2018, ഒക്‌ടോബർ 11, വ്യാഴാഴ്‌ച

പരിപ്പ് മഹാദേവക്ഷേത്രം...കോട്ടയം ജില്ലയിൽ അയ്മനം





പരിപ്പ് മഹാദേവക്ഷേത്രം...

 ശ്രി പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്നു വിശ്വസിക്കുന്ന നൂറ്റെട്ടു ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്.

കോട്ടയം ജില്ലയിൽ അയ്മനം ഗ്രാമത്തിലാണ് നൽപ്പരപ്പിൽ പരിപ്പ് മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്. രണ്ടു ബലിക്കൽപ്പുരകളും രണ്ടു തിടപ്പള്ളികളും ഉള്ള ശിവക്ഷേത്രമാണിത്...

ഇടപ്പള്ളി രാജാവ് ക്രി. വർഷം 825-ൽ പണിതീർത്താണ് ഇവിടുത്തെ ശിവക്ഷേത്രം. അതുപോലെതന്നെ തെക്കുംകൂർ രാജ്യത്തെ ഇടപ്രഭുക്കന്മാരുടെ കിടമത്സരങ്ങൾക്ക് വേദിയായ ശിവക്ഷേത്രമാണ് പരിപ്പ് മഹാദേവക്ഷേത്രം.

ഇടപ്പള്ളി രാജവംശത്തിന് ഇളങ്ങല്ലൂർ സ്വരൂപം എന്നും പേരുണ്ട്. കാൽക്കരെ നാട്ടിലെ തൃക്കാക്കര ക്ഷേത്രത്തിൽ പൂജനടത്തിയിരുന്ന പ്രതാപശാലിയായ ഒരു നമ്പൂതിരി ആയിരുന്നു ഇതിന്‍റെ സ്ഥാപകൻ.

കുലശേഖരരാജ്യത്തിന്‍റെ പതനത്തെ (1102) തുടന്ന് കാൽക്കരെനാട് ഛിന്നഭിന്നമായി. ഇടപ്പള്ളി ആസ്ഥാനമായി നമ്പൂതിരി ഒരു സ്വതന്ത്രരാജ്യം സ്ഥാപിച്ചു. 1740-ൽ ഡച്ച് ഈസ്റ്റിന്ത്യാകമ്പനിയുമായി ഇടപ്പള്ളി ഒരു കരാർ ഉണ്ടാക്കി. നാടുവാഴി നമ്പൂതിരി ആയതുകൊണ്ട് മാർത്താണ്ഡവർമ്മ ഇടപ്പള്ളി ആക്രമിച്ചില്ല. മുവാറ്റുപുഴ താലൂക്കിലെ വാഴപ്പിള്ളി, കാർത്തികപ്പള്ളിതാലൂക്കിലെ തൃക്കുന്നപ്പുഴ, തിരുവല്ല താലൂക്കിലെ കല്ലൂപ്പാറ എന്നിവ ഇടപ്പള്ളി സ്വരൂപത്തിൽ ഉൾപ്പെട്ടിരുന്നു. 1820-ൽ ബ്രിട്ടീഷുകാർ ഈ രാജ്യം കൊച്ചിരാജാവിന്‍റെ  സംരക്ഷണയിലാക്കിയിലെങ്കിലും, ഇടപ്പള്ളിത്തമ്പുരാന്‍റെ  പ്രതിഷേധം മൂലം 1825-ൽ തിരുവിതാംകൂർ ഭരണത്തിൽ കീഴിലാക്കി..


 ഇടപ്പള്ളി രാജാവിന്‍റെ  മഠത്തിൽ കൊട്ടാരം ഇവിടെ അടുത്തായിരുന്നു, അതിനാൽ രാജാവിനെ ഇവിടുത്തുകാർ മഠത്തിൽ രാജാവ് എന്നു വിളിച്ചിരുന്നു. പരിപ്പിലെ ഇടത്തിൽ രാജാവ് എന്ന ഇടപ്രഭുവിന് ഇടപ്പള്ളി രാജാവുമായി നല്ല ബന്ധമായിരുന്നില്ല. തന്മൂലംതന്നെ ഇവർ ഒരുമിച്ച് ക്ഷേത്രദർശനം നടത്താറില്ലായിരുന്നു. ഇനി അഥവാ അങ്ങനെ വരുകയാണങ്കിൽ അത് ഒഴിവാക്കാൻ അവർ രണ്ടു ബലിക്കൽ പുരകൾ ഇവിടെ പണിതീർത്തു. അതുപോലെതന്നെ പൂജാ നൈവേദ്യമുണ്ടാക്കാനായി രണ്ടു തിടപ്പള്ളികളും അതിനായി പണിതീർത്തിരുന്നു.

സ്ഥലനാമ ഐതിഹ്യ പ്രകാരം പരിപ്പ് എന്ന പേർ "ഭരിപ്പിൽ" (ഭരണം) നിന്നാണ് വന്നത് എന്നു കരുതുന്നു. തെക്കുംകൂറിന്‍റെ  ഭരണസിരാകേന്ദ്രങ്ങളിൽ ഒന്നായിരുന്നു പരിപ്പ്. അതിനാൽ അങ്ങനെയാവാൻ സാധ്യതയേറെ.

ക്ഷേത്രത്തിലെ ആണ്ടുത്സവം മീനമാസം തിരുവാതിര ആറാട്ട് വരത്തക്ക രീതിയിൽ കൊടിയേറി എട്ടു ദിവസങ്ങൾ ആഘോഷിക്കുന്നു.

നിത്യേന മൂന്നു പൂജകൾ ഇവിടെ പതിവുണ്ട്.

ഭദ്രകാളി മറ്റപ്പള്ളി നമ്പൂതിരിയിൽ നിക്ഷിപ്തമാണ് ഇവിടുത്തെ ക്ഷേത്ര തന്ത്രം.

ഉപദേവന്മാർ:-
ശ്രീകൃഷ്ണൻ,ശാസ്താവ്,ഗണപതി,ഭഗവതി

തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ  കീഴിലാണ് ക്ഷേത്ര ഭരണം നടക്കുന്നത്.