ജലപുരാണം
താതസ്യ കുപോയം ഇതി ബ്രുവാന:
കാപുരുഷ ക്ഷാര ജലം പിബന്തി
അച്ഛന്‍ കുഴിച്ച കിണര്‍ ആണിതെന്ന് പറഞ്ഞു ഏത് മനുഷ്യനാണ് കിണറ്റില്‍ ഉപ്പു വെള്ളം ആണെങ്കില്‍ അത് കുടിക്കുക എന്നാണ് പ്രമാണം. എന്നാല്‍ അച്ഛന്‍ കുഴിപ്പിച്ച കിണറ്റില്‍ ഉപ്പു വെള്ളം അല്ലെങ്കിലോ? ഉപ്പില്ലാത്ത, വറ്റാത്ത കുളം കുഴിക്കാന്‍ ഇതാ ചില ഉപായങ്ങള്‍..
കിണറു കുഴിക്കാന്‍ ആദ്യം ചെയ്യേണ്ടത് നല്ല ഒരു ദിവസം കണ്ടെത്തുക എന്നുള്ളതാണ്.
ഹസ്തോ മഘാനുരാധാ
പുഷ്യധനിഷ്ടോത്തരാനി രോഹിണ്യ:
ശതഭിഷഗിത്യാരംഭെ
കൂപാനാം ശസ്യതെ ഭഗണ :
അത്തം, മകം, അനിഴം, പൂയം, അവിട്ടം, ഉത്രം, ഉത്രട്ടാതി, രോഹിണി, ചതയം എന്നീ നക്ഷത്രങ്ങള്‍ ആണ് കിണറു കുഴിക്കാന്‍ തുടങ്ങുന്നതിനുള്ള നല്ല നാളുകള്‍.
അതിനു ശേഷം നല്ല ഒരു കിണറു പണിക്കാരനെ കണ്ടെത്തുക.
ആര്‍ക്കം പയോ ഹുടു വിഷാണ മാഷീസമേതം
പാരാവതാ ഖുശകൃതാ ച യുത: പ്രലേപ:
ടാങ്കസ്യ തൈലമതിതസ്യതതോ/സ്യ പാനം
പശ്ചാച്ചിതാസ്യ ന ശിലാസു ഭാവെധ്വിഘാത :
എരുക്കിന്‍ പാല്, ആടിന്റെ കൊമ്പു ചുട്ട കറി, മാടപ്രാവ്, എലി ഇതുകളുടെ കാഷ്ടം, എന്നിവയെല്ലാം കൂട്ടി ചേര്‍ത്തു ആയുധത്തിന്മേല്‍ തേച്ചു എണ്ണയിട്ടു മൂര്‍ച്ച കൂട്ടിയ ആയുധം കൊണ്ട് പാരയിന്മേല്‍ വെട്ടിയാല്‍ കിണറു പണിയുമ്പോള്‍ ആയുധത്തിന് കേടു സംഭവിക്കുന്നതല്ല.
അത് മാത്രമല്ല,
ക്ഷാരെ കദള്യ മതിതേന യുക്തെ
ദിനോഷിതെ പായിതമായാസം യത്
സമ്യക്ചിതം ചാശ്പനി നൈതി ഭംഗം
നചാന്യ ലോഹെശ്വപി തസ്യ കൌന്ട്യം.
വാഴപ്പിണ്ടിയുടെ നീരില്‍ വെണ്ണീര് ചേര്‍ത്തു ഒരു ദിവസം വക്കുക. പിന്നെ അതില്‍ ആയുധം മുക്കി മൂര്‍ച്ച ഉണ്ടാക്കിയാല്‍ ആ ആയുധം കൊണ്ട് ഇതു പാറയിന്മേലും , ലോഹത്തിന്മേലും വെട്ടാം . ആയുധം കേടു വരില്ല.
അതിനു ശേഷം. കിണറിനു പറ്റിയ ദിക്ക് കണ്ടെത്തണം.
ആഗ്നേയ യദി കോനെ
ഗ്രാമസ്യ പുരസ്യ വാ ഭവേത് കൂപ:
നിത്യം സ കരോതി ഭയം
ദാഹം ച സമാനുഷം പ്രായ:
നിരൃതി കോണെ ബാല
ക്ഷയം ച വനിതാഭയം ച വായവ്യെ
ദിക്ത്രയമെതത് ത്യക്ത്വ
ശേഷാസു ശുഭാവഹാ: കൂപാ:
ഗ്രാമത്തിന്റെയോ, പുരത്തിന്റെയോ അഗ്നികോണില്‍ കിണരുണ്ടാക്കിയാല്‍ ആ ഗ്രാമത്തിലോ പുരത്തിലോ താമസിക്കുന്നവര്‍ക്ക് പ്രായേണ ഭയത്തെയും, പുര കത്തുക, പൊള്ളുക മുതലായ അഗ്നി ഭയത്തെയും ഉണ്ടാക്കുന്നു. നിരൃതി കോണില്‍ ആണെങ്കില്‍ കുട്ടികള്‍ക്കും വായു കോണില്‍ ആണെങ്കില്‍ സ്ത്രീകള്‍ക്കും നാശം ഫലം. അതിനാല്‍ ഈ മൂന്നു ദിക്കുകളെയും ഒഴിച്ച് ശേഷമുള്ള ദിക്കില്‍ ആണ് കിണര്‍ ഉണ്ടാക്കേണ്ടത്.
എവിടെ വേണം സ്ഥാനം ?
മീനെ കൂപമതീവ മുഖ്യ മുടിതം
സര്‍വാര്‍ത്ത പുഷ്ടിപ്രദം
മേഷേ ചാപി ഘടേ ച ഭൂതികൃദിദം
നക്രെ വൃഷേ/ര്ത്തപ്രദം
ആപേ കൂപ മതാപവത്സകപദേ
മുഖ്യം, തതൈവേന്ദ്രജിത്
കോശ്ടെ ദൃഷ്ട, മപാംപതു തു ശുഭാദം
നാരീക്ഷയം മാരുതെ:
മീനം രാശിയില്‍ കിണറു കുഴിക്കുന്നത് വളരെ മുഖ്യവും സകല സംപത്തുകള്‍ക്കും പുഷ്ടികരമാകുന്നു. മേടത്തിലും കുംഭത്തിലും കിണറു കുഴിക്കുന്നത് സംപല്‍ക്കരമാണ്. മകരത്തിലും ഇടവത്തിലും ഉണ്ടാക്കിയ കിണറു ധനത്തെ വര്‍ദ്ധിപ്പിക്കും. ആപന്‍ ആപവത്സന്‍ വരുണന്‍ ഇവരുടെ എല്ലാം പദങ്ങളും കിണര്‍ കുഴിക്കുന്നതിന് നല്ല സ്ഥാനങ്ങളാണ്. ഇന്ദ്രജിത്തിന്റെ പദത്തിലും കിണറു കുഴിക്കാം. മാരുതന്റെ പദത്തില്‍ കിണറു ഉണ്ടാക്കുന്നത് സ്ത്രീകള്‍ക്ക് നാശകരമായിത്തീരുന്നു .
ഇങ്ങനെ പറ്റിയ സ്ഥാനവും ദിക്കും തീരുമാനിച്ചാല്‍ അവിടെ ജലം ഉണ്ടോ എന്ന് എങ്ങനെ അറിയാം?
ധര്‍മ്യം യഷസ്യന്ച്ച വദാംയതോ /ഹം
ദകാര്ഗ്ഗലം യെന ജലോപലബ്ധി
പുംസാം യഥാംഗേഷു സിരാസ്തതൈവ
ക്ഷിതാവപി പ്രോന്ന തനിമ്നസമസ്താ
മനുഷ്യന്റെ അവയവങ്ങളില്‍ അധരൂത്തര ഭാവെനയുള്ള നാടികളില്‍ കൂടി ആണല്ലോ രക്തസഞ്ചാരം. അപ്രകാരം തന്നെ ആണ് ഭൂമിയുടെ ഉള്ളിലുള്ള നാഡികളുടെയും ആ നാഡികള്‍ വഴിയായ ജല സഞ്ചാരത്തിന്റെയും സ്ഥിതി. (ഇങ്ങനെ ഉള്ള ജല സഞ്ചാരത്തെ കാണാനും, ഗണിക്കാനും കഴിഞ്ഞാല്‍ ജലം ലഭിക്കും നിശ്ചയം).
എകേന വര്‍ണ്നെന രസേന ചാംഭ
ശ്ച്യുതം നഭാസ്തോ വസുട്ധാവിശേശാത്
നാനാരസത്വം ബഹുവര്ന്നതാം ച
ഗതം പരീക്ഷ്യം ക്ഷിതി തുല്യമേവ:
ആകാശത്തില്‍ നിന്ന് ഒരേ നിരമായും ഒരേ രസമായും ഇരിക്കുന്ന വെള്ളം ഭൂമിയില്‍ വീഴുന്നു. പിന്നീട് അത് ഭൂമി പല പ്രകാരത്തില്‍ ഇരിക്കുന്നത് കൊണ്ട് അതതു സ്ഥലത്തിനു അനുസരിച്ച് നിറത്തോടും സ്വാടോടും കൂടിയതായി തീരുന്നു. ഇങ്ങനെ നാനാ വര്‍ണ്ണ രസങ്ങളോട് കൂടിയ ആ ജലത്തെ ഭൂമിയെ പോലെ തന്നെ നല്ല വണ്ണം പരീക്ഷിച്ചു അറിയേണ്ടുന്നതാണ്.
ഇനി ഏതാനും ലക്ഷണങ്ങള്‍:
വല്മീകൊപചിതായതാം
നിര്‍ഗ്ഗുണ്ട്യാം ദക്ഷിനെന കതിതകരൈ:
പുരുഷദ്വയെ സപാദെ
സ്വാദ് ജലം ഭവതി ചാശോഷ്യം.
വെള്ളം കുറഞ്ഞ ദിക്കില്‍ പുറ്റൊട് കൂടിയ കരുനൊച്ചി മരം നില്‍ക്കുന്നതായാല്‍ അതില്‍ നിന്ന് മൂന്നു കോല്‍ തെക്കോട്ട് നീങ്ങി രണ്ടേകാല്‍ ആള്‍ക്ക് കുഴിക്കുക. എന്നാല്‍ അവിടെ ഒരു കാലത്തും വറ്റിപോകാത്തതും സ്വാടുള്ളതും ആയ വെള്ളം ലഭിക്കും.
-താന്നി മരത്തിനു അടുത്തു തെക്ക് ഭാഗത്ത് പുട്ടുണ്ടാകുക. എന്നാല്‍ ആ താനിമ്മരത്തില്‍ നിന്ന് രണ്ടു കോല്‍ കിഴക്ക് ഒന്നര ആള്‍ക്കാഴത്തില്‍ ഉറവു കാണാം.
-ഇതു വൃക്ഷമായാലും, അതിന്റെ ചുവട്ടില്‍ സദാ തവള നിവസിക്കുന്നുന്ടെങ്കില്‍ അവിടെ നിന്ന് വടക്കോട്ട് ഒരു കോല്‍ അകലം കണ്ടു നാലര ആള്‍ക്ക് കുഴിച്ചാലും ജലം നിശ്ചയം.
-പുറ്റിനോട് ചേര്‍ന്ന് കര്‍മ്പനയോ, തെങ്ങോ എവിടെ കാണുന്നു, അതിന്റെ ചുവട്ടില്‍ നിന്ന് ആറ് കോല്‍ നീങ്ങി നാലാള്‍ക്കു കുഴിച്ചാല്‍ അവിടെ ജലം ലഭിക്കും.
-വെള്ളം കുറഞ്ഞ ദിക്കില്‍ രാമച്ചവും കരുകപ്പുല്ലുംനന്നായി വളര്‍ന്നു നില്‍ക്കുന്നു എന്ന് കണ്ടാല്‍ അവിടെ ഒരാള്‍ക്ക് കുഴിച്ചാല്‍ വെള്ളം കാണുന്നതാണ്.
-എവിടെ ചവിട്ടിയാലും ഗംഭീര ശബ്ദമുണ്ടാകുന്നു, അവിടെ മൂന്നര ആള്‍ക്കടിയില്‍ വെള്ളമുണ്ടാകും. വടക്ക് നിന്നായിരിക്കും ഉറവ ഉണ്ടാകുക.
-വൃക്ഷത്തിന്റെ ഏതെങ്കിലുമൊരു കൊമ്പു ഏറ്റവും തനിരിക്കുകയും അത് നിറം മാറി കാണുകയും ചെയ്യുന്നു എങ്കില്‍ ആ കൊമ്പിന്റെ നേരെ ചുവട്ടില്‍ മൂന്നാള്‍ക്ക് കുഴിച്ചാല്‍ വെള്ളം ലഭിക്കും.
-ഏതെങ്കിലും ഭൂമിയില്‍ അതിയായ ചൂടോ, പുകയോ കാണുന്നുവോ അവിടെ രണ്ടാള്‍ക്കടിയില്‍ വെള്ളമുണ്ട്. അവിടുത്തെ ഉറവു ഏറ്റവും വലുതുമായിരിക്കും.
ഇനി ആര്‍ക്കെങ്കിലും ഉപ്പു വെള്ളം തന്നെ വേണം എന്ന് നിര്‍ബന്ധമാണെങ്കില്‍ വടക്ക് ഭാഗത്ത് പുറ്റുള്ള ഒരു കൊന്നമരം കണ്ടെത്തി അതിന്റെ ചുവട്ടില്‍ നിന്ന് രണ്ടു കോല്‍ തെക്ക്, പതിനഞ്ചു ആള്‍ക്ക് കുഴിച്ചാല്‍ ഉപ്പു വെള്ളം ലഭിക്കും.
ഇനി കിണറു കുഴിക്കാന്‍ തുടങ്ങാം. അതിനു മുമ്പ്
കൃത്വാ വരുണസ്യ ബലിം
വടവേതസകീലകം സിരാസ്ഥാനെ
കുസുമൈര്‍ഗ്ഗന്ധൈര്‍ ദ്ധൂപൈ:
സംപൂജ്യ നിധാപയെദ് പ്രഥമം:
വരുണന് ബലി കൊടുക്കുകയും, പേരാല്, വഞ്ചി ഇതുകളുടെ കുറ്റികള്‍ ജലഗന്ധപുശ്പ ധൂപാദീപങ്ങളെ കൂണ്ടു ജപിച്ചു ഉറവുള്ള ദിക്കില്‍ സ്ഥാപിക്കുകയും ചെയ്യണം.
കിണറു കുഴിക്കുമ്പോള്‍ പാറ കാണുക ആണെങ്കിലോ?
ഭേദം യദാ നൈതി ശില തടാനിം
പലാശകാഷ്ടൈ സഹതിന്ദുകാനാം
പ്രജ്വാലയിത്വാ നലമഗ്നി വര്‍ണ്ണ
സുധംബുസിക്താ പ്രവിദാരമെതി
പനചിയുടെയും പ്ലാശിന്റെയും വിരകിട്ടു കത്തിച്ചു പാറ അഗ്നിവര്‍ണമാക്കി അതിന്മേല്‍ പാലില്‍ വെള്ളം ചേര്‍ത്തു വീഴ്ത്തിയാല്‍ പൊളിയാത്ത പാറ എളുപ്പത്തില്‍ പോളിയുന്നതാണ്.
അതല്ലെങ്കില്‍.. മുള, പ്ലാശ്, എനീ വൃക്ഷത്തിന്റെ വിറകു കത്തിച്ച ചാരവും അമ ചുട്ട ചാരവും കൂടി വെള്ളത്തില്‍ കലക്കി തിളപ്പിച്ച് മുകളില്‍ പറഞ്ഞ പോലെ പാറ ചുട്ടുപഴുപ്പിച്ച് അതിന്മേല്‍ വീഴ്ത്തുക. ഇങ്ങനെ ഏഴു പ്രാവശ്യം വീഴ്ത്തണം. എന്നാല്‍ ഇതു പാറയും അനായാസം പൊളിയും.
കിണര്‍ കുഴിച്ചു ആവശ്യത്തിനു ജലവും ലഭ്യമായി എങ്കില്‍...
അഞ്ജന മുസ്തോശീരി:
സരാജകൊശാത കാമലകചൂര്‍ന്നൈ
കതകഫലസമായുക്തൈ
ര്യോഗ: കൂപെ പ്രദാതവ്യ:
അഞ്ജനം, മുത്തങ്ങ, രാമച്ചം, കറിചീര, നെല്ലിക്ക, തെറ്റാമ്പരല്‍ ഇവകള്‍ എല്ലാം പൊടിച്ചു കിണറ്റില്‍ ഇടണം.
കലുഷം, കടുകം ലവണം വിരസം
സലിലം യദി വാ ശുഭാഗാന്ധി ഭവേദ്
തടനെന ഭാവ്യമാലം സുരസം
സുസുഗാന്ധി ഗുണൈര പരൈശ്ച്ച യുതം
കലക്കം, കയ്പ്പ്, ഉപ്പു, സ്വദില്ലായ്മ, ദുര്‍ഗന്ധം, ഇവകളെല്ലാം ഉള്ള വെള്ളമാണെങ്കില്‍ മേല്‍പ്പറഞ്ഞ പൊടികൊണ്ടു ആ വക ദോഷങ്ങളെല്ലാം തീര്‍ന്നു നന്നാവുന്നതിനു പുറമേ വേറെയും പല ഗുണങ്ങള്‍ ഉണ്ടാകുകയും ചെയ്യും.
ഇനി അഥവാ കിണറിനു പകരം കുളം ആണെങ്കില്‍..
കകുഭാവടാമ്രപ്ലക്ഷകദംബി
സനിച്ചുളജമ്ബുവേതസനീപൈ:
കുരബകതാളാശോകമധുകൈര്‍
ബ്ബകുളവിചിത്രൈശ്ചാവൃത തീരം.
കുളത്തിന്റെ വാക്ക് നീര്മ്മരുത്, പേരാല്, മാവ്, ഇത്തി, കടമ്പ്, ആറ്റുവഞ്ചി, ഞാവല്‍, വഞ്ചി, മലന്കടംപു, മൈലാഞ്ചി, കരിമ്പന, അശോകം, ഇരുപ്പ, എരിഞ്ഞി ഈ വക വൃക്ഷങ്ങള്‍ നാട്ടു പിടിപ്പിച്ചു അവൃതമാക്കണം