹൻ റോയിയും ചെയ്തത് ഇത് തന്നെ. ഇവരാരും സ്വധർമ്മത്തെ നിഷേധിച്ചവരല്ല.
ഹിന്ദു ധർമ്മത്തിൽ അടിയുറച്ചു നിന്ന് കൊണ്ട് തന്നെ ഇവർ ധർമ്മോദ്ധാരണം ചെയ്തു, അനാചാരങ്ങളോട് പടവെട്ടി...
ജാതീയതയെ ഉന്മൂലനം ചെയ്യാൻ സ്വീകരിക്കേണ്ട പന്ഥാവ് ഇതാകുന്നു