2018, ഒക്‌ടോബർ 11, വ്യാഴാഴ്‌ച

ചിറയ്ക്കൽ മഹാദേവക്ഷേത്രം...എറണാകുളം ജില്ലയിലെ അങ്കമാലി





ചിറയ്ക്കൽ മഹാദേവക്ഷേത്രം...

കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പറയുന്ന നൂറ്റെട്ടാമത്തേതും അവസാനത്തേതുമായ ശിവ ക്ഷേത്രം. വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമനാണ് പ്രതിഷ്ഠ നടത്തിയത് എന്നാണ് ഐതിഹ്യം.

എറണാകുളം ജില്ലയിലെ അങ്കമാലിയിൽ സ്ഥിതിചെയ്യുന്ന പുരാതനവും പ്രസിദ്ധവുമായ ക്ഷേത്രമാണ് ചിറയ്ക്കൽ മഅങ്കമാലിഹാദേവക്ഷേത്രം.

കൊച്ചി രാജാവിന്‍റെ  സാമന്തനായിരുന്ന ആലങ്ങാട്ടു രാജാവാണ് ഇവിടം ഏറെ നാൾ ഭരിച്ചിരുന്നത്.ആലങ്ങാട് രാജവംശം കറുത്ത തായ് വഴി, വെളുത്ത തായ് വഴി എന്നു രണ്ടായിപിരിഞ്ഞു. ആലങ്ങാട് രാജവംശം രണ്ടായി പിരിഞ്ഞപ്പോൾ അതിലൊരു താവഴി അങ്കമാലിക്ക് വടക്ക് കോതകുളങ്ങര ആസ്ഥാനമായി വാണിരുന്നു.

1756 - ൽ സാമൂതിരി ആലങ്ങാട് പിടിച്ചൂ. 1762- ൽ തിരുവിതാംകൂർ സാമൂതിരിയെ തോല്പിച്ചു. അതിനു പ്രതിഫലമായി കൊച്ചി ആലങ്ങാടും പറവൂരും തിരുവിതാംകൂറിനു നൽകി. പിന്നീട് തിരുവിതാംകൂർ രാജ്യം ഇല്ലാതായപ്പോഴാണ് ആലങ്ങാട് രാജാവിന്‍റെ  സംരക്ഷണത്തിലായിരുന്നചിറയ്ക്കൽ ക്ഷേത്രഭരണം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനത്തിലായിത്തീർന്നത്..

ടിപ്പുവിന്‍റെ പടയോട്ടം നടന്നിട്ടുള്ള സ്ഥലമാണ് ആലങ്ങാട്.കൊച്ചി പിടിക്കാനുള്ള ശ്രമത്തിനിടയിൽ വഴിയിൽ വച്ച് എല്ലാ പള്ളികളും ക്ഷേത്രങ്ങളും കൊള്ളയടിച്ച്, പാടങ്ങളും മറ്റും അഗ്നിക്കിരയാക്കി താറുമാറാക്കി അവർ കടന്നുപോയത്. മൈസൂറിൽ ഇംഗ്ലീഷ് പട്ടാളം അടുത്തപ്പോളാണ് ടിപ്പു പിൻ‍വാങ്ങിയത്.

ചതുരാകൃതിയിലുള്ള ഗർഭഗൃഹത്തോടുകൂടിയ രണ്ടു നിലയുള്ള ചെറിയ ശ്രീകോവിലാണ് ക്ഷേത്രത്തിനുള്ളത്. ധ്വജമോ ഗോപുരമോ അലങ്കാര കവാടമോ ഒന്നും തന്നെ ക്ഷേത്രത്തിനില്ല.

ബലിക്കല്ല് സാമന്യം വലിയതാണെങ്കിലും ബലിക്കൽപ്പുരയില്ല. നമസ്കാരമണ്ഡപമുണ്ട്. വലിയമ്പലം കിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്നു. ചുറ്റമ്പലമില്ല. ചുറ്റമ്പലത്തിന്‍റെ അതിർത്തിയിൽ ഒരു ചെറിയ മതിലാണുള്ളത്. ക്ഷേത്രത്തിന്‍റെ  കിഴക്ക് ഭാഗത്തുള്ള വിസ്തൃതമായ നടവഴി ചെന്നവസാനിക്കുന്നത് സാമാന്യം വലിയ ഒരു ചിറയിലാണ്.

ശിവനാണ് പ്രതിഷ്ഠ. പീഠത്തിൽ നിന്ന് ഒന്നരയടിയോളം ഉയരമുള്ള ശിവലിംഗം കിഴക്കോട്ട് ദർശനമരുളുന്നു. ദേവൻ രൌദ്രഭാവത്തിൽ ജലത്തിലേക്ക് അഭിമുഖമായി സ്ഥിതിചെയ്യുന്നതിനാൽ ക്രുദ്ധനായ ദേവൻ ശാന്തനായി നിലകൊള്ളുന്നു എന്നാണ് സങ്കല്പം.

രണ്ടുനേരം പൂജയും ക്ഷേത്രചടങ്ങുകളുമുണ്ട്. ഉത്സവമില്ല. ശിവരാത്രി ജനപങ്കാളിത്തത്തോടെ ആഘോഷിച്ചുവരുന്നു.

ക്ഷേത്രത്തിൽ ദേവീപ്രതിഷ്ഠയില്ല. നമസ്കാരമണ്ഡപത്തിനു സമീപം നന്ദിയുണ്ട്. തെക്കുഭാഗത്ത് ഗണപതിയും പുറത്ത് തെക്കുപടിഞ്ഞാറേ മൂലയിൽ കാണുന്ന കൊച്ചു ശ്രീകോവിലിൽ ശാസ്താവും ഭഗവതിയും ഒരേ പീഠത്തിലമരുന്നു.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ  കീഴിലാണ് ക്ഷേത്രഭരണം. തന്ത്രം ഭദ്രകാളി മറ്റപ്പിള്ളി മനയ്ക്കലേക്കും ആകുന്നു.