പഞ്ചാംഗം
ഹോ, ആ പേരു കേള്‍ക്കുമ്പോഴേ എന്തോ വല്യസംഭവം ആണെന്നു തോന്നിപ്പോകും. പണ്ടത്തെ അമ്മൂമ്മമാരുടെയും അപ്പൂപ്പന്മാരുടെയും അടുത്ത് എപ്പോഴും ഒരു പഞ്ചാംഗം ഉണ്ടാകും. മിക്ക വീടുകളിലും കാണും ഒരു പഞ്ചാംഗപ്പുസ്തകം. എന്നിരുന്നാലും ജ്യോത്സ്യരുടെ കൈകളിലാണ് ഈ സംഗതി കൂടുതലും കാണുന്നത് എന്നതിനാല്‍ ജ്യോത്സ്യവുമായി ബന്ധപ്പെട്ട എന്തോ ഒന്നാണെന്ന ധാരണ മിക്കവര്‍ക്കുമുണ്ട്. കലണ്ടറുകള്‍ ഇല്ലാതിരുന്ന കാലത്തെ കലണ്ടറാണ് ഈ പഞ്ചാംഗം എന്നു പറയാം! കാലമറിയാന്‍ ഉപയോഗിക്കാവുന്ന ഒരു പുസ്തകം. അത്ര തന്നെ. ഒരു വര്‍ഷം ഓരോ ഗ്രഹവും എവിടെയെല്ലാം വരും എന്നൊക്കെ മുന്‍കൂട്ടി മനസ്സിലാക്കി എഴുതിവച്ചിട്ടുള്ള ഒരു സംഗതി. അഞ്ച് അംഗങ്ങള്‍ ചേര്‍ന്നതാണത്രേ പഞ്ചാംഗം. പഞ്ചാംഗം എന്ന പേരില്‍ നിന്നു തന്നെ സംഗതി വ്യക്തമല്ലേ! നാള്‍, ആഴ്ച, തിഥി, കരണം, യോഗം. ഇതാണത്രേ ഈ അഞ്ച് അംഗങ്ങള്‍. ഹോ, വല്ലാത്ത പേരുകള്‍ തന്നെ. അല്ലേ? നാളും ആഴ്ചയും മനസ്സിലാക്കല്‍ അത്ര ബുദ്ധിമുട്ടില്ല. ഇരുപത്തേഴു നാളുകള്‍ തന്നെ. ഓരോ ദിവസത്തെയും നാളറിയാന്‍ ഉള്ള വിദ്യ പഞ്ചാംഗത്തില്‍ ഉണ്ട്. അടുത്തതാണ് നമുക്ക് ഏറ്റവും പരിചയം. ആഴ്ച! ജ്യോതിഷഭാഷയില്‍ വാരം എന്നു പറയും! തിങ്കള്‍, ചൊവ്വ, ബുധന്‍...... അതു തന്നെ സംഗതി! കാണാന്‍ പറ്റുന്ന ഏഴു ഗോളങ്ങളുടെ പേരുകളാണ് ആഴ്ചയ്ക്കു നല്‍കിയിരിക്കുന്നതത്രേ! പക്ഷേ എന്തു ചെയ്യാം! നമുക്ക് ഏറ്റവും പരിചിതമായ ആഴ്ചയ്ക്ക് ജ്യോതിഷപരമായി വലിയ പ്രാധാന്യമൊന്നുമില്ലത്രേ! അടുത്ത അംഗം ആളല്‍പ്പം ചുറ്റിക്കെട്ടാ. എങ്കിലും ഒന്നു പരിചയപ്പെടാം. തിഥി! ചന്ദ്രനുമായി ബന്ധപ്പെട്ട സംഗതിയാണ് ഈ തിഥി. കലണ്ടറുകളില്‍ കറുത്തവാവും വെളുത്തവാവും കാണാറില്ലേ. അതിനിടയ്ക്ക് ഓരോ ദിവസവും പ്രഥമ, ദ്വിതീയ, തൃതീയ, ചതുര്‍ത്ഥി, പഞ്ചമി, ഷഷ്ഠി, സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുര്‍ദ്ദശി... എന്നിങ്ങനെ എഴുതിയിട്ടുണ്ടാകും. ചുമരില്‍ക്കിടക്കുന്ന കലണ്ടറെടുത്ത് സംശയം ഒന്നു തീര്‍ത്തോളൂ! ഇതു തന്നെയാണ് ഈ തിഥി! ഓരോരോ പേരുകളേ! അമാവാസി ദിവസം സൂര്യനും ചന്ദ്രനും ആകാശത്ത് ഏതാണ്ട് ഒരേ സ്ഥാനത്തു കാണപ്പെടും എന്നറിയാമല്ലോ. (കാഴ്ചയിലാണേ, ശരിക്കും രണ്ടും തമ്മില്‍ പതിനഞ്ചുകോടി കിലോമീറ്ററാ അകലം!) സമയം കഴിയും തോറും സൂര്യനും ചന്ദ്രനും തമ്മില്‍ അകലാന്‍ തുടങ്ങും. ചന്ദ്രനില്‍ നിന്നും പ്രതിഫലിക്കുന്ന സൂര്യപ്രകാശം പതിയെപ്പതിയെ ഭൂമിയിലുള്ളവര്‍ കണ്ടുതുടങ്ങുകയും ചെയ്യും. ഇവര്‍ തമ്മില്‍ പന്ത്രണ്ടു ഡിഗ്രി അകലാനുള്ള ദൂരമാണത്രേ ഒരു തിഥി. വെളുത്തപക്ഷത്തിലെ പ്രഥമ എന്നറിയപ്പെടും! ഏതാണ്ട് ഒരു ദിവസം വേണ്ടി വരും ഇത്രയും അകലാന്‍. വീണ്ടും അടുത്ത പന്ത്രണ്ടു ഡിഗ്രി അകലുന്ന സമയം വെളുത്തപക്ഷത്തിലെ ദ്വിതീയ. പിന്നെ ഓരോ ദിവസവും അങ്ങനെ ഓരോ പേരായി നീണ്ടുനീണ്ടുപോകും. എന്നിട്ടോ, ചതുര്‍ത്ഥീം കഴിഞ്ഞ്, വെളുത്തവാവു വന്നുചേരും. പിറ്റേന്നു മുതല്‍ ചന്ദ്രന്‍ ചെറുതാവാന്‍ തുടങ്ങും. കറുത്തപക്ഷത്തിലെ പ്രഥമ, കറുത്തപക്ഷത്തിലെ ദ്വിതീയ..... അങ്ങനെയങ്ങനെ ഈ ചക്രം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും!!! ഏതാണ്ട് 30 ദിവസം കൊണ്ട് ഒരു കറക്കം പൂര്‍ത്തിയാകും. അടുത്ത അംഗം കരണം! ഒരു ദിവസത്തെ രണ്ടാക്കി നമ്മള്‍ AM, PM എന്നൊക്കെപ്പറയില്ലേ, അതേ പോലെ ഒരു സംഭവമാണത്രേ ഈ കരണം. തിഥിയുടെ പകുതിയാണത്രേ ഈ കരണച്ചങ്ങാതി! അതായത് ഇച്ചിരി കട്ടീല്‍പ്പറഞ്ഞാല്‍ ചന്ദ്രനും സൂര്യനും തമ്മില്‍ ആറ് ഡിഗ്രി അകലാന്‍ വേണ്ട സമയം. ഒരു ചാന്ദ്രമാസത്തില്‍ അങ്ങനെ 60 കരണമുണ്ട്.യോഗം. അഞ്ചാമത്തെ അംഗം. മനസ്സിലാക്കാന്‍ ഇച്ചിരി പാടാ. എനിക്കും അത്ര പിടികിട്ടീട്ടില്ല! അതുമനസ്സിലാക്കണോങ്കില്‍ ഗ്രഹസ്ഫുടം എന്നൊരു പരിപാടി എന്താണെന്നറിയണം. ഓരോ ഗ്രഹങ്ങള്‍ക്കും സ്ഫുടമുണ്ടത്രേ! സ്ഫുടം! ജ്യോതിശ്ശാസ്ത്രപരമായി പ്രാധാന്യമുള്ള ഒന്നാണ് ഗ്രഹസ്ഫുടം. മേടം രാശിയില്‍ നിന്നും എത്ര അകലത്തിലാണ് ഒരു ഗ്രഹം നില്‍ക്കുന്നത് എന്നു സൂചിപ്പിക്കുന്ന പരിപാടിയാണ് ഈ ഗ്രഹസ്ഫുടം! മേടത്തില്‍ നിന്നും സൂര്യനിലേക്കുള്ള അകലം രവിസ്ഫുടം എന്നു പറയും. മേടത്തില്‍ നിന്നും ചന്ദ്രനിലേക്കുള്ള അകലം ചന്ദ്രസ്ഫുടവും! ഈ അകലം എന്നു പറയുന്നത് കോണളവില്‍ത്തന്നെയാണേ! രവിസ്ഫുടം 5-23-32 എന്നു കണ്ടാല്‍ എന്താ സംഗതീന്നറിയോ. മേടം രാശിയില്‍ നിന്നും അഞ്ചുരാശിയും കഴിഞ്ഞ് ആറാമത്തെ രാശിയില്‍ 23 ഡിഗ്രി 32 മിനിറ്റ് മാറിയാണത്രേ സൂര്യന്‍ നില്‍ക്കുന്നത്! മേടം, ഇടവം, മിഥുനം, കര്‍ക്കിടകം, ചിങ്ങം. അങ്ങനെ അഞ്ചുരാശികള്‍. അതുകഴിഞ്ഞുള്ള രാശി. അതായത് കന്നി. അതില്‍ 23 ഡിഗ്രിയും 32 മിനിറ്റും സൂര്യന്‍ സഞ്ചരിച്ചു കഴിഞ്ഞിരിക്കുന്നു. ഒരു രാശി 30 ഡിഗ്രിവരും. സൂര്യന്‍ ഒരു ദിവസം ഏതാണ്ട് ഒരു ഡിഗ്രി സഞ്ചരിക്കുകയും ചെയ്യും. 23 ഡിഗ്രി കഴിഞ്ഞു എന്നാല്‍ 23 ദിവസം കഴിഞ്ഞു എന്നു തന്നെ അര്‍ത്ഥം! അതായത് അന്ന് കന്നിമാസം 24ആം തീയതി! മലയാളമാസത്തിലെ തീയതി തന്നെയാണ് ഈ രവിസ്ഫുടം എന്നു ചുരുക്കം. ചന്ദ്രന്റെ കാര്യോം ഇങ്ങനെ തന്നെ! നാള്‍ ഏതാണെന്നു മനസ്സിലാക്കാന്‍ ചന്ദ്രസ്ഫുടം സഹായിക്കും. പഞ്ചാംഗത്തില്‍ നാള്‍നോക്കാന്‍ ചന്ദ്രസ്ഫുടം നോക്കിയാലും മതി എന്നു സാരം. പക്ഷേ വട്ടുപിടിച്ച കണക്കുകൂട്ടാന്‍ അറിഞ്ഞിരിക്കണം എന്നു മാത്രം. നമുക്കിനി 'യോഗ'ത്തിലേക്കു തിരിച്ചുവരാം. രവിസ്ഫുടോം ചന്ദ്രസ്ഫുടോം എടുത്ത് അവ തമ്മില്‍ കൂട്ടിയാല്‍ കിട്ടുന്നതാണത്രേ ഈ യോഗം! ഹോ, ആകെ വട്ടായി. നമുക്കെളുപ്പം എന്തായാലും ആഴ്ച തന്നെ. അല്ലാപിന്നെ!