2018, ഒക്‌ടോബർ 3, ബുധനാഴ്‌ച

മലയാളത്തിന്‍റെ അമൂല്യ പ്രതിഭകൾ



മലയാളത്തിന്‍റെ അമൂല്യ പ്രതിഭകൾ

പതിനാലാം ശതകം മുതൽ പതിനാറാം ശതകം വരെയായിരുന്നു കേരളത്തിന്റെ ഗണിത പ്രതിഭകൾ ,അവർക്കു മുന്നൂറുകൊല്ലത്തിനു ശേഷം പാശ്ചാത്യ ഗണിതജ്ഞർ കണ്ടുപിടിച്ചതെന്നു അടുത്തകാലം വരെ ലോകം വിശ്വസിച്ചിരുന്ന, ഉന്നത ഗണിതശാസ്ത്രത്തിലെ കണ്ടുപിടുത്തങ്ങൾ നടത്തിയത്. സംഗമ ഗ്രാമത്തിലെ (ഇന്നത്തെ ഇരിഞ്ഞാലക്കുട ) മാധവൻ ആണ് ഈഗണിത പ്രതിഭകളുടെ ആചാര്യൻ . ചരിത്ര രേഖകളിൽ ഇദ്ദേഹത്തിന്റെ പേര് സംഗമ ഗ്രാമ മാധവൻ എന്ന് കാണാം. ഇൻഫിനിറ്റ് സീരീസ് എക്സ്പാൻഷൻ (infinite series expansion) കളിലൂടെ സൈൻ(sine), കോ സൈൻ(cosine) തുടങ്ങിയ ട്രിഗണോമെട്രിക് ഫങ്ക്ഷനുകളുടെ (Trigonometric Functions)മൂല്യം .അഞ്ചു ദശാംശ സ്ഥാനങ്ങൾ വരെ കൃത്യമായി ഗണിച്ചെടുത്ത മഹാ ഗണിത ശാസ്തജ്ഞനായിരുന്നു അദ്ദേഹം .അദ്ദേഹത്തിനും നൂറ്റാണ്ടുകള്ക്കു ശേഷമാണ് പാശ്ചാത്യർക്ക് ഇത് സാധ്യമായത് . അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ മുസരീസ് വഴി സഞ്ചാരികളും കച്ചവടക്കാരും യൂറോപിലെത്തിച്ചിരിക്കാം എന്നാണ് ഇപ്പോൾ കരുതപ്പെടുന്നത് .ആധുനിക ഗണിത ശാസ്ത്ര ശാഖയായ കാൽക്കുലസിന് (calculus) അടിത്തറയിട്ടതും മാധവ ആചാര്യൻ തന്നെ . അദ്ദേഹത്തിനും അഞ്ചു നൂറ്റാണ്ടു മുൻപ് ചേര രാജാവിന്റെ(സ്ഥാണു രവി വർമൻ) ആസ്ഥാന ഗണിതജ്ഞനായ ശങ്കര നാരായണനും ഉന്നത ഗണിതശാസ്ത്രത്തിൽ അദ്വിതീയനായിരുന്നു .ലഘു ഭാസ്കരീയ വിവരണം എന്ന ഗണിത ഗ്രൻഥം അദ്ദേഹം രചിച്ചിരുന്നു.
ഗോട്ടിഫ്രീഡ് ലെബനിട്സ് (Gottfried Leibnitz) കണ്ടുപിടിച്ചു എന്ന് കരുതപ്പെട്ടിരുന്ന ലെബനിട്സ് സീരീസ് (Leibnitz Series) കണ്ടുപിടിച്ചത് മാധവ ആചാര്യനാണെന്നു ഇന്ന് പാശ്ചാത്യ ലോകം അംഗീകരിക്കുന്നു .അവർ അതിനെ മാധവ -ലെബനിട്സ് സീരീസ് (Madhava –Leibnitz Series) എന്ന് പുനർ നാമകരണവും ചെയ്തു കഴിഞ്ഞു ”.പൈ ”(Pi) യുടെ വാല്യൂ നിർണയിക്കാൻ ഈ സീരീസ് ഉപയോഗിക്കുന്നുണ്ട് .പാശ്ചാത്യക്കും നൂറ്റാണ്ടുകൾക്കുമുപ് ”.പൈ ” യുടെ മൂല്യം നമ്മുടെ ആചാര്യർ കൃത്യമായി കണക്കാക്കിയിരുന്നു . ഗോളവാദ ,വേണ് വരോഹ ,ചന്ദ്ര വ്യാഘ്യായിനി തുടങ്ങി അനേകം ഗ്രന്ധങ്ങൾ മാധവ ആചാര്യൻ രചിച്ചതായി കരുതപ്പെടുന്നു.
അദ്ദേഹത്തിന്റെ ശിഷ്യ പരമ്പര രണ്ടു നൂറ്റാണ്ടുകാലം അദ്ദേഹം കാട്ടിയ പാതയിൽ ഉന്നത ഗണിതത്തിൽ നമ്മുടെ യശസ്സ് ഉയർത്തിപ്പിടിച്ചു .അവരിൽ പ്രധാനിയാണ് ജ്യേഷ്ഠ ദേവൻ .ഇന്റഗ്രേഷന് സങ്കലനം (collection) എന്ന വളരെ മൂർത്തമായ പേരാണ് അദ്ദേഹം നൽകിയത് അദ്ദേഹം എഴുതിയ യുക്തിഭാഷ്യം ആണ് ആദ്യത്തെ കാൽക്കുലസിന്റെ ടെക്സ്റ്റ് ബുക്ക് .മലയാളത്തിലാണ് ഈ പുസ്തകം രചിക്കപ്പെട്ടത് എന്നത് നമുക്ക് അഭിമാനത്തിന് വക നൽകുന്നു . .കാൽക്കുലസ് നമ്മിൽ നിന്ന് പാശ്ചാത്യർ പഠിച്ച ഒരു ഗണിത വിദ്യയാണ് ,അവരിൽ നിന്നും നാം പഠിച്ച ഒന്നല്ല.
സംഖ്യാ ശാസ്ത്രത്തിൽ നിന്നും കലനത്തിലേക്ക് ( calculus) എത്തിപ്പെടാൻ പാശ്ചാത്യ സംസ്കാരത്തിന് രണ്ടായിരത്തിലധികം കൊല്ലം വേണ്ടിവന്നു .കേരളത്തിലെ ഗണിതശാസ്ത്ര ആചാര്യന്മാർ അവരുടെ ഗ്രന്ധങ്ങൾ പലതും മലയാളത്തിലാണ് രചിച്ചത് . ഇവിടെയും പാശ്ചാത്യ ലോകത്തിനു സമാനമായി സംഖ്യ ശാസ്ത്രത്തിൽ നിന്നും കലനത്തിൽ എത്തിച്ചേരാൻ രണ്ടായിരം കൊല്ലം എടുത്തു എന്നനുമാനിക്കുന്നതിൽ ഒരു തെറ്റുമില്ല .അങ്ങിനെയാണെങ്കിൽ കഴിഞ്ഞ മൂവായിരം കൊല്ലമായി നമ്മുടെ പ്രദേശം ഗണിതത്തിലെ ,തത്വചിന്തയിലും ലോകത്തിന്റെ വഴികാട്ടിയായ ഒരു പ്രദേശമായിരുന്നു എന്ന അനുമാനത്തിലാണ് നാം എത്തിച്ചേരേണ്ടത്.
ഈ നാട് പ്രാകൃതരുടെ വാസസ്ഥാനമായിരുന്നില്ല, മഹാ ഗണിതജ്ഞരുടെയും ,മനീഷികളുടെയും നാടായിരുന്നു എന്നാണ് സുവ്യക്തമായ തെളിവുകൾ ഉദ്ഘോഷിക്കുന്നത്. അറിയാതെ പോകരുത്

ഏകലവ്യൻ?

എന്താണ് ആ നാമം സൂചിപ്പിക്കുന്നത്? നാം അത് ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്!
നിഷാദരാജാവായ ഹിരണ്യധനുസ്സിന്റെ വളർത്തു പുത്രനായിരുന്നു ഏകലവ്യൻ. എന്നാൽ ഏകലവ്യന് ഒരു പൂർവ്വ കഥയുണ്ട്. ശ്രീകൃഷ്‌ണന്റെ അച്ഛനായ വസുദേവന്റെ പിതാവാണ് ശൂരസേനൻ! ശൂരസേനന് വസുദേവനെക്കൂടാതെ വേറെയും പുത്രന്മാരുണ്ടായി. അതിലൊരാളാണ് പ്രസിദ്ധനായ ദേവശ്രവസ്സ് .ദേവശ്രവസ്സിനു ശത്രുഘ്നൻ എന്നൊരു പുത്രനുണ്ടായി. ജനിച്ചപ്പോൾ തന്നെ വലിയ അപശകുനങ്ങൾ കണ്ടതിനാൽ ഈ കുട്ടി വനത്തിൽ ഉപേക്ഷിക്കപ്പെട്ടു. ആ കുട്ടിയാണ് പിന്നീട് ഹിരണ്യധനുസ്സ് കണ്ടെടുത്ത് വളർത്തിയ ഏകലവ്യൻ!
ഇനി ഏകലവ്യന്റെ ദ്രോണരെ ഗുരുവാക്കാനുള്ള ആഗ്രഹത്തെക്കുറിച്ചും, അതിന്റെ അനന്തരഫലത്തേക്കുറിച്ചും പറയാം. ദ്രോണർ ഹസ്തിനപുരത്തെ രാജഗുരു മാത്രമല്ല, സർവ്വ സൈന്യാധിപൻ കൂടിയായിരുന്നു. എന്നുവച്ചാൽ ഹസ്തിനപുരിയുടെ സകല യുദ്ധതന്ത്രങ്ങളും അറിയുന്ന, നിയന്ത്രിക്കുന്ന ഇന്നത്തെ ജനറലിന് തുല്യമായ ഒരു പദവി.
അന്ന് ഹസ്തിനപുരിയുടെ സാമന്ത രാജ്യമായിരുന്നു നിഷാദ രാജ്യം. അതായത് അവർ കരം പിരിക്കുന്ന ഒരു രാജ്യം. അത്തരമൊരു രാജ്യവുമായി ഏതുസമയവും യുദ്ധം പൊട്ടിപ്പുറപ്പെടാം. അത്തരം ഒരു രാജ്യത്തിലെ രാജകുമാരനായ ഏകലവ്യന് ഹസ്തിനപുരിയുടെ സർവ്വസൈന്യാധിപൻ വിലപ്പെട്ട യുദ്ധതന്ത്രങ്ങളും ആയുധവിദ്യയും ഉപദേശിച്ചുകൊടുക്കണം എന്ന് പറയുന്നത് മൗഢ്യമാണ്. അതായത് പാകിസ്താനിൽനിന്ന് ഒരുവൻ വന്നിട്ട്, ഇന്ത്യൻ സൈനിക ജനറലിനോട് ഇന്ത്യയുടെ യുദ്ധ തന്ത്രങ്ങൾ ഒന്ന് പഠിപ്പിച്ചു തരണം എന്നു പറയുമ്പോൾ, നമ്മുടെ ജനറൽ അത് സാധ്യമല്ല എന്നുപറഞ്ഞാൽ, ആയത് ശരിയല്ല എന്ന് നാം പറയുന്നതുപോലെ.
മാത്രമല്ല ധനുർവേദം പഠിക്കുന്നതിനു മുന്നേ വേദങ്ങൾ പഠിച്ചിരിക്കേണ്ടത് അത്യാവശ്യമാണ് എന്ന് അന്ന് കരുതിയിരുന്നു. അതായത് ഒരു ആയുധം, ആരോട്, എപ്പോൾ, എങ്ങനെ പ്രയോഗിക്കണം എന്നത്, ശരിയായ ബോധത്തിന്റേയും, വിവരത്തിന്റേയും, ചിന്തയുടേയും അടിസ്ഥാനത്തിൽ തീരുമാനിക്കപ്പെടേണ്ടത്. പക്വമായ ഒരു മനസ്സില്ലാത്തവനെ ധനുർവേദം പഠിപ്പിക്കുന്നത് അപകടമാണ്. അർഹിക്കുന്നവനയേ വിദ്യ അഭ്യസിപ്പിക്കാവൂ എന്നത് അന്നത്തെ ഒരു പ്രധാന സങ്കൽപ്പമായിരുന്നു. അത് ഇന്നത്തെപ്പോലെ എൻട്രൻസ് എഴുതി ജയിച്ചു മാത്രം ഡോക്ടർ ആകുന്നതുപോലെ ആയിരുന്നില്ല.
തന്റെ ദേഷ്യം തീർക്കുവാനും, ശൗര്യം പ്രകടിപ്പിക്കുവാനും നിസ്സാരനായ ഒരു നായയുടെ വായിൽ ഏഴ് അമ്പുകൾ എയ്ത് തറച്ച ഏകലവ്യൻ വിവരദോഷി തന്നെയാണ്. അവന് ആയുധം പ്രയോഗിക്കുന്നതിൽ വിവേചനം ഇല്ല, എന്നത് ഇതിൽനിന്നുതന്നെ സ്പഷ്ടമാണ്. മാത്രമല്ല മുൻപൊരിക്കൽ ഇങ്ങനെയൊരുവൻ തന്നെ ഗുരുവായി വരിക്കരുതെന്ന് ദ്രോണാചാര്യർ ഏകലവ്യനോട് താക്കീത് നൽകിയതുമാണ്.
പിന്നെ പറയുന്ന ഒരു കാര്യം ഏകലവ്യന്റെ ഔദാര്യമാണ്. തന്റെ പെരുവിരൽ മുറിച്ചു കൊടുത്തതിന്റെ ഔദാര്യം. പെരുവിരൽ കൊടുത്തില്ലായിരുന്നുവെങ്കിൽ അവന്റെ തല പോകുമായിരുന്നു എന്നുള്ളതാണ് പച്ചയായ സത്യം.
തീർന്നില്ല... ശേഷമുള്ള ജീവിതകാലത്ത് ഏകലവ്യന്റെ പെരുമാറ്റം എന്തായിരുന്നു എന്നുകൂടി പരിശോധിക്കുന്നത് ഒരു സമാശ്വാസത്തിന് നന്നായിരിക്കും. പിന്നീട് ഏകലവ്യൻ എന്നും അധാർമ്മികരായ കൗരവപക്ഷത്തായിരുന്നു. മാത്രമല്ല ഇഷ്ടന്റെ ഇഷ്ടവിനോദം, ആണുങ്ങൾ ഇല്ലാത്ത സമയത്ത് ഭംഗിയുള്ള സ്ത്രീകളെ പിടിച്ചുകൊണ്ടുപോകുകയായിരുന്നു. ഈ ചുറ്റിക്കളി കൃഷ്ണൻ യുദ്ധത്തിന് പോയിരുന്നപ്പോൾ ദ്വാരകയിലും ചെന്ന് പ്രയോഗിച്ചു...
അവസാനമായി ഏകലവ്യന്റെ മരണത്തേക്കുറിച്ച് കൂടി പറയുമ്പോൾ, ചിത്രം പൂർത്തിയാകും. ഒരിക്കൽ ഇതുപോലെ സ്ത്രീകളെ ആക്രമിക്കാനായി കക്ഷി ഒരിക്കൽ ദ്വാരകയിൽ എത്തിയപ്പോൾ, നമ്മുടെ സ്വന്തം ശ്രീകൃഷ്ണൻ വാതിലിന്റെ പലക പറിച്ചെടുത്ത്, ഈ മഹാനായ ഏകലവ്യനെ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു എന്നും കൂടി അറിയുക.
അല്ലാതെ അവർണ്ണനായ ഒരുവനെ സവർണ്ണ മേധാവികൾ ഒതുക്കിയ കഥയല്ല ഏകലവ്യന്റേത്!

കേരളാ വിദ്യാഭ്യാസനവോത്ഥാനത്തിന്റെ ശിൽപ്പികൾ

കേരള വിദ്യാഭ്യാസനവോത്ഥാനത്തിന്റെ ശിൽപ്പികൾ മതം മാറ്റി ആളെക്കൂട്ടാന്‍ വേണ്ടി മാത്രം കേരളത്തിലെത്തിയ ക്രിസ്ത്യന്‍ മിഷനറിമാര്‍ ആണെന്ന കള്ളക്കഥകള്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന കുറെ മണ്ടശിരോമണികളായ ബുദ്ധിജീവി നാട്യക്കാര്‍ ഇപ്പോഴും ഉള്ള ഈ പ്രഫുദ്ധ കേരളത്തില്‍ ഇത്തരം പൊളിച്ചടുക്കലുകള്‍ അവശ്യം തന്നെ
വിദ്യാഭ്യാസരംഗത്തെ ജാതിവിവേചനം അവസാനിച്ചത് മിഷനറിമാരുടെ ഇടപെടൽ മൂലം…
ഒരുപാടുകാലമായി സകലയിടത്തും നമ്മൾ കേൾക്കുന്ന ഒരു കാര്യമാണിത്. കേരളത്തിൽ വിദ്യാഭ്യാസം കൊണ്ടുവന്നത് മിഷനറിമാരാണ് എന്ന പ്രചണ്ഡപ്രചാരണം, ഇന്നാട്ടിലെ വിദ്യാഭ്യാസം മുഴുവൻ കത്തോലിക്കാ മിഷണറിമാർ തന്നതാണെന്ന് പല രീതിയിൽ പ്രചാരണം തുടങ്ങിയിട്ട് ഒരുപാട് കാലമായി. യഥാർത്ഥത്തിൽ കൃസ്ത്യൻ മിഷനറിമാരാണോ കേരളത്തിൽ ആധുനികവിദ്യാഭ്യാസവും നവോത്ഥാനവും ഉണ്ടാക്കിയത്? കപടചരിത്രങ്ങൾ എഴുതി പലരും പലതും പരമാവധി പ്രചരിപ്പിയ്ക്കുന്നതിനിടയിൽ ശരിയായ ചരിത്രത്തെപ്പറ്റി അൽപ്പം കൂടുതൽ തിരയേണ്ടിയിരിയ്ക്കുന്നു.
കത്തോലിക്ക മിഷണറിമാർ നമ്മുടെ നാട്ടിലെ ആദ്യകാല വിദ്യാഭ്യാസത്തിനു വലിയ സംഭാവനകളൊന്നും നൽകിയിട്ടില്ല. മതവിദ്യാഭ്യാസത്തിനു വേണ്ടുന്ന സെമിനാരികൾ പണിയുകയും ബൈബിൾ പ്രചരിപ്പിയ്ക്കുകയും ചെയ്തതൊഴിച്ചാൽ- എന്നതാണ് സത്യം. ചില സെമിനാരികളോടും പള്ളികളോടുമനുബന്ധിച്ച് പ്രാഥമിക വിദ്യാലയങ്ങൾ നിലവിലിരുന്നു. പക്ഷേ കുടിപ്പള്ളിക്കൂടങ്ങളും എഴുത്ത് പള്ളികളും അല്ലാതെ തന്നെ നാട്ടിലെമ്പാടും നിലനിന്നിരുന്നു താനും. ഓരോ ഗ്രാമത്തിലും എഴുത്താശാന്മാരും എഴുത്തുപള്ളികളും ഉണ്ടായിരുന്നു.
യൂറോപ്യർ ഇവിടെ വരുമ്പോൾ ലോകത്തെ തന്നെ ഏറ്റവും മികച്ച ശാസ്ത്രജ്ഞർ ജീവിച്ചിരുന്ന സ്ഥലമാണ് കേരളം.സംഗ്രാമമാധവന്‍ (ഇരിങ്ങാലക്കുട ഇരിങ്ങാടപ്പള്ളി ഇല്ലത്ത് മാധവൻ നമ്പൂതിരി 1340-1435. ) നീലകണ്ഠ സോമയാജി (1444 - 1544) , ജ്യേഷ്ഠദേവൻ (1500 – 1575), അച്യുതപ്പിഷാരടി, വടാശ്ശേരിൽ പരമേശ്വരൻ നമ്പൂതിരി, നാരായണീയം രചിച്ച മേൽപ്പത്തൂർ നാരായണ ഭട്ടതിരി, അച്യുതപ്പണിയ്ക്കർ ഒക്കെ അടങ്ങുന്ന കേരളാ ഗണിത, ജ്യോതിശാസ്ത്ര വിദഗ്ധരിൽ നിന്നാണ് ഇൻഫിനിറ്റ് സീരീസിന്റേയും കാൽക്കുലസിന്റേയും ഒക്കെ പിറവിയെന്ന് ഇന്ന് ലോകം മുഴുവൻ അംഗീകരിച്ചിരിയ്ക്കുന്നു. കേരളാ സ്കൂൾ ഓഫ് മാത്തമാറ്റിക്സ് ആൻഡ് അസ്ട്രോണമിയെപ്പറ്റി ലോകം മുഴുവൻ സർവകലാശാലകളിൽ ഗവേഷണങ്ങൾ നടക്കുന്നു.
ഇവിടെ നിന്നും ആദ്യകാലങ്ങളിൽ കൊണ്ടുപോയ ഗ്രന്ഥങ്ങൾ പരിഭാഷപ്പെടുത്തിയതാണ് യൂറോപ്പിൽ ആധുനികശാസ്ത്രത്തിന്റെ വിത്ത് പാകിയതെന്ന് പോലും ഒരുപാട് വിദഗ്ധർ വിശ്വസിയ്ക്കുന്നു. അതായത് കത്തോലിക്കനും പോർച്ചുഗീസുകാരനുമായ വാസ്കോഡഗാമ 1498ൽ കോഴിക്കോട്ട് കപ്പലിറങ്ങുമ്പോൾ ഇവിടം യൂറോപ്പിനേക്കാൾ വലിയ പഠന കേന്ദ്രമായിരുന്നു. പിന്നെങ്ങനെയാണ് യൂറോപ്യർ വഴി ഇവിടെ വിദ്യാഭ്യാസം വരുന്നത്?
അവർ ഇവിടുന്ന് മോഷ്ഠിച്ചുകൊണ്ട് പോവുകയാണ് ചെയ്തത്. നിരന്തരമായ ആക്രമണങ്ങളും കൊള്ളയടിയും കാരണം വെറും നൂറു കൊല്ലം കൊണ്ട് യൂറോപ്യർ നമ്മുടെയടുത്തു നിന്ന് കൊള്ളയടിച്ച സ്വത്തും അറിവും കൊണ്ട് സമ്പന്നതയിലാണ്ടപ്പോൾ, നമ്മൾ അവരുടെ ആക്രമണങ്ങളിൽപ്പെട്ട് ഒന്നുമല്ലാതെ മാറിയിരുന്നു. വെറും ഒന്നോ രണ്ടോ നൂറ്റാണ്ട് കൊണ്ട്. ആ പിന്നോട്ടുപോക്കാണ് നമ്മളെ ഇപ്പഴും കുഴിയിലിട്ടിരിയ്ക്കുന്നത്.
പ്രൊട്ടസ്റ്റെന്റ് മിഷണറിമാർ സ്ഥാപിച്ച എൽ എം എസും സീ എം എസും ബാസൽ മിഷനുമൊക്കെ മലയാളഭാഷയുടെ ആദ്യകാല അച്ചടിയ്ക്ക് നൽകിയ സംഭാവനകൾ മറക്കാവതുമല്ല. (അച്ചടിയ്ക്ക് എന്ന് എടുത്ത് പറയണം. ഭാഷയ്ക്ക് സംഭാവന നൽകുന്നതും അച്ചടിയ്ക്ക് യന്ത്രം ഉണ്ടാക്കുന്നതും വേറേ വേറേ തന്നെയാണെന്ന് പറയണമല്ലോ) ഹെർമൻ ഗുണ്ടർട്ടിനെപ്പോലെയൊരാൾ അന്ന് ഒരു ഇംഗ്ളീഷ് മലയാളം നിഖണ്ടുവും ഉണ്ടാക്കി. ഇംഗ്ളീഷ് മലയാളം നിഖണ്ടുവും അച്ചടിയുമെല്ലാം പക്ഷേ അവർ ചെയ്തത് മതപ്രചരണത്തിനു വേണ്ടി മാത്രമായിരുന്നു എന്ന് മറക്കരുത്.
അവരൊക്കെ നൽകിയ സംഭാവനകളേക്കാൾ പാശ്ചാത്യ കൊളോനിയൽ ആഢ്യത്വത്തിന്റെ രീതികൾ വച്ച് നമ്മുടെ ഭാഷയെയും ചരിത്രത്തേയും വ്യാഖ്യാനിച്ചത് കൊണ്ടുണ്ടായ ദോഷങ്ങളാണ് അധികവും എന്ന് കരുതുന്ന ഗവേഷകരും കുറവല്ല. മിഷനറിമാർ അച്ചടി കൊണ്ടുവന്നില്ലെങ്കിൽ മലയാളത്തിൽ അച്ചടിപ്പുസ്തകങ്ങൾ ഉണ്ടാവുകയില്ലായിരുന്നോ? ഭാരതത്തിൽ മിഷനറിമാർ ചെല്ലാത്ത മറ്റു ഭാഷകളിലും അച്ചടിയും പത്രങ്ങളും നിഖണ്ടുക്കളുമൊക്കെ ഉണ്ടായിട്ടുണ്ട്. മലയാളത്തേക്കാൾ വലിയൊരു സാഹിത്യസമ്പത്തും അവിടെയെല്ലാം ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് അച്ചടിയും പാശ്ചാത്യ കൊളോണിയൽ മനസ്സോടെയുള്ള കപടചരിത്രമെഴുത്തും മതപ്രചരണം ലാക്കാക്കിയുള്ള പുസ്തകം പ്രചരിപ്പിയ്ക്കലും, പത്രങ്ങളും ഒക്കെ ഗുണത്തേക്കാൾ ദോഷമാണ് ഈ സമൂഹത്തിനുണ്ടാക്കിയതെന്നതിൽ ഒരു സംശയവുമില്ല.
കൃഷ്ണചരിതം മുതലായ ഓരോരോ ഗ്രന്ഥങ്ങളെ വായിച്ചാൽ ഓരോരോ നാണക്കേടു തോന്നും, ആ വക, ബാല്യക്കാരുടെ മനസ്സിനെ കെടുപ്പാൻ മതിയാകയാൽ" എന്ന് ഈ സംസ്കാരത്തെ പുശ്ചിച്ച ഹെർമ്മൻ ഗുണ്ടർട്ടിന്റെ ഒരു തലമുറ കഴിഞ്ഞപ്പോൾ ചെറുമകൻ ഹെർമ്മൻ ഹെസ്സേ തന്നെ പാശ്ചാത്യനാടുകളിൽ ഈ സംസ്കാരത്തിന്റെ ഏറ്റവും വലിയ പതാകാവാഹകനായി എന്നത് ഒരു കാലനീതിയാവാം. ആളും പണവുമില്ലാതെ എന്തിനേയും സ്വാംശീകരിച്ച് ശുദ്ധമാക്കുന്ന ഭാരത സംസ്കാരത്തിന്റെ നാളങ്ങളുടെ വെളിച്ചം കാലസീമകളേ ഭേദിച്ച് മനസ്സുകളിലേക്കിറങ്ങുന്നത് നമുക്ക് ഹെർമ്മൻ ഹെസ്സേയുടെ കൃതികളിൽ കാണാം.
അപ്പോഴും ഒരുകാര്യം പറയണം. ഈ കത്തോലിക്ക സഭയും പ്രൊട്ടസ്റ്റന്റുകാരും രണ്ട് വ്യത്യസ്ത മതങ്ങൾ തന്നെയാണ്. കത്തോലിക്ക സഭ പ്രൊട്ടസ്റ്റന്റുകാരെ ചരിത്രത്തിലെല്ലാം, ഇപ്പോൾപ്പോലും കൊന്ന് തള്ളിയിട്ടേ ഉള്ളൂ. യൂറോപ്പിന്റെ ചരിത്രം മുഴുവൻ കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും തമ്മിലുള്ള യുദ്ധമാണ്. ബ്രിട്ടീഷുകാർ പ്രൊട്ടസ്റ്റന്റുകാരാണ്. അയർലന്റിൽ കത്തോലിക്കരും. കത്തോലിക്ക സഭയുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള അറിവോടെ ഇന്നും അവിടെ തീവ്രവാദപ്രവർത്തനങ്ങൾ പ്രൊട്ടസ്റ്റന്റുകാർക്കെതിരെ കത്തോലിക്കർ നടത്തുന്നു. ബ്രിട്ടീഷ് ഗവണ്മെന്റിന്റേയും പ്രൊട്ടസ്റ്റന്റ് ആംഗ്ളിക്കൻ ചർച്ചിന്റേയും സഹായത്താൽ തിരികെയും തീവ്രവാദപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
അതുകൊണ്ട് എൽ എം എസും ആംഗ്ളിക്കൻ സഭയും ഒക്കെ ചെയ്ത കാര്യങ്ങളിൽ കത്തോലിക്ക സഭയ്ക്ക് ഒരു പങ്കുമില്ല എന്ന് മാത്രമല്ല സഭ അതിനെ എന്നും തകർക്കാനാണു ശ്രമിച്ചിട്ടുള്ളത്.
ബ്രാഹ്മണമതത്തിന്റെ പിടിയിലകപ്പെട്ട ഒരു ഇരുണ്ട യുഗം നമ്മുടെ നാട്ടിനുണ്ടായിരുന്നു . താണജാതിയിലുള്ളവർ എന്ന പേരിൽ ഒരു വലിയ സമൂഹത്തിനു വിദ്യാഭ്യാസം നിഷേധിയ്ക്കപ്പെട്ടു. എന്നാലും നായന്മാരുടെ പ്രത്യേകമായ ചില സാമൂഹിക ആചാരങ്ങൾ നായർ സ്തീകളെ സാമൂഹികമായും വിദ്യാഭ്യാസപരമായും മുന്നിൽ നിർത്തിയിരുന്നുവെന്ന് ഓർക്കാതെ വയ്യ. ഈഴവരും വൈദ്യവും സംസ്കൃതം ഒക്കെ പഠിച്ച് വൈദ്യവൃത്തിയും മറ്റും നടത്തിയിരുന്നു എന്ന് മറക്കരുത്. ഈഴവ സ്ത്രീകളിലും ഉന്നതവിദ്യാഭ്യാസമുള്ളവരുണ്ടായിരുന്നു.
പഠിയ്ക്കുക എന്നത് ഒരു വലിയ കാര്യമായിത്തന്നെ അന്ന് കരുതിയിരുന്നു. എഴുത്താശാന്മാരും പയലുപള്ളിക്കൂടങ്ങളും നാട്ടിലുടനീളം ആണു പെണ്ണു വ്യത്യാസമില്ലാതെ മിയ്ക്കവർക്കും പ്രാഥമിക വിദ്യാഭ്യാസം നൽകിപ്പോന്നു. സ്ത്രീ വിദ്യാഭ്യാസത്തിന്റേയും പൊതു വിദ്യാഭ്യാസത്തിന്റേയും കാര്യം വരുമ്പൊ തിരുവിതാംകൂറീൽ റാ‍ണി ഗൌരീ പാർവതീഭായി, റാണി ലക്ഷ്മീ ഭായി മുതൽ ചിത്തിരതിരുനാൾ, സീ പീ രാമസ്വാമി അയ്യർ വരെയുള്ള ആൾക്കാരെ നമ്മൾ മറന്നുപോകുന്നതെന്ത്? ശരിയാണ്. അവർ ചെയ്തതെല്ലാം പൂർണ്ണമായും ശരിയാവണമെന്നൊന്നുമില്ല. പക്ഷേ അത് പൊതുവിദ്യാഭ്യാസത്തിന്റെ കാര്യം വരുമ്പൊ അവർ ചെയ്ത നല്ല കാര്യങ്ങളെ പരിഗണിയ്ക്കുന്നതിൽ നിന്ന് വിട്ടു കൂടല്ലോ.
അതിനും മുന്നേയുള്ള വേലുത്തമ്പിയിൽ നിന്ന് തിരുവിതാംകൂറിന്റെ പൊതുവിദ്യാഭ്യാസ പ്രയത്നങ്ങൾ തുടങ്ങുന്നു.
വേലുത്തമ്പി ദളവ എല്ലാ ഗ്രാമങ്ങളിലും മലയാളം സ്കൂളുകൾ തുടങ്ങാൻ ആലോചിച്ച് ഒരു പദ്ധതി തയ്യാറാക്കിയിരുന്നു. അതിനു മുന്നേ ദൗർഭഗ്യവശാൽ അദ്ദേഹത്തിന്റെ ബലിദാനം ബ്രിട്ടീഷുകാരുടെ കാർമ്മികത്വത്തിൽ നടന്നു . പക്ഷേ ആ പദ്ധതി അവിടെക്കിടന്നു. 1817ൽ റാണി ഗൌരി പാർവതീ ഭായി തിരുവിതാംകൂറിലെ ജനങ്ങളുടെ മുഴുവൻ വിദ്യാഭ്യാസ ചുമതലയും ചിലവും സ്റ്റേറ്റിനാണ് എന്ന് ഒരു ഉത്തരവിറക്കി. വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ട എന്നാണാ ഉത്തരവ് അറിയപ്പെടുനത്. വിദ്യാഭ്യാസത്തിന്റെ മുഴുവൻ ചുമതലയും സ്റ്റേറ്റ് ഏറ്റെടുക്കുകയും അധ്യാപകർക്ക് മാസം ഏഴുരൂപാ ശമ്പളം നിശ്ചയിച്ച് മാതൃഭാഷയിൽത്തന്നെ സ്കൂളിങ്ങ് ആരംഭിയ്ക്കുകയും ചെയ്തു.
ഇതേ തിരുവിതാംകൂർ ഭരണകൂടം തന്നെയാണു ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനായി പ്രൊട്ടസ്റ്റന്റ് മിഷണറിമാരായ ലണ്ടൻ മിഷണറി സൊസൈറ്റിയെ (LMS) പ്രത്യേകം ക്ഷണിച്ച് സ്കൂളുകൾ ആരംഭിപ്പിയ്ക്കുന്നതും. അങ്ങനെ അവർ ക്ഷണിച്ച് വന്ന എൽ എം എസ് പാതിരി റവറന്റ് വില്യം തോബിയാസ് ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ച് ജാതി മത ഭേദമന്യേ ആൾക്കാർക്ക് പ്രവേശനം അനുവദിച്ചു. അതിനു ശേഷം വന്ന റവറന്റ് മീഡ് അദ്ദേഹത്തിന്റെ ജോലി തുടർന്നു. ഇംഗ്ലീഷ്, മലയാളം, സംസ്കൃതം, തമിഴ് എന്നീ ഭാഷകൾ ആ വിദ്യാലയങ്ങളിൽ പഠിപ്പിച്ചു. ഈ പ്രൊട്ടസ്റ്റെന്റ് പാതിരിമാർ വന്ന് ഇന്നാട്ടിലെ ബ്രാഹ്മണർ അനുഭവിച്ചുകൊണ്ടിരുന്ന മൃതപ്രായമായിക്കിടന്ന വിദ്യകളും മറ്റും ശാസ്ത്രീയമായി ആദ്യം അവർ പഠിയ്ക്കുകയും പിന്നെ അതിന്റെ ഗരിമ തിരിച്ചറിഞ്ഞ് പഠിപ്പിയ്ക്കുകയും ചെയ്തു എന്നും മറക്കാവതല്ല. തിരുവിതാംകൂറിലെ ആദ്യത്തെ പെൺ പള്ളിക്കൂടം ഒരു ബോർഡിങ്ങ് സ്കൂളായി തുടങ്ങിയത് റവറന്റ് മീഡ് ആയിരുന്നു. എല്ലാ ഒത്താശകളും പണവും നൽകിയത് തിരുവിതാകൂർ സ്റ്റേറ്റും. മുന്നൂറോളം സ്കൂളുകൾ സ്റ്റേറ്റിന്റെ പണം കൊണ്ട് എൽ എം എസ് നടത്തിയിരുന്നു.
സിറിയൻ കൃസ്ത്യാനികളുടേതായിരുന്ന സെമിനാരിയോടനുബന്ധിച്ച് കോട്ടയത്ത് ഒരു വിദ്യാലയം തുടങ്ങാനാവശ്യമായ പണവും, കെട്ടിട നിർമ്മാണ സാമഗ്രികളും, സ്ഥലവും സൌജന്യമായി നൽകിയത് തിരുവിതാംകൂർ ഗവണ്മെന്റ് തന്നെയാണ്. സുറിയാനി കൃസ്ത്യാനികളുടെ കയ്യിൽ നിന്ന് ആ കോളേജ് സീ എം എസ് ഏറ്റെടുത്ത് നടത്തി. കൂടെ ഒരുപാട് സ്കൂളുകളും തുടങ്ങി. സുറിയാനി കൃസ്ത്യാനികളും സീ എം സും തമ്മിലുണ്ടായ ഒരു തർക്കത്തിനവസാനം സ്കൂളുകൾ പൂട്ടുകയും കോട്ടയത്തെ കോളേജ് സീ എം എസ് സഭ നടത്തുകയും ചെയ്തു. അവിടെ സ്റ്റേറ്റ് ആവശ്യപ്രകാരം തന്നെ ശാസ്ത്രവിഷയങ്ങൾ പഠിപ്പിയ്ക്കാൻ തുടങ്ങി. അതായത് സ്ഥലവും പണവും നൽകി ആ കോളേജിനു വേണ്ട സകല സഹായവും തിരുവിതാംകൂറിലെ രാജാക്കന്മാരാണ് നൽകിയത്. ശാസ്ത്രവിഷയങ്ങൾ പഠിപ്പിയ്ക്കണം എന്ന ആവശ്യം വച്ചതും തിരുവിതാംകൂർ തന്നെ.
അന്നുണ്ടായിരുന്ന ബ്രിട്ടീഷ് ഭരണകൂടം (ഇന്നത്തെ സിവിൽ സർവീസ് എന്ന് ലളിതമായി വ്യാഖ്യാനിയ്ക്കാം) മിഷണറിമാരെ പിന്തുണച്ചിരുന്നത് കൊണ്ടും ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകുവാൻ വേണ്ട മാനുഷികവിഭവശേഷി അന്ന് നമുക്കില്ലായിരുന്നത് കൊണ്ടും മിഷനറിമാർക്ക് സ്റ്റേറ്റ് പണം നൽകാനും അവരുടെ മതപരിവർത്തന പ്രവർത്തനങ്ങൾ വിദ്യാഭ്യാസം നൽകുന്നതിന്റെ വിയർപ്പോഹരി വിലയായി അനുവദിയ്ക്കാനും നയപരമായ തീരുമാനം തിരുവിതാംകൂർ രാജവംശം എടുക്കുകയായിരുന്നു. 1859ൽ സ്റ്റേറ്റ് ഭരണനടത്തിപ്പ് രാജാവിനു വിട്ടുകൊടുത്തതോടെ സ്റ്റേറ്റിന്റെ ഉടമസ്ഥതയിൽ വളരെയധികം സ്കൂളുകളും കോളേജുകളും തിരുവിതാംകൂറിലുണ്ടായി.
1834ൽ സ്വാതിതിരുനാൾ നേരിട്ടാണ് നാഗർകൊവിലിലെ ഇംഗ്ലീഷുസ്കൂളിന്റെ പ്രവർത്തനങ്ങൾ കണ്ട് ഇഷ്ടപ്പെട്ട് അതിന്റെ ഹെഡ്മാസ്റ്ററായ റോബർട്ടു സായ്‌വിനെ തിരുവനന്തപുരത്തേക്ക് ക്ഷണിച്ച് തിരുവനന്തപുരത്ത് ഇംഗ്ലീഷ് സ്കൂൾ (രാജാസ് ഫ്രീ സ്കൂൾ) തുടങ്ങുന്നത്. ഈ രാജാസ് ഫ്രീ സ്കൂൾ 1866ൽ കോളേജാവുകയും പിന്നീട് ട്രാവങ്കൂർ യൂണിവേഴ്സിറ്റി ആയിത്തീരുകയും കേരളാ യൂണിവേഴ്സിറ്റി ആയി അവസാനം രൂപാന്തരപ്പെടുകയും ചെയ്തു. രാജാസ് ഫ്രീ സ്കൂളിനു പുറമേ ചിറയങ്കീഴു , കൊട്ടാർ, കായംകുളം എന്നിവിടങ്ങളിൽ അതേ മാതൃകയിൽ ജില്ലാ വിദ്യാലയങ്ങൾ തുടങ്ങി.
തിരുവിതാകൂറിലെ രാജഭരണം വേലുത്തമ്പിയുടെ കാലത്തേ തന്നെ മാതൃഭാഷയിലുള്ള വിദ്യാഭ്യാസത്തിനു വാശിപിടിച്ചിരുന്നു. 1867ൽ ശങ്കര സുബ്ബയ്യർ ഡയറക്ടറായി മാതൃഭാഷാ ബോർഡ് വരികയും തിരുവനന്തപുരത്ത് ഒരു പ്രധാന ഭാഷാ സ്കൂളും പതിനൊന്ന് ജില്ലാ സ്കൂളുകളും മാതൃഭാഷയിൽ പഠനം നടത്തേണ്ടുന്നതിനായി അവർ സ്ഥാപിച്ചു. 1871ൽ എല്ലാ ഗ്രാമങ്ങളിലും ഓരോ സ്കൂൾ എന്ന നയം കൊണ്ട് വന്ന് നാട്ടുകാരായ ജന്മിമാരിൽ നിന്നും മറ്റും പണാം കണ്ടെത്തി ഗവണ്മെന്റ് ധനസഹായത്തോടെ ഇന്നത്തെ എയിഡഡ് സ്കൂൾ മാതൃകയിൽ എല്ലാ ഗ്രാമങ്ങളിലും സ്കൂളുകൾ സ്ഥാപിച്ചു.
ഒരു കുട്ടിയ്ക്ക് ഒരു പണം വച്ച് സർക്കാരിൽ നിന്ന് ഈ സ്കൂളുകൾക്ക് നൽകിപ്പോന്നു. പിന്നീട് സംസ്കൃത കോളേജ്, 1887ൽ മഹാരാജാവിന്റെ സ്തീകൾക്ക് മാത്രമായുള്ള കോളേജ് എന്നിവ സ്ഥാപിച്ചു. കുട്ടികളുടെ തലയെണ്ണി സർക്കാർ പണം അങ്ങോട്ട് നൽകുമെന്നായപ്പോ ഒരുപാട് സ്കൂളുകൾ ഉയർന്ന് വന്നു. 1894ൽ ഇരുനൂറിനു പുറത്ത് ഗവണ്മെന്റ് സ്കൂളുകളും അറുപതിനായിരത്തോളം കുട്ടികളും തിരുവിതാംകൂറിലുണ്ടായിരുന്നു. തിരുവിതാംകൂർ മഹാരാജാസ് ലോ കോളേജടക്കം മൂന്ന് കോളേജ് ഗവണ്മെന്റിന്റേയും മൂന്ന് പ്രൈവറ്റ് കോളേജും (സീ എം എസ് പോലെ) ഉണ്ടായിരുന്നു. 1904ൽ ദളിത് ജാതിക്കാരെ പഠിപ്പിയ്ക്കുന്ന സ്കൂളുകൾക്ക് പ്രത്യേക ഗ്രാൻഡ് സർക്കാർ കൊടുക്കാൻ തുടങ്ങിയപ്പൊ ദളിത് ജാതിക്കാരെ ഈ സ്കൂളുകളിൽ കൂടുതൽ പഠിപ്പിയ്ക്കാൻ തുടങ്ങി. അവരേയും പഠിപ്പിയ്ക്കേണ്ടത് സ്കൂളുകളുടെ ആവശ്യമായി മാറി. എന്നാലും പലയിടങ്ങളിലും ഗവണ്മെന്റ് സ്കൂളുകളിൽ ദളിതുകൾക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. അതിനെതിരെ പിന്നീട് നടത്തിയ മഹത്തായ പ്രക്ഷോഭങ്ങളെപ്പറ്റി വഴിയേ പറയാം.
ദിവാൻ സീ പീ രാമസ്വാമി അയ്യരുടെ വരവോടെ വീണ്ടൂം വിദ്യാഭ്യാസരംഗം വലിയ ഉയർച്ച പ്രാപിച്ചു. ട്രാവങ്കൂർ യൂണിവേഴ്സിറ്റിയടക്കം അഞ്ച് ഗവണ്മെന്റ് കോളേജും നാലു പ്രൈവറ്റ് കോളേജും ഉണ്ടായി. ഒരു സ്തീകൾക്ക് മാത്രയുള്ള ഗവണ്മെന്റ് കോളേജ് ഉൾപ്പെടെ. തിരുവിതാംകൂറിന്റെ ചരിത്രത്തിലെ മറ്റൊരു വലിയ വിപ്ളവത്തെപ്പറ്റി പ്രത്യേകം പറയണം. മഹാത്മാ അയ്യങ്കാളി. കേരളചരിത്രത്തിൽ ഈ എം എസ് ഉൾപ്പെടെയുള്ളവർ പൂർണ്ണമായും തമസ്കരിച്ചുകളഞ്ഞ ഒരു നാമമാണ് മഹാത്മാ അയ്യങ്കാളിയുടെത്. സാധുജനപരിപാലനയോഗം തുടങ്ങി ദളിതരുടെ അവകാശങ്ങൾക്കായി ശക്തമായി പടപൊരുതിയ അയ്യങ്കാളി അന്നത്തെ തിരുവിതാംകൂർ രാജാവിന്റെ പ്രജാസഭാ അംഗം കൂടിയായിരുന്നു. (ഇന്നത്തെ എം എൽ ഏയ്ക്ക് തുല്യമായ പദവി) ദളിതർക്ക് വിദ്യാഭ്യാസാവകാശത്തിനായി പ്രജാസഭയിൽ അദ്ദേഹം നടത്തിയ ഇടപെടലുകളെപ്പറ്റിയും പറയേണ്ടതുണ്ട്.
മഹാരാജാവിന്റെ പ്രജാസഭാംഗം എന്ന നിലയിൽ രാജവംശത്തോട് വളരെ അടുപ്പമായിരുന്ന അയ്യൻകാളിയുടെയും അദ്ദേഹത്തിന്റെ ഗുരുവായിരുന്ന തയ്ക്കാട് അയ്യാവിന്റേയും ഇടപെടലുകളാണ് തിരുവിതാംകൂർ രാജവംശം എല്ലാ ജാതിക്കാർക്കും വിദ്യാഭ്യാസത്തിനായി അവസരങ്ങളൊരുക്കിയത് എന്ന് പറയപ്പെടുന്നു.
വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി അയ്യന്‍ കാളി നടത്തിയ ഊരൂട്ടമ്പലം പ്രക്ഷോഭം കേരള വിദ്യാഭ്യാസചരിത്രത്തിലെ മാത്രമല്ല രാഷ്ട്രീയ ചരിത്രത്തിലെ തന്നെ നാഴികക്കല്ലാണ്. പഞ്ചമി എന്ന ദളിത് പെൺകുട്ടിയ്ക്ക് ഊരൂട്ടമ്പലം സ്കൂളിൽ പ്രവേശനം നൽകുന്നതിനെ തടഞ്ഞ ജന്മിമാരെ അയ്യങ്കാളിയുടെ നേതൃത്വത്തിലെത്തിയ സംഘം എതിരിട്ടു. അതിന്റെ എതിർ നടപടിയായി ജന്മിമാർ സ്കൂളിനു തന്നെ തീയിടുകയും അതൊരു കലാപമായി മാറുകയും ചെയ്തു. ഊരൂട്ടമ്പലം, മാറനല്ലൂർ കണ്ടല, മുണ്ടൻചിറ, ഇറയംകോട്, ആനമല, കൊശവല്ലൂർ, കരിങ്ങൽ, അരുവിക്കര തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ദളിത സമുദായാംഗങ്ങളെ കഠിനമായി ഉപദ്രവിയ്ക്കുന്ന നിലയിലേയ്ക്ക് കലാപം പടർന്നു. ഒരാഴ്ചയോളം തുടർന്ന അക്രമ സംഭവങ്ങൾ നിയന്ത്രണാതീതമായപ്പോൾ അയ്യങ്കാളി കർഷകത്തൊഴിലാളികളുടെ സമരം പ്രഖ്യാപിച്ചു.
തിരുവിതാംകൂറിലാകെ കർഷകത്തൊഴിലാളികൾ പണിമുടക്ക് നടത്തി. 1913 ലെ ആ പണിമുടക്ക് സകലരുടേയും ഉറക്കം കെടുത്തി. സമരം എങ്ങനെയെങ്കിലും നിർത്തലാക്കാതെ ഗതിയില്ല എന്ന് വന്നു. ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ടായിരുന്ന കണ്ടല സി .കെ നാഗർപിള്ള മധ്യസ്ഥനായെത്തി സമരക്കാരുടെ ആവശ്യങ്ങൾ ന്യായമാണെന്ന് കണ്ട് പണിമുടക്ക് ഒത്തുതീർപ്പാക്കി. സ്‌കൂൾ പ്രവേശനം മാത്രമല്ല, കർഷകത്തൊഴിലാളികൾക്ക് ജോലി സ്ഥിരത, കൂലി കൂടുതൽ തുടങ്ങിയ ആവശ്യങ്ങളും അന്ന് അംഗീകരിച്ചു. 1914ൽ വീണ്ടും തിരുവിതാംകൂർ സർക്കാർ വിദ്യാലയ പ്രവേശന ഉത്തരവ് പുറപ്പെടുവിച്ചു. ജന്മിമാർ തീയിട്ടു നശിപ്പിച്ച ഊരൂട്ടമ്പലം കുടിപള്ളിക്കൂടം പിന്നെ രാജാവ് തന്നെ പുനർനിർമ്മിച്ചു കൊടുത്തു. എല്ലാവർക്കും പ്രവേശനവും നൽകി.
സ്കൂളിൽ ദളിത സമുദായാംഗങ്ങൾക്ക് പ്രവേശനം നൽകാതിരുന്ന ജന്മിമാരോട് വെങ്ങാനൂർ ചാവടിനട സ്കൂളിൽ സർക്കാർ ഉത്തവരിന്റെ പകർപ്പുമായി നേരിട്ടെത്തി പറഞ്ഞിട്ടും കേൾക്കാതിരുന്നപ്പോൾ കായികമായിത്തന്നെ അവരെ നേരിട്ട് ദളിതർക്ക് സ്കൂൾ പ്രവേശനം നടപ്പിലാക്കിയതും അയ്യൻകാളിയായിരുന്നു. സ്വന്തം സമുദായംഗങ്ങൾക്കായി അദ്ദേഹം പലയിടത്തും സ്വന്തമായി പള്ളിക്കൂടം തന്നെ സ്ഥാപിച്ചു. പുതുവല്‍വിളാകത്ത് സ്ഥാപിച്ച കുടിപ്പള്ളിക്കുടം ഒട്ടേറെ പ്രക്ഷോഭങ്ങള്‍ നടത്തി സ്‌കൂളാക്കി ഉയര്‍ത്തി. നാടെങ്ങും സ്വന്തം പണം കൊടുത്ത് ദളിത സമുദായംഗങ്ങളെ വിദ്യാഭ്യാസം ചെയ്യിയ്ക്കാൻ അന്ന് ഉന്നത വിദ്യാഭ്യാസമുണ്ടായിരുന്ന അദ്ധ്യാപകരെ അന്ന് അയ്യങ്കാളി നിയമിച്ചു.
ഒരു പൊതുപരിപാടിയിൽ ദളിത് സമുദായത്തിൽ നിന്നുള്ളയാളും പ്രമുഖ രാഷ്ട്രീയ നേതാവുമായ ശ്രീ ടീ വീ ബാബു ഒരിയ്ക്കൽ ഇക്കാര്യം പറഞ്ഞത് അതേ പടി പകർത്തുന്നു. കമ്യൂണിസ്റ്റ് പാർട്ടിയാണ് ദളിതർക്ക് വിദ്യാഭ്യാസം നൽകിയതെന്ന മാർക്സിസ്റ്റ് സ്ഥാനാർത്ഥിയുടെ വാദത്തിനെതിരെ ഒരു തിരഞ്ഞെടുപ്പ് സംവാദത്തിലാണ് അദ്ദേഹമന്ന് സംസാരിച്ചത്.
"കമ്യൂണിസം”..അദ്ദേഹം പറഞ്ഞു…” കമ്യൂണിസ്റ്റുപാർട്ടിയാണ് ഞങ്ങളെ ഇങ്ങനെയാക്കിയതെന്ന്.. മുണ്ടുടുക്കാൻ പഠിപ്പിച്ചത്, കുളിയ്ക്കാൻ പഠിപ്പിച്ചത്... തേച്ച് കുളിയ്ക്കാൻ പഠിപ്പിച്ചതെന്ന് ഇവർ പറയുന്നു.
മഹാത്മാ അയ്യങ്കാളി എന്നൊരു മനുഷ്യനുണ്ടായിരുന്നു. ഈ എം ശങ്കരൻ നമ്പൂതിരിപ്പാട് കാണാതെ പോയ നേതാവ്. ആ അയ്യൻകാളിയാണ് ഞങ്ങൾക്കക്ഷരം പറഞ്ഞ് തരാൻ കൈതമുക്കിലെ ഗോവിന്ദപ്പിള്ളയെ പല്ലക്കിലേറ്റിക്കൊണ്ട് വന്ന്, ആറുരൂപ സർക്കാരന്ന് സ്കൂളിൽ അധ്യാപകന് ശമ്പളം കൊടുക്കുമ്പോൾ ഒമ്പത് രൂപ ശമ്പളം നൽകി. ഞങ്ങൾ പിരിച്ചെടുത്ത കാശുകൊടുത്ത് ഞങ്ങളുടെ കുഞ്ഞുങ്ങളെ അക്ഷരം പഠിപ്പിച്ചത് അയ്യൻകാളിയാണ്... അയ്യൻകാളി. അതറിയാതെ റഷ്യേടെ കാര്യോം ചൂണ്ടിക്കാണിച്ച് സഖാക്കളേ.. ഇനിയും വർത്തമാനം പറയരുത്.
ഇവിടെ രസകരമായ മറ്റൊരു കാര്യവും പറഞ്ഞുപോകണം. നെടുമങ്ങാടും കഴക്കൂട്ടത്തും ബാലരാമപുരത്തുമൊക്കെ ചന്തകളില്‍ കയറാനുള്ള അവകാശം നിഷേധിക്കപ്പെട്ടിരുന്നു അയിത്തജന വിഭാഗങ്ങള്‍ക്ക്. അയ്യങ്കാളിയുടെ നേതൃത്വത്തില്‍ ഇതിനെതിരേ പ്രക്ഷോഭം നടത്തിയപ്പോള്‍ എതിര്‍ക്കാനെത്തിയത് മുസ്ലിം മാടമ്പിമാരായിരുന്നു. അയ്യങ്കാളി അവരേയും ശക്തമായി എതിരിട്ട് തങ്ങളുടെ അവകാശം സ്ഥാപിച്ചു.
അതുപോലെ ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലും മുഹമ്മയിലും മറ്റും പാറായിത്തരകന്റെ നേതൃത്വത്തില്‍ ദളിതരുടെയിടയിൽ നടന്ന വ്യാപകമായ മതപരിവര്‍ത്തന ശ്രമങ്ങളെ അയ്യങ്കാളി ശക്തമായി എതിര്‍ത്തു. അയ്യങ്കാളിയുടെ സഹചാരിയായ വിശാഖം തേവനുമായി പാറായിത്തരകന്‍ പരസ്യ സംവാദം നടത്തുകയും മതപരിവര്‍ത്തന വാദം വിശാഖം തേവനു മുന്നില്‍ പൊളിയുകയും ചെയ്തു. അതോടെ മതം മാറാനെത്തിയ അധസ്ഥിത ജനത അതില്‍ നിന്നും പിന്തിഞ്ഞു.
അയ്യങ്കാളിയെ ചരിത്രത്തിൽ നിന്നും തമസ്കരിയ്ക്കപ്പെടുത്തേണ്ടത് ഈ എം ശങ്കരൻ നമ്പൂതിരിപ്പാടിന്റെ മാത്രം ആവശ്യമല്ലായിരുന്നെന്ന് വ്യക്തമാവുന്നുണ്ടല്ലോ...
കൊച്ചിയിൽ മഹാത്മാ അയ്യങ്കാളിയുടെ സമകാലികനായിരുന്ന പണ്ഡിറ്റ് കെ പി കറുപ്പൻ നടത്തിയ വിദ്യാഭ്യാസവിപ്ളവത്തേയും ഓർത്തിരിയ്ക്കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തുടങ്ങിയ കൊച്ചി പുലയ മഹാജനസഭയുടെ പ്രവർത്തനഫലമായാണ് 1910 ഓട് കൂടി സകല അധഃസ്ഥിതർക്കും സ്കൂൾ പ്രവേശനം സാദ്ധ്യമായത്. കൊച്ചിയിൽ മക്കളെ സ്കൂളിലയയ്ക്കാത്ത മാതാപിതാക്കളെ കണ്ടുപിടിച്ച് സാമൂഹികമായി ശിക്ഷിയ്ക്കാൻ പോലും പുലയജനമഹാസഭ ശ്രമിച്ചു. അധഃസ്ഥിത ജന വിഭാഗങ്ങൾ സംഘടിച്ച് ഒരുമിച്ചുനിൽക്കാനും മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങൾ ഇല്ലാതെയാക്കാനും അവരെ അദ്ദേഹം പ്രേരിപ്പിച്ചു. എന്നാൽ 1948ഓട് കൂടി പുലയജനമഹാസഭ തകർന്നു. ഈ പുലയജനമഹാസഭ എങ്ങനെയാണ് തകർന്നതെന്ന് ഒന്ന് ആലോചിയ്ക്കുന്നത് വളരെ രസകരമായിരിയ്ക്കും. ഈ സഭയിലെ ആദ്യകാല അംഗമായ, മുൻ വിദ്യാഭ്യാസ ഡയറക്ടറായ കേ വീ മദനൻ പറഞ്ഞത് എടുത്തെഴുതുന്നു.
1948 ഓടുകൂടി സമസ്ത കൊച്ചി പുലയമഹാജനസഭ ഛിന്നഭിന്നമായി. സാമൂഹ്യപരിഷ്ക്കരണത്തിന്‌ ഈ സംഘടനയുടെ ആവശ്യം ഇല്ലാതായതുകൊണ്ടല്ല അങ്ങനെ സംഭവിച്ചത്‌. ജാതിസംഘടനകളുടെ നിലനില്‍പ്പ്‌ തൊഴിലാളി വര്‍ഗസംഘടനയുടെ വളര്‍ച്ചയ്ക്ക്‌ പ്രതിബന്ധമാണ്‌ എന്ന ആശയമാണ്‌ സമസ്തകൊച്ചി പുലയമഹാജനസഭയെ ഇല്ലാതാക്കിയത്‌. തൊഴിലാളി വര്‍ഗസിദ്ധാന്തങ്ങള്‍ ഉള്‍ക്കൊണ്ട ചിലര്‍ അകത്തുനിന്നും സഭയെ തകര്‍ക്കുകയായിരുന്നു. തൊഴിലാളി വര്‍ഗ സിദ്ധാന്തക്കാരുടെ പ്രഹരമേറ്റ്‌ ഇല്ലാതായ അപൂര്‍വം സംഘടനകളില്‍ ഒന്നാണ്‌ സമസ്ത കൊച്ചി പുലയമഹാജനസഭ.എൻ‍എസ്‌എസിന്റെയോ എസ്‌എന്‍ഡിപിയുടെയോ മേല്‍ ഒരു പോറലേല്‍പ്പിക്കാന്‍ പോലും തൊഴിലാളി വര്‍ഗസിദ്ധാന്തക്കാര്‍ക്ക്‌ കഴിഞ്ഞിട്ടില്ല. അതിശക്തമായ മതസംഘടനകളെ പ്രീണിപ്പിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയാണ്‌ തൊഴിലാളി വര്‍ഗ സിദ്ധാന്തക്കാരും മതേതരവാദക്കാരും. ഇത്‌ അധഃസ്ഥിത ജാതിക്കാര്‍ക്ക്‌ എന്നു മനസ്സിലാക്കും?
അതാണ് വിപ്ളവപ്പാർട്ടികളുടെ ഇരട്ടത്താപ്പിന്റെ ഏറ്റവും വലിയ അടയാളം. ഒരു നവോദ്ധാനത്തെ തുരങ്കം വച്ചവരാണ് ഇന്ന് നവോത്ഥാനത്തിന്റെ കാവലാളുകളായി ഞെളിഞ്ഞു നിൽക്കുന്നത്!!
വിഷയത്തിലേയ്ക്ക് വരാം.
തിരുവിതാംകൂറിൽ ഇങ്ങനെ വിദ്യാഭ്യാസ വിപ്ളവമുണ്ടായപ്പോൾ കൊച്ചിയിലും മലബാറിലും സ്ഥിതി നേരേ തിരിച്ചായിരുന്നു. ആദ്യം തുടങ്ങിയ സർക്കാൾ സ്കൂളുകളൊക്കെ ഏറെക്കഴിയാതെ അടച്ച് പൂട്ടി. തിരുവിതാംകൂറു പോയോ അല്ലെങ്കിൽ എഴുത്തുപള്ളികളിലും ജൂതപ്പള്ളിയിലും ഒക്കെയായിരുന്നു അന്നത്തെ കൊച്ചിയിലെ പഠനം. 1845 ൽ എറണാകുളത്ത് ഇംഗ്ലീഷ് സ്കൂൾ ഉണ്ടാക്കി. 1868ൽ ആ ഇംഗ്ലീഷ് സ്കൂളിലെ കുട്ടികൾ മെട്രിക്കുലെഷൻ പരീക്ഷ എഴുതുകയും 1875ൽ മഹാരാജാസ് കോളേജാവുകയും ചെയ്തു.
തിരുവിതാംകൂറിലെ മാതൃകയിൽ 1890ഓടെ ഗ്രാമങ്ങളിൽ മാതൃഭാഷാ സ്കൂളുകൾ ആരംഭിച്ചു. 1911ൽ ഗവണ്മെന്റ് വിദ്യാഭ്യാസം പരിഷ്കരിയ്ക്കുന്നതിനു തിരുവിതാംകൂർ മാതൃകയിൽ ഒരു നയരേഖ ഉണ്ടാക്കുകയും വിദ്യാഭ്യാസപരിഷ്കരണത്തിനു മുൻ കൈ കൊടുക്കുകയും ചെയ്തു. വിദ്യാഭ്യാസം ഒരു ആവശ്യമായി സമുഹം കണ്ടതുകൊണ്ടാവണം വളരെപ്പെട്ടെന്ന് അതിന്റെ വേഗമേറുകയും 1940ഓട് കൂടി മൂന്ന് ഗവണ്മെന്റ് കോളേജുകളും രണ്ട് പ്രൈവറ്റ് കോളേജുകളും കൊച്ചി രാജ്യത്തുണ്ടായി.
കൊളോണിയർ ഭരണക്കാരും മിഷനറിമാരുമാണ് ഇവിടെ വിദ്യാഭ്യാസമുണ്ടാക്കിയത് എന്ന് പറയുന്നവരെ ചൂണ്ടിക്കാട്ടാനുള്ള വലിയൊരു തെളിവാണ് മലബാറിലെ പിന്നോക്കാവസ്ഥ. തിരുവിതാംകൂറിലും കൊച്ചിയിലും അൽപ്പമെങ്കിലും പ്രജാക്ഷേമം നോക്കുന്ന രാജാക്കന്മാരുണ്ടായപ്പോൾ മലബാർ നേരിട്ട് ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായിരുന്നു. തിരുവിതാംകൂറിലും കൊച്ചിയിലും വിദ്യാഭ്യാസപരമായി മുന്നേറ്റമുണ്ടായപ്പോൾ മലബാറിൽ പക്ഷേ നേരേ തിരിച്ചായിരുന്നു ഗതി. ഗുണ്ടർട്ട് സായ്‌വ് സ്ഥാപിച്ച ബാസൽ മിഷൻ തുടങ്ങിയ സ്കൂളുകളും അത് പിന്നീട് കോളേജായി മാറിയതുമൊഴിച്ചാൽ മലബാറിലെ വിദ്യാഭ്യാസരംഗം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ‌പ്പോലും ഗതികെട്ടതായിരുന്നു.
ബ്രിട്ടീഷ് രാജിന്റെ നേരേ കീഴിലുള്ള മലബാറിൽ പാലക്കാട് വിക്ടോറിയ കോളേജ് മാത്രമാണുണ്ടായിരുന്നത്. ബ്രണ്ണൻ സായിപ്പ് ഒരുപാട് കാശു സംഭാവനയായി നൽകിയിട്ടാണു തലശ്ശേരി ബ്രണ്ണൻ കോളേജ് ബാസൽ മിഷൻ തന്നെ തുടങ്ങുന്നത്. സാമൂതിരിമാരാണേൽ അവരുടെ കുടുംബത്തിലെ പിള്ളേർക്കായാണ് കോഴിക്കോട് സ്കൂൾ തുടങ്ങുന്നത്. പിന്നീടത് കോളേജായും ഗുരുവായൂരപ്പൻ കോളേജായുമൊക്കെ വളർന്നുവെങ്കിലും. 1921 ലെ കൂട്ടക്കൊലയൊക്കെ കഴിഞ്ഞ് സാമൂഹികരംഗത്ത് വല്ലാത്ത ഒരു അരക്ഷിതാവസ്ഥ വന്നപ്പോൾ ബ്രിട്ടീഷുകാർ പതിയെ മലബാറിൽ പ്രൈമറി സ്കൂളുകളും മറ്റും തുടങ്ങാൻ ആരംഭിച്ചു.
റാണി ലക്ഷ്മീ ഭായിയെയും പാർവതീഭായിയേയും ആറ്റിങ്ങൾ റാണിയേയും പറ്റി പറയുമ്പൊ കേണൽ മൺ‌റോയെ പറ്റി പറയണം. അദ്ദേഹമാണ് റസിഡന്റ് ആയിരുന്നപ്പോൾ ആദ്യകാല വിദ്യാഭ്യാസ മാറ്റങ്ങൾക്ക് രൂപം നൽകിയത്. പക്ഷേ അത് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു മാത്രമായിരുന്നു. മാതൃഭാഷയിൽ വിദ്യാലയങ്ങൾ ആരംഭിയ്ക്കണമെന്ന വേലുത്തമ്പിയുടെ പദ്ധതി അദ്ദേഹത്തെ രാഷ്ട്രീയമായും കായികമായും ഇല്ലാതാക്കിയെങ്കിലും മുന്നോട്ട് കൊണ്ട് പോയതാണ് തിരുവിതാംകൂറിലേയും കൊച്ചിയിലേയും വിദ്യാഭ്യാസമാറ്റങ്ങൾക്ക് മുഖ്യ കാരണമായതെന്ന് കരുതേണ്ടതുണ്ട്. ആയില്യം തിരുനാളിന്റെ സമയത്താണ് പെൺകുട്ടികൾക്ക് മാത്രമായി കുറേയേറെ സ്കൂളുകൾ തുടങ്ങുന്നത്.
1903ൽ ആരംഭിച്ച എസ് എൻ ഡീ പീ യോഗം നാട്ടിലെമ്പാടും പ്രാഥമിക വിദ്യാലയങ്ങൾ സ്ഥാപിച്ച് എല്ലാ ജാതിമതക്കാരിൽ‌പ്പെട്ടവരേയും സ്തീജനങ്ങളുടേയും ഉൾപ്പെടുത്തി വിദ്യാഭ്യാസത്തിനു വലിയ ഉയർച്ചയാണു നൽകിയത്. 1914 ൽ ആരംഭിച്ച എൻ എസ് എസും ഇതു തന്നെ ചെയ്തു. ഗ്രാമഗ്രാമന്തരങ്ങളിൽ അവിടവിടുള്ള ജന്മിമാരെക്കൊണ്ടും, സംഘടനയുടേതായും മറ്റും ഒരുപാട് വിദ്യാലയങ്ങൾ അവർ സ്ഥാപിച്ചു. സ്വാതന്ത്ര്യാനന്തരം മഹാത്മാഗാന്ധി കോളേജ്, എസ് എൻ കോളേജ് കൊല്ലം എന്നിവ എൻ എസ് എസും എസ് എൻ ഡീപീയും ആരംഭിച്ചു. 49 ഓട് കൂടി എൻ എസ് എസ് ഹിന്ദു കോളേജ് ചങ്ങനാശ്ശേരി, പന്തളം എൻ എസ് എസ് കോളേജ്, വിമൻസ് കോളേജ് തിരുവന്തപുരം എന്നിവിടങ്ങളിൽ മൂന്ന് കോളേജുകൾ കൂടെ എൻ എസ് എസ് സ്ഥാപിച്ചു ജാതിമതവർഗ്ഗലിംഗഭേദമന്യേ ജനങ്ങളേ പഠിപ്പിച്ചു. (വിമൻസ് കോളേജിൽ പക്ഷേ പുരുഷന്മാർക്ക് പ്രവേശനമില്ലാരുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തോടേ ലോകമെമ്പാടുമുണ്ടായ വിദ്യാഭ്യാസവിപ്ലവം ഇൻഡ്യയിലുമെത്തി. കേരളത്തിൽ 1921ൽ സർക്കാർ കോളേജല്ലാത്ത യൂ സീ കോളേജ് ആലുവ, എസ് ബീ കോളേജ് ചങ്ങനാശ്ശേരി, 1925ൽ സെന്റ് തെരേസാസ് കോളേജ് എറണാകുളം (ആദ്യത്തെ സ്വകാര്യ മാനേജ്മെന്റിനു കീഴിലെ സ്ത്രീകൾക്കായുള്ള കോളേജ്) എന്നിവ തുടങ്ങി. 1944 വരെ സാമ്പത്തികമാന്ദ്യം കാരണം പിന്നീട് പ്രൈവറ്റ് കോളേജുകളൊന്നുമുണ്ടായില്ല. 1944ൽ തേവര സേക്രഡ് ഹാർട്ട് കോളേജ്, 1946ൽ സനാതന ധർമ്മ കോളേജ് ആലപ്പുഴ, 1947ൽ സെന്റ് ആൽബർട്സ് കോളേജ് എറണാകുളം, കേരളവർമ്മ കോളേജ് തൃശൂർ എന്നിവ തുടങ്ങി.
1964 ആയപ്പോൾ എൻ എസ് എസ് എട്ടു കോളേജുകളും എസ് എൻ ഡീ പീ ആറു കോളേജുകളും വീണ്ടും തുടങ്ങി. ബാക്കി നമുക്കറിയാവുന്ന ചരിത്രമാണ്.1965ഓട് കൂടി എം ഈ എസ് ന്റെ നേതൃത്വത്തിൽ മുസ്ലീം സമുദായം കോളേജുകൾ തുടങ്ങുകയും എയിഡഡ് സ്കൂളുകൾ തുടങ്ങുകയും ചെയ്തു. ആധുനിക വിദ്യാഭ്യാസത്തിന്റെ ആദ്യദശകളിൽ അൽ‌പ്പം പിന്നോക്കം നിന്നിരുന്ന അവർ എം ഈ എസ് ന്റെ തുടക്കത്തോടെ വളരെപ്പെട്ടെന്ന് തന്നെ പൊതുധാരയിലേക്ക് എത്തപ്പെട്ടു.
കൃസ്ത്യൻ മിഷണറിമാർ ഉൾപ്പെടെയുള്ള കേരളത്തിന്റെ വിദ്യാഭ്യാസചരിത്രം സംക്ഷിപ്തമായി പറഞ്ഞിട്ടുണ്ടെന്ന് കരുതുന്നു. ഇതിൽ കൃസ്ത്യൻ മിഷണറിമാർ മാത്രം കാരണമാണ് കേരളത്തിൽ വിദ്യാഭ്യാസമെന്നും പ്രത്യേകിച്ച് സ്ത്രീ വിദ്യാഭ്യാസമുണ്ടായതെന്നും ഉള്ള ഒരു പൊതുബോധം പൂർണ്ണമായും ശരിയല്ല എന്നേ പറയാൻ ഉദ്ദേശിച്ചിട്ടുള്ളൂ. കത്തോലിക്ക സഭയ്ക്ക് ഒരു ചെറിയ പങ്കുപോലും ഇതിലില്ല. ചെയ്തത് തന്നെ പ്രൊട്ടസ്റ്റെന്റ് മിഷനുകളായിരുന്നു.
പാശ്ചാത്യ വിദ്യാഭ്യാസം ഉണ്ടായിരുന്നത് കൃസ്ത്യൻ മിഷനറിമാർക്കായതുകൊണ്ട് ഭരണകർത്താക്കൾ അവരുടെ മതപരിവർത്തന ശ്രമങ്ങൾക്ക് പകരമായി വിദ്യാഭ്യാസം നൽകാൻ അനുവദിയ്ക്കുകയാണുണ്ടായത് . എല്ലാം കഴിഞ്ഞ് വിദ്യാഭ്യാസക്കച്ചവടം ചെയ്യാൻ മാത്രമാണ് കത്തോലിക്ക സഭ ഇവിടെയെത്തിയത്. നമ്മൾ ഇന്ന് കാണുന്ന വിദ്യാഭ്യാസ വിപ്ലവത്തിന് ഗുരുദേവൻ, ചട്ടമ്പിസ്വാമികൾ, മഹാത്മാ അയ്യങ്കാളി , എസ് എൻ ഡീ പീ, എൻ എസ് എസ്, യോഗക്ഷേമസഭ, എന്നതുമുതൽ തുടങ്ങി പഴയ മരിയ്ക്കാതെ കിടന്ന ബൌദ്ധപാരമ്പര്യം വരെ കാരണമാണ്. ഒപ്പം പുതിയ ചിന്തകൾ, ഗോഖലേ, തിലകൻ, മഹർഷി അരൊബിന്തോ, ഗാന്ധിജിയും വിനോബാഭാവേയും വിവേകാനന്ദസ്വാമികളും മഹാത്മാ ബാബാസാഹിബ് അംബേദ്കറും ഉൾപ്പെടെ പൊതുവേ സ്വാതന്ത്ര്യത്തെപ്പറ്റിയൊക്കെയുള്ള നമ്മുടെ കാഴ്ചപ്പാടുകളെത്തന്നെ മാറ്റിയെടുത്ത സ്വാതന്ത്ര്യസമരമാണ് ഏറ്റവും വലിയ സംഭാവന എന്ന് മറക്കാവതല്ല.
അങ്ങനെയുണ്ടായ കേരള നവോത്ഥാനത്തിന്റെ പങ്ക് ഇന്ന് അതിൽ യാതൊരു കാര്യവും ചെയ്തിട്ടില്ലാത്ത രണ്ട് ഗ്രൂപ്പുകളാണ് അനുഭവിയ്ക്കുന്നതും സ്വന്തമാക്കാൻ പ്രചാരണം ചെയ്യുന്നതും. കത്തോലിക്കാ മിഷനറിമാരുടെ പിന്തുടർച്ചക്കാരും കമ്യൂണിസ്റ്റുകളും.